* വികാസംവേണം*വിനാശം വേണ്ട*

Tuesday, July 9, 2013

ടോയ് ലറ്റ് ലിങ്ക്ഡ് ബയോഗ്യാസ് പ്ലാന്‍റ് ..(നേര്‍വഴികള്‍ _1 )പ്രകൃതിയില്‍, മനുഷ്യന്‍ ഒഴികെയുള്ള  എല്ലാ ജീവജാതികളും അവനവന്    ജീവിയ്ക്കാന്‍ അത്യാവശ്യമായ വസ്തുക്കള്‍ മാത്രം എടുക്കുകയും ,വിഭവങ്ങളുടെ ചാക്രീകരണം നടത്തി അവയൊക്കെ എല്ലാ അര്‍ഥത്തിലും മണ്ണിലേയ്ക്കുതന്നെ തിരിച്ചുകൊടുക്കുകയും ചെയ്യുന്നവരാണ്..ആഹാരരൂപത്തില്‍ അവര്‍ സ്വീകരിയ്ക്കുന്നതിന്‍റെ ഒരുപങ്ക്  പോഷണംവഴി അവരുടെ ശരീരമായിത്തീരുമ്പോള്‍ ,ബാക്കിവരുന്നവ വിസര്‍ജ്ജ്യ രൂപത്തില്‍ അവര്‍ മണ്ണിലേയ്ക്ക് തിരിച്ചുകൊടുക്കുന്നു ... 

മനുഷ്യന്‍ എന്ന ജീവി മാത്രമാണ് സംരക്ഷണത്തിന്‍റേതായ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ,മരിയ്ക്കുമ്പോള്‍ തന്‍റെ ഒരു രോമംപോലും കൂടെ കൊണ്ടുപോകാന്‍ പറ്റില്ലെങ്കിലും ,ആര്‍ത്തിമൂത്ത് കിട്ടാവുന്നത്രയും വാരിക്കൂട്ടിവയ്ക്കാന്‍ ജീവിതമത്രയും നശിപ്പിച്ചുകൊണ്ട്, ഭാവിതലമുറകളുടേയും മറ്റെല്ലാ ജീവിവര്‍ഗ്ഗങ്ങളുടേയും നിലനില്‍പ്പിനെ തകര്‍ത്തുകൊണ്ട് ,ജീവന്‍റെ ആധാരശിലകളായ കുടിവെള്ളം ,പ്രാണവായു ,ആഹാരം ,ആരോഗ്യമുള്ള ജീവിതം നയിക്കാനാവശ്യമായചുറ്റുപാടുകള്‍ എന്നിവ തകര്‍ക്കുന്നതാണ് വികസനം എന്നു തെറ്റിദ്ധരിച്ചുകൊണ്ട് ഏറ്റവും വിഡ്ഡിത്തം നിറഞ്ഞ ജീവിതം നയിക്കുന്ന ഒരേയൊരു ജീവി .. 

മറ്റെല്ലാ ജീവികളും വിസര്‍ജ്ജ്യത്തെ മണ്ണിന് വളമായി തിരിച്ചു നല്കുമ്പോള്‍ മനുഷ്യന്‍ അത് ആര്‍ക്കും പ്രയോജനമില്ലാതെ  ടാങ്കുകളില്‍  അടച്ചു സൂക്ഷിയ്ക്കുന്നു . കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളിയും മണ്ണിന് കൊടുക്കേണ്ടത് മണ്ണിന്നുതന്നെ കൊടുത്തിരുന്നു .. എന്നാല്‍ ഇന്ന്‍ മലയാളി ഏറ്റവും ഭയപ്പെടുന്ന വസ്തുക്കളിലൊന്നാണ് അവന്‍റെ വിസര്‍ജ്ജ്യം അഥവാ മാണകം .ചൈനയെപ്പോലുള്ള പല വികസിതരാഷ്ട്രങ്ങളും മാണകത്തെ ബയോഗ്യാസായും വളമായും വിളക്ക് തെളിയിക്കാനും മറ്റുമൊക്കെ ഉപയോഗിയ്ക്കുകയും ഇനിയും ഏതൊക്കെ രീതിയില്‍  ഉപയോഗിയ്ക്കാം എന്നതില്‍ ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ മലയാളിയിന്നും ഒരു 'ഛേ... 'എന്ന ഹീനമായ പ്രതികരണമാണ്ഇതിനോട് കാണിയ്ക്കുന്നത് .. 

ശബരിമല പോലെ,മാണകം ഏറ്റവും വലിയ പ്രശ്നമായി പുണ്യനദികളെ വരെ മലീമസമാക്കുകയും മഞ്ഞപ്പിത്തം പടര്‍ന്നുപിടിയ്ക്കാന്‍ ഇടയാക്കുന്നതുമായ ടൂറിസ്റ്റ് സ്ഥലങ്ങള്‍ ,വലിയ പട്ടണങ്ങള്‍ , ഫ്ലാറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാണകം ഗ്യാസും തെരുവുവിളക്കും വളവുമാക്കപ്പെടുമ്പോള്‍ ഒരുപാട് പ്രശ്നങ്ങളാണ് ഒന്നിച്ച് പരിഹരിയ്ക്കപ്പെടുന്നത് നാം എന്തുകൊണ്ടാണ്  മാണകത്തെ ഇത്രയേറെ പേടിക്കുകയും വെറുക്കുകയും ചെയ്യുന്നത് ? 

പശുവിന്‍റെ ചാണകം മലയാളിയ്ക്ക് ഒരു മോശം വസ്തുവല്ല .വീട് അടിച്ചുതളിയ്ക്കാന്‍ ഇന്നും അത് പലരും ഉപയോഗിയ്ക്കുന്നുണ്ട്.  നല്ല പച്ചപ്പുല്ലും വൈക്കോലും തിന്നുന്ന പശുവിന്‍റെ ചാണകം നാം പഞ്ചാമൃതവും പഞ്ചഗവ്യവും ഔഷധവും ഒക്കെയാക്കുന്നു .അതിനു അരോചകമായ ഗന്ധമല്ല ഉള്ളത് . എന്നാല്‍ മാംസാവശിഷ്ടമടങ്ങിയ കാലിത്തീറ്റയും നമ്മുടെതന്നെ ഭക്ഷണാവശിഷ്ടങ്ങളും തിന്നുന്ന പശുവിന്‍റെ .ചാണകത്തിന് വല്ലാത്ത ദുര്‍ഗ്ഗന്ധമായിരിയ്കും . പശുവിനേപ്പോലെ സസ്യഭുക്കായ മനുഷ്യനും ശരിയായ ആഹാരവും  ശരിയായ ആഹാരശീലങ്ങളും ആണ് അനുവര്‍ത്തിയ്ക്കുന്നതെങ്കില്‍ അവന്‍റെ മാണകത്തിനും തീരെ ദുര്‍ഗന്ധം ഉണ്ടായിരിക്കില്ല. വിരുദ്ധാഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ ,വിശക്കാതെ കഴിയ്ക്കുമ്പോള്‍ ,ആവശ്യത്തിലേറെ കഴിയ്ക്കുമ്പോള്‍ ,അനാവശ്യമായവ കഴിയ്ക്കുമ്പോള്‍ ആഹാരം ശരിയായി ദഹിക്കപ്പെടാതെ കെട്ടുനാറുന്നു .. അതാണ് നമുക്ക് അറപ്പുളവാക്കുന്നത് ... 

മലയാളിയെ ഇപ്പോള്‍ ഏറ്റവുമേറെ അലട്ടുന്ന ഒരു പ്രശ്നമാണ്പാചകവാതകം .. വില കൂടിക്കൊണ്ടിരിയ്ക്കുന്നു,എത്ര വിലകൊടുക്കാന്‍ തയ്യാറായാലും സാധനം കിട്ടാതെ വരുന്നു .. ഇപ്പോള്‍ തത്കാലത്തേയ്ക്ക് അത്യാവശ്യം നടക്കുന്നുണ്ടെങ്കിലും ഭാവിയില്‍ നമ്മെ കാത്തിരിയ്ക്കുന്നത് ഇതിലും ഭയങ്കരമായ അവസ്ഥയാണ്. . വൈദ്യുതിയൊന്നുമിനി കിട്ടാനേ പോകുന്നില്ല ,ഇന്‍ഡക്ഷന്‍ കുക്കറില്‍ അഭയം തേടാനാവില്ല .. വിറകടുപ്പുകളെ തിരിച്ചുകൊണ്ടുവരാന്‍ അതിവേഗം പായുന്നവര്‍ക്ക്, മരങ്ങളെ സ്നേഹിക്കാത്തവര്‍ക്ക് സാധ്യമല്ല .. എന്നിട്ടും ഏറ്റവും ബുദ്ധിയുള്ള മനുഷ്യരില്‍പ്പെടുന്ന മലയാളി ബദലുകളെപ്പറ്റി(നേര്‍വഴികളെപ്പറ്റി ) ചിന്തിക്കുന്നില്ല!..

നനവ് ഇപ്പോള്‍ പാചകവാതകത്തിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തി നേടിയിരിക്കുന്നു . ബയോടെക്കിന്‍റെ ടോയ്ലെറ്റ് ലിങ്ക്ഡ്  ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുക വഴിയാണ്ഇത് സാധ്യമായിരിക്കുന്നത് . ഏകദേശം 3 മീറ്ററോളം ഉയരവും 2 മീറ്ററോളം വ്യാസവുമുള്ള ഈ പ്ലാന്‍റ് വലിയ കുഴിയുണ്ടാക്കി അതിലാണ്   വയ്ക്കുക.മാണകത്തിന് പുറമെ  5 കിലോഗ്രാം മറ്റു മാലിന്യങ്ങളും ഇതിലിടാം . ദിവസം നാലഞ്ചു മണിക്കൂര്‍ കത്തിക്കാനുള്ള പ്രകൃതിവാതകം കിട്ടും . ഒരു തരത്തിലുമുള്ള ദുര്‍ഗന്ധവുമില്ല . 

പ്ലാന്‍റ് സ്ഥാപിയ്ക്കുമ്പോള്‍ അതില്‍ 40 കൂട്ട പച്ചച്ചാണകം വെള്ളത്തില്‍ കലക്കി 1500 ലിറ്ററോളമാക്കി നിറയ്ക്കുന്നു . പിന്നെ കുറച്ചുദിവസം അത് അങ്ങനെ വയ്ക്കുന്നു .8-10 ദിവസം കഴിയുമ്പോഴേയ്ക്ക് ചാണകത്തില്‍ സൂക്ഷജീവികള്‍ നിറയും .പിന്നെ ഒന്നാംതരം പാചകവാതകവും ഇഷ്ടം പോലെ സ്ലറിയും.. ഇപ്പോള്‍ ഞങ്ങള്ക്ക് വിറകടുപ്പോ മണ്ണേണ്ണ സ്റ്റൌവ്വോ ഉപയോഗിക്കേണ്ടി വരാറില്ല . പറമ്പാണെങ്കില്‍ നല്ല വളക്കൂറുള്ളതുമായിക്കൊണ്ടിരിക്കുന്നു .
നാലുപേരുള്ള ഒരു വീട്ടില്‍ 160 cm വ്യാസമുള്ള പ്ലാന്‍റ് സ്ഥാപിയ്ക്കേണ്ടിവരും .ഇതിന് 8000 രൂപ സബ്സിഡി കഴിച്ച് 38000 രൂപയാണ് ചെലവ് . പിന്നെ കണ്ണൂരില്‍ ബ്രാഞ്ചില്ലാത്ത ബയോടെക്ക് കോഴിക്കോടുനിന്നും പ്ലാന്‍റ് എത്തിക്കുന്നതിന്റെചാര്‍ജ്ജ് ,കുഴി കുഴിക്കുന്നതിന്റെയും ചാണകത്തിന്‍റേയും അത് കലക്കി ഒഴിക്കുന്നതിന്‍റേയും പ്ലംബിങ്ങിന്‍റേയും ചാര്‍ജ്ജ് മുതലായവയും . ഞങ്ങള്‍ കുഴിയുണ്ടാക്കാനും മറ്റും കുറേ പണികള്‍ സ്വയം ചെയ്തു .എന്നിട്ടും 45000 ചെലവായി .ഇത് എത്രവര്‍ഷത്തേയ്ക്കുംഉപയോഗിക്കാം എന്നതിനാല്‍ നഷ്ടമല്ല എന്നുമാത്രമല്ല മാലിന്യമില്ലാത്തതും ഇന്ധനപ്രശ്നം തീര്‍ക്കുന്നതും കാര്‍ഷികാഭിവൃദ്ധിയുണ്ടാക്കുന്നതുമായതിനാല്‍ ഒരു നഷ്ടമേയല്ല. സ്വര്‍ണ്ണം വാങ്ങാനും മറ്റും പൊടിച്ചുകളയുന്ന തുകയ്ക്കുമുന്നില്‍ ഇത് നിസ്സാരവുമാണ്.. 

തീരെ നിര്‍ധനര്‍ക്ക് പറ്റില്ലായിരിക്കാം.. (അവരും ലക്ഷങ്ങള്‍ കടം വാങ്ങിയാണ് പെണ്‍മക്കളെ കെട്ടിച്ചയക്കുന്നത്)ഇവിടെയാണ് സര്‍ക്കാര്‍   ഇടപെടേണ്ടത്.. വേണ്ട സബ്സിഡി നല്കി വ്യാപകമായി ഇത് പ്രോല്‍സാഹിപ്പിക്കണം .. പക്ഷേ അവര്‍ അത് ചെയ്യാന്‍ സാധ്യത കുറവാണ്.. ജനങ്ങള്‍ സ്വയംപര്യാപ്തരാകുന്നത് അവര്‍ക്കിഷ്ടമല്ലല്ലോ . പ്രശ്നങ്ങള്‍ ഉണ്ടായാലല്ലേ അവര്‍ക്ക് നിലനില്‍പ്പുള്ളൂ  .. 

എങ്കിലും നിങ്ങള്‍ ഒന്നു ബുദ്ധി ഉപയോഗിക്കുക .വീടുകള്‍ മാത്രമല്ല നാടും ഗ്രാമങ്ങളും വഴിയോരങ്ങളും പുഴയോരങ്ങളുമൊക്കെ  മാലിന്യരഹിതമാക്കി ,മണ്ണിനെ ഫലഭൂയിഷ്ടമാക്കി ,നമുക്ക് സ്വയംപര്യാപ്തതയിലേയ്ക്ക് നീങ്ങാം... 

5 comments:

ഉദയപ്രഭന്‍ said...

ഉപകാരപ്രദമായ പോസ്റ്റ്‌.

Shahid Ibrahim said...

നല്ലൊരു അറിവ് പകര്ന്നു തന്നതിന് നന്ദി

insight said...

വളരെ നല്ല പോസ്റ്റ്‌ . അങ്ങയുടെ എല്ലാ പ്രവര്‍ത്തനത്തിനും , പ്രപഞ്ച ശക്തി ഊര്‍ജം പകര്‍ന്നു തരട്ടെ . നന്ദി . ഇനിയും ഇത്തരം പോസ്റ്റുകള്‍ ഇടണം

sumesh said...

നല്ലതും ഉപകാരപ്രദവും ആയ പോസ്റ്റ്‌...ഇത് പ്രാവര്‍ത്തികം ആയാല്‍ വളരെ നല്ലത്...ഭാവിയിലേക്ക് നല്ലൊരു അറിവ് ....പക്ഷെ ഇതെല്ലം സമര്‍ഥിക്കാന്‍ "" പശുവിനേപ്പോലെ സസ്യഭുക്കായ മനുഷ്യനും ശരിയായ ആഹാരവും ശരിയായ ആഹാരശീലങ്ങളും ആണ് അനുവര്‍ത്തിയ്ക്കുന്നതെങ്കില്‍ അവന്‍റെ മാണകത്തിനും തീരെ ദുര്‍ഗന്ധം ഉണ്ടായിരിക്കില്ല"" പോലെയുള്ള അടിസ്ഥാനമില്ലാത്ത പ്രസ്താവനകള്‍ വേണമായിരുന്നോ...???

viddiman said...

ഉപകാരപ്രദം