കഴിഞ്ഞ വര്‍ഷം അവസാനത്തെ മഴ കഴിഞ്ഞതു മുതല്‍ തുടങ്ങിയ കാത്തിരിപ്പാണ്.. ഇടയ്ക്കൊരു ദിവസം ഒന്നു പെയ്തിരുന്നു ..പിന്നെ മലയോര മേഖലയിലൂടെ യാത്രയിലായിരുന്നപ്പോള്‍ രണ്ടുമൂന്നു പ്രാവശ്യം മഴ കാണാനും അല്പ്പം മഴ നനയാനുമൊക്കെ അവസരം ലഭിച്ചിരുന്നു.. എന്നാലും നനവിലെ കാട്ടിലിരുന്നു മഴയെ ആസ്വദിയ്ക്കാന്നായിരുന്നു മോഹം ...
രണ്ടു മൂന്നു ദിവസമായി മഴക്കോളും ഇടിയുമൊക്കെ ..ശക്തമായി പെയ്യുമെന്ന് തോന്നിച്ച്, കറുത്തിരുണ്ട് കാറ്റും കോളുമായിവന്ന്,ഒന്നു ചാറിയശേഷം പോയ മഴ.. എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു ..വരും വന്ന്‍ തിമര്‍ത്ത് പെയ്യും ..പെയ്യാതിരിക്കില്ല .. അല്പ്പം ചെടികളും മറ്റും നട്ടും അല്പ്പം കൃഷിപ്പണികള്‍ ചെയ്തുമൊക്കെ കാത്തുകാത്തിരുന്നപ്പോള്‍ ഒടുവിലവള്‍ വന്നിരിയ്ക്കുന്നു .. നിര്‍ത്താതെ പെയ്തുകൊണ്ടിരിയ്ക്കുന്നു ..
ഇന്നലെ വൈകീട്ട് തുടങ്ങിയ മഴയാണ്.. മെല്ലെ, പതിഞ്ഞതാളത്തില്‍ ചിണുങ്ങിക്കൊണ്ടിരുന്നമഴ.. ഇന്ന് രാവിലെ അല്പ്പം ശക്തി പ്രാപിച്ച് ,ഒരേ താളത്തില്‍ പെയ്തുകൊണ്ടിരിയ്ക്കുന്ന മഴ ..കിണറ്റിലിപ്പോഴും ഒരു പടവ് വെള്ളമുണ്ട് .. പൊതുവേ വേനലറുതിയില്‍ ജലദൌര്‍ലഭ്യം കാണുന്നയീ സ്ഥലത്തു, പച്ചക്കറികള്‍ക്കും വാഴകള്‍ക്കും മറ്റും ജലസേചനം നടത്തിയിട്ടും വെള്ളം വറ്റിയില്ല.. ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ശരിയ്ക്കും ഏല്‍ക്കുന്നുണ്ട് ...
ഞങ്ങളുടെ മഴക്കുഴി (Roof Water Harvesting) നിറഞ്ഞു കഴിഞ്ഞു.. സാധാരണ വേനല്‍മഴ കിണറ്റില്‍ വെള്ളം നിറയ്ക്കാറില്ലായിരുന്നു ..മഴക്കാലത്തുതന്നെ ഒരാഴ്ചയൊക്കെ കഴിയണം കിണറ്റില്‍ വെള്ളം പൊന്താന്‍.. ടെറാസ്സില്‍ പെയ്യുന്ന മഴയത്രയും മഴക്കുഴിവഴി നേരെ കിണറ്റിലെത്തുന്നതിനാല്‍ ഇന്നിപ്പോള്‍ ഒറ്റ മഴ കൊണ്ട് തന്നെ ഉച്ചയായപ്പോഴേ ഒരു പടവ് വെള്ളം ഉയര്‍ന്നു കഴിഞ്ഞു ..ഇപ്പോഴും വെള്ളം കിണറ്റിലേയ്ക്ക് ചാലിട്ടൊഴുകിക്കൊണ്ടിരിയ്ക്കുകയാണ്...
പ്രഭാതമഴയെ ഞങ്ങള്‍ നന്നായാഘോഷിച്ചു .. കുറച്ചു കൃഷിപ്പണികള്‍ ..നന്നാ യൊന്നു നനഞ്ഞു കുളിച്ചു ..പിന്നെയാ സംഗീതം ആവോളം ആസ്വദിച്ചു.. മഴ പാടിയതും മരങ്ങള്‍ കൂടെചേര്ന്ന് പാടിയതും അല്പ്പം കുളിരും തണുപ്പും.... മഴ മണ്ണിന് വിണ്ണിന്റെ വരദാനമല്ലേ
തെക്കന്‍ ജില്ലകളിലൊക്കെ വെള്ളപ്പൊക്കമായെന്ന് വാര്‍ത്തകള്‍.. നാശനഷ്ട ക്കെടുത്തികള്‍ .. മഴ വരുമ്പോള്‍ ഇന്നും ഇത്രയേറെ ബുദ്ധിവികസിച്ച മനുഷ്യര്‍ക്ക് ദുരിതത്തിന്റേയും നാശനഷ്ടങ്ങളുടേയും കാര്യങ്ങള്‍ മാത്രമാന്
അശാസ്ത്രീയമായ നഗരാസൂത്രണങ്ങള്‍ , മാലിന്യക്കൂമ്പാരമായി ചുറ്റുപാടുകളെ മാറ്റുന്ന ജീവിതരീതികള്‍, കഫമാലിന്യങ്ങള്‍ വര്‍ധിപ്പിയ്ക്കുന്ന ജീവിതശൈലിയും ഭക്ഷണരീതികളും, വെള്ളം സംഭരിച്ചു വയ്ക്കേണ്ട ചതുപ്പുകളുടെയും വയലുകളുടേയും വ്യാപകമായ നികത്തലുകള്‍ , ഒറ്റ കാറ്റിന് ഒക്കെ നശിയ്ക്കുന്ന ഏകവിളത്തോട്ടങ്ങള്‍ ,ദുര്‍ബല മേഖലകളിലെ ,മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാക്കുന്ന ഖനനങ്ങള്‍ , വ്യാപകമായ മരനശീകരണം ...തെറ്റുകളുടെ നിര നീളുമ്പോള്‍ മഴയും വേനലും എല്ലാം തന്നെ മനുഷ്യനു ഭീതിജനകമായ അവസ്ഥകളായി മാറിക്കൊണ്ടിരിയ്ക്കുന്നു ..
ഇത്തരം തെറ്റുകള്‍ തിരുത്തണമെന്നേ മനുഷ്യസ്നേഹികള്‍ ആവശ്യപ്പെടുന്നുള്ളൂ .. അങ്ങനെ പറയാന്‍ പോലും പാടില്ലെന്ന്‍ എല്ലാറ്റിന്റെയും കുത്തകാവകാശം ഏറ്റെടുത്തവര്‍ കല്‍പ്പിയ്ക്കുമ്പോള്‍ ജീവന് വേണ്ടി മാത്രം പോരാടുന്നവര്‍ക്ക് തീക്ഷ്ണമായ പോരാട്ടങ്ങളുടേതാണ് വരും നാളുകള്‍ .. ഇനിയെന്കിലും ഇരിക്കും കൊമ്പു മുറിയ്ക്കുന്ന പ്രവര്‍ത്തനങ്ങളെ വികസനം എന്നുല്‍ഘോഷിക്കാതെ നേര്‍വഴിയിലേയ്ക്ക് തിരിയാനുള്ള വിവേകം മനുഷ്യര്‍ക്കുണ്ടായെന്കില്‍..മഴയേയും മഞ്ഞിനെയും വേനലിനേയും വസന്തത്തെയുമൊക്കെ ആഘോഷമാക്കിക്കൊണ്ട് പ്രകൃതിയോടിണങ്ങി ജീവിയ്ക്കുന്നതിന്‍റെ സന്തോഷം എല്ലാവര്ക്കും ഉള്‍ക്കൊള്ളാനായെങ്കില്‍ ....
1 comments:
മഴ പെയ്യുന്നു..
മനസ്സ് മദ്ദളം കൊട്ടുന്നു..
Post a Comment