* വികാസംവേണം*വിനാശം വേണ്ട*

Thursday, January 2, 2014

ഞങ്ങളുടെ 2014 ജനുവരി ഒന്ന്‍ ..



ജനുവരി  ഒന്ന്‍ .. ഇളം തണുപ്പുള്ള പ്രഭാതം .. രാവിലെ മുതല്‍ കുരുവികള്‍ രണ്ടുപേരും കുഞ്ഞുങ്ങളെ തീറ്റുന്നുണ്ട് .. പറമ്പില്‍ പതിവുകാരൊക്കെയുണ്ട് .. ന്യൂ ഇയര്‍ പ്രമാണിച്ച് ഇന്നലെയുമിന്നും എസ്‌എം‌എസ് അയക്കാനാകാത്തതിനാല്‍ ഹരിയാണ് വിഷമത്തിലായത് ..പ്രധാന പരിപാടികള്‍ കൂട്ടുകാരെ അറിയിച്ചിരുന്നത് പ്രധാനമായും SMS വഴിയായിരുന്നു .. 


വൈകുന്നേരം പെട്ടെന്ന് തീരുമാനിച്ച ഒരു പ്രോഗ്രാം വന്നതിനാല്‍ ഫോണ്‍ ചെയ്യുകയേ വഴിയുള്ളൂ.. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തത്കാലത്തേക്ക് ഞങ്ങള്‍ മുറിയ്ക്കുന്നത് തടഞ്ഞ വലിയ ഒരു തണല്‍ മരത്തിന്കോടാലി വീഴാന്‍ പോകുന്നു .. അത് തടയാന്‍ അവിടെ മരച്ചുവട്ടില്‍ ഒരു പ്രോഗ്രാം നടത്തണം ..ആരുമറിയാതെ ഒരു വന്‍ മരം മുറിച്ച് കഴിഞ്ഞു.. ഇനി ഇതും കൂടി മുറിക്കാന്‍ കരാറായത്രേ . അതും പാര്‍ക്കിംഗിനായി!.. മരത്തെ നിലനിര്‍ത്തി പാര്‍ക്കിംഗ്  സ്ഥലം തയ്യാറാക്കാമെന്നിരിക്കെ പണത്തിനായല്ലേ മരം മുറിയ്ക്കുന്നത്.. അതും വനം വകുപ്പിന്റെ പോലും അനുമതിയില്ലാതെ .. അത് തടഞ്ഞല്ലേ ഒക്കൂ.. 

ഹരി രാവിലെ തന്നെ ഫോണിലായതിനാല്‍ കൃഷിപ്പണി മുഴുവന്‍ എന്റെ തലയിലായി .. വെള്ളം നനക്കല്‍ , സ്ലറി നേര്‍പ്പിച്ച് വാഴയ്ക്കും മറ്റും ഒഴിയ്ക്കല്‍ ,പിന്നെ അത്യാവശ്യ പരിചരണങ്ങള്‍.. ഒന്നര- രണ്ടു മണിക്കൂ 
റത്തെ പണികളുണ്ട്.. ഒപ്പം ഇവിടത്തെ മണ്ണ് നന്നാക്കാന്‍ ഇടവഴിയില്‍ച്ചെന്ന് കരിയിലകള്‍ ശേഖരിക്കലും .. 


പത്തരയ്ക്ക് ഹരിക്ക് ഓഫീസില്‍ പോകണം അതിനിടയ്ക്ക്  ഭക്ഷണം റെഡി ..   മല്ലിക്കാപ്പി,കാത്ത്(കാവത്ത് ,കാച്ചില്‍ ,കുണ്ടുകിഴങ്ങ്)പുഴുക്കും പച്ചക്കറികള്‍ അരിഞ്ഞ്, മഞ്ഞള്‍പ്പൊടി ,ജീരകം, ഉള്ളി ,ഉലുവ പച്ചമുളക് പുതിന എന്നിവ ചേര്‍ത്ത് കുറുക്കെ വേവിച്ച് വെളിച്ചെണ്ണ നനച്ച കറിയും പുതിന- തേങ്ങാചമ്മന്തിയും ..അതിനിടയില്‍ കിളികളോടും ചെടികളോടും മറ്റും പതിവ് കുശലാന്വേഷണങ്ങളും..

ഹരി പോയശേഷം ,കുറേനേരം പക്ഷിനിരീക്ഷണം.   കുരുവിക്കുഞ്ഞുങ്ങള്‍ ഇപ്പോള്‍ തല പുറത്തേക്കിട്ടാണ് കിടപ്പ്.. സദാ ചീ ചീ എന്നു ശബ്ദിയ്ക്കുന്നുമുണ്ട് . അച്ഛനുമമ്മയ്ക്കും വലിയ ശ്രദ്ധയാണ്.. ഓരോപ്രാവശ്യം കൂടിനടുത്ത് വന്നാലും ആദ്യം തൊട്ടടുത്ത ചതുരനെല്ലിമരത്തില്‍ ഇരുന്ന്‍ പരിസരനിരീക്ഷണം നടത്തും .. കൂടിന്‍മേലിരുന്നും നോക്കും വല്ല പരുന്തോ മറ്റോ മാനത്ത് ചുറ്റിപ്പറക്കുന്നുണ്ടോ എന്ന്‍ . ഞങ്ങളെ ഇപ്പോളവര്‍ക്ക് നല്ല വിശ്വാസമായിക്കഴിഞ്ഞു.. വീടിന്‍റെ ചുമരിനോട് ചേര്‍ന്ന് നട്ട കൊച്ചു പിച്ചകവള്ളിയിലാണ്കൂടാക്കിയത് എന്നതിനാല്‍ പൂമുഖത്തിരുന്നാല്‍ ഒരു മീറ്റര്‍ അപ്പുറത്തും ഹാളിലെ ജനാലയിലൂടാകുമ്പോള്‍ ഒന്നരരമീറ്റര്‍അപ്പുറത്തുമാണ് കൂട് ..  ഞങ്ങള്‍ അവിടിരുന്ന് പത്രം വായിക്കുന്നതുമൊന്നും അവരെ അലട്ടുന്നില്ല .കുറച്ചു ഫോട്ടോഗാഫി ചെയ്തു.


പിന്നെകുറച്ച് FB.. ഒന്നുരണ്ട് പോസ്റ്റിംഗ്.. കുറച്ചു ഷേറിംഗ്.. അപ്പോഴേയ്ക്കും ഉച്ചയാകാറായി.. തിരക്കിട്ട് കഞ്ഞിയും കറിയും ഉണ്ടാക്കുമ്പോഴേയ്ക്ക് ഹ രി എത്തി .. ഉച്ചവെയിലില്‍ കിളികള്‍ വെള്ളപാത്രങ്ങളില്‍ കുളിസീനുകള്‍ തീര്‍ക്കുന്നുണ്ടായിരുന്നു ..വലിപ്പം  വച്ചു കഴിഞ്ഞ ഒരു മരച്ചിലന്തി   പറങ്കിമാവില്‍ നിന്നും താഴേയ്ക്ക് തൂങ്ങിയിറങ്ങി വലനെയ്യുമ്പോള്‍ ഒരു നല്ല ഫോട്ടോ കിട്ടാനായി കുറച്ചു നേരം..മുറ്റത്തെ ചെടിയില്‍ ചോക്കലേറ്റ് നിറവും വലപോലത്തെ ചിറകുകളുമുള്ള തുമ്പിയെക്കണ്ടു അതിനെ പിറകെ കുറച്ചുനേരം .... 

ഹരി വന്നതും തിരക്കായി .. ഞാന്‍ കുളിയ്ക്കുന്നതിനിടെ അവന്‍  ഗാഡ്ഗില്‍ പരിപാടിയുടെ കണക്കൊക്കെ ശരിയാക്കിവച്ചു.. വൈകീട്ട് പരിസ്ഥിതി  സമിതി മീറ്റിംഗ് കൂടിയുണ്ട് .. ഒപ്പം അല്പ്പം പോസ്റ്ററുകള്‍ ഇന്നലെ എഴുതിയവ കണ്ണൂരില്‍ ഒട്ടിയ്ക്കുകയും വേണം .. ജനു 3 നു എല്ലാ താലൂക്ക്  ജില്ലാ ആസ്ഥാനങ്ങളിലും കേരളം മുഴുവനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനായി പ്രോഗ്രാം ഉണ്ട് .. കൂടാതെ ജനു 8നു തിരുവനന്തപുരത്ത് വമ്പന്‍ റാലിയും സംസ്ഥാനവ്യാപകമായി .. അതിന്റെ പ്രചാരണം.. 

കഞ്ഞീംകുടിച്ച്, കണ്ണൂരേയ്ക്ക് ... കുറച്ചുപേര്‍ വന്നിരുന്നു .. പ്രതിഷേധം ,പിന്നെ മീറ്റിംഗ്.  അതുകഴിഞ്ഞു ഞങ്ങള്‍ നാലഞ്ചുപേര്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയി .. വീട്ടിലെത്താന്‍ നേരം വൈകും ,അതിനാല്‍ കോഫീഹൌസില്‍ കയറി ചപ്പാത്തിയും കുറുമയും കഴിച്ചു. ഒന്‍പതരയായി വീട്ടിലെത്താന്‍ .. കുറച്ചുനേരം ടിവി നോക്കി .. നന്നായി ക്ഷീണം പിടിച്ചിരുന്നതിനാല്‍ വേഗം കിടന്നുറങ്ങി ..

ഇത് ഞങ്ങളുടെ ജനുവരി ഒന്നിന്റെ ഒരു ദിവസം .. പുതുവല്‍സരാഘോഷമല്ല .. ജീവിതം ആഘോഷിയ്ക്കാനുള്ളതല്ല ,ജീവിയ്ക്കാനുള്ളതാനെന്നതിനാലും ഓരോ നിമിഷവും പുതിയതാണെന്നതിനാല്‍ പുതുവല്‍സരം എന്ന സങ്കല്‍പ്പത്തിനു   പ്രസക്തിയില്ലാത്തതിനാലും  ഈ ദിനവും ഞങ്ങള്‍ സാര്‍ഥകമാക്കി.... 

1 comments:

insight said...

ജീവിത്തിന്റെ മണമുള്ള ഭാഷ . നല്ലത്