* വികാസംവേണം*വിനാശം വേണ്ട*

Wednesday, July 15, 2015

മരമില്ലാതായാലുള്ള അപകടത്തില്‍നിന്ന് മനുഷ്യനെന്താണ് രക്ഷ ?..

' 'ആസ്ത്രേലിയയിൽ നിന്നും കഴിഞ്ഞ ദിവസം വന്ന സുഹൃത്ത് അവിടെ നഗരത്തിൽ പോലും റോഡിനിരുവശത്തുo ഉള്ള കാടിനെക്കുറിച്ചും ഒരു റോഡിന്റെ നടുക്ക് ഒരു മരം ഉള്ളതിനാൽ ആ റോഡ് അവിടെ ഒറ്റ വരി ആകുന്നതും അവിടെ ക്ഷമയോടെ വാഹനങ്ങൾ ക്യൂ നിന്ന് കടന്നു പോകുന്നതും ആയ അനുഭവം പറഞ്ഞ് കേട്ടു. അത് പോലെ സ്ഥല പരിമിതിയാൽ വീർപ്പുമുട്ടുന്ന സിങ്കപ്പൂരിൽ റോഡിനേക്കാൾ വീതിയിൽ റോഡിനിരു വശത്തും കാട് ആണ്. നമ്മുടെ മണ്ടന്മാരായ പുരോഗമന വാദികൾ എന്ന് വായാടിത്തം മാത്രമുള്ളവരെ ഒന്ന് അവിടേക്ക് അയച്ച് വികസനം എന്താണെന്ന് പഠിപ്പിക്കണം.'_ ഇത്  ഞങ്ങളുടെ സുഹൃത്ത് അരുണിന്‍റെ സുഹൃത്ത് അവനോടു പറഞ്ഞകാര്യമാണ്.. 

കഴിഞ്ഞ ദിവസം കണ്ണൂരില്‍ വനം വകുപ്പ് ഓഫീസില്‍ ഒരു മീറ്റിംഗ് നടന്നു .. വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റുമാരും ജീ ല്ലാ പഞ്ചായത്ത് പ്രസിഡണ്ടും പിന്നെ മരംമുറിക്കമ്മിറ്റിയിലെ കുറച്ചു അംഗങ്ങളും .. അവര്‍ക്കൊപ്പം കുറച്ചു പരിസ്ഥിതിക്കാരെയും അവര്‍ ക്ഷണിച്ചിരുന്നു .. നീണ്ട ലിസ്റ്റുകളുമായാണ് പഞ്ചായത്തുകാര്‍ എത്തിയത് .. ജൈവഭൂമിയുടെ കാവലാള്‍മാരായ മരങ്ങളുടെ രക്ഷയ്ക്ക്  ഒന്ന്‍ ശ്രമിച്ചുനോക്കാന്‍    പരിസ്ഥിതിക്കാര്‍ ഒന്നു ശ്രമം നടത്തിനോക്കി .. കമ്മിറ്റിയുടെ അനുവാദമില്ലാതെ പയ്യന്നൂരില്‍  മരം മുറിച്ചുമാറ്റിയ കടയുടമയ്ക്കെതിരെ എന്ത് നടപടി ഉണ്ടായി എന്നും പട്ടണങ്ങളില്‍  എത്രമാത്രം ഓക്സിജന്‍ ഉണ്ട് കാര്‍ബണ്‍ ഡയോക്സിഡിന്‍റെഅളവെത്രയെന്നും അളന്നു തിട്ടപ്പെടുത്തി ഓക്സിജന്‍ കിട്ടാന്‍ ആവശ്യമായത്ര  മരങ്ങള്‍ എന്തുകൊണ്ട് വയ്ക്കുന്നില്ല എന്നും  ഏതിനം മരം  വക്കണം ..ഉണങ്ങിയ കമ്പുകള്‍ മുറിയ്ക്കാതെയും കേടു വന്നവയെ മുറിച്ചുമാറ്റാതെയും ശരിയായ ട്രി മാനേജ് മെന്‍റ് ഉണ്ടെങ്കില്‍ അപകടം സംഭവിയ്ക്കുകയില്ലെന്നും താലൂക്കാഫിസിനു  മുമ്പി ലെയും കാല്‍ടെക്സ് ജന്‍ഷനിലെയുമൊക്കെ തണല്‍ മരങ്ങള്‍ യാതൊരു കാരണവുമില്ലാതെ മുറിച്ച്  നീക്കിയതിനെക്കുറിച്ചും മറ്റും പറഞ്ഞു  പരിസ്ഥിതിക്കാര്‍ അല്പ്പം ഒച്ചപ്പാടുണ്ടാക്കി .. കളക്ടറുടെ ആജ്ഞ തലക്കുമേലെ  തൂങ്ങുന്നതിനാല്‍  വനം വകുപ്പുകാര്‍ക്കും പേടി ..മരം മുറിക്കാതിരുന്നിട്ട് ഇനിയെങ്ങാന്‍ ഒരു മരം കഷ്ടകാലത്തിന് ആരുടെയെങ്കിലും മേലെ വീണാല്‍ ഉണ്ടാകുന്ന പുകിലേ....

ചക്കരക്കല്ലില്‍ റോഡരുകില്‍ ഉള്ള  മൂന്ന്‍ ആല്‍മരങ്ങള്‍ മുറിപ്പിക്കാനുള്ള ആവശ്യവുമായാണ് ഞങ്ങളുടെ അഞ്ചരക്കണ്ടി പ്രസിഡണ്ട് വന്നത് .. പൊട്ടിവീഴാന്‍ ഒരു സാധ്യതയുമില്ലാത്തതും മുമ്പ് ഞങ്ങളൊക്കെ ഒച്ചപ്പാടുണ്ടാക്കി രക്ഷിച്ചതുമായ മരങ്ങളാണ്.. റോഡിന്‍റെ തൊട്ടരികില്‍ ആയതിനാല്‍ അവയില്‍ വാഹനങ്ങള്‍ തട്ടി അപകടം ഉണ്ടാകുന്നത്രേ ,.. എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച മറക്കുന്നത്രേ ..ഇതാണ് മരങ്ങളുടെ മേല്‍ ചാര്‍ത്തിയ കുറ്റം..! 

ഒടുവില്‍ മരവാദികളായ പരിസ്ഥിതിക്കാരോട് പുറത്തുപോകാന്‍ പറഞ്ഞിട്ട്, പീപ്പിമാര്‍ കൊണ്ടുവന്ന ലിസ്റ്റത്രയും  അംഗികരിച്ചത്രേ .. മരങ്ങളത്രയും വീഴാന്‍ പോകുന്നു ..കണ്ണൂരിലാണെങ്കില്‍ പല കടയുടമകളും ഷോപ്പിന്‍റെ ഷോ മറക്കുന്ന മരങ്ങളുടെ കൊമ്പുകള്‍ ഈ തക്കത്തില്‍ പറ്റെ  മൊട്ടയടിച്ചുകഴിഞ്ഞു.. മരം വിഴുമോയെന്ന പേടിയാലോ അല്ലെങ്കില്‍ അങ്ങനെയൊരു പേടി ഉണ്ടാക്കിയോ അധികൃതര്‍ക്ക്  പകരം വയ്ക്കാനില്ലാത്ത അമൂല്യസേവനങ്ങള്‍  നല്‍കുന്ന മരങ്ങളത്രയും മുറിച്ച് നീക്കാം.. 

എന്നാല്‍ തീക്കാറ്റുപോലും വീശിതുടങ്ങിയ ഇക്കാലത്ത് എല്ലാം ഏറ്റുവാങ്ങി ,ജീവന്റെ നിലനില്‍പ്പിന്ആധാരമായ എല്ലാം തന്നു സഹായിക്കുന്ന മരങ്ങള്‍ ഇല്ലാതായാലുള്ള അപകടത്തില്‍ നിന്നും ആരാണ്  മനുഷ്യരെ രക്ഷിയ്ക്കുക .. ഒന്നിന് പകരം   മൂന്നല്ല  പത്തു തൈകള്‍ നട്ടാല്‍ പോലും  കാര്യം ശരിയാകുമോ .. പത്തുമുതല്‍  അമ്പതും നൂറും  അതിനപ്പുറവുമൊക്കെ പ്രായമുള്ള ഒരു മരത്തോളമാകാന്‍ ഒരു മരത്തൈക്ക് സാധിയ്ക്കുമോ .. മനുഷ്യാ  നിനക്കിനിയും  തീക്കാറ്റും തീമഴയും പിന്നെ ചൂട് കൂടി വരുന്ന സൂര്യനും വറ്റിതുടങ്ങുന്ന വെള്ളവും ഒക്കെ ഭീകരതയോടെ തുറിച്ചു നോക്കുന്നയീ  കാലഘട്ടത്തില്‍ പരിചയാകാന്‍ പച്ചക്കുടകള്‍ മാത്രമേയുള്ളൂ .. നീ തന്നെ അവയെ നശിപ്പിക്കണം .

ഇത്ര ലാഘവത്തോടെ അധികാരികള്‍ മരങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ,ജീവിയ്ക്കാനുള്ള സ്വന്തം   അവകാശമാണ് നഷ്ടമാകുന്നത് എന്ന തിരിച്ചറിവോടെ അതിനെ തടയാന്‍ ,ഓരോ നാട്ടിലും വഴിയോരത്തും വേണ്ടത്ര മരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ മരസാക്ഷരത നേടിയ ഒരു ജനത ഇല്ലാത്തിടത്തോളം കാലം ജീവന്റെ നിലനില്‍പ്പ് അപകടത്തില്‍ ത്തന്നെയായിരിയ്ക്കും ,, 

3 comments:

ജഗദീശ് എസ്സ് said...

ഇത് രണ്ടും പ്രശ്നമാണ്. റോഡരിലെ മരങ്ങള്‍ യാത്രക്കാര്‍ക്ക് ഒരു തണലാണ്. ഓക്സിഡന്റെ കണക്കിലൊന്നും വലിയ കാര്യമില്ല. കാരണം പശ്ഛിമഘട്ടത്തില്‍ ഏക്കറ് കണക്കിന് മഴക്കാടുകള്‍ നശിപ്പിച്ച് റോഡിന്റെ അരികില്‍ നാല് മരം വെച്ചതുകൊണ്ട് കാര്യമില്ല. അതല്ലല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന മരം മുറിക്കണം എന്ന് പൊതുവില്‍ ഉത്തരവിട്ടാല്‍ അത് ചെയ്യേണ്ട ഉദ്യോഗസ്ഥരും ജന പ്രതിനിധികളും മൊത്തം മരങ്ങളും മുറിച്ചുകളയും എന്നത് വ്യക്തമാണ്. കാരണം ഏത് മരമാവും ഭാവിയില്‍ കുഴപ്പമുണ്ടാക്കുക എന്നത് ആര്‍ക്കും അറിയില്ലല്ലോ പേരുദോഷമുണ്ടാക്കാതിരിക്കാന്‍ എല്ലാം വെട്ടിക്കളയുക.

എന്നാല്‍ വേറൊരു കാര്യം നമുക്ക് ചെയ്യാവുന്നതാണ്. വളരെ വലുതായി വളരുന്ന മരങ്ങളാണ് കുഴപ്പം ഉണ്ടാക്കുക. എന്തുകൊണ്ട് ചെറിയ തരം മരങ്ങള്‍ വെച്ചുകൂടാ? ചാമ്പ, ജാതി, ആത്ത,മുള പോലുള്ള ചെടികളും വെക്കാം എന്ന് തോന്നുന്നു.

ഇനിയുള്ള കാലം തീവൃ കാലാവസ്ഥയുടേതാണ്. അപ്പോള്‍ മരം ഒടിയുന്നത് സാധാരണ സംഭവമാകും. അത് മുന്‍കൂട്ടിക്കണ്ട് വേണം മരം നടുന്നത്.

Unknown said...

വിനാശകാലേ വിപരീത ബുദ്ധി

നനവ് said...

@ ജഗദീശ് ഓക്സിജന്‍റെ കണക്കും ഏറെ പ്രധാനപ്പെട്ടതാണ് ..നഗരങ്ങളിലും റോഡ് വക്കുകളിലും ഒരുപാട് മലിന വിഷ വാതകങ്ങളും പൊടിയടക്കം ഖരമാലിന്യങ്ങളും വാഹനങ്ങളില്‍നിന്നും വ്യവസായങ്ങള്‍ വഴിയും പ്ലാസ്റ്റിക്ക് കത്തിക്കല്‍ വഴിയുമൊക്കെ എത്തുന്നതുണ്ട് ..നിറയെ മരങ്ങള്‍ ഉണ്ടെങ്കില്‍ ഇതില്‍ വലിയ ഭാഗവും മരങ്ങള്‍ പിടിച്ചെടുക്കുകയും വേണ്ട അളവില്‍ പ്രാണവായു ലഭ്യമാവുകയും ചെയ്യും ..റോഡരികില്‍ ഉള്ള മരത്തിനേ ഇതിനാകൂ ..അതുകൊണ്ടാണ് കേരളം ഒഴികെ മറ്റിന്ത്യന്‍ സംസ്ഥാനങ്ങളിലും വികസിത രാജ്യങ്ങളിലുമെല്ലാം റോഡിനകത്തുവരെ മരങ്ങളെ നിലനിര്‍ത്തുന്നത്

മനുഷ്യന്അപകടമുണ്ടാകുന്നതൊക്കെ നശിപ്പിക്കുക എന്നതാണു ശരിവഴിയെങ്കില്‍ ടാങ്കറും ടിപ്പറും മദ്യവും പിന്നെ നൂറായിരം കൂട്ടങ്ങളുണ്ട് ഇല്ലാതാക്കേണ്ടവ .. നിത്യേന നൂറുകണക്കിനു മനുഷ്യര്‍ ഇവയാല്‍ കൊല്ലപ്പെടുന്നുണ്ട് ..എന്തുകൊണ്ട് അവയ്ക്കെതിരെ ആരും മിണ്ടുന്നില്ല ..മരങ്ങളല്ല അപകടം ഉണ്ടാക്കുന്നത് മനുഷ്യന് തന്നെയാണ്.. ഉണങ്ങിയവയും കേടുവന്നവയും പൊട്ടാറായ ശിഖരങ്ങളും വേണ്ട സമയത്തുതന്നെ മുറിച്ചുമാറ്റുകയും മറിഞ്ഞ് വീഴുന്ന യിനം മരങ്ങള്‍ നടാതിരിക്കുകയും തറകള്‍ കെട്ടിയും താങ്ങുകള്‍ നല്‍കിയുമൊക്കെ വേണമെങ്കില്‍ അവയെ ശക്തമാക്കിയുമൊക്കെ അപകടങ്ങള്‍ കുറക്കാം.. മരങ്ങള്‍ അത്രയും മുറിച്ചാലുണ്ടാകുന്ന അപകടത്തില്‍ നിന്നും മനുഷ്യനെ രക്ഷിയ്കാന്‍ ഒന്നുമില്ലെന്നിരിക്കെ അത്രയും പ്രാധാന്യത്തോടെ അവയെ സംരക്ഷിചേ തീരൂ