* വികാസംവേണം*വിനാശം വേണ്ട*

Thursday, April 7, 2011

സ്വപ്നം പോലൊരു മൺവീട്...

രു വീട്....സുന്ദരവും ആരോഗ്യപ്രദവുമായ ഒരു കൂട്....സ്വന്തക്കാരുമൊത്ത് താമസിക്കാൻ ഒരു സ്വപ്നഭവനം...ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണിത്...

വീടെന്നാൽ അഹന്തയുടേയും വിഭവക്കൊള്ളയുടേയും കെട്ടുകാഴ്ചകൾ മാത്രമായിത്തീരുന്ന ഇക്കാലത്ത്,സിമന്റും കമ്പിയും പെയ്ന്റുകളും മറ്റുമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരുവശത്ത്...പരമാവധി കടമെടുത്തും സമ്പാദ്യമത്രയും ഈ ഡെഡ് ഇൻവെസ്റ്റ്മെന്റിൽ മുടക്കി മുടിയൽ മറ്റൊരു വശത്ത്...നാൾക്കുനാൾ ദൌർലഭ്യത കാരണമുണ്ടാകുന്ന വിലക്കയറ്റം ഇനി മറ്റൊരു വശത്ത്..

 ല്ലും കരിങ്കല്ലും സിമന്റും പൂഴിയുമൊക്കെ ചേർന്നുണ്ടാക്കുന്ന ആഗോളതാപനവും,പെയിന്റുകൾ നടത്തുന്ന ഓസോൺ ശോഷണവും,കെട്ടിടം പൊളിക്കുമ്പോൾ തിരികെ മണ്ണിലേയ്ക്ക് ചേരുന്നതായി ഒന്നുമില്ലെന്ന മാലിന്യപ്രശ്നവും,കണക്കില്ലാതെ കുഴിച്ചെടുത്തതിനാൽ നശിക്കുന്ന കുന്നുകളും താഴ്ന്നു താഴ്ന്നു പോകുന്ന ഭൂഗർഭജലനിരപ്പും അനിയന്ത്രിതമായ മണലൂറ്റൽ കാരണം ചാവുന്ന പുഴകളൂമൊക്കെ നമ്മുടെ ജീവന്റെ നിലനിൽ‌പ്പുതന്നെ അപകടത്തിലാക്കിയിരിക്കയാണെന്ന ഭീതിദമായ സത്യം കണ്മുന്നിൽ വാപൊളിച്ചു നിൽക്കുമ്പോൾ മലയാളിക്ക് തന്റെ ഗൃഹസങ്കൽ‌പ്പങ്ങൾ പൊളിച്ചെഴുതാൻ സമയം വൈകിയിരിക്കുന്നു....

രിസ്ഥിതിയെ അധികം നോവിക്കാതെയും ,വിഭവങ്ങൾ പരമാവധി പരിമിതപ്പെടുത്തിയ എന്നാൽ അത്യാവശ്യ സൌകര്യങ്ങളുള്ള, ആരോഗ്യത്തിനും കാലാവസ്ഥയ്ക്കും ചേരുന്ന ഒന്നായിരിക്കണം ഞങ്ങളുടെ വീട് എന്ന നിർബന്ധമുള്ളതിനാലാണ് മൺവീട് എന്ന ആശയത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്.. 

ങ്ങനെ മൺവീട് കെട്ടും ?..നാട്ടിലിന്ന് പ്രചാരത്തിലില്ലാത്ത ഈ നിർമ്മാണരീതിയിൽ ആരു ഞങ്ങളെ സഹായിക്കും?...അന്വേഷണങ്ങൾ പല വഴി നടത്തി നോക്കി...പ്രശസ്ത ആർക്കിടെക്റ്റ് ശങ്കറിനേയാണ് ആദ്യം സമീപിച്ചത്...ച.അടിയ്ക്ക് എണ്ണൂറുരൂപ ചെലവു വരുന്ന ആ രീതി ഞങ്ങൾക്കിഷ്ടമായില്ല...വീട് ചെലവു കുറഞ്ഞതായിരിക്കണം...പിന്നെ ഞങ്ങളുടെ സുഹൃത്തായ ആർക്കിടെക്റ്റ് കണ്ണൂർ അഞ്ചാംപീടികയിലുള്ള ശ്രീ.വിനോദുമായി ഞങ്ങളിക്കാര്യം ചർച്ചചെയ്തു...അദ്ദേഹത്തിൽനിന്നും നല്ല പ്രതികരണം കിട്ടിയതോടെ ഞങ്ങൾ ഉറപ്പിച്ചു;ഞങ്ങളുടെ സ്വപ്നഗൃഹം മണ്ണുകൊണ്ടു തന്നെ..വിനോദ് ആദ്യം തിരുവനന്തപുരത്തുപോയി മൺ വീടിന്റെ നിർമാണരീതി പഠിച്ച് ,അവിടെനിന്നും നിർമ്മാണത്തൊഴിലാളികളേയും കൂട്ടി വന്നു...

രു വീടെടുക്കുമ്പോൾ പരമാവധി വിഭവങ്ങളും ആ ചുറ്റുവട്ടത്തുനിന്നും ശേഖരിക്കുക എന്നതാണ് പ്രകൃതിയുടെ വഴി....ഇന്നത്തെ സാഹചര്യത്തിൽ   അതിന് എല്ലാവർക്കും പ്രശ്നമായിരിക്കും...വർഷാവർഷം പുതുക്കിപ്പണിയാനുള്ള പണ്ടത്തെയാ കൂട്ടായ്മയൊക്കെ നമ്മുടെ നാട്ടിനു നഷ്ടമായിക്കഴിഞ്ഞല്ലോ...എന്നാൽ മൺ വീടുണ്ടാക്കുമ്പോൾ ണ്ണെങ്കിലും പുറമേ നിന്ന് വാങ്ങാതിരിക്കണം..അൽ‌പ്പം പശിമയുള്ള ,ചെറുകല്ലുകളടങ്ങിയ ചുവന്ന മണ്ണാണ് ഇതിനാവശ്യം..ഞങ്ങളുടെ പറമ്പിലെ മണ്ണ് ഇതിനു യോജിച്ചതാണെന്ന് പണിക്കാർ പറഞ്ഞപ്പോഴേ ഞങ്ങൾക്ക് ശ്വാസം നേരെ വീണുള്ളൂ...മണ്ണു പുറമേനിന്നിറക്കേണ്ട സാ‍ഹചര്യം വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് ഇന്റർ ലോക്കിംഗ് കട്ടകൾകൊണ്ടുള്ള വീട് പണിയേണ്ടി വന്നേനെ...

കേരളീയ കാലാവസ്ഥയ്ക്ക് ഏറ്റവുംയോജിച്ച നിർമ്മാണവസ്തു മണ്ണാണ്..വേനൽക്കാലത്ത് കുളിർമ്മയും മഴക്കാലത്ത ഇളം ചൂടും പകരുന്നതാണ് മൺഭിത്തികൾ.957 ച.അടി തറ വിസ്തൃതിയുള്ള ഞങ്ങളുടെ വീടിന്റെ പ്ലാനാണിത്..

രു പ്രധാന കിടപ്പുമുറി,അതിഥികൾക്കായോ മറ്റോ ക്രമീകരിക്കാവുന്ന മറ്റൊരു കിടപ്പുമുറി,ഹാൾ,അടുക്കള, റ്റോയ്ലറ്റ്,വർക്ക് ഏരിയ എന്നിവ അടങ്ങിയതാണ് ഈ വീട്..റ്റോയ്ലറ്റിനു മുമ്പിൽ ചെറിയ ഒരു കോർട്ട് യാർഡും ഉണ്ട്..അടുക്കള ഓപ്പൺ ആണ്.ഇതുംചേർന്നാൽ ഹാൾ വലുപ്പം കൂട്ടാം ..പ്രത്യേക ഊൺ മുറിയില്ല...ജോലികൾ അധികവും വർക്ക് ഏരിയയിൽ ചെയ്യുന്നതിനാൽ അടുക്കള മറ്റാവശ്യങ്ങൾക്കായും ഉപയോഗിക്കാം...

പ്രധാന കിടപ്പുമുറിയുടെ ചുമർ ഷെൽഫാക്കി മാറ്റി സ്ഥലവും ധനവും ലാഭിക്കാം.ഒപ്പം കട്ടിൽ നിലത്ത് ഉറപ്പിച്ച കാലുകളിൽ പലക ഫിറ്റ് ചെയ്ത് നിർമ്മിക്കും..കട്ടിലിന്റെ അടിവശവും ഷെൽഫാക്കി മാറ്റും...അഡ്ജസ്റ്റബിൾ ബെഡ്റൂമിന്റെ ചുമർ വശത്തേക്ക് നീക്കിയാൽ ഹാൾ പിന്നേയും വലുതാകും.ഈ ചുമർ ബുക്ക് ഷെൽഫാക്കാം...

സിറ്റ്ഔട്ട് അൽ‌പ്പം വലുതാണ്.ഇതിന്റെ രണ്ടു വശങ്ങൾ,വാതിൽ എന്നിവ മുളകൊണ്ടാണ്.സിറ്റൌട്ടിന്റെ രണ്ടു വശങ്ങളിലും ഇരിക്കാനും കിടക്കാനും ഉപയോഗിക്കാവുന്ന വീതിയുള്ള ഇരിപ്പിടങ്ങളാണുണ്ടാക്കുക...ആരെങ്കിലും അധികം അതിഥികൾ വന്നാൽ ഇതും കിടപ്പു മുറിയായി ഉപയോഗിക്കാം...വർക്ക് ഏരിയയുടെ വശവും മുളകൊണ്ടാണ്..

കൂടുതൽ കിടപ്പുമുറികൾ ആവശ്യമുള്ളവർക്ക് വീടിന് രണ്ടാം നില പണിയാം..മണ്ണല്ലേ എന്ന പേടി വേണ്ട..കല്ലിനേക്കാൾ ഉറപ്പാണ് ഉരുട്ടു കട്ടയ്ക്ക്..മണ്ണ് കട്ടമുറിച്ചുണ്ടാക്കുന്ന വീടിന് ഇത്ര ബലം കിട്ടില്ല.അതിൽ കട്ടകൾക്കിടയിലെ സ്ഥലം ഉറപ്പു കുറയ്ക്കും..എന്നാൽ ഉരുട്ടുകട്ടകൾ ഒന്നിനുമേലെ ഒന്നായി അമർത്തി വച്ച് ഒറ്റ ബ്ലോക്കായി നിർമ്മിക്കുന്ന ചുമരിന് ബലമേറും..

ൺ വീടിന്റെ നിർമ്മാണഘട്ടങ്ങളെപറ്റി കുറച്ചു പറയാം.. ഞങ്ങൾ തറ കല്ലുകൊണ്ടാണ് കെട്ടിയത്...വെള്ളം കയറാത്തതും ചളിയല്ലാത്തതുമായ സ്ഥലമാണെങ്കിൽ മണ്ണു കൊണ്ടുതന്നെ തറ കെട്ടിയാൽ വിഭവങ്ങൾ കുറയ്ക്കാം.

 രുട്ടുകട്ടയുണ്ടാക്കാൻ അൽ‌പ്പം പശിമയുള്ള ചെറുകല്ലുകളുമുള്ള ചുവന്ന മണ്ണിനെ രണ്ടുശതമാനത്തോളം കുമ്മായം ചേർത്ത് വെള്ളത്തിൽ കുഴച്ച് നാലഞ്ചു ദിവസം തണലത്ത് പുളിപ്പിക്കാൻ വയ്ക്കണം...ഇതിൽ പാകത്തിന് വെള്ളം ചേർത്ത് ചവിട്ടിക്കുഴച്ച് വലിയ ഉരുളകളാക്കും...ഈ ഉരുളകളാണ്  കൈകൾ കൊണ്ട് അമർത്തിവച്ച് 9 ഇഞ്ച് വീതിയുള്ള ചുമരാക്കി മാറ്റുന്നത്..ഇടയ്ക്ക് ബലം കൂട്ടാൻ നീളത്തിൽ കയർ വയ്ക്കും.മുക്കാൽ മീറ്ററോളം ഉയരമായാൽ മണ്ണ് ഉണങ്ങിയ ശേഷമേ അടുത്ത ഘട്ടം വയ്ക്കാനാകൂ..

ചുവരിന് മൂന്ന് കോട്ടിംഗ് മൺതേപ്പുണ്ട്...തേപ്പിനുള്ള മണ്ണിൽ മൂന്ന് ശതമാനത്തോളം പൂഴിയും ചേർക്കണം.അവസാന ഫിനിഷിംഗ് തേപ്പിൽ പശിമയുള്ള ഇലച്ചാറുകൾ ചേറ്ത്ത് കൂടുതൽ നന്നാക്കാം..

ൺ വീടിന് ഓടു മേയുന്നതാണ് ഔചിത്യം..എങ്കിലും മരം മരപ്പണി എന്നിവ ചെലവേറിയതാണല്ലോ..വീട്ടിൽനിന്നുതന്നെ മരം കിട്ടത്തക്കവിധം പണ്ടുള്ളവർ ധാരാളം മരം നട്ടിരുന്നതിനാൽ അവർക്ക് മരം വാങ്ങേണ്ടി വന്നിരുന്നില്ല..അൽ‌പ്പം ചെലവായാലും ഓട് മേയണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.. പറമ്പിൽ തീരെ വെയിലില്ലാത്തതിനാൽ അൽ‌പ്പം പച്ചക്കറികൾ ടെറസിൽ കൃഷി ചെയ്യേണ്ട അവസ്ഥയായതിനാൽ മേൽക്കൂര കുറേ ഭാഗം ഓട് വച്ചുള്ള കോൺക്രീറ്റ് ആക്കി..ഇതിനായി പഴയ ഓടുകൾ മൂന്നിലൊന്ന് വിലയ്ക്ക് കിട്ടി.ഓടു വച്ചതിനാൽ ചൂടും ഉണ്ടാവില്ല.ബാക്കിഭാഗം ഓടാണ്.

രം അധികവും പറമ്പിൽ നിന്നും കിട്ടി.തല പോയ കുറച്ചു പീറ്റത്തെങ്ങുകൾ കവുക്കോൽ തന്നു...ഒരു പ്ലാവ് പലകകൾ തന്നു... മോന്തായം ,പട്ടിക എന്നിവ വാങ്ങേണ്ടിവന്നു...ജനൽ പാളികൾ മരമാണാ‍ക്കുന്നത്..ജനലഴികളും മരം തന്നെ..ലോഹം കുറക്കുന്നതാണ് മിന്നലിനു സേഫ്റ്റി  .രണ്ടു വാതിലുകൾക്കേ കട്ടില വച്ചുള്ളൂ...അത്രയേറേ സേഫ്റ്റിയൊന്നും വീടീനാവശ്യമില്ല... ഡബിൾ സ്ട്രോംഗ് ആക്കിയാലും കക്കേണ്ട കള്ളൻ കക്കാൻ കേറും ..

വീടിന്റെ ഉൾഭാഗം കുമ്മായം പൂശും ..വെളിച്ചം കിട്ടാനാണിത്..മൺ വീടിന്റെ പുറംഭാഗം പ്ലാസ്റ്റർ ചെയ്യുന്നതാണ് ചിതലിനെ ക്ഷണിച്ചുവരുത്തുന്നത്...പെയിന്റിംഗ് പരമാവധി ഒഴിവാക്കും.തറ ചാണകമെഴുകണമെന്നയാഗ്രഹം പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ്..ചാണകത്തിന്റെ കൂടെ താളി, ഉലുവ എന്നിവ ചേർത്താൽ കൂടുതൽക്കാലം നിൽക്കുമത്രെ..ടോയ്ലറ്റ്,ബാത്ത് റൂം എന്നിവയുടെ തറ റ്റൈൽസ് ആക്കേണ്ടി വരും...
ചുവരും വാർപ്പും കഴിഞ്ഞു.ഇപ്പോൾ ആശാരിപ്പണി നടക്കുന്നു...ഇനി  വയറിംഗും ഫിനിഷിംഗ് തേപ്പും നിലംപണിയും മറ്റും നടക്കാനുണ്ട്..ഇപ്പോൾ ച.അടിയ്ക്ക് 500 രൂപയാകുന്നുണ്ട്...മൊത്തം 5 ലക്ഷം രൂപയാകും എന്നാണ് ആർക്കിടെക്റ്റ് പറഞ്ഞത്..ഞങ്ങളുടെ മോഡിഫിക്കേഷനുകൾകൊണ്ട് അത് 4 ലക്ഷം ആക്കാനാണ് ശ്രമം...


16 comments:

രമേശ്‌ അരൂര്‍ said...

അത്ഭുതവും കൌതുകവും ഒരു പോലെ ഉളവാക്കുന്നു നനവിന്റെ ഗൃഹ നിര്‍മാണ വിശേഷങ്ങള്‍ . ഗൃഹ നിര്‍മാണം ,കുട്ടികളുടെ വിദ്യാഭ്യാസം .വിവാഹം എന്നീ കാര്യങ്ങളൊക്കെ മറ്റുള്ളവര്‍ ആര്‍ഭാടമായി നടത്തുമ്പോള്‍ നമ്മളൊക്കെ വിമര്‍ശിക്കാറുണ്ട് .ജീവിതം ലാളിത്യ വല്ക്കരിക്കുന്നതിനെ പറ്റിയൊക്കെ ഘോര ഘോരം പ്രസംഗി ക്കും ..പക്ഷെ സ്വന്തം കാര്യം വരുമ്പോള്‍ റിസ്ക്‌ എടുക്കാന്‍ ആരും തയ്യാറാവില്ല ..അനുകരിക്കാന്‍ തൃപ്തികരമായ മാതൃകകള്‍ ഇല്ലാത്തതിന്റെ കൂടി കുഴപ്പമാണിത് ..പക്ഷെ നിങ്ങള്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായതില്‍ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..ചിന്തകള്‍ക്കപ്പുറം അവ പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താനുള്ള ആര്‍ജ്ജവം അതാണ്‌ വേണ്ടത് ..നിങ്ങള്‍ ക്ക് അതുണ്ടായി ..അഭിനന്ദനം ..പണി പൂര്‍ത്തിയാകുമ്പോള്‍ കുറെ കൂടി വിശദമായി ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു ..മറ്റു പലര്‍ക്കും വഴികാട്ടിയും ഉപകാരപ്രദവും ആയേക്കാം അത് ..അഭിനന്ദനങ്ങള്‍ ..:)

നനവ് said...

നന്ദി രമേഷ്,
വീടു നിർമ്മാണത്തിലെ പരമ്പരാഗത അറിവുകൾ ഇവിടെ പങ്കുവച്ചാൽ നന്നായിരുന്നു...നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം അറിവുകൾ സൂക്ഷിയ്ക്കാനും മറ്റുള്ളവരിലേയ്ക്കെത്തിക്കാനും നനവിനു താത്പര്യമുണ്ട്..

കമ്പർ said...

അത്ഭുതം തന്നെ...
കവലകൾ തോറും പരിസ്ഥിതി ,പ്രക്രതി സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുകയും സ്വന്തം വീട്ടിലെ മാലിന്യങ്ങൾ ആരും കാണാത്ത തക്കത്തിനു തൊട്ടടുത്ത പറമ്പിലോട്ടോ റോഡിലോട്ടോ വലിച്ചെറിയുകയും ചെയ്യുന്ന അഭിനവ പ്രക്രതിസ്നേഹികൾ നിറഞ്ഞ കേരള നാട്ടിൽ താങ്കൾ ഒരു വേറിട്ട ഒരു തേജസ്സ് തന്നെയാണു...
താങ്കൾ ശരിക്കും ഒരു മാത്രകാ പുരുഷൻ തന്നെ..എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
ഇവ്വിഷയത്തിൽ തന്നെ വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു..കൂട്ടത്തിൽ ആ ആർക്കിറ്റെക്ടറെ കുറിച്ചുള്ള വിവരങ്ങളും പ്രതീക്ഷിക്കുന്നു..

comiccola / കോമിക്കോള said...

തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു...

നല്ല പോസ്റ്റ്‌, ആശംസകള്‍.

Echmukutty said...

ഇത് വളരെ നന്നായി. അഭിനന്ദനങ്ങൾ.

നനവ് said...

@ കമ്പർ
മൺവീടിനെപറ്റി കുറച്ചുകാര്യങ്ങൾ ഞങ്ങളുടെ ഫോട്ടോ ബ്ലോഗിലുണ്ട്.http://thoomanju.blogspot.com
ഞങ്ങളുടെ ആർക്കിടെക്ട് വിനോദ് കണ്ണൂർ അഞ്ചാം പീടികക്കാരനാണ്.ബേക്കർ ശിഷ്യനാണ്.തളിപ്പറമ്പ് ധർമ്മശാലാ റോഡിൽ ഭൂമി എന്ന പേരിൽ അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നു..ഫോൺ:9447548865

എച്മുക്കുട്ടി, കോമിക്കോള...നന്ദി..

Vayady said...

ഞങ്ങള്‍ എന്നെങ്കിലും ഒരു വീട് പണിയുകയാണെങ്കില്‍ ഇതുപോലെ പണിയണമെന്നാശിക്കുന്നു. ആ വീട്ടിലേയ്ക്ക് നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ ക്ഷണിക്കും. വരില്ലേ?

എല്ലാവര്‍ക്കും നിങ്ങള്‍ ഒരു മാതൃകയാകട്ടെ എന്നാശിക്കുന്നു. അഭിനന്ദനം.

നനവ് said...

വായാടിത്തത്തമ്മേ, ഞങ്ങൾ വരും...ജൂലായ് ആകുമ്പോഴേയ്ക്ക് വീട് പൂർത്തിയാക്കാൻ ശ്രമിക്കുന്നു..ഇനി മരപ്പണി,തേപ്പ്, നിലം പണി,കുറച്ച് ബാമ്പൂ വർക്ക് ,വയറിംഗ് എന്നിവയുണ്ട്...ഷെല്ഫുകൾ,തട്ടുകൾ മുതലായവയും പണിയണം.പണിക്കാരെ കിട്ടാനൽ‌പ്പം ടൈറ്റ് ആയത് പണിയിലൽ‌പ്പം കാലതാമസമുണ്ടാക്കുന്നുണ്ട്...മെയിൽ പൂർത്തിയാകുമെന്നു വിചാരിച്ചതായിരുന്നു..എങ്കിലും മറ്റുള്ളവർ വീടുകെട്ടുമ്പോൾ പറഞ്ഞുകേട്ടിട്ടുള്ളത്ര മുടക്കങ്ങൾ ഒന്നും ഞങ്ങൾക്കുണ്ടായിട്ടില്ല...ചെയ്യാവുന്ന പണികളൊക്കെ ഞങ്ങളും ചെയ്യുന്നുണ്ട്...സ്വന്തം വീട് എന്ന ഒരു അറ്റാച്ച്മെന്റ് ഉണ്ടാവാൻ പണം മാത്രം മുടക്കിയതുകൊണ്ടായില്ലല്ലോ..കുരുവികളും മറ്റും ഓരോ നാരുകൾ ശേഖരിച്ചുകൊണ്ടുവന്ന് എത്ര പണിപ്പെട്ടാണ് ഒരു വീടുണ്ടാക്കുന്നത്..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വളരെ നല്ല പോസ്റ്റ്‌ .............

ഒരില വെറുതെ said...

നല്ല പോസ്റ്റ്. ഊര്‍ജദായകം.

നനവ് said...

എല്ലാവർക്കും സ്നേഹം...

jiya | ജിയാസു. said...

അഭിനന്ദനങ്ങൾ.... പലർക്കും എഴുത്തുകളിലും വാക്കുകളിലും മാത്രം ഉള്ള പ്രക്രതിസ്നേഹം നനവ് സ്വന്തം വീ‍ടുനിർമാണത്തിൽ കാണിച്ചിരിക്കുന്നു.. വീണ്ടും അഭിനന്ദനങ്ങൾ...
നനവിന്റെ ബ്ലോഗിലെ പച്ചപ്പ് എത്രമാത്രം ആത്മാർതതയുള്ളതാണെന്നു ഇതിലൂടെ മനസിലാകുന്നു..

നിർമ്മാണം പൂർത്തിയായ ശേഷം കാണണമെന്നുണ്ട്.,. കൂടുതൽ ചിത്രങ്ങൾ ചേർക്കാൻ അപേഷ.... നിർമ്മാണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും..

നനവ് said...

ജിയാസു,കുറച്ച് ഫോട്ടോകൾ മഞ്ഞുതുള്ളി എന്ന ബ്ലോഗിൽ ഉണ്ട്.www.thoomanju.blogspot.com വീട് പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ ഇടാം.

kala kala said...
This comment has been removed by the author.
കല|kala said...

നന്നായി നനവെ..,

vahab said...

യാദൃശ്ചികമായി, വളരെ വൈകിയാണ് ഈ പോസ്റ്റ് ശ്രദ്ധിച്ചത്.. ആശംസകളുടെ ഒരായിരം മണ്‍തരികള്‍ ചൊരിയട്ടെ...!