* വികാസംവേണം*വിനാശം വേണ്ട*

Wednesday, August 13, 2014

ആഫ്രിക്കന്‍ മല്ലി


 


കറികളും പലഹാരങ്ങളും ഉണ്ടാക്കാനും ഔഷധമായി ഉപയോഗിക്കാനുമായി ഉപയോഗിക്കാവുന്ന ഒരല്‍ഭുത  ചെടിയാണ്
എന്നുതന്നെ പറയാം ആഫ്രിക്കന്‍മല്ലിയെ .  എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്ന ഇതിന്‍റെ ശാസ്ത്രനാമം Eryngium  foetidum എന്നാണ്..


long leaf coriander, മെക്സിക്കന്‍ കോറിയാന്‍ഡര്‍, saw-tooth coriander, culantro,ശീമമല്ലി,നീളന്‍ കൊത്തമല്ലി  എന്നിങ്ങനെ പല പേരുകളുമുള്ള ഒരു ദ്വീവര്‍ഷി ഓഷധിയാണിത്(herb). ഇലകളും വേരും ഔഷധമായി ഉപയോഗിയ്ക്കുന്നു .. നന്നേ ചെറിയ വിത്തുകള്‍ പൊടിച്ച് മാതമല്ല ,പുതിയ ചീനപ്പുകള്‍ പൊട്ടി മുളച്ചും വംശവര്‍ധന നടത്തുന്നു . 
ഇരുമ്പ് ,കാല്‍സ്യം കരോട്ടീന്‍ , റിബോഫ്ലേവീന്‍എന്നിവയാല്‍ സമൃദ്ധമാണ് ഇതിന്റെ ഇലകള്‍ .. ഇലകൊണ്ടുള്ള ചട്ട്നി ആഹാരത്തിന് രുചിയും ഗുണവും കൂട്ടുക മാത്രമല്ല വിശപ്പുണ്ടാക്കുകയും ചെയ്യുന്നു .. 

അധികം മസാലകള്‍ ഒന്നുമില്ലാതെതന്നെ ,നല്ലരുചികരവും പോഷകസമ്പന്നവും നല്ല മണമുള്ളതുമായ കറികള്‍ ഉണ്ടാകാനാഗ്രഹിയ്കുന്നവര്‍ വീട്ടില്‍ കുറച്ചു ശീമമല്ലിത്തൈകള്‍ വളര്‍ത്തിയാല്‍ മതി .. നാലുപേര്‍ക്കുള്ള കറിയില്‍ രണ്ടോ മൂന്നോ ഇലകള്‍ ചെറുതായി അറിഞ്ഞു ചേര്‍ത്താല്‍ മതി .. പച്ചക്കറികളായാലും  മാംസവിഭവങ്ങളായാലും ഇത് ചേര്‍ക്കാം ..

മല്ലിയില ,പച്ചമുളക് /കാന്താരി,  ഉപ്പ് ,മഞ്ഞള്‍പ്പൊടി ,(അല്പം വെളുത്തുള്ളിയും ഉള്ളിയും വേണമെങ്കില്‍ മാത്രം) ഇവ മാത്രം ചേര്‍ത്ത് നന്നായി വേവിച്ച് ,അല്‍പ്പം വെളിച്ചെണ്ണ നനച്ച് , വറ്റിച്ചെടുക്കുന്ന കറികള്‍ ചോറിനായാലും കഞ്ഞിക്കായാലും , ദോശ ,ഒറോട്ടി ,ചപ്പാത്തി തുടങ്ങിയ പലഹാരങ്ങള്‍ക്കൊപ്പമായാലും അതീവ സ്വാദിഷ്ടമായിരിക്കും .. 

മല്ലിയിലയും വേരും തിളപ്പിച്ച വെള്ളം കുടിക്കുന്നത് ന്യൂമോണിയ ,ഫ്ലൂ , പ്രമേഹം , മലബന്ധം ,മലേറിയ എന്നിവയ്ക്കു ശമനമുണ്ടാക്കും. പച്ച വേര് തിന്നുന്നത് തേള്‍ കുത്തിയാല്‍ നന്നാണ്. ഇലക്കഷായം കുടിക്കുന്നത് ശരീരത്തിലെ നീര്‍വീക്കം കുറക്കും . വേരുകഷായം വയറുവേദനയ്ക്ക് മരുന്നാണ്.. ഇല ഉണക്കിപ്പൊടിച്ച്  ചായയാക്കി കഴിക്കുന്നത് ജലദോഷം ,പനി, ഛര്‍ദി, വയറിളക്കം പ്രമേഹം ,മലബന്ധം എന്നിവ ശമിപ്പിക്കും 

കണ്ണൂരിലെ ജൈവസംസ്കൃതി നടത്തുന്ന പ്രതിമാസമേളകളില്‍ ഇതിന്‍റെ തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടാകാറുണ്ട് .. എല്ലാവര്ക്കും എത്തിക്കാനാകാറില്ലെങ്കിലും കഴിയുന്നത്ര ശ്രമിയ്കാറുണ്ട്.. നന്നേ ചെറിയ വിത്തുകള്‍ പൊടിച്ചുണ്ടാവുന്ന തൈകള്‍ രണ്ടുമൂന്നുമാസമെടുക്കും വിപണിയ്ക്ക് തയ്യാറാക്കാന്‍ .. 

അനാരോഗ്യം മാത്രം നല്‍കുന്ന മസാലക്കൂട്ടുകള്‍ക്ക് പകരം, ഇങ്ങനെ ലളിതമായ ചില  കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ രുചിയുള്ള ആഹാരം കഴിയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യാം ... 


0 comments: