* വികാസംവേണം*വിനാശം വേണ്ട*

Thursday, November 12, 2015

മലയാളിസ്ത്രീകളുടെ വസ്ത്രധാരണം -ചില ചിന്തകള്‍


സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങള്‍ ഇവിടെ ഉയര്‍ന്നു കേള്‍ക്കാറുണ്ട്..ഇവിടെ കുറ്റം ആരിലാണ് സ്ത്രീ ആകര്‍ഷണീയ ആയതാണോ കുറ്റം ,അവള്‍ ആകര്‍ഷകമായ വസ്ത്രം ധരിക്കുന്നതാണോ ?കേരളീയ സ്ത്രീകള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ഏതൊക്കെയാണ് ?.. വലിയ വിഷയമാണ് ..ചിലര്‍ ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ അല്പ്പം പ്രതികരിക്കാതെ വയ്യ 

പ്രശ്നം വസ്ത്രത്തിന്‍റേതല്ല.ഇന്നത്തെ കേരളത്തിലെതുപോലെ അടച്ചുപൂട്ടിയതും യാഥാര്‍ഥ്യബോധം തീരെ ഇല്ലാത്തതുമായ ഒരു സമൂഹത്തിന്റേതാണ്.,ഒന്നിച്ചു കളിയ്ക്കാന്‍ കൂടി വിടാത്തവണ്ണം ആണ്‍പെണ്‍ സൌഹൃദങ്ങള്‍ തീരെ നിഷിദ്ധമാക്കപ്പെട്ട ഒരു തെറ്റായ സദാചാരബോധം നിലനില്‍ക്കുമ്പോള്‍ ,പരസ്യ വിപണികളിലും സിനിമകളിലും കഥകളിലും മറ്റും ചിത്രീകരിച്ചുകാണാറുള്ള സ്ത്രീശരീരത്തിന്റെ വിമോഹന ദൃശ്യങ്ങള്‍ കണ്ടു മോഹം തീണ്ടിയവരും ഒപ്പം ശാരീരിക അധ്വാനങ്ങള്‍ ചെയ്തു തീരെ വിയര്‍പ്പുപൊടിയാത്ത ജീവിതരീതിയും ഹോര്‍മോണുകള്‍ കലര്‍ന്നതും ഹോര്‍മോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതും അമിതമായി ഊര്‍ജ്ജം നല്‍കുന്നതുമായ ആഹാരങ്ങള്‍ കണക്കിലേറെ തിന്നും ജീവിയുന്ന മലയാളികള്‍ക്ക് സ്ത്രീയെ ദൂരെ കാണുമ്പോഴേ കാമം നുരയുന്നു .. ഭക്ഷണം ക്രമീകൃതമായാല്‍ , അധ്വാനിച്ച് ശരീരം വിയര്‍ത്താല്‍ത്തന്നെ അവനിലെ അസന്തുലിതാവസ്ഥ ( അത് യേശുദാസ് ആയാലും മാട്ടൂല്‍ക്കാര്‍ ആയാലും ..മറ്റാരായാലും ..) മാറുകയും സ്ത്രീയുടെ അനാവൃതമായ കണങ്കാലോ ,കഴുത്തോ കൈകളോ അല്ലെങ്കില്‍ വസ്ത്രത്തില്‍പൊതിഞ്ഞ അരകെട്ടോ മറ്റോ കാണുമ്പോഴോ അസാഭാവികമായി ഒന്നും തോന്നുകയില്ല ..
ആധുനിക അലസജീവിതങ്ങള്‍ (തീരെ നടക്കാത്തവര്‍,മണ്ണ് തൊടാത്തവര്‍ , ഫോണിലും ലാപ്പിലും ടിവിക്ക് മുമ്പിലും മറ്റും മാത്രം സമയം പോക്കല്‍..)ആണ് മലയാളിയെ ദുഷിപ്പിക്കുന്ന ഒരു വില്ലന്‍ .. എന്‍റെ അമ്മമ്മയൊക്കെ അവരുടെ യൌവ്വനകാലത്ത് ബ്ലൌസ് ധരിച്ചിരുന്നില്ല . ടീച്ചറായിരുന്നു .സ്കൂളില്‍ പോകുമ്പോള്‍ മാത്രം ഒരു ബ്ലൌസ് ഉള്ളത് ഇടും വന്നയുടന്‍ മാറ്റും .ഒരു തോര്‍ത്തുമുണ്ട് മാറത്തിടും,അത്രമാത്രം . അന്ന്‍കുട്ടികള്‍ 10-12 വയസ്സുവരെ നാമമാത്രമായ വസ്ത്രം ധരിച്ചോ അല്ലെങ്കില്‍ ഒന്നും ധരിക്കാതെയോ കഴിഞ്ഞിരുന്നു .. അന്ന്‍ ആണും പെണ്ണും കുളങ്ങളിലും പുഴകളിലും കുളിച്ചിരുന്നു . അല്ലെങ്കില്‍ കിണറ്റില്‍ കരയില്‍ കുളിച്ചിരുന്നു ..മറപ്പുരകള്‍ അപൂര്‍വ്വമായിരുന്നു . ശരീരം എന്നത് ഒരു അപൂര്‍വ്വ വസ്തു ആയിരുന്നില്ല ..

എണ്‍പതു കളിലൊക്കെ. മുട്ടോളമെത്തുന്ന മുണ്ടും ശരീരത്തിന്റെ കുറെ ഭാഗങ്ങള്‍ തുറന്നുകാണിക്കുന്ന ബ്ലൌസും അണിഞ്ഞായിരുന്നു പണിക്കാരി സ്ത്രീകള്‍ നടന്നിരുന്നത് . ആരും അവരെ കയറിപ്പിടിക്കുകയോ അനാവശ്യകമന്‍റുകള്‍ പറയുകയോ ചെയ്യുമായിരുന്നില്ല ......പക്ഷേ അന്നേ വിദ്യാലയങ്ങളില്‍ ആണ്‍-പെണ്‍ അകല്‍ച്ച തുടങ്ങിയിരുന്നു .. ബന്ധു അല്ലാത്ത ആങ്കുട്ടിയോട്/പെങ്കുട്ടിയോട്  മിണ്ടുന്നതും കൂട്ടുകൂടുന്നതും വളരെ ചീത്ത കാര്യം എന്ന മട്ടിലായിരുന്നു പരിഗണിച്ചിരുന്നത്..

ഇന്നത്തെ കേരളീയ സമൂഹത്തില്‍ സ്ത്രിശരീരം വെറുമൊരു ലൈംഗിക ഉപകരണം മാത്രമാണ്.. ആ കണ്ണോടെയാണ് പരിഷ്കൃതര്‍ അല്ലെങ്കില്‍ വിദ്യയും പദവികളും ഉള്ളവര്‍ കൂടി സ്ത്രീയെ കാണുന്നത് .. അതിനാല്‍ സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെ പരമാവധി മൂടിപ്പൊതിയാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നു ..ഉറങ്ങുമ്പോള്‍ പോലും അയഞ്ഞ ,നേര്‍ത്ത നിശാവസ്ത്രം ധരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട് ?... പിന്നെ ,സ്വന്തം ശരീരത്തെ മറ്റുള്ളവര്‍ക്ക് ആകര്‍ഷണം തോന്നുന്നവിധം ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുവര്‍ ........അവരാഗ്രഹിക്കുന്നത് കൊതിപ്പിക്കല്‍ ,ആകര്‍ഷിയ്ക്കല്‍ എന്നിവതന്നെ ..
മനോഹരമായി വസ്ത്രം ധരിക്കുന്നത് ശരിതന്നെ . മനോഹരമായി പ്രദര്‍ശിപ്പിക്കുന്നതിലും കുറ്റമൊന്നും പറയേണ്ടതില്ല .. അതൊക്കെ വ്യക്തിപരം .പക്ഷേ ,പൂവിലെ തേന്‍ കണ്ടു വണ്ടുകള്‍ നുകരാന്‍ വന്നാല്‍ ,കുറ്റം പറയാന്‍ പറ്റില്ല..അവരെ നേരിടാനുള്ള ചങ്കൂറ്റവും കൂടി ഉണ്ടാകണമെന്ന് മാത്രം ..ഇത്രയേറെ ലൈംഗികാതിപ്രസരം ഉള്ള ഒരു സമൂഹത്തില്‍ അല്പ്പം പാടുപെടേണ്ടിവരും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു നടക്കാന്‍ .

വയലില്‍ പണിക്കുപോകുമ്പോള്‍,  നീളം കൂടിയ കാലുറകള്‍ ആണ് ചുരിദാറിനെങ്കില്‍, അവ പരമാവധി മടക്കിവയ്ക്കാറുണ്ട് .. അതുപോലെ കുറെ കാലുറകള്‍ക്ക് ഞാന്‍ നീളം വെട്ടിക്കുറച്ചു .. ടോപ്പുകള്‍ക്കും പലതിനും ഇറക്കം കുറച്ചു ,എന്നുവച്ചാല്‍,മുട്ടിനുതാഴെ 20 cm വരെ .ഇറക്കം ഉണ്ടായവയെ മുട്ടിന് മീതെ ഇറക്കം ഉള്ളവയാക്കി . നീളം കൂടിയ കൈയ്യുകള്‍ ചുരുക്കി .കാലുറകള്‍ക്ക് പണിയെടുക്കുമ്പോള്‍ മുട്ടിന് താഴെ വരെ കഷ്ടിച്ചുള്ള ഇറക്കം മതിയാകും .ജീന്‍സിനെ ഞാന്‍ അനുകൂലിക്കുന്നില്ല .ഇറുകിയ വസ്ത്രങ്ങള്‍ കേരളീയ കാലാവസ്ഥയ്ക്ക് ,ശരീരത്തിന്‍റെ ആരോഗത്തിന് യോജിച്ചവയല്ല ..

ഇവിടെ വയലിലേയ്ക്ക് പോകുന്ന വഴിയ്ക്കിരുവശവും പര്‍ദ്ദയൊക്കെ ധരിച്ചു ജീവിക്കുന്നവര്‍ ആണ് അധികം ,ഞാന്‍ ജീവിക്കുന്ന മാമ്പ എന്ന ഗ്രാമം ഒരു ടിപ്പിക്കല്‍ കുഗ്രാമം ആണ് .ഇവിടെ സ്ത്രീകള്‍ പൊതുരംഗത്ത് പോകുന്നതിനുവരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു പൊതുസമൂഹം ആണുള്ളത്.എന്നാലും ഞാന്‍ ഞാനാഗ്രഹിക്കുന്ന രീതിയില്‍ത്തന്നെ ജീവിയ്ക്കും എനിക്കു അതിനുള്ള തന്റേടം ഉണ്ട് ..കാരണം അവര്‍ പറയുന്നതല്ല ഞാനെങ്കില്‍ ആര് എന്തു പറഞ്ഞാലും എന്നെയത് ബാധിക്കില്ല . ബര്‍മുഡ ഇട്ടുവരെ ഞാന്‍ വയലില്‍ പോകാറുണ്ട് ..പലതും പറയാറുണ്ട് പലരും . ഒ രിക്കല്‍ ഒരുവന്‍ എന്തേ ഈ വേഷം എന്ന്‍ മുഖത്തുനോക്കി ചോദിച്ചു .. പണിയെടുക്കാന്‍ സൌകര്യം ഉള്ള വേഷം എന്നു പറഞ്ഞപ്പോള്‍ അയാള്‍ മിണ്ടാതെ പോയി .വേണമെങ്കില്‍ ഒന്നു പൊട്ടിത്തെറിക്കാമായിരുന്നു എന്‍റെ വസ്ത്രത്തെപ്പറ്റി ( സഭ്യമായ ) നീയാരാ ചോദിയ്ക്കാന്‍ എന്ന്‍ .. പിന്നെ നേരിട്ടുള്ള ചോദ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല ..

എനിയ്ക്ക് ശരീരം ഒരു പ്രദര്‍ശന വസ്തു അല്ലെന്നിരിക്കെ ,ശാരീരികമോ മാനസികമോ ആയ ഒരു കാര്യംകൊണ്ടും ആരെയും എന്നിലേയ്ക്ക് ആകര്‍ഷിപ്പിക്കാന്‍ ആഗ്രഹമില്ലെന്നിരിക്കെ ,ആരോടും അങ്ങനെയൊരു മോഹം എനിക്കില്ല എന്നിരിക്കെ , സാധാരണക്കാര്‍ ജീവിതത്തിനു നല്‍കുന്ന അര്‍ഥങ്ങള്‍ക്ക്,ആഗ്രഹങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് എത്തിക്കഴിഞ്ഞ ഒരാളാണ് ഞാനെന്നിരിക്കെ, ശരിയായ വസ്ത്രം ധരിക്കാന്‍ ഞാന്‍ ഭയക്കുകയില്ല .

സമയക്കുറവ് കാരണം നടക്കാതെപോകുന്ന ഒരുകാര്യമുണ്ട് .അനുയോജ്യമായ വസ്ത്രം ഡിസൈന്‍ ചെയ്യുക എന്ന കാര്യം.വീട്ടില്‍ നില്‍ക്കുമ്പോള്‍ ,പാടത്തും പറമ്പിലും പണിയെടുക്കുമ്പോള്‍ , യാത്രകളില്‍, പൊതുപരിപാടികളില്‍ ഒക്കെ പോകുമ്പോള്‍ എല്ലാം ഒരേയിനം വസ്ത്രം എന്നതിനേക്കാള്‍ ഏറ്റവും യോജിച്ച വസ്ത്രം ധരിക്കണം.

കേരളീയ കാലാവസ്ഥ വേനലില്‍ അല്‍പ്പവസ്ത്രം മാത്രം ആവശ്യമുള്ളതാണ് . അല്ലെങ്കില്‍ വളരെ നേര്‍ത്തതും ധാരാളം നേര്‍ത്ത ദ്വാരങ്ങള്‍ ഉള്ള ഇഴയകലമുള്ള അയഞ്ഞ പരുത്തിവസ്ത്രങ്ങള്‍ ആണുത്തമം ..മഴക്കാലത്തും തണുപ്പുള്ള പ്രഭാതങ്ങള്‍- സന്ധ്യകള്‍ എന്നിവയിലും അല്പ്പം കട്ടിയുള്ളതും കുറച്ചു മുറുകിയതുമായ വസ്ത്രങ്ങള്‍ വേണ്ടിവരും ..

ഇവിടെ സ്ത്രീകള്‍ക്ക് രക്ഷ വേണമെങ്കില്‍ ,കാലാവസ്ഥാനുകൂലമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അവള്‍ക്ക് സാധിക്കണമെങ്കില്‍ ,മൊത്തം സമൂഹത്തിനും ശരിയായ വിദ്യാഭ്യാസം നല്‍കേണ്ടിവരും .കുട്ടികളെ ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചുവളരാനും പരസ്പരം ആരോഗ്യകരമായ സൌഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യേണ്ടിവരും ..ഒപ്പം വിപണിയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ സ്ത്രീശരീരത്തെ ഉപയോഗിയ്ക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം ...... അപകടകരമായ ധാരണകള്‍ ഊട്ടിയുറപ്പിക്കുന്ന സീരിയലുകള്‍ നിരോധിക്കണം . സ്ത്രീ എന്നാല്‍ എന്താണെന്നറിയാത്ത ഒരു സമൂഹമാണ് ഇപ്പോള്‍ ഇവിടുള്ളത് .വികലമായ ധാരണകളാണ് ആങ്കുട്ടികള്‍ക്ക് എന്നല്ല മുതിര്‍ന്ന പുരുഷന്‍ മാര്‍ക്കുവരെ ഉള്ളത് വികല ധാരണകള്‍ മാറ്റി,ശരിയായ വിദ്യാഭ്യാസം നല്‍കണം

1 comments:

madhavanthrissur said...

best observation and solution
congrats