ജൂണ്‍ ചരിത്ര ആറിന്‍റെ സായാഹ്നം ..ജില്ലാപരിസ്ഥിതിസമിതിയ്ക്ക് ഒരു ചരിത്രനിമിഷം ആയിരുന്നു ..കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍ , പൊരിവെയിലാളുന്ന ബസ്റ്റോപ്പില്‍ ഞങ്ങള്‍ മൂന്ന്‍ മരതൈകള്‍ നട്ടിരിക്കുകയാണ്..
അവിടെ മരം നടല്‍ അത്ര എളുപ്പമല്ലായിരുന്നു .. നല്ല മണ്ണില്‍ കുറേ മരങ്ങള്‍ തണല്‍വിരിച്ചു നിന്നിരുന്ന ആ സ്ഥലത്തെ മരങ്ങള്‍ മുറിച്ച് കളഞ്ഞിട്ട് ,ആകെ ജില്ലിയും സിമന്‍റും നിറച്ചു ,അതിനും മീതെ നാലിഞ്ച് കനമുള്ള സിമന്‍റ് കൊണ്ടുള്ള ഇന്‍റര്‍ലോക്കിംഗ് കട്ടകള്‍ പാകിയിരിക്കുകയായിരുന്നു ..ഒപ്പം ദേശീയ പാതയുടെ സ്ഥലവുമാണ്...
ഞങ്ങള്‍ മരം നടും എന്നു നിശ്ചയിച്ചുറപ്പിച്ചതായിരുന്നു .. പലപ്രാവശ്യം ,കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലം അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ നടാം നടാം എന്ന്‍ ഉരുവിട്ടതല്ലാതെ ഇന്നേവരെ അവര്‍ അതിന് തയ്യാറായിട്ടില്ല ..മാത്രമല്ല അവിടെ മരമിനി നടാന്‍ യാതൊരു സാദ്ധ്യതയും തോന്നിയതുമില്ല .. ഒരു മരം മുറിച്ചാല്‍ മൂന്നുമരം നടണം എന്ന കാര്യമൊക്കെ വെറും കടലാസിലൊതുങ്ങുന്ന കാര്യം മാത്രമാണല്ലോ.. അതിനാല്‍ പിക്കാസ്സും മരത്തൈകളുമായി ഞങ്ങളുടെ ടീം അന്ന് സ്ഥലത്തെത്തി ...
ആറ് മണിയ്ക്കായിരുന്നു ഞങ്ങള്‍ സമയം നിശ്ചയിച്ചിരുന്നത് .. പിക്കാസ്സെടുത്ത് കട്ടിയുള്ള റ്റൈല്‍സ് പൊട്ടിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ അവിടുണ്ടായിരുന്ന നൂറുകണക്കിനാളുകള്‍ ചുറ്റും കൂടി .. അവരെല്ലാം സ്ഥിരമായി അവിടെ വെയില് കൊണ്ട് ബസ് കാത്തു നില്‍ക്കുന്നവരായിരുന്നു ..
പിക്കാസ്സുകൊണ്ട് ആ ടൈല്‍സ് ഇളക്കിമാറ്റുകയെന്നത് ഒരു സാഹസം തന്നെയായിരുന്നു .. അതിനിടയില്‍ ദേശീയപാതയുടെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി .. ഞങ്ങള്‍ കൊടുത്ത കത്ത് കിട്ടിയെന്നും കളക്ടരുടെ ഓഫീസില്‍നിന്ന് മരംനല്‍കാനുള്ള അനുവാദമൊന്നും കൊടുത്തിട്ടില്ല എന്നാണ് പറഞ്ഞതെന്നും ,അവിടെ ട്രാഫിക്കൊക്കെ നോക്കിയിട്ട് പിന്നീട് മരം നടാം എന്നുമൊക്കെയായി അയാള്‍ ..
ഞങ്ങള്‍ കുറച്ചുനേരം അയാളുമായി സംസാരിച്ചു.. ഒരു വര്‍ഷത്തിലേറെയായിട്ടും ഇനിയും നിങ്ങളുടെ ട്രാഫിക്ക് നോക്കല്‍ തീര്‍ന്നില്ലേ എന്നും കളക്ടറെ ജൂണ്‍ നാലിന് കണ്ടപ്പോള്‍ വാക്കാല്‍ അനുമതി തന്നിരുന്നു എന്നും നിങ്ങള്‍ നേരിട്ടു ഒന്ന്‍ അന്വേഷിക്കൂ എന്നും മറ്റും പറഞ്ഞു .ഞങ്ങള്‍ക്ക് ഇവിടെ മരം നടണം എന്ന വാശിയോന്നും ഇല്ലെന്നും , പക്ഷേ എന്തുതന്നെയായാലും അവിടെ മരങ്ങള്‍ ഉണ്ടാവുകതന്നെ വേണമെന്നും പറഞ്ഞു ..
വന്നയാള്‍ അത്ര മുഷ്കന്‍ ആയിരുന്നില്ല .. പോലീസും മറ്റുമായി വന്ന്‍ തടയുമോ എന്ന ഒരാശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു ..മരമല്ലേ നടുന്നത് അത്ര ഇഷ്യൂ ആക്കുന്നില്ല എന്നു പറഞ്ഞിട്ടു അയാള്‍ പോയി .. കഴിഞ്ഞ വര്ഷം മുഴുവന്‍ നാട്ടിലെ ചര്‍ച്ചാവിഷയമായിരുന്നു അവിടത്തെ മരംമുറിയും ചൂടും ,അതിനേക്കാള്‍ ചൂടുള്ള ഷീറ്റുമേഞ്ഞ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുമൊക്കെ ..
പിന്നെ സുഗതകുമാരിയുടെ മരത്തിന് സ്തുതി പാടിയശേഷം പണി തുടങ്ങി.
കോണ്‍ക്രീറ്റ് കുത്തിയിളക്കുന്നതിനിടെ ചെറിയ പിക്കാസ്സ് പൊട്ടി ..പിന്നെ വലിയ പിക്കാസ്സ് വാടകക്കെടുത്തു..ഹരിയും ഭാസ്കരന്‍ വെള്ളൂരുമൊക്കെ ഒരു കൈ നോക്കുന്നതിനിടെയാണ് അവിടുണ്ടായിരുന്ന ചില അന്യസംസ്ഥാനതൊഴിലാളികള്‍ സഹായിക്കാനെത്തിയത് .. പട്ടണനടുവില്‍ മാത്രമല്ല ,ഹൈവേ റോഡില്‍പ്പോലും മരങ്ങളെ മുറിയ്ക്കാതെ സംരക്ഷിയ്ക്കുന്ന ബാംഗ്ലൂര്‍കാരായ സോമശേഖരനും മഹാവീറിനും മഞ്ചുനാഥിന്നുമൊക്കെ മരത്തിന്‍റെ പ്രാധാന്യം അറിയാമായിരുന്നു .. ഇവിടെ വന്ന്‍ ഏറ്റവും അപകടാവസ്ഥയിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും ജോലിചെയ്യുന്ന ,അതിനേക്കാള്‍ പരിതാപകരമായ സ്ഥലത്തു അന്തിയുറങ്ങുന്നവരെങ്കിലും , അവര്‍ കാണിച്ച സാമൂഹ്യപ്രതിബദ്ധത ഞങ്ങളെ അത്ഭുതപ്പെടുത്തി .. കേരളീയര്‍ അല്‍പ്പം വെള്ളമൊഴിക്കാനൊക്കെ ഒന്നുരണ്ടുപേര്‍ വന്നിരുന്നു ..ഗ്രീന്‍സ്ഗായുടെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും രാജുവേട്ടനും മരങ്ങള്‍ക്കായി കവിതകള്‍ പാടിക്കൊണ്ടേയിരുന്നു..പരിസ്ഥിതിസമിതിയുടെ പ്രസിഡണ്ട് അഡ്വ. വിനോദ് പയ്യട ,വസന്തേച്ചി, സലീം തുടങ്ങിയവരും ഉണ്ടായിരുന്നു ... ,
ആ സഹോദരങ്ങള്‍ കഠിനമായി പ്രയത്നിച്ച് മൂന്നിടത്തെ സ്ലാബ് മാറ്റിത്തന്നു ..സ്ലാബിനടിയിലെ ജില്ലിയും മാറ്റി,കുറച്ചകലെ നിന്നും ഹരിയും മുഹമ്മദിച്ചയും സതീശേട്ടനുമൊക്കെ കുറച്ചു നല്ല മണ്ണ് കൊണ്ടുവന്ന് കുഴിയിലിട്ടശേഷം സോമശേഖരനേയും മറ്റും പങ്കാളികളാക്കിക്കൊണ്ട് ,മൂന്ന്‍ ഉങ്ങിന്‍ തൈകള്‍ നട്ടു.. വളര്‍ന്നുകഴിഞ്ഞ മരങ്ങളുടെ ട്രീഗാര്‍ഡുകള്‍ കൊണ്ടുവന്ന് അവയ്ക്കു സംരക്ഷണവും നല്കി അവിടെയുള്ള പെട്ടിക്കടക്കാരോട് മരങ്ങളെ നോക്കണമെന്നും പറഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ സന്തോഷം ....
ഞങ്ങള്‍ക്കാണെങ്കില്‍, ഇത്രയേറെ ആനന്ദം തോന്നിയ ഒരു കാര്യം അടുത്തകാലത്തൊന്നും ചെയ്തിട്ടില്ല ..ഓ എന്‍ വിയുടെ 'ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു ..' എന്ന കവിത ഏറ്റവും അന്വര്‍ത്ഥമായ ഒരു നിമിഷമായിരുന്നു അത് ... ആ മരങ്ങള്‍ വളരുന്നതും കിളികളും ഒരുപാട് ജീവികളും അവയില്‍ അഭയം തേടുന്നതും, ഒരുപാടുപേര്‍ക്കവ തണലും ജീവവായുവുമേകുന്നതും ,ഒരുപാട് വിഷപ്പുകകള്‍ നീലകണ്ഠസ്വാമിയേപ്പോലവ ഭുജിച്ച് ,വായു ശുദ്ധീകരിയ്ക്കുന്നതുമൊക്കെ മനസ്സില്‍ നിറയുമ്പോള്‍ സന്തോഷം അതിന്റെ ഉച്ചാവസ്ഥയില്‍ ഞങ്ങളെ പൊതിയുകയായിരുന്നു .. പ്രസ്ക്ലബ്ബ് ജങ്ഷനില്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതിസമിതി നട്ട ഉങ്ങും ബദാമുമൊക്കെ ഇന്ന്‍ ഒരുപാട് വഴിയോരക്കച്ചവടക്കാര്‍ക്ക് തണല്‍വിരിചുകൊണ്ട് പടര്‍ന്നുവളര്‍ന്നുകഴിഞ്ഞു ... പെട്ടെന്നുവളര്‍ന്ന് ,നിത്യഹരിതമായി നില്‍ക്കുന്ന ഉങ്ങ് മരങ്ങള്‍ കണ്ണൂരിന്‍റെയാ ഹൃദയഭാഗത്ത് പച്ചക്കുട നിവര്‍ത്താനായി , 'വേഗം വളരണേ 'എന്ന്‍ അവരുടെ കാതില്‍ മന്ത്രിച്ചു ... വളര്‍ന്നു പന്തലിക്കട്ടെ നൂറായിരം തണല്‍മരങ്ങള്‍....
0 comments:
Post a Comment