തേങ്ങ പൊതിച്ചതിന്‍റെ ചകിരി തെങ്ങിനു കൊടുക്കാനായി പോവുകയായിരുന്നു ഞാന്‍ .. പെട്ടെന്നാണ് ഒരാള്‍ തൊട്ടടുത്തുനിന്നും ഓടി വേലിയ്ക്കലെ കല്ലില്‍ ചെന്നിരുന്നത് .. നനവിലെ വലിയ ഉടുമ്പായിരുന്നു അവള്‍. അവളുടെ വലുപ്പവും രൂപവും ഭാവവുമൊക്കെ എന്നെ അമ്പരപ്പിച്ചുകളഞ്ഞു ... ആഹ്ലാദകരമായ ഒരു കാഴ്ച്ചയായിരുന്നു അത് ..
സാധാരണ ആളെക്കണ്ടാല്‍ ഓടിമറയുന്ന ഇവളെന്താ ഇന്നിങ്ങനെ ..മുഖംനിറയെ, കണ്ണുനിറയെ ചിരിയുമായി അവളങ്ങിനെ നില്‍ക്കുകയാണ്.. രണ്ടുമീറ്ററോളം ഇപ്പുറത്താണ് ഞാന്‍ ..കുറച്ചുനേരം മുഖാമുഖംനോക്കി ഞങ്ങള്‍ സംസാരിച്ചു.. 'എന്തുപറ്റി നിനക്കു . കാണാന്‍ ഉഷാറുണ്ടല്ലോ..ഇങ്ങനെ നിന്നാല്‍ ശരിയല്ല ..വല്ലവരുടേയും കണ്ണിലെങ്ങാനും പെട്ടാല്‍ അപകടമാ ..'എന്നും മറ്റുമാണ് ഞാന്‍ സംസാരിച്ചത് ..അവളെന്താണ് പറഞ്ഞതെന്ന് അപ്പോള്‍ മനസ്സിലായില്ല ... 'ഒന്ന്‍ പോയിതരുമോ എനിക്കല്‍പ്പം ആഹാരംകഴിക്കാനുണ്ട് 'എന്നാണവള്‍ പറഞ്ഞതെന്ന് അല്‍പ്പം കഴിഞ്ഞാണു മനസ്സിലായത് ..
അവളങ്ങിനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു ഫോട്ടോ എടുക്കണമെന്ന് തോന്നി ..ചകിരി തെങ്ങിനിട്ടശേഷം അവളോടു ,'നീയിവിടെത്തന്നെ നില്‍ക്കണേ ,ഞാനിപ്പം വരാം 'എന്നുംപറഞ്ഞു,ക്യാമറയെടുക്കാനായി പോയി ..അവള്‍ പോയിക്കാണും എന്നുതന്നെയായിരുന്നു വിചാരിച്ചത് . പക്ഷേ നല്ല അനുസരണയുള്ള ഉടുമ്പ് !!!..അവിടെത്തന്നെ നിന്നു ..
രണ്ടുമീറ്ററോളം അടുത്തുചെന്നു കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി ..പിന്നെ ഉറക്കെ ഹരിയെ വിളിച്ചു..മറ്റെ ക്യാമറയുമായി ഹരിവന്നു ..എന്നിട്ടും അവള്‍ക്കു പേടിയില്ല ..ഞങ്ങളെ പതിവായി കാണുന്നതിനാലാണോ അപകടകാരികളല്ലെന്നവള്‍ ഉറപ്പിച്ചത്?.. ഞാന്‍ പിന്നേയും പതുക്കെ ഒരു മീറ്ററോളം അരികെ ചെന്നു ..മുഖത്തും കാലിലും മണ്ണുമായി നില്‍ക്കുന്ന അവളുടെ പരുപരുക്കന്‍ ശരീരം ഒന്നു തൊട്ടുനോക്കണമെന്ന് തോന്നിയെങ്കിലും ഹരീ വിലക്കി .അവളുടെ കൂര്‍ത്ത നഖമുള്ള കൈകള്‍കൊണ്ട് ഒരു പിടുത്തം പിടിച്ചാല്‍ ഇറച്ചിയിങ്ങ് പറിഞ്ഞുപോരും .. അധികം അടുത്തെത്തിയത് അവള്‍ക്കത്ര ഇഷ്ടവുമായില്ല ..പാമ്പിനെപ്പോലെ ശീല്‍ക്കാരശബ്ദമുണ്ടാക്കി ..
എന്തിനവളവിടെത്തന്നെ നില്ക്കുന്നു എന്നറിയണമല്ലോ.. നോക്കിയപ്പോള്‍ ഒരിടത്ത് മണ്ണുമാന്തി ചെറിയ കുഴിയാക്കിയത് കണ്ടു ..അവള്‍ ഇര തേടുകയായിരുന്നു ..കാര്യമായ എന്തോ അവിടെ ഉണ്ടായിരിക്കണം ..എന്നാളവളെ ശല്യമാക്കണ്ട എന്നുകരുതി ഞങ്ങളങ്ങു പോയി..
എന്നാലും അവള്‍ എന്താണ് ചെയ്യുന്നതെന്നറിയന്‍ ഒരു കൌതുകം ..അല്പ്പം കഴിഞ്ഞു ചെല്ലുമ്പോള്‍ അവളുണ്ട് വീണ്ടും മണ്ണ് മാന്തുന്നു ..ഞാനല്‍പ്പം മാറി ഒളിഞ്ഞു നിന്ന്‍ ബൈനോക്കുലറിലൂടെയാണ് നോക്കിയത് ..എങ്കിലും അവളെന്നെ കണ്ടു ..ഇടയ്ക്കു എന്നെ നോക്കിക്കൊണ്ടായി പിന്നെ മാന്തല്‍ .. ബൈനോയിലൂടെ അവളെ തൊട്ടടുത്ത് കണ്ടപ്പോള്‍ ഒരു ദിനോസറിനേപ്പോലെ തോന്നിച്ചു മാന്തുന്ന മണ്ണ്‍ എന്റെ കണ്ണിലേയ്ക്ക് വീഴുമ്പോലെ തോന്നി .. ഒരു പത്തുപന്ത്രണ്ടു മീറ്റര്‍ ഇപ്പുറത്തായിരുന്നു ഞാന്‍ നിന്നിരുന്നത് ..
പെട്ടെന്നവള്‍ക്ക് എന്തോ കിട്ടി ..ഒരു വലിയ കരിന്തേള്‍!!! അതിനെ പതംവരുത്തി വിഴുങ്ങിയശേഷം പിന്നേയും മാന്തല്‍ തുടര്‍ന്നു .അതാ വരുന്നു രണ്ടാമത്തെ കരിന്തേള്‍ ..അവളെ ശല്യമാക്കണ്ട എന്നുകരുതി ഫോട്ടോഎടുക്കാന്‍ ശ്രമിച്ചില്ല ..രണ്ടാമത്തെ തേളിനേയും തിന്നശേഷം, അവള്‍ പതിയെ ഇഴഞ്ഞു ,കാടിനകത്തേയ്ക്ക് പോയി ..
ഇപ്പോഴാണ് നനവില്‍ തേളുകള്‍ കുറഞ്ഞതിന് കാരണം മനസ്സിലായത് ..പറമ്പില്‍ കരിയിലയും ജൈവാംശവും ഉള്ളതിനാല്‍ മൂന്നുവര്‍ഷമ്മുമ്പ് തേളുകളുടെ എണ്ണം വല്ലാതെ വര്‍ധിച്ചിരുന്നു .. മുറ്റത്തും വീട്ടിനകത്തുമൊക്കെ അവരല്‍പ്പം ശല്യമാക്കിയിരുന്നു ..എന്നെയും ഹരിയേയും ഓരോ പ്രാവശ്യം അവ കുത്തുകയും ചെയ്തിരുന്നു ഇപ്പോള്‍ ഒരുവര്‍ഷമായി അവയുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്..മാത്രമല്ല ഇത്രയേറെ കാടുണ്ടായിട്ടും പാമ്പിന്റെ എണ്ണവും ഇവിടെ കുറവാണ്.. ചിതല്‍, ഉറുമ്പ് ,പാമ്പിന്‍കുട്ടികള്‍ ,തേള്‍ ,കരിങ്കണ്ണ് തുടങ്ങിയവരെ തിന്നു നിയന്ത്രിയ്കുന്നത് ഉടുമ്പാണ്..കൂടാതെ പക്ഷികളും കീരിയും മറ്റുമുണ്ട്..
ഇവളെക്കൂടാതെ ഇടത്തരം വലുപ്പമുള്ള ഒന്നും പിന്നെ തീരെച്ചെറിയ കുഞ്ഞുടുമ്പുകളും ഇവിടെയുണ്ട് . ജൈവസന്തുലനം നിലനിര്‍ത്തുന്ന പ്രകൃതിയുടെ വഴികളെ തടസ്സപ്പെടുത്താതിരുന്നാല്‍ വന്യമൃഗശല്യം ഉണ്ടാവില്ല എന്നതിന് നല്ലൊരുദാഹരണമാണ് ഈ ഉടുമ്പുകള്‍...
2 comments:
കടുത്ത അധ്വാനത്തിന്റെ ഫലം :)
കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടറിൽ വീട്ടിലേയ്കെത്തുമ്പോൾ പറമ്പിൽ ഓടിമറയുന്ന ഒരു വെരുകിനെ (മെരു) കണ്ടതിന്റെ ഹരത്തിൽ ഇരിക്കുകയായിരുന്നു ഞാൻ. പക്ഷേ ഇത് രസകരമായിപ്പോയി.
ഇവൻ അതോ ഇവളോ എങ്ങനെ വന്നെത്തി അവിടെ ?
"ജൈവസന്തുലനം നിലനിര്‍ത്തുന്ന പ്രകൃതിയുടെ വഴികളെ തടസ്സപ്പെടുത്താതിരുന്നാല്‍ വന്യമൃഗശല്യം ഉണ്ടാവില്ല എന്നതിന് നല്ലൊരുദാഹരണമാണ് ഈ ഉടുമ്പുകള്‍". Well said. Enjoyed reading your post, eyeopener and informative.
Post a Comment