* വികാസംവേണം*വിനാശം വേണ്ട*

Tuesday, May 10, 2011

മണ്ണറിഞ്ഞ് കൃഷി ചെയ്യുക...ജൈവതക്കാളി


തൊരു ജീവിക്കുമെന്നപോലെ മനുഷ്യൻ എന്ന സ്പീഷീസിനും ആരോഗ്യത്തോടെ ജീവിക്കാൻ പോഷകങ്ങൾ നിറഞ്ഞ ആഹാരം,ശുദ്ധജലം, ശുദ്ധവായു ഇവ അത്യാവശ്യമാണ്..കൃഷി എന്ന പ്രകൃതിവിരുദ്ധമായ ഏർപ്പാടാണ് ആദ്യം ആഹാരത്തിനായും പിന്നീട് ധനസമ്പാദനത്തിനായും മനുഷ്യൻ തുടങ്ങിയത്..അതോടെ പ്രകൃതിയുടെ താളം തെറ്റിത്തുടങ്ങി...കരിയില പുതയിട്ട കൃഷിയിടം

ദ്യകാലങ്ങളിൽ പ്രകൃതിയെ നോക്കിയാണ് മനുഷ്യൻ കൃഷിചെയ്തിരുന്നത്..അന്നവൻ തനിക്കുള്ള ആഹാരം ഭൂമിയെ അധികം നോവിക്കാതെ; രാസവളം,കീടനാശിനികൾ, കളനാശിനികൾ തുടങ്ങിയ മാരകവിഷങ്ങൾ, ഹോർമോണുകൾ എന്നിവയൊന്നും ഉപയോഗിക്കാതെ, മറ്റു ജീവികളേയും സസ്യങ്ങളേയും നശിപ്പിക്കാതെ ,സസ്യവളർച്ചയുടെ താളം ഉൾക്കൊണ്ടുകൊണ്ട് കൃഷിചെയ്തപ്പോൾ അവനോ മറ്റു ജീവികൾക്കോ പരിസ്ഥിതിയ്ക്കോ പറയത്തക്ക കോട്ടങ്ങളൊന്നും സംഭവിച്ചില്ല.നനവിൽ തെങ്ങും പൈനാപ്പിളും കുരുമുളകുമൊക്കെ കാടുപോലെ വളരുന്നു
ന്ന് ശരിക്കും മണ്ണറിവുനേടി ,കാലാവസ്ഥനോക്കി ,തികച്ചും ദൈവികമായൊരു അനുഷ്ഠാനം പോലെ ,ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ ,അത്യാർത്തി ഒഴിവാക്കിക്കൊണ്ടുള്ള ഒന്നായിരുന്നു കൃഷി.. മണ്ണറിവില്ലാതായപ്പോൾ, മണ്ണ് വിപണന വസ്തുവായി മാറിയപ്പോൾ, ഭാവി തലമുറയ്ക്കായ് കരുതിവയ്ക്കേണ്ടതൊക്കെ ; കാടും കുന്നും വയലും പുഴയും തോടുമൊക്കെ,ആർത്തി തീർക്കാനുള്ള ഉപാധികൾ മാത്രമായപ്പോൾ,കൃഷിയെ ജൈവികതയുടെ സംതുലനാവസ്ഥയിൽ നിലനിർത്തിയിരുന്ന പ്രകൃതിയുടെ വ്യവസ്ഥകൾ നശിപ്പിക്കപ്പെട്ടു..മണ്ണ് എന്ന ജീവന്റെ ആധാരത്തെ ഒരു നിർജീവവസ്തുവായി കരുതാൻ മലയാളി എന്നു തുടങ്ങിയോ അന്നാണ് കൃഷിയുടെ നാശം തുടങ്ങിയത്..

ഹാരശീലങ്ങൾ മാറിമറിയുകയും, ഭൂമി എന്ന ഏവർക്കും തുല്യാവകാശം ഉണ്ടാകേണ്ട വസ്തു കൈയൂക്കുള്ളവരുടെ കൈപ്പിടിയിൽ ഒതുങ്ങുകയും , കൃഷി ഒരു സംസ്ക്കാരമെന്ന നിലയിൽ നിന്ന് എങ്ങനേയും പണമുണ്ടാക്കാനുള്ള ഒരു വ്യവസായം എന്നനിലയിലേയ്ക്ക് മാറുകയും ചെയ്തതോടെ ,മാരകവിഷം ഉപയോഗിക്കാനും തനിക്ക് ലാഭം കിട്ടാത്ത എന്തും നശിപ്പിക്കാനും ഉള്ള പ്രവണതകൾ മാത്രം ഏറിയേറി വന്നു..വെട്ടുകയോ കിളയ്ക്കുകയോ ചെയ്യാത്ത തെങ്ങിൻതടം.ചകിരി ,ചിരട്ട ,ഓല തുടങ്ങിയവയ്ക്കൊപ്പം പറമ്പിൽനിന്നും ലഭിയ്ക്കുന്ന പച്ചിലവളവും അൽ‌പ്പം ചാണകവും ഇട്ടുകൊടുക്കുന്നു.മരക്കഷണങ്ങളും ഇടുന്നു.

തക്കം നോക്കി കൃഷിയെ സഹായിക്കാനെന്നപേരിൽ രാസവള കീടനാശിനി കമ്പനികൾ തഴച്ചുവളർന്നു.സർക്കാരുകൾ അവരുടെ കൈവശമായതിനാൽ അവർ പറയുന്നതെന്തോ അതു വേദവാക്യമായി..അവരെ സഹായിക്കാൻ വേണ്ടിമാത്രമുള്ളതായി സർക്കാരുടമസ്ഥതയിലുള്ള കാർഷികസർവ്വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും..ചിതൽ‌പ്പുറ്റുകൾ മണ്ണിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു
ർക്കാർ സ്ഥാപനങ്ങളായതിനാൽ ,ഒന്നുമറിയാത്ത കർഷകർ ഇവർ പറയുന്നതത്രയും വേദവാക്യങ്ങളായെടുത്തു.രാസകൃഷിയ്ക്കു മുമ്പും ഇവിടെ കൃഷി ഉണ്ടായിരുന്നു എന്നകാര്യം പോലും ചരിത്രത്തിൽനിന്നും മൂടിവയ്ക്കപ്പെട്ടു...കമ്പനികൾ കോടികളിൽ നിന്നും സഹസ്രകോടികളിലേയ്ക്ക് തങ്ങളുടെ വരുമാനം വർധിപ്പിച്ചു..ഇവരുടെ ദല്ലാളന്മാരായി നിന്ന ഉദ്യോഗസ്ഥർക്കും കിട്ടി ലക്ഷങ്ങളും കോടികളും മന്ത്രിപദങ്ങൾ വരെയെത്തിയ സ്ഥാനമാനങ്ങളും...ഇന്ത്യ ഭരിക്കുന്നതു തന്നെ അവരാണ് എന്ന നിലയിലേയ്ക്ക് ഒടുവിൽ കാര്യങ്ങൾ എത്തിച്ചേർന്നു..

സപ്പോട്ട.ഒപ്പം മാവും പ്ലാവും വാഴയും പപ്പായയും ഒക്കെയുണ്ട്..


തിനിടയിൽ കാർഷികരംഗം അപ്പാടെ തകർന്നു.. കൃഷി ഏറ്റവും ചെലവേറിയ ഒന്നായി മാറി..എല്ലാ വിഷങ്ങളും ഉപയോഗിക്കേണ്ടതിലും എത്രയോ മടങ്ങ് ഉപയോഗിച്ചിട്ടും മണ്ണിൽനിന്നും അതിനുതക്ക വിളവ് ലഭിക്കാതായി.മണ്ണ് തരിശായി...കീടങ്ങളും രോഗങ്ങളും പെരുകി.എല്ലാ ഉറവകളും വിഷലിപ്തങ്ങളായി..എന്റോസൾഫാനും അതുപോലുള്ള മാരക ജീവനാശിനികളും മനുഷ്യവംശത്തിനെ തന്നെ അവസാനിപ്പിക്കും എന്ന നിലയിലേയ്ക്ക് ഇന്ന് കാര്യങ്ങൾ വഷളായിക്കഴിഞ്ഞു...


നനവിലെ കുരുമുളക്

പ്പോഴെങ്കിലും ഈ വൈകിയ വേളയിലെങ്കിലും, മനുഷ്യൻ പുനർവിചിന്തനം നടത്തുന്നില്ലെങ്കിൽ ,എന്താണ് കൃഷിയെന്നും എങ്ങനേയാണ് കൃഷി ചെയ്യേണ്ടതെന്നും പഠിയ്ക്കുന്നില്ലെങ്കിൽ, ഈ വിഷക്കൃഷി മനുഷ്യവംശത്തിന്റെ അന്തകനായിത്തീരുകതന്നെ ചെയ്യും..അതിനാൽ നമുക്ക് കൃഷിയെന്നാലെന്തെന്ന് എങ്ങനെയെന്ന് ഒന്ന് പരിശോധിച്ചു നോക്കാം.വളരെ വലിയ ഒരു കാര്യമാണിത്.പ്രധാനകാര്യങ്ങൾ മാത്രം ചുരുക്കി പറയാം..

ൾക്കാർക്കിപ്പോൾ ജൈവകൃഷി ചെയ്താൽ കൊള്ളാം എന്നുണ്ടെങ്കിലും ആശങ്കകൾ അവരെ അതിൽനിന്നകറ്റുകയാണ്.വേണ്ട അളവിൽ ആഹാരമുണ്ടാക്കാൻ ഇതു കൊണ്ടാവില്ല എന്നാണ് ഒരു സംശയം.കൃഷി ഒരു ഉപജീവനമാർഗ്ഗമാക്കിയിരിക്കുന്നവർക്ക് ആഹാരം മാത്രം പോര,പണം കൂടി അതിൽനിന്നു വരണം .ജൈവരീതിയിൽ അത്രനല്ല വിളവ് കിട്ടുകയേ ഇല്ല എന്ന് അവരെ കീടനാശിനി ഏജന്റുമാരായ ഉദ്യോഗസ്ഥർ പഠിപ്പിച്ചിരിക്കുകയുമാണല്ലോ..ഏറ്റവും നല്ല കീടനാശിനികളാണ് കിളികൾ .അവർക്കായി കൂരാമ്പരൽക്കായ,തെച്ചിപ്പഴം, കാട്ടുമുല്ല തുടങ്ങി ഒട്ടേറെ സസ്യങ്ങളുണ്ടിവിടെ..പഴംതിന്ന് പാട്ടുകൾ പാടിയും രൂപമനോഹാരിതായാലും മനസ്സിനാനന്ദമേകിയും,പിന്നെ,..

പിന്നെ,മണ്ണിനു വളക്കൂറു നൽകിയും, പരാഗണം നടത്തിയും..ഇത്രയേറെ സഹായിക്കുന്ന കിളികൾക്കായി വേനൽക്കാലത്ത് മൺചട്ടികളിൽ അൽ‌പ്പം കുടിവെള്ളം കൂടി നൽകുക.

കൃഷി എന്തെന്നറിയണമെങ്കിൽ ആദ്യം പ്രകൃതിയെ നിരീക്ഷിയ്ക്കുക.ലക്ഷോപലക്ഷം സസ്യങ്ങൾ മനുഷ്യൻ വളർത്താതെ ഒരു കീടബാധയുമേൽക്കാതെ പ്രകൃതിയിൽ വളരുന്നുണ്ട്..ഒരു കാടിന്റെ കാര്യമെടുത്തുനോക്കുക.ആരും വളം ചേർക്കാതെ, വെള്ളമൊഴിക്കാതെ എത്ര നന്നായാണവിടെ സസ്യങ്ങൾ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതുമൊക്കെ!!..മണ്ണിൽ സസ്യവളർച്ചയുടെ അടിസ്ഥാനതത്വം ഇതാണ്..ഒരിടത്ത് ഒരു സസ്യത്തിനു വളരാനാവശ്യമായ പോഷകമൂലകങ്ങൾ ഉണ്ടെങ്കിൽ, അതിനനുയോജ്യമായ കാലാവസ്ഥയുമുണ്ടെങ്കിൽ,അവിടെ ആ സസ്യം വളർന്നിരിക്കും..പറമ്പുകളിലും പുറമ്പോക്കുകളിലുമൊക്കെ പലയിനം സസ്യങ്ങൾ മുളച്ചുവളരുന്നതും അവയ്ക്കാവശ്യമായ മൂലകങ്ങൾ മണ്ണിൽ ഉള്ളതുകൊണ്ടു മാത്രമാണ്..പുതുമഴ പെയ്തയുടൻ മണ്ണിനെ മൂടിപ്പുതപ്പിച്ചുകൊണ്ട് പലയിനം പുൽ വർഗ്ഗസസ്യങ്ങൾ മുളച്ചുപൊന്തുന്നത് മണ്ണിൽ നിന്നും ലവണങ്ങൾ നഷ്ടമാകാതിരിക്കാനാണ്.ആ ലവണങ്ങളാണ് മണ്ണിന്റെ വളമായി നമ്മുടെ കൃഷിയ്ക്കുമുപയോഗിക്കാനായി പ്രകൃതി ഈ സസ്യങ്ങളിൽ സംഭരിച്ചു വയ്ക്കുന്നത്.

നി എന്തുകൊണ്ടാണ് കൃഷി എന്നത് ഒരു പ്രകൃതിവിരുദ്ധ ഏർപ്പാടാണ് എന്നു പറയാം.നാം നടുന്നത് നമുക്ക് ആഹാരത്തിനോ ഔഷധത്തിനോ അലങ്കാരത്തിനോ പണമുണ്ടാക്കാനോ ഒക്കെ വേണ്ട സസ്യങ്ങളാണ്..ഒരു ചെടി നടുമ്പോൾ ,മണ്ണിൽ അതിനാവശ്യമായ പോഷണവസ്തുക്കളും അതിനു വളരാനാവശ്യമായ കാലാവസ്ഥയും വേണമെന്ന പ്രാഥമിക തത്വവും ;അതിനെ ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന ഒരു പാട് ജീവികളും അതോടൊപ്പം വളരേണ്ട ഒരുപാട് സസ്യങ്ങളും ഉണ്ടാവണമെന്ന ദ്വിതീയ തത്വവും മറക്കുന്നതു കൊണ്ടാണ് കൃഷി പ്രകൃതി വിരുദ്ധമാകുന്നത്..അതുകൊണ്ടു മാത്രമാണ് വേണ്ടത്ര വിളവു ലഭിയ്ക്കുന്നില്ല,ചെടിയ്ക്ക് ആരോഗ്യമില്ല ,കീടരോഗങ്ങൾ പെരുകുന്നു തുടങ്ങിയ എല്ലാ കാർഷികപ്രശ്നങ്ങളും ഉടലെടുക്കുന്നതും.
ജൈവതെങ്ങിന്റെ തലപ്പ്തെങ്ങിന്റെ തടം


പ്രകൃതിയുടെ താളംതെറ്റിച്ചുകൊണ്ട് വളർന്നു പെരുകിയ മനുഷ്യൻ എന്ന സ്പീഷീസിനിന്ന്, ഇന്ന സ്ഥലത്ത് ഇന്ന മൂലകങ്ങൾ ഉള്ളതിനാൽ അവിടെ ഇന്ന സസ്യം വളർത്താം എന്ന സ്വാഭാവികതയിലേയ്ക്ക് മടങ്ങിയാൽ പട്ടിണി കിടന്നു മരിയ്ക്കേണ്ടിവരും..എന്നാൽ അവന് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്...കൂടുതൽ താളം തെറ്റിയ്ക്കുന്ന ഏകവിളത്തോട്ടങ്ങൾ ഉപേക്ഷിയ്ക്കുക.മണ്ണിൽ വേണ്ട അളവിൽ കാർബണും മറ്റ് മൂലകങ്ങളും തിരികെ ചേർത്തുകൊണ്ടിരിക്കുക..സസ്യജന്തു വൈവിധ്യം നിലനിർത്തുക.വൈവിധ്യം നശിപ്പിയ്ക്കുന്ന ഒരു രാസവസ്തുവും മണ്ണിൽ ചേർക്കാതിരിക്കുക.കളകൾ എന്നപേരിൽ വളരുന്ന സസ്യങ്ങളേയും പറമ്പിൽ വളർത്തുന്ന ശീമയ്ക്കൊന്ന,മന്ദാരം പോലുള്ള സസ്യങ്ങളേയും വളർച്ച നിയന്ത്രിക്കുകമാത്രം ചെയ്ത് മണ്ണിനാവശ്യമായ പോഷണങ്ങൾ തിരികെയെത്തിയ്ക്കുക....
ഫംഗസുകൾ ,വിഘാടകരിൽ ഒരാൾ

ണ്ടൊക്കെ
ഒരു പാടു കിളികളുടെ കാഷ്ഠങ്ങൾ മണ്ണിൽ നൈട്രജനും പിന്നെ കുറുക്കൻ തുടങ്ങിയ, തോടുള്ള ജീവികളെ തിന്നുന്ന ജീവികളുടെ കാഷ്ഠങ്ങൾ കാത്സ്യവുമൊക്കെ തിരികെയെത്തിച്ചിരുന്നു...അവർക്ക് ജീവിക്കാനായി നമ്മുടെ പൂർവ്വികർ കാവുകളും കുന്നിൻമൊട്ടകളുമൊക്കെ വിട്ടു കൊടുത്തിരുന്നു..കീടനാശിനി തളിയ്ക്കാത്ത രാസവളമിടാത്ത വയലുകളിൽ ഇഷ്ടം പോലെ കാത്സ്യം ചേർക്കാൻ ഞവുണിക്കയും, ഉഴുതുമറിയ്ക്കാൻ മണ്ണിരകളും മറ്റനേകം ജീവികളും ,സസ്യാവശിഷ്ടങ്ങളും മറ്റും ജീർണ്ണിപ്പിച്ച് തിരികെ കാർബണടക്കമുള്ള മൂലകങ്ങൾ ചേർക്കാൻ ഒരു പാട് വിഘാടകരുമൊക്കെയുണ്ടായിരുന്നു..

കാർബൺ തിരികെ മണ്ണിലേയ്ക്ക്

രാസവസ്തുക്കൾ മൂലം അന്യംനിന്നുകൊണ്ടിരിയ്ക്കുന്ന ഇവയെ തിരിച്ചുപിടിയ്ക്കുക കൂടി ചെയ്താലേ കൃഷി വിജയിക്കുകയുള്ളൂ.തിരിച്ചു പിടിയ്ക്കാനൽ‌പ്പം കാലതാമസം വേണ്ടിവരും..അതുവരെ കൃത്യമായ പി എച്ച് പരിശോധന നടത്തി മൂല്യം7 ൽ കുറവെങ്കിൽ കാത്സ്യമടങ്ങിയ കക്കത്തോടുകൾ ചേർക്കണം.ഓരോ ചെടിയ്ക്കും കായ്ക്കാൻ മണ്ണിനതിന്റേതായ പി എച്ച് ആവശ്യമുണ്ട്..

കാർബണിന്റെ അളവ് 6% എത്തിക്കാനായാൽ പിന്നെ കൃഷിയ്ക്ക് നനയ്ക്കുക കൂടി ചെയ്യേണ്ടിവരില്ല..ഇതിനായി മണ്ണിൽ ഒരിടത്തും സൂര്യപ്രകാശം നേരിട്ടു പതിക്കാൻ സമ്മതിക്കാതെ പുതയിടുക.കരിയിലകൾ മാത്രമല്ല, ചെറുശാഖകളും വലിയ മരത്തടികളുമൊക്കെ കാർബൺ കൂട്ടാൻ സഹായിക്കും..ഇത് ജൈവകൃഷിയിലെ പരമപ്രധാനമായ ഒരു തത്വമാണ്..

ന്നാലോചിച്ചുനോക്കുക..നമുക്കിനിയും ഇവിടെ എന്റോസൾഫാൻ ഇരകളെയുണ്ടാക്കുന്ന ഒരു പ്രാകൃതരീതി പിന്തുടരണോ?....എന്റോസൾഫാനു ബദൽ കണ്ടെത്തും വരെ അതും ,പിന്നെ മാരകമായ മറ്റു വിഷങ്ങളും നിരോധിച്ചാൽ കൃഷി മൊത്തം തകരുമെന്ന വിഡ്ഡിത്തത്തിനു നമുക്കിനിയും മനസ്സു കൊടുക്കണോ?...എന്റോസൾഫാനെപ്പോലൊരു മാരകജീവനാശിനിയ്ക്ക് ബദലായി അതിനൊപ്പമോ അതിലേറെയോ വിഷവീര്യമുള്ള മറ്റൊരു രാസവസ്തു കൊണ്ടു വന്നിട്ട് ,നമ്മുടെ കുഞ്ഞുങ്ങളെ ഇനിയും കുരുതി കൊടുക്കണോ?...വിഷത്തിനു ബദലാകേണ്ടത് മറ്റൊരുഗ്രവിഷമാണോ?...

ർക്കുക..വിഷം ജീവന് എതിരാണ്.അതിന് ശത്രുകീടമെന്നോ മിത്രകീടമെന്നോ മനുഷ്യനെന്നോ ഒന്നും വകതിരിവുണ്ടാകില്ല...ജീവൻ ഏതായാലും അതിനെ നശിപ്പിയ്ക്കുക,അതുമാത്രമായിരിയ്ക്കും അതിന്റെ ലക്ഷ്യം..നമുക്ക് ജീവനിലേയ്ക്ക് തിരിച്ചു നടക്കാൻ ഇനിയുമൊരു പുനരാലോചനയുടെ ആവശ്യമുണ്ടോ?....
കാടല്ല,കൃഷിയിടമാണ്...


നനവിന്റെ തൊട്ടടുത്ത പറമ്പ്..തെങ്ങുമാത്രം. വർഷാവർഷം കിളച്ചുമറിച്ച്, രാസവളവും ചാണകവുമിട്ടാൽ അൽ‌പ്പം തേങ്ങ ,അതും മണ്ടരിബാധയാൽ വിളവും ആരോഗ്യവും കുറഞ്ഞുകുറഞ്ഞു വരുന്ന തെങ്ങുകളിൽനിന്ന്,മാത്രം ആദായം..

ജൈവകൃഷി ചെയ്യാൻ ഇനിയും ആശങ്കിക്കേണ്ടതുണ്ടോ?...10 comments:

moideen angadimugar said...

നല്ല പോസ്റ്റ്. വിജ്ഞാനപ്രദം.

അലി said...

നല്ല ചിന്തകളും പ്രവർത്തനവും...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രകൃതിയെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ്‌.എല്ലാവരും സ്വീകരിക്കേണ്ട മാതൃകാപരമായ നിര്‍ദ്ദേശങ്ങള്‍ .എങ്കിലും ചിത്രത്തോടൊപ്പം തെങ്ങുകളുടെ മണ്ടകള്‍ കൂടി കാണിക്കാതിരുന്നത് അനൌചിത്യമായി.അത് വായനക്കാര്‍ക്ക് പൂര്‍ണസംതൃപ്തിയുണ്ടാക്കില്ല.

നനവ് said...

നിർദ്ദേശത്തിനു നന്ദി..തിടുക്കത്തിൽ എഴുതിയ പോസ്റ്റാണ്..ജൈവകൃഷിയെപറ്റി ഒരുപാട് എഴുതാനുണ്ട്,നനവിനെപ്പറ്റിയും..കുറച്ചു ഫോട്ടോകൾ കൂടി എഡിറ്റു ചെയ്ത് ചേർക്കുന്നു..

ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം രണ്ടുപേരും ഉദ്യോഗഥർ എന്നതിനേക്കാൾ, തിരക്കു പിടിച്ച സംരക്ഷണ പ്രവർത്തകർ ആണെന്നതാണ്..മറ്റാരും ഏറ്റെടുക്കാനില്ലാത്തതിനാൽ, കൃഷി എന്ന ഏറ്റവും ആനന്ദം നൽകുന്ന ജോലിയ്ക്കായി നൽകേണ്ട സമയത്തിൽനിന്നും കുറെയധികം ഇത്തരം പ്രവർത്തനങ്ങൾക്ക് കൊടുക്കേണ്ടിവരുന്നു..
തെങ്ങ് എന്നത് ഉപ്പ് ആവശ്യമുള്ള ഒരു തീരദേശവിളയായതിനാൽ മറ്റിടങ്ങളിൽ കൃഷി ചെയ്യുമ്പോൾ ഉപ്പ് ചേർത്തേ മതിയാകൂ..കഴിഞ്ഞ വർഷം 2 കിലോ വീതം ഉപ്പു ചേർത്തപ്പോൾ തന്നെ തേങ്ങയുടെ കാമ്പിന് നല്ല വണ്ണം വന്നു.വെള്ളം ഒഴുകി ലീച്ചിങ് നടക്കുന്ന ചരിവുള്ള ഭൂമിയാണ്.അതിനാൽ കാത്സ്യം നഷ്ടപ്പെടും .കുമ്മായം കൂടുതൽ വീര്യമേറിയതായതിനാൽ കക്കത്തോടുകൾ പൊടിച്ചിടാനാണ് ഞങ്ങളുടെ ഗുരു ഉപദേശിച്ചത്.കക്കയാകുമ്പോൾ ചെടി കുറേശ്ശെയായി അതിനാവശ്യമായ അളവിൽമാത്രം മണ്ണിൽ നിന്നു സ്വീകരിക്കുന്നതിനാൽ ചെടിയുടെ ബാലൻസിംഗും നഷ്ടപ്പെടില്ല.രണ്ടുവർഷം ശ്രമിച്ചിട്ടും ഞങ്ങൾക്ക് കക്ക കിട്ടിയില്ല .വ്യാവസായിക ആവശ്യത്തിനേ കക്ക മൈനിംഗിന് അനുമതിയുള്ളുവത്രെ.കക്ക കൂടി കിട്ടി പി.എച്ച്.ശരിയാക്കിയാൽ വിളവ് ഇത്രയൊന്നുമായിരിക്കില്ല.
അൽ‌പ്പം മണ്ടരി ശല്യമുണ്ട്.അനേകവർഷങ്ങൾ രാസകടുംകൃഷി നടത്തി നല്ലയളവിൽ വിഷപ്രയോഗം നടത്തിയിരുന്ന പറമ്പാണ്.10 വർഷമേ ആയുള്ളു ജൈവരീതിയിലേയ്ക്ക് വന്നിട്ട്.തെങ്ങുകളൊക്കെ പുനർജ്ജീവിച്ചു തുടങ്ങിയിട്ടുണ്ട്.മണ്ടരി പോകാനാണ് ഉപ്പും കക്കയും ചേർക്കേണ്ടത്.

ഞങ്ങൾ അഭിമുഖീകരിച്ച മറ്റൊരു പ്രശ്നം കുരുമുളകിനു കാലായി ഉപയോഗിച്ച വട്ടമരങ്ങളുടെ[ഉപ്പില] ഉണക്കമാണ്.രണ്ട് ഏക്കർ സ്ഥലത്തു നിന്ന് രണ്ടര ക്വിന്റലോളം കുരുമുളക് കിട്ടിയിരുന്നത് രണ്ടു വർഷംകൊണ്ട് അമ്പതോളം വട്ടകൾ ഉണങ്ങിയതിനാൽ പകുതിയായി കുറഞ്ഞു.മൊബൈൽ ടവറുകളാണോ വട്ട ഉണങ്ങാൻ കാരണം എന്നറിയില്ല.മുളകിന് ഇന്നേവരെ ഒരു രോഗവും വന്നിട്ടില്ല.അതിനായി ഓരോ തിരുവാതിരക്കാലത്തും നടാവുന്നിടത്തൊക്കെ ഓരോ വള്ളിത്തല നട്ടുകൊടുക്കുക,മുളകു പറിപ്പിക്കാനുള്ള കൂലി നൽകുക എന്നതിനപ്പുറം ഒന്നും ചെയ്യേണ്ടിവന്നിട്ടില്ല. തെങ്ങ്, മാവ്,ശീമക്കൊന്ന തുടങ്ങിയവയിലൊക്കെ മുളകു പടർത്തിയുള്ള പരീക്ഷണം വിജയിച്ചുവരുന്നു..
അര ഏക്കർ സ്ഥലമുണ്ടെങ്കിൽ ഒരു നാലംഗ കുടുംബത്തിന് സുഖമായി ആവശ്യമുള്ള വരുമാനമുണ്ടാക്കാം .

Echmukutty said...

നല്ല പോസ്റ്റ് ആണ്. ഈ മനസ്സിനെ അഭിനന്ദിയ്ക്കുന്നു.

നനവ് said...

ഇന്നലെ മുഴുവൻ ബ്ലോഗ്ഗർ unavailable ആയിരുന്നു.പിന്നെ നോക്കിയപ്പോൾ ഗൂഗിളമ്മച്ചി എന്റെ കമന്റും എഡിറ്റു ചെയ്തു ചേർത്ത വിഴുങ്ങിക്കളഞ്ഞിരിക്കുന്നു!!.ഇനി ഒന്നുകൂടി ചേർക്കാം തെങ്ങിൻ തലപ്പും മറ്റു ചില ദൃശ്യങ്ങളും..

നനവ് said...

മണ്ണറിഞ്ഞുള്ള കൃഷിയിൽ ഞങ്ങൾക്ക് പല പരിമിതികളും ഉണ്ട്.ഒന്നാമത് മുഴുവൻ സമയകർഷകരല്ല എന്നതാണ്.രണ്ടുപേരും ഉദ്യോഗസ്ഥരാണെന്നത് അത്ര വലിയ പരിമിതിയല്ല.കാരണം ജൈവകൃഷിയ്ക്ക് അത്രയേറെ സമയം ആവശ്യമില്ല.തിരക്കുപിടിച്ച സംരക്ഷണപ്രവർത്തകർ ആയതിനാൽ മറ്റാരും ഏറ്റെടുക്കാനില്ലാത്ത പല കാര്യങ്ങൾക്കും വേണ്ടി, മണ്ണിൽ പണിയുകയെന്ന ഏറ്റവും ആനന്ദവും സംതൃപ്തിയുമേകുന്ന പണിയ്ക്കായി മാറ്റിവയ്ക്കേണ്ട സമയത്തിൽ ഒരു പങ്ക് നൽകേണ്ടിവരുന്നു.

എങ്കിലും ഒരുവിധം നന്നായി ഞങ്ങൾ കൃഷി ചെയ്യുന്നുണ്ട്.പത്തുവർഷമേ ആയുള്ളൂ രണ്ടേക്കർ വരുന്ന ഈ സ്ഥലം ജൈവരീതിയിലേയ്ക്ക് മാറ്റപ്പെട്ടിട്ട്.അതിനു മുമ്പ് പരമാവധി രാസവളവും മറ്റു വിഷങ്ങളും പ്രയോഗിയ്ക്കപ്പെട്ട സ്ഥലമാണ്.അതിൽനിന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മണ്ണും തെങ്ങുകളും മറ്റും ഒരുവിധം മുക്തിനേടിക്കഴിഞ്ഞു.ശരിക്കും കൃഷി ചെയ്തിരുന്നെങ്കിൽ ഒരു 3 വർഷത്തിനകം മണ്ണിനെ വീണ്ടെടുക്കാ‍നാകും..

കുറച്ച് മണ്ടരിശല്യം ബാക്കിയുണ്ട്.ചരിവുള്ള സ്ഥലമാണിവിടം.മഴക്കാലത്ത് പറമ്പിലെ വെള്ളം പുറത്തുപോകാതെ പരമാവധി തടഞ്ഞുവെക്കാറുണ്ടെങ്കിലും,അതിവർഷമുണ്ടായാൽ വെള്ളം പൊങ്ങുമ്പോൾ കുറെ വെള്ളം പുറത്തേയ്ക്ക് കളയേണ്ടിവരും..അതിനാൽ കാത്സ്യവും മറ്റും ലീച്ച് ചെയ്ത് നഷ്ടപ്പെടും .അഞ്ചാറ് കുറുക്കന്മാർ ഇവിടെയൊക്കെ കറങ്ങിനടക്കുകയും ഇടയ്ക്ക് പൊന്തകളിൽ വിശ്രമിക്കുകയും വിസർജ്ജിക്കുകയുമൊക്കെ ചെയ്യാറുള്ളതിനാൽ അൽ‌പ്പം കാത്സ്യം കിട്ടാറുണ്ട്.

ചരൽമണ്ണുമാണ്.കക്കത്തോട് പൊടിച്ചിടാനാണ് ഞങ്ങളുടെ ഗുരു ഉപദേശിച്ചത്.രണ്ടുവർഷം ശ്രമിച്ചിട്ടും കക്ക കിട്ടിയില്ല.വ്യാവസായിക ആവശ്യങ്ങൾക്കേ കക്ക ലഭിക്കുകയുള്ളുവത്രെ...!കാത്സ്യത്തിനായി കുമ്മായം ചേർക്കുന്നത് അത് ഒരു രാസവളത്തിനെപ്പോലെയാണെന്നതിനാൽ അത്ര അഭികാമ്യമല്ല.കക്കയാകുമ്പോൾ മണ്ണിൽനിന്ന് വേണ്ട അളവിൽ സസ്യം വലിച്ചെടുത്തുകൊള്ളും.

തെങ്ങ് എന്നത് തീരദേശങ്ങളിൽ ഉപ്പുകാറ്റേറ്റ് വളരേണ്ട ഒരു സസ്യമാണ്.അതിനാൽ ഉൾനാടുകളിൽ കൃഷി വിജയമാകണമെങ്കിൽ ഉപ്പ് നൽകേണ്ടത് അത്യാവശ്യമാണ്.രണ്ടുവർഷം മുൻപ് ഉപ്പു ചേർത്തപ്പോൾ തേങ്ങയുടെ അകക്കാമ്പിന് വണ്ണം കൂടി. ഉപ്പും കക്കയും മണ്ടരിക്കെതിരെ തെങ്ങിന് പ്രതിരോധശേഷിയും ഉണ്ടാക്കും.

രണ്ട് ഏക്കർ സ്ഥലത്തുനിന്ന് രണ്ടര ക്വിന്റൽ കുരുമുളക് ലഭിച്ചിരുന്നു.ആകെയുള്ള അധ്വാനം തിരുവാതിര ഞാറ്റുവേലക്കാലത്ത് സാധ്യമായ സസ്യങ്ങളിലെല്ലാം വള്ളിത്തലകൾ നട്ടുകൊടുക്കൽമാത്രം .ചെലവെന്നത് മുളക് പറിയ്ക്കാനുള്ള കൂലി മാത്രവും.മൊബൈൽ ടവറുകൾ കൊണ്ടോ മറ്റോ ,രണ്ടു വർഷംകൊണ്ട് കുരുമുളകിനു കാലായി നിന്നിരുന്ന അമ്പതോളം വട്ടമരങ്ങൾ [ഉപ്പില,കുറുക്കൂട്ടി] ഉണങ്ങിപ്പോയതിനാൽ ഉൽ‌പ്പാദനം പകുതിയായി.ഇതിനു പ്രതിവിധിയായി ശീമക്കൊന്നയെ കാലാക്കി പരീക്ഷണം നടത്തിയത് വിജയമാണ്.ഒപ്പം മാവ്,പ്ലാവ്, തെങ്ങ്,കാട്ടുമരങ്ങൾ എന്നിവയിലെല്ലാം മുളക് പടർത്തിക്കൊണ്ടിരിക്കുന്നു.ഒപ്പം എല്ലായിനം സസ്യങ്ങളും കാടുപിടിച്ച് വളരുന്നു.ഇവിടെ കീടങ്ങൾ പരസ്പരം വേട്ടയാടിയും ഇരയായും സ്വയം നിയന്ത്രിക്കപ്പെടുന്നു.

പച്ചക്കറിയിൽ കിഴങ്ങുവർഗ്ഗങ്ങളും വാഴയുമൊക്കെ നന്നായി വിളയുന്നുണ്ടെങ്കിലും മറ്റുള്ളവ, കാടുപിടിച്ച സ്ഥലമായതിനാൽ വെയിൽകിട്ടാത്തതിനാൽ അത്ര വിജയമല്ല.പറമ്പിന്റെ ഒരുഭാഗത്തൽപ്പം തണൽ ഒഴിവാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാം.എന്നാൽ കുടുബസ്വത്തായതിനാൽ അമ്മയുടെ കാലശേഷം 30 സെന്റ് സ്ഥലമേ ഞങ്ങൾക്ക് സ്വന്തമായി ലഭിക്കൂ.അതിനാൽ ഞങ്ങളെടുത്തുകൊണ്ടിരിക്കുന്ന വീടിന്റെ ഒരു ഭാഗം ടെറസ്സാക്കി അവിടെ പച്ചക്കറി ചെയ്യാനാണ് വിചാരിക്കുന്നത്.

അമ്പത് സെന്റ് സ്ഥലമുണ്ടെങ്കിൽ ഒരു നാലംഗ കുടുംബത്തിന് സുഖമായി ജീവിക്കാനാകും,വൻ ആഡംബരങ്ങൾ ഒഴിവാക്കിയാൽ..

jayarajmurukkumpuzha said...

vinjanapradamaya post....... aashamsakal..........

mini//മിനി said...

ഒരുദിവസം ഞാൻ വരും, കുറച്ച് ഫോട്ടോ എനിക്കും എടുക്കണം.
ഇന്നത്തെ കാലത്ത് ഇതുപോലെ ചെയ്യുന്നവർ(കൃഷി ചെയ്യുന്നവർ) മണ്ടന്മാരാണെന്ന് മറ്റുള്ളവർ പറയും(സ്വന്തം അനുഭവം).

ജെ സി said...

വളരെ ഉപകാരപ്രദമായ അറിവ്. കാലഖട്ടത്തിന്റെ ആവശ്യം.