* വികാസംവേണം*വിനാശം വേണ്ട*

Saturday, May 17, 2014

മംഗളാദേവിയിലേയ്ക്ക് ..


 പശ്ചിമഘട്ടസംവാദയാത്ര ഇടുക്കി ജില്ലയില്‍ സംവാദം തുടരുകയായിരുന്നു .മെയ് 13 നു അവിടെയുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ പറഞ്ഞു ,നാളെയാണ് ചിത്രാപൌര്‍ണമി ..മംഗളാദേവി ക്ഷേത്രം തുറക്കുന്ന ഒരേയൊരു ദിവസം .. കുറച്ചുവര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു അവിടമൊന്നു കാണണമെന്നത് .. അതുകൊണ്ട് കൂടുതലൊന്നുമാലോചിക്കാതെ ഉടന്‍ യാത്ര പ്ലാന്‍ ചെയ്തു .ഒപ്പം യാത്രയിലുണ്ടായിരുന്ന കോട്ടയ ക്കാരന്‍ സണ്ണിച്ചേട്ടനും.. അതിരാവിലെ ചെറുതോണിയില്‍ നിന്നും യാത്ര ..കുമിളിയിലെത്തി അവിടെനിന്നും വേണമെങ്കില്‍ ജീപ്പില്‍ പോകാം ..14 കീലോമീറ്ററുണ്ട് ദൂരം ..ഞങ്ങള്‍ നടക്കാമെന്നുവച്ചു ..ഒപ്പം സണ്ണിചേട്ടന്റെ രണ്ടു സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു ... പ്ലാസ്റ്റിക്ക് നിരോധിതമേഖലയാണ്, വാട്ടര്‍ബോട്ടില്‍ പോലും കൊണ്ടുപോകാന്‍ വിടില്ല .. വഴിയ്ക്ക് കുടിവെള്ളം അവര്‍ ഏര്‍പ്പാക്കും ..

വഴിനീളെ വനം വകുപ്പുകാരും പോലീസും പറ്റാലവും റവന്യൂക്കാരും ആംബുലന്‍സും റാപ്പിഡ് ആക്ഷന്‍ ഫോര്‍സുമൊക്കെയായി  വന്‍സന്നാഹങ്ങള്‍.. ഇടതടവില്ലാതെ ചീറിപ്പായുന്ന ജീപ്പുകള്‍ .. ഒറ്റദിവശം കൊണ്ട് 600-800 ജീപ്പുകള്‍ ഓടിയതിനാല്‍ അവിടേയ്ക്കുള്ള പാത മിക്കവാറും നാശമായിക്കിടന്നു.. ആദ്യം കുറെ  ദൂരം  കാട്ടിലൂടെയാണ്  യാത.അത്ര നല്ല കാടല്ല..വന്യമൃഗങ്ങളെ സൂക്ഷിയ്ക്കുക എന്നൊക്കെ ബോര്‍ഡ് ഇടയ്ക്കിടയ്ക്ക് കാണാമെങ്കിലും ഒന്നിനേയും കണ്ടില്ല ..ആകെ കണ്ടത് ഹില്‍ മൈന ,മലബാര്‍ പാരക്കീറ്റ്,പിന്നെ കുറേ   ബുള്‍ബുളുകള്‍..കാട് കഴിഞ്ഞു പുല്‍മേടുകളാണ്.. അവ അതിമനോഹരമായ കാഴ്ചയാണ്..അവിടെവച്ച് ദൂരെ രണ്ടു കാട്ടുപോത്തുകളെ കണ്ടു .. 

പിന്നേയും .. കുറേ കയറിയാല്‍, 12000 ത്തോളം വര്ഷം പഴക്കമുള്ള കരിങ്കല്‍ കൊണ്ടുള്ള ചെറിയ ഒരു അമ്പലം .. അവിടെ കച്ചവടങ്ങള്‍ ,ദേവസ്വം വകയുമില്ല ,മറ്റുള്ളവയുമില്ല എന്നതാണാശ്വാസം.. തമിഴ്നാട്ടിലാണ് അമ്പലത്തിന്‍റെ അധികഭാഗങ്ങളും ഉള്ളത് ,,ഒരു ചെറിയ മൂല മാത്രം കേരളത്തില്‍. അപ്പുറത്ത് തേനി ജില്ലയിലെ കൃഷിസ്ഥങ്ങള്‍... കേ രളത്തിന്റെ ഭാഗത്ത് ദൂരെ മുല്ലപ്പെരിയാര്‍ റിസര്‍വ്വോയര്‍..അവിടെ നിന്നും വേള്‍ലമ് കൊണ്ടുപോയാണ് തമിഴരുടെ കൃഷിമുഴുവന്‍ ..

ഭക്ഷണം വേണമെങ്കില്‍  തൈര്‍സാദവും അച്ചാറും .അന്നദാനമാണ്. .  വലിയ ക്യൂ ആയതിനാല്‍ മാറിനിന്നു ..നല്ല വെയിലില്‍ കുത്തനെ കയറിയതിന്‍റെ ക്ഷീണവും ഉണ്ടായിരുന്നു .. പുല്‍മേടുകളുടെ ഭംഗിയും ആസ്വദിച്ചുകൊണ്ട് കുറച്ചുനേരം അവിടെയിരുന്നു ..തിരക്കൊഴിഞ്ഞപ്പോള്‍ മംഗളാദേവിയെ ഒന്നു പോയി കണ്ടു .. തമിഴരുടെ സാദം തിന്നാനായില്ല ...വലിയ വിശ പ്പൊന്നും അനുഭവപ്പെട്ടില്ല .. രണ്ടുമൂന്നു ചുള ഈത്തപ്പഴവും മൂന്നു അണ്ടിപ്പരിപ്പും അല്പ്പം ഉണക്കമുന്തിരിയും കഴിച്ചിരുന്നു .. ഇത്തരം യാത്രകളില്‍ അത്രയേ ആഹാരം ആവശ്യമുള്ളൂ ..വേണമെങ്കില്‍ കുറച്ചു അവിലും തേങ്ങയുമോ പഴമോ കൂടി കരുതാം .. 

യാത്രികരെയൊക്കെ വൈകുന്നേരമാകുമ്പോഴേയ്ക്കും താഴെയെത്തിക്കേണ്ട ചുമതലയുള്ളതിനാല്‍ ,അധികനേരം അവിടെ ചുറ്റിനടക്കാന്‍ പോലീസ് അനുവദിയ്ക്കില്ല .. കാലിനല്‍പ്പം വേദന വന്നതിനാല്‍ ജീപ്പിലാണ് മലയിറങ്ങിയത് . 70 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്ജ് .. ജീപ്പുകാര്‍ പണം കൊയ്യാനായി പരമാവധി പേരെ കുത്തി നിറയ്ക്കും .. നടന്നു പോകുന്നതിനേക്കാള്‍ വിഷമിപ്പിച്ച ഒരു ജീപ്പുയാത്ര .. എങ്കിലും വേഗം താഴെയെത്തി .. പിന്നെ വീണ്ടും ബസ്സില്‍ യാത്ര ചെയ്തു .. അവിസ്മരണീയമായ ഒരുദിനത്തിന്‍റെ ഓര്‍മ്മകളും പേറി,സംവാദയാത്രയില്‍ ചേര്‍ന്നു...


0 comments: