* വികാസംവേണം*വിനാശം വേണ്ട*

Wednesday, July 31, 2013

ഗരുഡചരിതം....





നവില്‍ പൂമ്പാറ്റകള്‍ക്കായി ലാര്‍വ്വഭക്ഷണസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് രണ്ടു വര്ഷം മുമ്പ് കരിവെള്ളൂരില്‍ നിന്നും ഗരുഡക്കൊടി കൊണ്ടുവന്നത് .. ഈശ്വരമൂലി ,ഉറിതൂക്കി തുടങ്ങിയ പേരുകളുമുള്ള Aristolochia indica എന്ന ഗരുഡക്കൊടി ചക്കരശലഭം ,നാട്ടുറോസ്, ചുവപ്പുറോസ് എന്നിവയുടേയും , ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭത്തിന്‍റേയും ലാര്‍വ്വ ഭക്ഷണ സസ്യമാണ്.. മാത്രമല്ല പാമ്പുവി ഷത്തിനെതിരെവരെ ഉപയോഗിക്കാറുള്ള ഒരു ഔഷധവുമാണ്.. ഗരുഡക്കൊടി എന്ന പേരുവരാനും ഇതാണ് കാരണം . 

ചെടി ഒരുവര്‍ഷം കൊണ്ട് പടര്‍ന്ന് വളര്‍ന്നെങ്കിലും കാത്തിരുന്നപ്പോലെ ഗരുഡ ശലഭം എത്തിയില്ല .. എന്നാല്‍ ധാരാളം ചുവപ്പുറോസുകള്‍ മുട്ടയിട്ട് വിരിഞ്ഞു പോയി . 

രണ്ടാം വര്ഷം മഴ തുടങ്ങി അല്‍പ്പനാള്‍ക്കകം ഗരുഡക്കൊടി വല്ലാതെ വളര്‍ന്ന് പന്തലിച്ചു.. അപ്പോഴാണ് ഒരു ദിവസം ഗരുഡ ശലഭപ്പെണ്ണ് ഞങ്ങളുടെ ചെടി കണ്ടെത്തിയത് .. പിന്നെ പാറിനടന്ന് ധാരാളം മുട്ടകളിട്ടിട് പോയി .. പിന്നേയും കുറച്ചു ദിവസങ്ങള്‍ മുട്ടയിടല്‍ തുടര്‍ന്നു..


പലയിനം തിരക്കുകളാല്‍ ഞങ്ങള്‍ക്ക് കൃത്യമായ നിരീക്ഷണവും ഫോട്ടോഗ്രാഫിയും സാധിച്ചില്ല .. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നോക്കിയപ്പോള്‍ വള്ളിയില്‍ നിറയെ നല്ല മറൂണ്‍ നിറമുള്ള ലാര്‍വ്വകള്‍ .. മള്‍ബറിപ്പഴംപോലെ നല്ല സ്റ്റൈലന്‍ പുഴുക്കളാണ്.. ആര്‍ത്തിയോടെയവ ഗരുഡയിലകള്‍ തിന്നുകയായിരുന്നു . 


കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവ നന്നായി തടിച്ചു കൊഴുത്തു . അന്ന്‍ പതിനൊന്ന് തടിയന്‍ പുഴുക്കളെയാണ് കണ്ടത് .. ഗരുഡവള്ളിയുടെ ഇലകള്‍ മിക്കവാറും തീര്‍ന്ന്,വള്ളിമാത്രമായി കഴിഞ്ഞിരുന്നു.പുഴുക്കള്‍ വള്ളി തിന്നാന്‍ തുടങ്ങിയിരുന്നു . രണ്ടു ദിവസത്തിന് ശേഷം പത്തു പുഴുക്കള്‍ തീറ്റ നിര്‍ത്തി .അവ സമീപത്തെ പല ചെടികളിലേയ്ക്കും ഇഴഞ്ഞു ചെന്ന്‍ ഒരുദിവസം അനങ്ങാതെ കിടന്നു ,വിസര്‍ജനമൊക്കെ ചെയ്തു ,ശരീരമൊക്കെ ഒന്നു വൃത്തിയാക്കി .. പിന്നെ ,രണ്ടുനാള്‍ നൂല്‍വളയത്തില്‍ താങ്ങി വളഞ്ഞു കിടന്നു .

 പിറ്റേന്നാള്‍ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന കൂട് കെട്ടി തപാസ്സാരംഭിച്ചു . മിക്കവരും അല്പം അറപ്പോടെയും ശത്രുതയോടേയും കാണുന്ന പുഴുജന്‍മത്തില്‍ നിന്നും എല്ലാവരുമിഷ്ടപ്പെടുന്ന  പൂമ്പാറ്റയെന്ന  സുന്ദരജന്‍മത്തിലേക്കുള്ള രൂപമാറ്റം ലഭിയ്ക്കാനുള്ള തപസ്സിന് 28 ദിവസങ്ങള്‍ വേണ്ടിവന്നു ..








പ്യൂപ്പയുടെ നിറമാറ്റങ്ങള്‍ ഇടയ്ക്കൊക്കെ ചെന്നു നോക്കാറുണ്ടായിരുന്നു .. അതിനിടെ , പാര്‍വ്വതിച്ചെടിയുടെ തറയോടടുത്തുള്ളഒരു കമ്പില്‍ അടുത്തടുത്തായി കിടന്നിരുന്ന രണ്ടു പ്യൂപ്പകളെ ഏതോ ശത്രു ആക്രമിച്ചു കൊന്നുകളഞ്ഞു ..
 ഉണങ്ങിചുരുണ്ട ഒരു പഴുത്ത ഇലയെ അനുകരിയ്ക്കുന്നവയാണ് പ്യൂപ്പകള്‍, പെട്ടെന്നൊന്നും കണ്ണില്‍ പെടില്ല .  27 ദിവസമായപ്പോള്‍ നിറം മാറി കറുപ്പായി . പിറ്റേന്നാള്‍ വിരിയുമെന്ന് ഉറപ്പായിരുന്നു . 



രാവിലെ ഒന്നു ചെന്നുനോക്കിയപ്പോള്‍ ലക്ഷണമൊന്നും കണ്ടില്ല .. കുറെ വര്‍ഷങ്ങള്‍ക്ക് മുന്പ് (അന്ന് ക്യാമറയുണ്ടായിരുന്നില്ല )കണ്ട കാഴ്ച ഒന്നുകൂടി കാണാന്‍ , നല്ല കുറച്ചു ഫോട്ടോകള്‍ പകര്‍ത്താന്‍ ഒക്കെ വിചാരിച്ചതായിരുന്നെങ്കിലും അവിടെ തന്നെ നോക്കിനില്‍ക്കാന്‍ പറ്റിയില്ല. പിന്നീട് നോക്കിയപ്പോള്‍ ഒഴിഞ്ഞ കൂട് മാത്രം കാണാനായി .. 




വിരിഞ്ഞിറങ്ങിയവര്‍  ഇവിടെയൊക്കെതന്നെ കറങ്ങിനടക്കുന്നുണ്ട് .. ചിലപ്പോള്‍ മുറ്റത്തും വരും ..ഹനുമാന്‍ കിരീടങ്ങള്‍ അവര്‍ക്കായി തേന്‍താലങ്ങള്‍  ഒരുക്കി കാത്തിരിപ്പുണ്ട് .  ചെടി തളിര്‍ക്കുന്ന മുറയ്ക്ക് പിന്നേയും മുട്ടകള്‍ ഇടുകയും പുഴുക്കള്‍ വളരുകയും ചെയ്യുന്നുണ്ട് .. നാളേയ്ക്ക് ഒരാള്‍ പ്യൂപ്പയാകും ..  സ്ഥലത്തുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്‍റെ പുറത്തിറങ്ങലും ആദ്യ പറക്കലുമൊക്കെ കാണണം .. 

ഗരുഡവള്ളി നട്ടപ്പോള്‍ ഇത്രയേറെ ആനന്ദക്കാഴ്ചകള്‍ പുറകേവരുമെന്ന് വിചാരിച്ചിരുന്നില്ല .. ഇത്രയും കൊണ്ട് തീര്‍ന്നില്ല .. രണ്ടു ദിവസം മുമ്പ് പതിവ് പ്രഭാത നിരീക്ഷണത്തിനിടയില്‍ നാഗപ്പൂമരത്തിന്‍റെ തൈമേല്‍ രണ്ടുപേര്‍ . ആണും പെണ്ണുമാണ്. മഞ്ഞയില്‍ കറുത്ത ത്രികോണപ്പൊട്ടുകളുള്ള പെണ്ണിന് വലുപ്പവും അല്പ്പം കൂടുതലാണ്.. ആണിന് തിളങ്ങുന്ന മഞ്ഞ ത്രികോണപ്പൊട്ടുകളാണ്.. ഞങ്ങള്‍  നോക്കുമ്പോള്‍ അവ ഇണ ചേരുകയായിരുന്നു .. മണിക്കൂറുകള്‍ നീളുന്ന പ്രക്രിയയാണ്.. പക്ഷേ ഒരല്പം അതിശയിപ്പിക്കുന്ന രംഗമാണ് അവിടെ കണ്ടത് ..വിരിഞ്ഞിറങ്ങിയപടിയെന്നവണ്ണം പൊട്ടിയ പ്യൂപ്പക്കുടിനടുത്ത് ഇരിപ്പായിരുന്നു പെണ്‍ശലഭം .. ആണ്‍ശലഭം കൂടിനു മുകളിലാണ് ഇരുന്നത്.. പെണ്ണ്‍ വിരിയുന്നതും കാത്തിരിക്കയായിരുന്നോ അവന്‍ ?!!!..  അങ്ങനെയാണ്തോന്നുന്നത് ,പെണ്ണിന്‍റെ ചിറകും മറ്റും നോക്കുമ്പോള്‍ ..

ഇനി കുറേ നാള്‍ ഗരുഡശലഭങ്ങള്‍ ഞങ്ങള്‍ക്ക് കൌതുകക്കാഴ്ചകള്‍ നല്‍കിക്കൊണ്ട് ഇവിടെ സസുഖം പറന്നുനടക്കും ,  വേനല്‍ മൂര്‍ഛിയ്ക്കുംവരെ .... 

1 comments:

Molu said...

Wonderful and nostalgic