എന്തുകൊണ്ടാണ് സദാചാരപോലീസിനേപ്പോലെ അത്രതന്നെ അപകടം ചെയ്യുന്ന ഒന്നാണ് , ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ പരസ്യചുംബനം പോലെയുള്ള സമരങ്ങളും എന്ന ചോദ്യത്തിന് ഇവ രണ്ടും ജീര്‍ണ്ണമായ ഒരു സാമൂഹ്യാവസ്ഥയുടെ , ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ മാത്രമാണ് എന്നതുതന്നെ ഉത്തരം. ഇത്തരം ഒരു പ്രതിഷേധം കൊണ്ടുവന്നതിനോട് വിയോജിപ്പിന് കാരണവും ഇതാണ്..
ചില സംഘടനയില്‍പ്പെട്ടവര്‍ ,ചില മതവിഭാഗത്തില്‍പ്പെട്ട ഗ്രൂപ്പുകള്‍,ചില നാട്ടുക്കൂട്ടങ്ങള്‍ തുടങ്ങിയവര്‍ സദാചാരപോലീസ് ചമഞ്ഞ് അന്യന്‍റെ ജീവിതത്തിലേയ്ക്ക് അനാവശ്യമായ എത്തിനോട്ടങ്ങളും ഇടപെടലുകളും നടത്തുന്നുണ്ട് .. ഒരാണും പെണ്ണും ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ , ഹോട്ടല്‍മുറിയില്‍ മറ്റേതെങ്കിലും ആവശ്യത്തിനായി ഒന്നിച്ച് ചെലവഴിയ്ക്കുമ്പോള്‍ ,ഒന്നിച്ചു പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ , ഒന്നിച്ച് കലാസാംസ്കാരിക പ്രവര്‍ത്തനമോ പൊതുപ്രവര്‍ത്തനമോ നടത്തുമ്പോള്‍ ഒക്കെ ഇക്കൂട്ടര്‍ക്ക് വിറളി പിടിയ്ക്കുകയും അവരെ ആക്രമിയ്ക്കുകയോ പോലീസിനെക്കൊണ്ട് പിടിപ്പിച്ച് നാണം കെടുത്താന്‍ ശ്രമിയ്ക്കുകയോ ഒക്കെ ചെയ്ത സംഭവങ്ങള്‍ പല പ്രാവശ്യം കേരളത്തില്‍ ഉണ്ടായിട്ടുണ്ട് . ഇത് അങ്ങേയറ്റം അപലപനീയമാണ്..എതിര്‍ക്കപ്പെടേണ്ടതും സമൂഹത്തില്‍നിന്നും ഇല്ലാതാകേണ്ടതുമായ കാര്യമാണ്... അല്ലെങ്കില്‍ മാനസികാരോഗ്യവും പ്രായപൂര്‍ത്തിയുമുള്ള ഒരാണും പെണ്ണും ഉഭയസമ്മതത്തോടെ ,പരസ്യമായല്ലാതെ ,ലൈംഗികബന്ധം പുലര്‍ത്താന്‍ ആഗ്രഹിച്ച് ഒന്നിച്ച് താമസിച്ചാലും അതൊരു പ്രശ്നമാക്കേണ്ട കാര്യമല്ല . അത്രത്തോളം വ്യക്തിസ്വാതന്ത്ര്യം വ്യക്തികള്‍ക്ക് ഇന്ത്യയില്‍ ഉണ്ട് ..കച്ചവട താത്പര്യത്തോടെ ലൈംഗികതയെ വ്യാപാരമാക്കുമ്പോള്‍ ഇന്ത്യയില്‍ അത് കുറ്റവുമാണ്.. ഒരു ഹോട്ടലില്‍വച്ച് കച്ചവടം എന്ന നിലയില്‍ പണം വാങ്ങി ചുംബിയ്ക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുക എന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യവുമല്ല . അത്തരം സ്ഥലങ്ങള്‍ നമ്മുടെ സമൂഹത്തില്‍ മുളച്ചുവളരുന്നത് രോഗാതുരമായ ഒരു സാമൂഹ്യാവസ്ഥയാണ്.. സര്ക്കാര്‍ തന്നെയാണ് ഇത്തരം സ്ഥലങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി എടുക്കേണ്ടത് ..
എന്തുകൊണ്ട് സദാചാര പോലീസും സാധാരണ പോലീസുമൊക്കെ വ്യക്തിജീവിതങ്ങളിലേയ്ക്ക്, അവരുടെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞുനോക്കി ഇടപെടലുകളും ആക്രമണങ്ങളുമൊക്കെ നടത്തുന്ന ഒരു സാഹചര്യം കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നു എന്നതിന്‍റെ കാരണങ്ങള്‍ അറിഞ്ഞു,ശരിയായ ചികില്‍സ നടത്തുകയാണ് നാമിന്ന് ചെയ്യേണ്ടത് . നമുക്കറിയാം ,കൂട്ടുകുടുംബവും സ്നേഹവും പരസ്പരസഹകരണവും കാര്‍ഷികസംസ്കാരവുമൊക്കെ നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ മാനവിക പ്രശ്നങ്ങള്‍ കേരളത്തില്‍ ഇന്നത്തെയത്ര സങ്കീര്‍ണ്ണമായിരുന്നില്ല . മാനസികസന്തുലനത്തോടെയും സുരക്ഷിതമായും ജീവിയ്ക്കാന്‍ അന്ന്‍ ശിശുക്കള്‍ ,ബാല്യകൌമാരയൌവ്വനവാര്‍ദ്ധക്യപ്രായത്തിലുള്ളവര്‍ ,രോഗികള്‍ എന്നിവര്‍ക്കൊക്കെ ഒരുവിധം സാധിച്ചിരുന്നു ..
തമിഴര്‍ ,തെലുങ്കര്‍ ,കന്നഡക്കാര്‍ തുടങ്ങിയവര്‍ ഇന്നും കാര്‍ഷികതയില്‍ ഊന്നിയ സമുഹ്യാവസ്ഥകളും ഒന്നുചേര്‍ന്നുള്ള ജീവിതരീതികളുമൊക്കെ പിന്തുടരുന്നവരാണ്.. അത്ര അടച്ചുകെട്ടിയ സമൂഹങ്ങളല്ല അവരൊന്നും. അവിടൊന്നും ബസ്സില്‍ സ്ത്രീകള്‍ക്കായി സംവരണസീറ്റുകള്‍ ഇല്ല എന്നുമാത്രമല്ല ,ഒന്നിച്ചിരിയ്ക്കുന്ന ഒരു സ്ത്രീയെ എങ്ങനെ ലൈംഗികമായി ചൂഷണം ചെയ്യാം എന്ന ഭാവത്തോടെയല്ല പുരുഷന്‍ പെരുമാറുന്നത് .. എന്നാല്‍ പ്രത്യേക സീറ്റുസംവരണം വേണ്ടിവന്നിരിയ്ക്കുന്ന കേരളത്തില്‍ ,നിന്നുയാത്രചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ,ഒരു സ്ത്രീ ഒരു പൊതുസീറ്റില്‍ ഇരുന്നാല്‍ ,അടുത്ത നിമിഷം മുതല്‍ എത്രമാത്രം അവളുടെ സാമീപ്യം ചൂഷണം ചെയ്യാം എന്ന ഭാവത്തോടെയാണ് ഭൂരിഭാഗം പുരുഷന്മാരും പെരുമാറുന്നത് .. അവന്‍റെ കൈയ്യും കാലുമൊക്കെ അവളുടെ ശരീരത്തിലേയ്ക്ക് നീളാന്‍ തുടങ്ങും ..
സ്ത്രീ എന്നാല്‍ ഒരു ലൈംഗികഉപകരണം മാത്രമാണ് എന്ന ഒരു പൊതുവികാരമാണ് ഭൂരിഭാഗം പുരുഷന്മാരെയും സ്ത്രീകളേയും ഇന്ന്‍ കേരളത്തില്‍ ഭരിയ്ക്കുന്നത് .. അത്രയേറെ സാംസ്കാരികമായും സാമൂഹികമായും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഒരു സമൂഹമാണിത് .. എന്താണ് ഇത്തരം ഒരു നിലയിലേയ്ക്ക് ,ഒരു രോഗാവസ്ഥയിലേയ്ക്ക്, ഉയര്‍ന്ന സാക്ഷരത ഉണ്ട് എന്നു കൊട്ടിഘോഷിയ്ക്കപ്പെടുന്ന ,കേരളീയ സമൂഹം തരംതാഴാന്‍ കാരണം എന്നാണ് നമ്മള്‍ കണ്ടെത്തുകയും ചികില്‍സിയ്ക്കുകയും ചെയ്യേണ്ടത് ..
ഇവിടെ മുഖ്യപ്രതി ആഗോളീകരണവും, കച്ചവടതയില്‍മാത്രം ഊന്നിയ അതിന്‍റെ മുഖ്യആയുധങ്ങളുമാണ്..അതിന്‍റെ പ്രധാന ആയുധങ്ങളാണ് സ്ത്രീശരീരം ,ലൈംഗികത ,അക്രമം തുടങ്ങിയവയിലൂന്നിയ കച്ചവടസിനിമകള്‍ , പരസ്യങ്ങള്‍, സീരിയലുകള്‍ , എന്തും സെന്‍സേഷനാക്കി കച്ചവടസാധ്യതകള്‍ മാത്രം നോക്കി പ്രവര്‍ത്തിയ്ക്കുന്ന ചാനലുകള്‍ ,മാധ്യമങ്ങള്‍ , തുടങ്ങിയവ.... ഇന്ന്‍ ഇവയാണ് മലയാളിയുടെ പൊതുബോധത്തെ ഭരിയ്ക്കുന്ന ഘടകങ്ങള്‍ ..സ്ത്രീ ശരീരത്തെ ഏറ്റവും വലിയ വിപണന വസ്തുവാക്കി തരംതാഴ്ത്തുകയും അവളുടെ സ്വത്വം വികസിയ്കാനുള്ള സാഹചര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു പരിധിവരെ ഇവര്‍ വിജയിക്കുകയും ചെയ്തിരിയ്ക്കുന്നു .
മുതലാളിതത്തിന്‍റെ കച്ചവടതന്ത്രങ്ങള്‍ക്ക് , അടിമയാക്കല്‍ എന്ന ലക്ഷ്യത്തോടെയുള്ള വലവീശലുകള്‍ക്ക് ഏറ്റവുമധികം ഇരയാക്കപ്പെട്ടത് മലയാളികളാണ്. കാരണം അവന്‍ അത്രയേറെ സ്വാര്‍ഥനാണ്,മടിയനും വിഡ്ഡിയും ഉപഭോഗോല്‍സുകനുമാണ്. മലയാളിയുടെ ഈ സ്വാര്‍ഥതയുടെ ബഹില്‍സ്ഫുരണങ്ങള്‍ മാത്രമാണ് അവന്‍റെ അണുകുടുംബവും പരമാവധി ഭൌതികസമ്പത്തുകള്‍ കുടുംബത്തിനായി സമ്പാദിയ്ക്കലും ഉപയോഗിയ്ക്കലും , മറ്റുള്ളവരോ ഭൂമിയോ അതിന്‍റെ പാരിസ്ഥിതിക സന്തുലമോ എന്തായാലും എനിയ്ക്കൊന്നുമില്ല ,എന്നിയ്ക്കിനിയും സുഖിയ്ക്കണം ,കൂടുതല്‍ കൂടുതല്‍ സൌകര്യങ്ങള്‍ നേടിയെടുക്കണം എന്ന ചിന്തയും അതിലൂന്നിയ വികസന കാഴ്ചപ്പാടുകളും.
ഇതിലൂന്നിയാണ് വാട്ടര്‍ടൈറ്റ് ആയ മുറികളില്‍ ആണിനേയും പെണ്ണിനേയും കുട്ടിക്കാലം മുതല്‍ മലയാളി വേര്‍തിരിച്ചു വളര്‍ത്തുന്നത് .. സ്വന്തം ഭാര്യയെ മറ്റൊരാള്‍ അബദ്ധത്തില്‍ ഒന്നു സ്പര്‍ശിച്ചുപോയാല്‍പോലും ക്ഷുഭിതനാകുന്ന മലയാളി , അന്യന്‍റെ ഭാര്യയേ/ മകളെ എന്തിന് അമ്മയേയും മുത്തശ്ശിയേയും വരെ ഒരു സ്ത്രീശരീരം എന്ന കാഴ്ചപ്പാടില്‍ മാത്രം നോക്കുന്നതും ഒരു ഉപഭോക്തൃസമൂഹത്തിന്‍റെ ഭാഗമായതുകൊണ്ടാണ്.. തങ്ങള്‍ക്ക് ഇങ്ങനേയുള്ള സ്ഥാനം മാത്രം ജീവിതകാലം മുഴുവന്‍ ലഭിച്ച ,മാനസികമായോ സാംസ്കാരികമായോ ഉയരാനുള്ള ഒരു സാഹചര്യവും ലഭിയ്ക്കാത്ത ഭൂരിഭാഗം വരുന്ന സ്ത്രീകളും, സ്ത്രീശരീരമെന്നാല്‍ പുരുഷനെ സുഖിയ്പ്പിക്കാനുള്ള ഒരുപകരണം മാത്രമാണ് എന്ന മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത് .. അവളേയും പുരോഗമനേച്ഛയല്ല , ഉപഭോക്തൃപരതയിലാഴ്ന്ന അലസതയാണ് നയിക്കുന്നത്.
ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന , ലൈംഗികസാക്ഷരതയും ലൈംഗികവിവേകവുമൊക്കെ വട്ടപ്പൂജ്യമായിരിയ്ക്കുന്ന ഒരു സ്ഥലത്ത് പരസ്യചുബനംപോലെയുള്ള സമരമുറകള്‍, എന്തിനെതിരെയായാലും , കൊണ്ടുവരപ്പെടുമ്പോള്‍ ,അത് നന്‍മകളേക്കാള്‍ തിന്മകള്‍ മാത്രമായിരിക്കും സമൂഹത്തിനു നല്‍കുന്നത് .. ചിലകാര്യങ്ങള്‍ കൂടി വിശകലനം ചെയ്താല്‍ ഇതിന്‍റെ കുറച്ചുകൂടി ശരിയായ ചിത്രം ലഭിയ്ക്കും ..
മാധ്യമഅജണ്ടകള്‍ എത്ര സമര്‍ഥമായാണ് ചുംബനസമരത്തെ ഉപയോഗപ്പെടുത്തിയത് എന്ന കാര്യം ഒന്നു പരിശോധിച്ചുനോക്കാം ... സമരം ലൈവ് ആയും പിന്നീട് രണ്ടുമൂന്നുദിവസങ്ങളില്‍ അമിതപ്രാധാന്യത്തോടെ വാര്‍ത്തകളിലും ചാനല്‍ചര്‍ച്ചകളിലുമൊക്കെ അവര്‍ ഉപയോഗപ്പെടുത്തിയത് മുതലാളിത്തതാത്പര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു സമരമായിരുന്നു അത് എന്നതുകൊണ്ടും വിപണന സാധ്യത കണ്ടും മാത്രമാണ് .. സമരത്തില്‍ പങ്കെടുത്ത ഒരേ മതവിഭാഗത്തില്‍ പെടുന്ന ഭാര്യാഭര്‍ത്താക്കന്മാരെ ഹിന്ദു-മുസ്ലീം കമിതാക്കളായി ചിത്രീകരിച്ചു അവരുടെ ഉമ്മവയ്ക്കല്‍ ഫോട്ടോ പ്രസിദ്ധീകരിച്ച് സംഭവത്തെ വര്‍ഗ്ഗീയതയുടെ വിഷം കുത്തിവച്ച് കൂടുതല്‍ വിവാദമാക്കാന്‍വരെ ഒരു പ്രധാനപത്രം ശ്രമം നടത്തുകയുണ്ടായി ..
മാത്രമല്ല , അതിനെ തുടര്‍ന്നുവന്ന ഒരു ടോക് ഷോയില്‍ ഒരു ചാനല്‍ , സമരത്തില്‍ പങ്കെടുത്ത ഒരു യുവാവിനേയും യുവതിയേയും അതിന്‍റെ വേദിയില്‍വച്ച് ചുംബിപ്പിച്ച് അല്പ്പം കൂടി എരിവും പുളിയും പകര്‍ന്ന് കുറെക്കൂടി മസാല മദാലസകച്ചവടം ലാക്കാക്കിയപ്പോള്‍ ,അതിനിരയായി നിന്നുകൊടുത്തവര്‍ , പ്രശസ്തിയാകാം ലാക്കാക്കിയതെങ്കിലും ദയനീയമായി ഇരകളാക്കപ്പെടുകയാണുണ്ടായത്.. ഒരു പൊതുവേദിയില്‍ വിളിച്ചുവരുത്തി അല്‍പ്പം അവഹേളിയ്ക്കപ്പെട്ടവര്‍ അതിനെതിരെ പ്രതികരിച്ചപ്പോള്‍, എന്തോ വീരസാഹസകൃത്യം ചെയ്തു എന്ന ഭാവത്തില്‍ അതിനേത്തുടര്‍ന്നവര്‍ ആക്രോശിയ്ക്കുകയും ചെയ്തത് കണ്ടപ്പോള്‍ സഹതാപം മാത്രമേ അവരോടൊക്കെ പക്വതയും ചിന്താശേഷിയും ഉള്ളവര്‍ക്ക് തോന്നുകയുള്ളൂ . ചില പത്രങ്ങളില്‍ ഒന്നാം പേജില്‍ ചിത്രങ്ങള്‍സഹിതം വാര്‍ത്തകള്‍ നല്കിയതിന് പുറമെ ,പേജുകള്‍ നിറയേ വാര്‍ത്തകള്‍ വന്നത്കൂടി ശ്രദ്ധിയ്ക്കുക. ഇവര്‍ സമൂഹത്തിനെ കാര്‍ന്നുതിന്നുന്ന മുഖ്യമായ ജനകീയപ്രശ്നങ്ങള്‍ക്കൊന്നും തന്നെ ഇന്നേവരെ ഇതേമാതിരി വാര്‍ത്താപ്രാധാന്യം നല്‍കാത്തവരാണ്.. കള്ളന്മാര്‍ ,കൊലപാതകികള്‍ ,അഴിമതിക്കഥകള്‍,പീഡനവിശേഷങ്ങള്‍ തുടങ്ങിയവയ്ക്കായും സരിതശാലു തുടങ്ങിയവര്‍യ്ക്കൊക്കെയുമാണ് ഇവര്‍ ഇത്രയേറെ കവറേജ് എന്നും നല്‍കിപ്പോന്നിട്ടുള്ളത് .. വെറും പൈങ്കിളത്തംമാത്രം പ്രോല്‍സാഹിപ്പിയ്ക്കുന്ന ഇത്തരം മാധ്യമങ്ങള്‍ ഈ സമരത്തിന് ഇത്രയേറെ വാര്‍ത്താപ്രാധാന്യം നല്കിയത് അതിന്‍റെ പൈങ്കിളിത്തം ഒന്നുകൊണ്ടുമാത്രമാണ്...
വിവാദങ്ങളും ബഹളങ്ങളുമൊക്കെ തുടരവെ, ഈ ബഹളങ്ങള്‍ക്കിടയില്‍ യാഥാര്‍ഥ്യം മുങ്ങിപ്പോവുകയാണ് ചെയ്തിരിയ്ക്കുന്നത്... ഉപഭോക്തൃപരതയുടെ സങ്കുചിതമായ ചൂഷണവഴികള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അതിന്‍റെ ഒരു ജീര്‍ണ്ണത മാത്രമായ സദാചാരപോലീസിനെ ഇല്ലാതാക്കണമെങ്കില്‍, ഇവിടെ സാമൂഹ്യപരിവര്‍ത്തനം തന്നെ നടക്കേണ്ടിവരും.. ഒരു വിഷച്ചെടിയെ നശിപ്പിക്കാന്‍ അതിന്‍റെ വേരുകളും വിത്തുകളും ഇല്ലായ്മ ചെയ്യുക എന്നല്ലാതെ
എളുപ്പവഴികള്‍ ഒന്നുമില്ല. മലയാളിയുടെ സുഖലോലുപത ഈ ചെടിയുടെ വേരുകളും ഭൌതികതയില്‍ മാത്രമൂന്നിയ ജീവിതരീതി ഇതിന്‍റെ വിത്തുകളുമാണ്. ഇതിനെതിരെ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്
എന്തുകൊണ്ട് അമ്പതു പേര്‍ പ്രതിഷേധിയ്കാനെത്തുമ്പോള്‍ അഞ്ഞൂറു പേര്‍ അതിനെ എതിര്‍ക്കാനും ആയിരത്തിലേറെപ്പേര്‍ ചുബനരംഗങ്ങള്‍ കണ്ടാസ്വദിയ്കാനും അവിടെയെത്തി? സമരാനുയായികള്‍ ചിന്തിയ്ക്കേണ്ട ഒരു മുഖ്യപ്രശ്നമാണിത്.. കുറച്ച് സുഹൃത്തുക്കള്‍, മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞുനോക്കിയും പരദൂഷണങ്ങളില്‍ അഭിരമിച്ചും ജീവിയ്ക്കുന്ന മലയാളിയുടെ നാറുന്ന സ്വഭാവത്തെ കുറ്റംപറഞ്ഞ് തങ്ങളുടെ ഭാഗം ന്യായീകരിയ്ക്കുന്ന കാഴ്ചകളും ഫെയ്സ്ബുക്കിലും മറ്റും കാണുകയുണ്ടായി .. അത്രയേറെ ടൈറ്റ് ആയ സാഹചര്യങ്ങളില്‍ ജീവിയ്ക്കുകയും സ്ത്രീശരീരമെന്നാല്‍ മാദകമായ ഒരു കാമപൂരണവസ്തുവാണെന്ന സാമാന്യധാരണ മാത്രം ഉള്ളവരുമായവര്‍ യഥേഷ്ടമായി ലൈംഗികസുഖാനുഭൂതി പകരുന്ന ദൃശ്യങ്ങള്‍ കാണാനാകും എന്ന പ്രതീക്ഷയിലാണ് എത്തിയത് . അത്രയേറെ ദാരിദ്യം അനുഭവിയ്ക്കുന്ന അവരോട് അത് കാണാന്‍ പോകാന്‍ പാടില്ല എന്നുപറയാന്‍ എന്ത് ധാര്‍മ്മികതയാനുള്ളത് .. ലൈംഗികതയെ ഇത്രമാത്രം അയഞ്ഞ രീതിയില്‍ സമൂഹത്തിനുമുമ്പില്‍ പരസ്യമായി അവതരിപ്പിക്കപ്പെടുമ്പോള്‍ , അതില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളോട് ഞങ്ങള്‍ക്കും പരസ്യമായ ചുംബനവും കെട്ടിപ്പിടിക്കലും ഒക്കെയാവാം എന്നേ അവര്‍ ചിന്തിയ്ക്കുകയുള്ളൂ .. പോലീസുകാര്‍ ഓടിച്ചില്ലായിരു ന്നെങ്കില്‍ അത്തരം രംഗങ്ങള്‍ അവിടെ അരങ്ങേറിയേനെ .. അങ്ങനെയൊരവസ്ഥയിലേയ്ക്ക് ആ പെണ്‍കുട്ടികളെ തള്ളിയിട്ടവര്‍ക്ക് അവരെ രക്ഷിയ്ക്കാന്‍പോലുമാകുമാകുമായിരുന്നില്ല..
ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ട നിലയില്‍ ജീവിയ്ക്കുന്നവര്‍ക്ക് ,പെട്ടെന്നുകിട്ടുന്ന ഇത്തരം അവസരങ്ങള്‍ സമൂഹത്തെ മൊത്തം ലൈംഗികമായ അരാജകത്ത്വത്തിലേയ്ക്ക് നയിക്കാനുള്ള വഴി മാത്രമാണ് കാണിയ്ക്കുന്നത്..അവര്‍ക്ക് മുമ്പില്‍ ആ ഒരു വഴി തുറന്നുകൊടുക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്തിരിയ്ക്കുന്നത് .. ലൈംഗികതയെ അത്ര വലിയ ആനക്കാര്യമായൊന്നുമല്ല കാണുന്നത് എന്നാണ് ഗ്വാഗ്വാ വിളിച്ച് ചുംബിച്ചവര്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്..
അമേരിക്കയിലേപ്പോലെയുള്ള സാമൂഹ്യാവസ്ഥകളില്‍ സ്വതന്ത്രമായ ലൈംഗികബോധമുള്ള സമൂഹമാണുള്ളത് ..പത്തുവയസ്സാകുമ്പഴേയ്ക്കും ഡേറ്റിംഗ് തുടങ്ങിയില്ലെങ്കില്‍ കുട്ടിയ്ക്കെന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് മാതാപിതാക്കള്‍ വരെ ചിന്തിയ്ക്കുന്ന ഒരു സമൂഹമാണത്.. വിവാഹം എന്നതിലൊന്നും ഒരു പവിത്രതയും അവിടങ്ങളില്‍ ഇല്ല ..വിവാഹം കഴിയ്ക്കാതെ എത്രകാലം വേണമെങ്കിലും ഒന്നിച്ച് താമസിയ്ക്കാം അവിടങ്ങളില്‍ . ഇത്തരം ബന്ധങ്ങളില്‍നിന്നും ഉണ്ടാകുന്ന കുട്ടികള്‍ക്ക് പ്രത്യേകിച്ച് സമൂഹത്തില്‍ തരംതാഴ്ത്തലുകള്‍ ഉണ്ടാവുന്നുമില്ല . ..എങ്കിലും മൊത്തത്തില്‍ ഒരു അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത് .. പത്തുവയസ്സുകാരികള്‍ ഗര്‍ഭിണികളാകുന്നതും തുടരെത്തുടരെ ഗര്‍ഭഛിദ്രം നടത്തുന്നതുമൊക്കെ അവിടെ സാധാരണമാണ്.. മനോരോഗവും ആക്രമവാസനകളും വര്‍ധിയ്ക്കുകയും ജീവിതത്തില്‍ നൈരാശ്യം ബാധിയ്ക്കുകയും ചെയ്യുന്നവരുടെ എണ്ണം അധികമാണവിടങ്ങളില്‍ . .ചായ കുടിക്കുമ്പോലെ ഇണയെ മാറ്റുകയും മറ്റും ചെയ്യുമ്പോള്‍ കുട്ടികളില്‍ സുര ക്ഷിതാവസ്ഥ തീരെ ഇല്ലാതാകുകയും ചെയ്യുന്നുണ്ട്.. അതേ അവസ്ഥയിലേയ്ക്ക് കേരളവും പോകണം എന്നായിരിയ്ക്കാമല്ലോ സ്വതന്ത്ര ലൈംഗികതയുടെ വക്താക്കള്‍ ആഗ്രഹിയ്ക്കുന്നത് ..
ഇതിനൊക്കെ അപ്പുറത്ത് ചിന്തിയ്ക്കേണ്ട ഒരു യഥാര്‍ത്ഥ വസ്തുത കൂടിയുണ്ട് . മനുഷ്യന്‍ ഒഴികെ മറ്റു ജീവികളെല്ലാം തന്നെ വ്യക്തമായ ഒരു ലൈംഗികസ്വഭാവം ഉള്ളവയാണ്.. മൈനയെപ്പോലെ ചിലയിനം കിളികള്‍ ജീവിതകാലം മുഴുവന്‍ ഒരിണയുമായി കഴിയുമ്പോള്‍, ആറ്റക്കുരുവുകള്‍ ഒരു സീസണില്‍ത്തന്നെ പരമാവധി പെണ്‍പക്ഷികളുമായി ബന്ധപ്പെടുന്നവരാണ്.. ആയിരക്കണക്കിന് ഉറുമ്പുകള്‍ക്ക് ഒരേയൊരു റാണിമാത്രം പെണ്ണായിട്ടുള്ളപ്പോള്‍ , വ്യക്തമായ ഇണകളുമായി ജീവിയ്ക്കുന്നവരും ,യാതൊരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം ഇണയെ സ്വീകരിയ്ക്കുന്നവരും,ഒപ്പം കൈയ്യൂക്കുള്ള ആണിന്നുമാത്രം ഇണയെ ലഭ്യമാകുന്ന അവസ്ഥയും ചില ജീവിവര്‍ഗ്ഗങ്ങളില്‍ ഉണ്ട് .. എന്നാല്‍ മനുഷ്യന്‍റെ ലൈംഗികസ്വാഭാവം എന്താണെന്നതിനു കൃത്യമായ ഒരു നിര്‍വചനവും ഇതേവരെ കണ്ടെത്താനായിട്ടില്ല ...
പൂച്ച തുടങ്ങിയ മൃഗങ്ങളില്‍വരെ അമ്മ , സഹോദരങ്ങള്‍ എന്നിവരോടുള്ള ലൈഗികബന്ധങ്ങള്‍ മറ്റൊരിണയെ യാതൊരുവിധത്തിലും കിട്ടാത്ത അപൂര്‍വ്വം സാഹചര്യങ്ങളില്‍ മാത്രമേ നടക്കുന്നുള്ളൂ എന്ന്‍ നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട് .. കാട്ടില്‍ വേട്ടയാടി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മൃഗങ്ങളെപ്പോലെ വന്യമായ ഒരനുഭവം മാത്രമായിരുന്നു മനുഷ്യനും ലൈംഗികത .. അവന്‍റെ തലച്ചോറ് കൂടുതല്‍ വികാസം പ്രാപിച്ചുതുടങ്ങിയപ്പോള്‍ ഇക്കാര്യത്തില്‍ മാറ്റം വന്നു ..ആദ്യഘട്ടങ്ങളില്‍ പരമാവധി പെണ്ണുങ്ങളെ അധീനതയില്‍ നിര്‍ത്തിയിരുന്ന ആണ്‍കോയ്മകള്‍ നിലനിന്നിരുന്നു ..രാജാക്കന്മാരും പ്രഭുക്കളുമൊക്കെ യഥേഷ്ടം സ്ത്രീകളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയിരുന്നു ..
ഒരു ഘട്ടത്തില്‍ ലൈംഗികതയെന്നാല്‍ ആണ്‍കോയ്മയുടെ പരിസ്ഫുരണം മാത്രമായിരുന്നെങ്കില്‍ ,ഒപ്പം തന്നെ ഉത്തമനായ സന്താനത്തെ ജനിപ്പിക്കാനുള്ള വിശുദ്ധമായ ഒരു പ്രക്രിയയായി ലൈംഗികബന്ധത്തെ കണ്ടിരുന്ന ഒരു കാ ഴ്ചപ്പാടും ഇന്ത്യയില്‍ നിലനിന്നിരുന്നു ... മനസ്സില്‍നിന്നും മദത്തെ മാറ്റിവച്ച് പ്രാര്‍ഥനാപൂര്‍വ്വം നടന്ന ഇത്തരം ബന്ധങ്ങളിലൂടെ ഉത്തമരായ സന്താനങ്ങള്‍ ഉണ്ടായി . ഇന്ന്‍, ഹോര്‍മോണ്‍ കലര്‍ന്നതും ആവശ്യത്തിലേറെ മദപ്പാടുണ്ടാക്കുന്നതുമായ ആഹാരങ്ങളും മദ്യവും മയക്കുമരുന്നുകളും അവയൊന്നും പോരാഞ്ഞു,ഉത്തേജകങ്ങളും കഴിച്ചു, ഒപ്പം കായികമായും ബൌദ്ധികമായും നിര്‍മ്മാണപരവുമായ യാതൊരു പ്രവര്‍ത്തനവും നടത്താതെ കെട്ടിവയ്കപ്പെട്ട ഊര്‍ജ്ജം ചെലവാക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വരികയും ,ലൈഗികതയേമാത്രം ആഘോഷിയ്ക്കുകയും അതിന്‍റെ ഒരു അനാവശ്യമായ ബൈപ്രോഡക്‍ടായിമാത്രം സന്താനങ്ങളെ കാണുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യം എത്തിയിരിയ്ക്കുന്നത്. ഒപ്പം സന്താനങ്ങള്‍ എന്ന ബാധ്യതയെ ഒഴിവാക്കി സുഖജീവിതം നയിക്കുന്ന പ്രവണതയും പുതുതലമുറയില്‍ വേരോടിക്കഴിഞ്ഞിട്ടുണ്ട് . പത്രമാധ്യമങ്ങള്‍ ,പരസ്യങ്ങള്‍ , ദൃശ്യമാധ്യമങ്ങള്‍ തുടങ്ങിയവയൊക്കെ ലൈംഗികതയെ പരമാവധി ആഘോഷമാക്കാനുള്ള ആഹ്വാനങ്ങളാണ് നല്‍കിക്കൊണ്ടിരിയ്ക്കുന്നതും . കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ മുഖ്യ കാവലാള്‍മാരായ മാദ്ധ്യമങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ . ശാരീരികമായ ഇത്തരം ആഘോഷങ്ങളില്‍ അടിമയക്കപ്പെടുന്നവര്‍ അവന്‍റെ ഊര്‍ജ്ജമത്രയും ഇതിനായിമാത്രം ചെലവിട്ട് ഓജസ്സും മേധയും ക്ഷയിച്ച്, ഒടുവില്‍ രോഗഗ്രസ്തരായി മരണമടയുന്നു ..
ഇതിനോടൊപ്പം തന്നെ നമ്മള്‍ കാണേണ്ട ഒരു പ്രധാനകാര്യം മനുഷ്യന്‍ എന്ന ചിന്താശേഷിയും വിവേചനബുദ്ധിയുമുള്ള ജീവജനുസ്സ് ഓരോ വ്യക്തിയും അവന്‍റേതായ/അവളുടേതായ ലൈംഗികസ്വഭാവം ഉള്ള ഒന്നാണ് എന്നതാണ്.. ഒരു പൊതുസ്വഭാവത്തില്‍ എല്ലാവരെയും കൂട്ടിക്കെട്ടാന്‍ സാധിയ്ക്കില്ല.. ഒരേയൊരു ഇണയോട് മാത്രം ജീവിതകാലം മുഴുവന്‍ മിതമായോ അമിതമായോ ലൈംഗികത കാണിക്കുന്നവരും ജീവിതത്തില്‍ ഇത്തരം താത്പര്യം തന്നെ ഇല്ലാതെ ആത്മീയവഴിയില്‍ സഞ്ചരിയ്ക്കുന്നവരും , കാണുന്ന പെണ്ണിനേയെല്ലാം ലൈഗികാസക്തിയോടെ മാത്രം നോക്കുകയും തരം കിട്ടിയാല്‍ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നവരും ഇതിലുള്ളപ്പോള്‍ ,തികച്ചും അപകടമായ രോഗാവസ്ഥകളായി സ്വന്തം അമ്മയേയും മകളേയും പെങ്ങളേയും ഭോഗിയ്ക്കുന്നവരും ഇന്ന്‍ കേരളീയരിലുണ്ട്..
ഒപ്പം രാക്ഷസീയതയുടെ മൂര്‍ത്തികളായി അഞ്ചു വയസ്സുകാരിയേ മുതല്‍ എണ്‍പതുകഴിഞ്ഞ മുത്തശ്ശിയേയും എന്തിന് അധികം പറയണം ശവശരീരത്തെപ്പോലും വെറുതേ വിടാത്തവരുമുണ്ട് .ഒപ്പം പൈശാചികതയുടെ പാരമ്യതയില്‍ ഒരിളം സ്ത്രീശരീരത്തെ ഒരുകൂട്ടം ചെന്നായ്ക്കള്‍ ചേര്‍ന്ന് കടിച്ചു കീറിത്തിന്നും രക്തം നുണഞ്ഞും ഒടുവില്‍ കൊന്നുകളയുകയോ മരണത്തേക്കാള്‍ ഭീകരമായ ജീവിതാവസ്ഥയിലേയ്ക്ക് വിടുകയോ ചെയ്യുന്ന പ്രവണതയും ഏറിവരികയാണ്..ഇത്തരം പൈശാചികതയ്ക്കെതിരെയൊന്നും വേണ്ടരീതിയില്‍ പ്രതികരിയ്ക്കാനോ (തൊലിപ്പുറത്തെ എങ്ങുമെത്താത്ത ചില കാട്ടിക്കൂട്ടലുകള്‍ നടന്നിട്ടില്ലെന്നല്ല ) പ്രവര്‍ത്തിയ്ക്കാനോ തയ്യാറല്ലാത്തവര്‍ ,കേവലം ലൈംഗികസ്വാതന്ത്രത്തിനായി പ്രതിഷേധിയ്ക്കാനായി ലൈംഗികചേഷ്ടകളെ പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍, വറചട്ടിയിലുള്ള ഒരു സമൂഹത്തെ ആവോളം എണ്ണയുമൊഴിച്ച് എരിതീയിലേയ്ക്ക് തള്ളിയിടുന്ന രീതിയാണ് കൈക്കൊണ്ടിരിയ്കുന്നത് ... ഇക്കൂട്ടരിനി പരസ്യവേഴ്ചാസമരമായിരിയ്ക്കും അടുത്തപടി നടത്തുക .. ചാനലുകള്‍ പകര്‍ത്താനായി നില്‍പ്പുണ്ടെങ്കില്‍ എന്തും ചെയ്യാം ,വിവാദമുണ്ടാക്കി പ്രശസ്തി കൊയ്യാം എന്ന മനോഭാവത്തെ ധൈര്യം എന്നല്ല പറയേണ്ടത് , ഉളുപ്പില്ലായ്മ എന്നാണ്...
പരസ്യ ലൈംഗികത എന്നത് ഒരു പരിഷ്കൃതസമൂഹത്തിന്‍റെ കാഴ്ചപ്പാടല്ല.പ്രകൃതി അതിനെയല്ല പ്രോത്സാഹിപ്പിക്കുന്നത് ..തീരെ വിവേചനശേഷി ഇല്ലാത്ത ജീവജാതികള്‍ മാത്രമാണ് അതില്‍ ഏര്‍പ്പെടുന്നത് .. ആനയും പുലിയും വരെ ലൈംഗികതയും പ്രസവവുമൊക്കെ അല്പ്പം ഗോപ്യമായ രീതില്‍ നടത്തുന്നവരാണ്. സദാചാരം എന്നത് ഒരു മോശം വാക്കല്ല .. വാക്കിലായാലും നോക്കിലായാലും എഴുത്തിലും പെരുമാറ്റത്തിലുമായാലും ഇനി ലൈംഗികതയില്‍ത്തന്നെയായാലും സദാചാരം ഉണ്ടാകേണ്ടതുതന്നെയാണ്.. സദാചാരം എന്നാല്‍ നല്ല ആചാരം എന്നു മാത്രമാണ് അര്‍ഥം..തെറ്റായി ഉപയോഗിച്ച് തേഞ്ഞുപോയ ഒരു വാക്കാണിത് വികസനത്തേപ്പോലെയും ആത്മീയതയേപ്പോലേയും ..
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട് .. ഒരു ചാനലില്‍ ഒരു മാന്യവ്യക്തി ചോദിയ്കുന്നതുകേട്ടു,സദാചാരത്തിന്റെ കാവലാളാകാന്‍ ഇവിടെ ആരെയാണ് എല്‍പ്പിച്ചിരിയ്ക്കുന്നത് എന്ന്‍.. ആരും കാവലാളുകളാവുകയൊന്നും വേണ്ടതില്ല .. ആരും വടിയോങ്ങുകയും വേണ്ട ..എന്നാല്‍ സാംസ്കാരികമായ അപചയങ്ങള്‍ക്ക് എതിരെ ആയുധത്തിലൂടെയോ ആക്രമണത്തിലൂടെയോ അല്ലാതെ സാമൂഹിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ പ്രതികരിയ്ക്കേണ്ടത് സാമൂഹ്യപ്രതിബദ്ധത മാത്രമാണ്...
ഭൌതികതയില്‍മാത്രം ഊന്നിയുള്ള പടിഞ്ഞാറിന്‍റെ ജീവിതവീക്ഷണങ്ങളേക്കാളും ഏറ്റവും നല്ലത് അല്‍പ്പം ആത്മീയത കൂടി കലര്‍ന്ന കിഴക്കിന്‍റെ വീക്ഷണങ്ങള്‍ തന്നെയാണ്.. ആത്മീയത എന്നു കേള്‍ക്കുമ്പോള്‍ തന്നെ വിറളി പിടിച്ച് ആക്രമിയ്ക്കാന്‍ വരുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ ഉണ്ട് ..ഏറ്റവും വലിയ അന്ധവിശ്വാസമാണ് ആത്മീയത എന്നു കരുതുന്നവര്‍ സത്യത്തില്‍ എന്താണ് ശരിയ്ക്കും ആത്മീയത എന്ന വാക്കിന്റെ അര്‍ത്ഥം എന്നറിയാത്തവരാണ്.അമ്പലങ്ങളും ആചാരങ്ങളും പിന്നേ കുറേ അനാചാരങ്ങളും ദൈവങ്ങളോടുള്ള ഭക്തി വിധേയത്വങ്ങളും , ഒപ്പം കുറേ കപടസ്വാമിമാരും അമ്മമാരും അവരുടെ വ്യാജവ്യാപാരങ്ങളും ചൂഷണങ്ങളും തട്ടിപ്പുകളും ക്രിമിനല്‍ക്കുറ്റങ്ങളും ഒക്കെ ചേര്‍ന്ന ഒരു സംവിധാനമാണ് ആത്മീയത എന്നാണിന്നത്തെ പൊതുകാഴ്ച്ചപ്പാട് .. എന്നാല്‍ ഇതില്‍നിന്നുമൊക്കെ അകന്ന ഒന്നാണത് .. അതിന് മനുഷ്യന്‍ ഉണ്ടാക്കിയ ജാതിമതങ്ങളുമായോ ആചാരങ്ങളുമായോ ആരാധനാലയങ്ങളുമായോ അവിടങ്ങളിലെ വിഗ്രഹങ്ങളുമായോ പ്രത്യേകിച്ചു യാതൊരു ബന്ധവുമില്ല .. അത് പ്രകൃതിയുമായി അഭേദ്യമായ ബന്ധമുള്ള ഒന്നാണ്.. എല്ലാ ജീവനും ഒന്നാണെന്നും എല്ലാറ്റിനേയും സ്നേഹിയ്ക്കുകയും സേവിയ്ക്കുകയും സംരക്ഷിയ്ക്കുകയുമൊക്കെ ചെയ്യുകയെന്നത് മനുഷ്യന്‍റെകൂടി കടമയാണെന്നും ഏതെങ്കിലും ഒരു ജീവിയുടെ നാശം മനുഷ്യനേയും ബാധിയ്ക്കുമെന്നും എല്ലാറ്റിലും ഒരേ ജീവനായിരിയ്ക്കയാല്‍, ഒരാള്‍ മറ്റാരെയെങ്കിലും ദ്രോഹിയ്ക്കുമ്പോള്‍ അവനവനെത്തന്നെയാണ് ഫലത്തില്‍ അതിന്‍റെ ദോഷങ്ങള്‍ ബാധിയ്ക്കുകയെന്നും, മറ്റുള്ളവരെ സത്യസന്ധമായും ആത്മാര്‍ഥമായും ലാഭമൊന്നും കാംക്ഷിയ്കാതെ സഹായിക്കുമ്പോള്‍ പ്രപഞ്ചശക്തിയില്‍നിന്നും അയാളിലേയ്ക്ക് വലിയ ശക്തിയാണ് പ്രവഹിയ്ക്കുകയെന്നും, ഒരു പ്രപഞ്ചശക്തി എല്ലാറ്റിന്‍റെയും ചാലകമായി വര്‍ത്തിയ്ക്കുന്നുണ്ടെന്നും ഒരാള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും കാര്യങ്ങള്‍ സംഭവിയ്ക്കുകതന്നെ ചെയ്യുമെന്നും ഒക്കെയുള്ള, .... എന്നാല്‍ ഇതിലൊന്നും നിര്‍വചിച്ച് ഒതുക്കാനാകാത്ത ഒരു വലിയ കാര്യമാണ് ആത്മീയത....അത് അത്രയും ലളിതവുമാണ്...
ഒരാള്‍ ഈ ആത്മീയതയില്‍ എത്തിയാല്‍ അവന്‍ പിന്നെ മറ്റൊരാളുടെ ജീവിതത്തില്‍ അനാവശ്യമായി തലയിടുകയോ ശല്യമാവുകയോ ചെയ്യില്ല . മാത്രമല്ല അനാവശ്യമായ എല്ലാ ഊര്‍ജ്ജവ്യയങ്ങളും ഒഴിവാക്കി ,നന്മകള്‍ മാത്രം ചെയ്തു ജീവിതത്തെ സഫലമാക്കും ..ഒപ്പം അതിന് എത്താനാകുന്നതില്‍വച്ച് ഏറ്റവും ഉന്നതമായ അവസ്ഥയെ പ്രാപിയ്ക്കുകയും ചെയ്യും ..ഭാരതീയമായ ആത്മീയതയെന്നാല്‍ ഇതാണ്.. ഇതിന്റെ ഇല്ലായ്മയോ കുറവോ ഒക്കെയാണ് ഇന്നിന്‍റെ അപചയങ്ങള്‍ക്കെല്ലാം കാരണം .. അല്പ്പം ആത്മീയമായി വിവേകപൂര്‍വ്വം ചിന്തിയ്ക്കുമ്പോള്‍ പ്രകടനപരതയ്ക്കായി ജീവിതം മാറ്റിവയ്ക്കുന്നത് ഏറ്റവും തുച്ഛമായ ഒരു സംഗതിയാണെന്നും ബോധ്യമാവുകയും ചെയ്യും .. സമൂഹത്തെ സമൂലമായി മാറ്റം വരുത്തി നേര്‍വഴിയിലേയ്ക്ക് എത്തിയ്ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനായാണ് കഴിഞ്ഞ ദിനങ്ങളില്‍ ചെലവഴിച്ച ഊര്‍ജ്ജവും സമയവും ഒക്കെ ചെലവഴിക്കപ്പെട്ടിരുന്നതെങ്കില്‍ അത്രയെങ്കിലും സമൂഹം മാറിയേനെ .. അല്ലാതെ വെറും പൈങ്കിളി സമരങ്ങള്‍ നടത്തി സമൂഹത്തെ ഇക്കിളിപ്പെടുത്തുന്നത് പ്രോല്‍സാഹിപ്പിയ്ക്കാനാവില്ല ...
0 comments:
Post a Comment