* വികാസംവേണം*വിനാശം വേണ്ട*

Thursday, January 1, 2015

2015 ജനുവരി 1




ഇന്ന്‍ 2015 ജനുവരി 1 ..പുതുവല്‍സരം എന്ന്‍ ഈ ദിനത്തെ ഞങ്ങള്‍ക്ക് വിശേഷിപ്പിക്കാനാവില്ല .. ഓരോ നിമിഷവും ഓരോ ദിവസവും എന്നും പുതിയവ തന്നെയാകുമ്പോള്‍ ,കലണ്ടറിലെ ഒരു താള്‍ കൂടി മറിഞ്ഞ് ,മറ്റൊരു  താള്‍  വന്നു , അത്രമാത്രം .. ഈ ജനുവരി ഒന്നിന് രാവിലെ കുറെ കൃഷിപ്പണികള്‍ പതിവുപോലെതന്നെ .. ബയോഗ്യാസ് സ്ലറി നേര്‍പ്പിച്ച് ചെടികള്‍ക്ക് ഒഴിക്കല്‍,പച്ചക്കറികളെ ശുശ്രൂഷിക്കല്‍ ,പിന്നെ ഇടവഴിയില്‍ ചെന്ന്‍ ഒരുചാക്ക് കരിയില ശേഖരിച്ചു .. ഇപ്രാവശ്യത്തെ ജൈവസംസ്കൃതി മേളയില്‍നിന്നും ഒരു ലിറ്റര്‍ നാടന്‍പശുവിന്‍റെ മൂത്രം ,ഒരു കിലോ ചാണകം എന്നിവവാങ്ങി ,പയര്‍പൊടി,ശര്‍ക്കര ,വെള്ളം ഒരു സ്പൂണ്‍ മണ്ണ്‍ എന്നിവ ചേര്‍ത്ത് ജീവാമൃതം തയ്യാറാക്കിയിരുന്നു .. അത് കുറേയെടുത്ത് നേര്‍പ്പിച്ച് പച്ചക്കറികള്‍,വാഴകള്‍ തുടങ്ങിയവയ്ക്ക് ഒഴിച്ചു..ഇതിനിടയില്‍ കിളികളുടെ തിമര്‍പ്പും ചിത്രശലഭക്കാഴ്ചകളും മറ്റും.... 

ഒമ്പതര വരെ കൃഷിപ്പണികള്‍ ..അതിനുശേഷം ഒരു മണിക്കൂര്‍ പാചകം .. നല്ല തവിടുള്ള അരിയും തേങ്ങയും ചേര്‍ത്തരച്ച പുളിപ്പിക്കാത്ത ദോശ ,തനിയെ മുളച്ചു പടര്‍ന്നു നിറയെ കായ്ച്ച  മത്തന്‍ ( മേളയില്‍ കിട്ടിയത്) കൊണ്ട് ഓലന്‍, നനവിലെ   കറിക്കായയും  സിദ്ധാശ്രമക്കാരുടെ ചെമ്പും ,പിന്നെ അല്പ്പം വിഷം കലര്‍ന്ന തക്കാളിയും( തക്കാളി ഇവിടെ വേണ്ടത്ര ആയിട്ടില്ല ) ചേര്‍ന്ന കറിയും ,മല്ലിക്കാപ്പിയും ആയിരുന്നു പ്രാതല്‍ .. 
അല്‍പ്പനേരം ഞാന്‍ ക്യാമറയും കൊണ്ട് നടന്നു .ഹരി വില്ലേജാപ്പീസില്‍ പോയി .. 7 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍  ഞങ്ങള്‍ക്ക് വീടിനടുത്തുതന്നെ അല്‍പ്പം വയല്‍ ലഭിയ്ക്കാന്‍ പോകുന്നു .. സന്തോഷത്തിലാണ് ഞങ്ങള്‍ ..ഇനി കുറേക്കൂടി വലിയ കര്‍ഷകരാകാന്‍ പോവുകയാണ്.. 2015 നു വേറേയും കുറെ പ്രത്യേകതകള്‍ ഉണ്ട് ..ആഗ്രഹങ്ങള്‍ ഓരോന്നായി നടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന പ്രത്യേകത .. 

അതിനിടെ ഒരു ഫോണ്‍ കാള്‍.. പരിസ്ഥിതിവകുപ്പിന്‍റെ ഓഫീസല്ലെ എന്ന്‍ .കണ്ണൂറുകാര്‍ക്ക് പലര്‍ക്കും ഹരിയുടെ നമ്പര്‍ പരിസ്ഥിതിവകുപ്പാണ്..ഒരു ചതുപ്പ് നികത്തുന്ന പ്രശ്നമാണ്,മേക്കുന്നില്‍ അതും വിലേജോഫീസിന്‍റെ മൂക്കിന് താഴെ . വില്ലേജോഫീസറേയും താസില്‍ദാറേയും വിളിച്ച് കാര്യം പറഞ്ഞു .. സാര്‍ ഉടന്‍ ഇടപെടണം എന്ന്‍ ആജ്ഞാ രൂപത്തിലുള്ള ഹരിയുടെ സ്വരം കേട്ടാല്‍ ,അതിന്‍റെ ഗൌരവം മനസ്സിലാക്കി ഒട്ടേറെ കുന്നുകളും ചതുപ്പുകളും മറ്റും രക്ഷപ്പെടുന്നുണ്ട് 

ഹരി എത്തുമ്പഴേയ്ക്ക് എനിയ്ക്ക് കുറെ വസ്ത്രങ്ങള്‍ കഴുകാനുണ്ടായിരുന്നു .. പിന്നെ പാചകം .. ഓര്‍ക്കയമയുടെ ഉണക്കലരികൊണ്ട് ചോറ്, ഞങ്ങളുടെ സ്വന്തം ചേനയും മഞ്ഞളും കാന്താരിയും അല്പം നാടന്‍ മോരും ചേര്ത്ത പുളിശ്ശേരി ,ഞങ്ങളുടെ വെണ്ടയ്ക്ക കൊണ്ട് തോരന്‍ .ഇതായിരുന്നു ഉച്ചയൂണ്‍ .. 
കേരളീയം ഓഫീസില്‍ നടന്ന റെയ്ഡിനെതിരെ പ്രതിഷേധിയ്ക്കാന്‍ കണ്ണൂരില്‍ ഒരു കൂട്ടായ്മ വിളിക്കാന്‍ പല തിരക്കുകള്‍ കാരണം ഇന്നാണ് പറ്റിയത്.. മൂന്നരയ്ക്ക് ഭക്ഷണവും കഴിച്ചു നേരെ കണ്ണൂര്‍ക്ക് വിട്ടു .. പ്രതിഷേധ കൂട്ടായ്മ മോശമായില്ല .ഉമേഷബാബുവും മറ്റും വന്നിരുന്നു .. മാധ്യമങ്ങള്‍ക്ക് ഫോട്ടോ അയക്കേണ്ടതിനാല്‍ പരിപാടി കഴിഞ്ഞയുടന്‍ വീട്ടിലേയ്ക്ക് വിട്ടു 

ചക്കരക്കല്ലില്‍ ഇറങ്ങി .സ്ലറിയും മറ്റും കോരിയൊഴിക്കാന്‍ രണ്ടു ബക്കറ്റുകള്‍ വാങ്ങി .. രാത്രിയായിട്ടും ടാക്സിസ്റ്റാണ്ടില്‍  കുന്നിടിക്കല്‍.. കളക്ടര്‍ ,വില്ലേജോഫീസര്‍ തുടങ്ങിയവരെ പല പ്രാവശ്യം കണ്ടിട്ടും നിവേദനങ്ങള്‍ നല്‍കിയിട്ടും നില്‍ത്താനാകാത്ത ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം ..കഴിഞ്ഞ മഴക്കാലത്ത് അല്‍പ്പം കുന്ന്‍ ഇടിഞ്ഞുവീണതിന്റ്റെ മറവില്‍  അവശേഷിയ്ക്കുന്ന കുന്നത്രയും നശിപ്പിച്ച് മണ്ണുവില്‍ക്കുകയാണ്.. പഞ്ചായത്ത് പ്രസിഡണ്ടും അവര്‍ക്ക് കൂട്ടുണ്ട് .. ഞങ്ങള്‍ അവിടെയുള്ള ഒരു വീട്ടുകാരനൊപ്പം സ്ഥലത്തു ചെന്നു .. അയാളുടെ വീടിനും ഭീഷണിയത്രേ .. RDO വിളിച്ച് കാര്യത്തിന്‍റെ ഗൌരവം മനസ്സിലാക്കിച്ച് ഉടന്‍ നിര്‍ത്തിയ്കാന്‍ ആവശ്യപ്പെട്ടു ,  വീട്ടില്‍ കയറിയതിന്റെ തൊട്ട് പിറകെ വണ്ടിയില്‍ ആളുകളെത്തി.. മണ്ണെടുക്കാന്‍ അനുവദിക്കണമത്രേ ..ഹരി മുക്കാല്‍ മണിക്കൂറോളം അവരെ ബോധവല്‍ക്കരിച്ചു വിട്ടു ..ഇവനോട് പറഞ്ഞിട്ടു കാര്യമില്ലെന്നുകണ്ട് ഒടുവില്‍ കക്ഷികള്‍ സ്ഥലം വിട്ടു..  

2015 അന്താരാഷ്ട്ര മണ്ണുവര്‍ഷമാണത്രേ.. മാതൃഭൂമിയില്‍  മണ്‍വീടിനെപ്പറ്റി വാര്‍ത്തയുണ്ടായിരുന്നു .. കണ്ണൂര്‍ ജില്ലയില്‍ നനവും പിന്നെ സുനിലിന്‍റെ പ്രപഞ്ചവും മട്ടന്നൂരിലൊരു പ്രൊഫസറുടെ വീടും ഒരുമിച്ച് പണിതതായിരുന്നു .. ഞങ്ങള്‍ വയല്‍ വാങ്ങി കൂടുതല്‍ മണ്ണിലെയ്ക്കിറങ്ങാന്‍ പോകുന്നു ..പക്ഷേ ,പ്രതിരോധങ്ങള്‍ എല്ലാം തകര്‍ക്കുന്ന  ഭീകരമായ  കാലമാണ് വരാനിരിക്കുന്നത് .. ഏറെ സൂക്ഷിച്ചും ശ്രദ്ധിച്ചും പിന്നെ ഏറ്റവും ശക്തമായും പ്രതിരോധിയ്ക്കേണ്ടിയിരിക്കുന്നു ..ശക്തി എന്നത് വെറും ശക്തിപ്രകടനങ്ങളല്ല.. 100% കറകളഞ്ഞ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം കിട്ടുന്ന ശക്തിയാണ്.. അതിനു മാത്രമേ എന്തെങ്കിലും ഗുണാത്മമായ ഫലങ്ങള്‍ ഉണ്ടാകാനാകൂ .. സമയം കൊല്ലാനും വെറും വാര്‍ത്തകളും ചര്‍ച്ചകളും ഉണ്ടാക്കാനും  മാത്രം ഉതകുന്ന ,  തീരെ ആഴമില്ലാത്ത പ്രകടനപരമായ എല്ലാ കെട്ടുകാഴ്ചകളില്‍ നിന്നും തികച്ചും ഒഴിഞ്ഞു നില്‍ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് .. 

സമയം 9.40 ഹരി ഇപ്പൊഴും ഫോണിലാണ്.. ആര്‍‌ഡി‌ഓ ,വില്ലേജ് ഓഫീസര്‍ ,പരിസ്ഥിതി  സഹപ്രവര്‍ത്തകര്‍ .. തത്കാലത്തേക്ക് രാത്രിയില്‍ കുന്നിടിക്കുന്നത് നിര്‍ത്തിയിട്ടുണ്ടത്രേ ..അത് പോര , ഭാവിപരിപാടി ആസൂത്രണം ചെയ്തു ഇത്തിരി മണ്ണേങ്കിലും രക്ഷപ്പെടുത്തണം... മണ്ണ്‍ എന്നാലെന്തെന്ന് അതിന്‍റെ വില എത്രയെന്ന് ആള്‍ക്കാര്‍ എന്നാണ് മനസ്സിലാക്കുക ?..... ഈ മണ്ണുവര്‍ഷകാലം മുഴുവന്‍ ഞങ്ങള്‍ മണ്ണിനായും മണ്ണില്‍ ജീവിയ്കുന്ന ജീവജാലങ്ങള്‍ക്കുമായും സമര്‍പ്പിയ്ക്കുന്നു . മണ്ണിനെ സ്നേഹിയ്ക്കേണ്ടതെങ്ങനെയെന്ന് ,മണ്ണിന്റെ പ്രാധാന്യം എന്താണെന്ന് ആള്‍ക്കാരെ ഞങ്ങളുടെ ജീവിതം കൊണ്ട് കുറേക്കൂടി ശക്തമായി  കാണിച്ചുകൊടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുറെക്കൂടി ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു .. മണ്ണിനെ വണങ്ങുന്നവര്‍ക്ക് ആരുടെ മുമ്പിലും തലകുനിക്കേണ്ടിവരില്ല ..   

0 comments: