പ്രകൃതിയോടൊപ്പം ജീവിയ്ക്കുമ്പോള്‍ ഇടയ്ക്കു ചെറുതും വലുതുമായ ഓരോരോ പ്രതിസന്ധികളും ഉണ്ടാകും ... അവയെ അതിജീവിയ്ക്കാനും പ്രകൃതിയില്‍ വഴികളുണ്ട് .. ഇടയ്ക്കു മഴയും വെയിലുമൊക്കെയായി കാലാവസ്ഥ അനുകൂലമായതിനാല്‍ പൂമ്പാറ്റകളും നിശാശലഭങ്ങളുമൊക്കെ നന്നായി പെറ്റുപെരുകിയിക്കുകയാണ്..
ഞങ്ങളുടെ വഴുതന, വാഴ ,വെണ്ട തുടങ്ങിയവയ്ക്ക് അല്പം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും പക്ഷികള്‍ ഒരു പരിധിവരെ അവയെ നിയന്ത്രിയ്കുന്നതിനാല്‍ വല്യ പ്രശ്നമായിട്ടില്ല ..എന്നാല്‍ രണ്ടുമൂന്നു ദിവസമായി ഒരു കമ്പിളിപ്പുഴു അല്പ്പം പ്രശ്നമായിരിയ്ക്കുന്നു .
നനവിലെ ഉമ്മറത്തിന്റെ ഓടിനുമേല്‍ പടര്‍ത്തിയ നീലനക്ഷത്രപ്പൂക്കലുള്ള വള്ളിയിലാണ് പുഴുക്കള്‍ വന്നത് .. ദേഹത്തുവീണാല്‍ ചൊറിച്ചിലുണ്ടാകുന്ന പുഴുവാണ്... ഓടിന് താഴെ ഭാഗത്തും മുറ്റത്തും ചുവരിലും പടിമേലുമൊക്കെയായി നൂറുകണക്കിനു പുഴുക്കള്‍ .... അവരെ തിന്നാനാണെങ്കില്‍ ആരും എത്തിയതുമില്ല .... വീടിനകത്തേയ്ക്കുവന്നാല്‍,ആഹാരത്തിലോ വസ്ത്രങ്ങളിലോ കയറിയാല്‍ പ്രശ്നമാണ്.. അതിനാല്‍ ചൂലെടുത്ത് ഇന്നലെയുമിന്നുമായി കുറേയേണ്ണത്തെ തൂത്തുവാരിമാറ്റി.. എങ്കിലും ചെടിയില്‍ ഇനിയും ധാരാളമുണ്ട്
ചെടി അപ്പാടെ നശിപ്പിയ്കാന്‍ മനസ്സ് വരുന്നില്ല .. രാസവിഷങ്ങളെ ഇവിടെ ഞങ്ങള്‍ അടുപ്പിക്കുക പോലും ചെയ്യില്ല .. വീടിന്‍റെ മുന്‍വശത്തേയ്ക്ക് വാതിലിനു നേരെ മുന്നില്‍ കുറച്ചുവള്ളി ഞാന്ന് കിടന്നിരുന്നു .. കൊക്കന്‍ തേങ്കിളികള്‍ അവിടെ കൂടൊരുക്കാനായി തുടക്കമിട്ടതായിരുന്നതായിരുന്നു.. പിന്നെ ,പുഴുക്കളുടെ പ്രശ്നം കൊണ്ടായിരിയ്ക്കാം അവ മനസ്സ് മാറ്റി ..അവിടെ കെട്ടിയിരുന്നെങ്കില്‍ വേറെയും പ്രശ്നം അവര്‍ അഭിമുഖീകരിച്ചേനെ.. വീട്ടിലേയ്ക്ക് വരുന്നവരുടെ തല കൂടില്‍ മുട്ടുന്ന തരത്തിലായിരുന്നു വള്ളിയുടെ കിടപ്പ് .. ഞാന്നു കിടന്ന വള്ളികള്‍ മുറിച്ചുമാറ്റി .ആള്‍ക്കാരുടെ ദേഹത്ത് പുഴു വീഴരുതല്ലോ ..
നല്ല വെയില്‍ വന്നാല്‍ കുറേയേണ്ണം നശിച്ചേനെ .. ചെമ്പോത്ത് അവയെ കണ്ടാലും മതിയായിരുന്നു ... മഴ കൂടുതലുള്ള ചിങ്ങമാസമായതിനാല്‍ പതിവുകാരായ പല പക്ഷികളും അത്ര സജീവമായിക്കഴിഞ്ഞിട്ടില്ല .. ഈ സമയത്ത് എത്താറുള്ള വിരുന്നുകാരും എത്തിയിട്ടില്ല .കുരുമുളക് മൂക്കാറാകുമ്പോള്‍ പറമ്പ് നിറയെ അവര്‍ കോലാഹലമുണ്ടാകാറുള്ളതാണ്..ഏതായാലും കുറച്ചുദിവസംകൂടി ഞങ്ങള്‍ക്ക് പണിതന്നെ , അവയെ തൂത്തുവാരിമാറ്റലും അകത്തു കടക്കാതെ നോക്കലും മറ്റും...
7 9 14
2 comments:
പ്രകൃതിയോടൊപ്പമുള്ള ജീവിതം.... ഇഷ്ടപ്പെട്ടു.
നന്നായി...!
Post a Comment