* വികാസംവേണം*വിനാശം വേണ്ട*

Tuesday, October 12, 2010

സ്നേഹത്തിന്റെ നൊമ്പരങ്ങൾ...

ന്നൊരു ശനിയാഴ്ചയായിരുന്നു.രാവിലെ ഉറക്കമുണർന്നയുടൻ
പതിവുപോലെ  സീതടീച്ചറുടെ  കാലുകൾ അറിയാതെ വടക്കെപ്പുറത്തേക്ക് നീങ്ങി..’മാളൂ...’ നീട്ടിവിളിക്കാനാഞ്ഞെങ്കിലും വാക്കുകൾ ശബ്ദങ്ങളായി പുറത്തുവരുംമുമ്പെ തൊണ്ടയിലൊരു ഗദ്ഗദം വന്ന് അതിനെ മുക്കിക്കൊന്നു....മാളുവിപ്പോൾ ഇവിടെയില്ലല്ലോ..മൂന്നാലു ദിവസം മുമ്പല്ലെ അവളെ ഇവ്ടന്ന് കൊണ്ടോയത്...

പാവം മാളു... വല്ലാത്ത  സങ്കടത്തോടെയാണവൾ പോയത്...വണ്ടിയിൽ കയറാൻ കൂട്ടാക്കാതിരുന്ന അവളെ ഉന്തി വലിച്ചു കയറ്റിയപ്പോൾ ‘അമ്മേ‘ യെന്നവൾ സങ്കടത്തോടെ നീട്ടി വിളിച്ചു കരഞ്ഞപ്പോൾ ടീച്ചറുടെ  ഉള്ളാ‍കെയുലഞ്ഞുപോയിരുന്നു...സ്വന്തം മകൾ ഇനിയൊരിക്കലും തിരിച്ചുവരാതെ പോകുമ്പോൾ ഒരമ്മയ്ക്കുണ്ടാകുന്നപോലൊരു വേദന...

ണ്ടാമത്തെ തവണയാണീ കഠിനവേദന ടീച്ചറെ തേടിയെത്തിയിരിക്കുന്നത്...ആറു മാസങ്ങൾക്കു മുമ്പ് ശങ്കരൻ പോയപ്പോൾ ഇതിലേറെ വേദനിച്ചിരുന്നു..അന്നും അവനെ കൊടുക്കണമല്ലോ എന്ന ചിന്തയിൽ കുറേ നാൾ കരഞ്ഞു നടന്നു..പിന്നെ,മനസ്സില്ലാ മനസ്സോടെ  കൊണ്ടുപോകാൻ വന്നവരുടെ കയ്യിലേയ്ക്ക് അവനെ പിടിച്ചു കൊടുക്കുമ്പോൾ കണ്ണുകൾ എത്രയടക്കിയിട്ടും കവിഞ്ഞൊഴുകി...അന്ന്
മനസ്സിൽ കരുതിയതായിരുന്നു, ‘വേർപാടുകൾ പ്രകൃതിയുടെ നിയോഗങ്ങളാണ്...ഒന്നിനോടും അതിർ കവിഞ്ഞ ബന്ധനങ്ങൾ ഉണ്ടാക്കിയെടുക്കരുത്...ഒന്നും ആരുടെയും സ്വന്തമല്ല...’

ക്ഷെ,ചിന്തിക്കുമ്പോലെ അത്ര എളുപ്പമല്ലല്ലോ ജീവിതത്തിലത് നടപ്പിലാക്കാൻ...ഇന്ന് മാളുവിനെയും  കണ്ണീരോടെ തന്നെ യാത്രയയയ്ക്കേണ്ടിവന്നിരിക്കുന്നു......

ർമ്മകൾ പിറകിലേയ്ക്ക്......
ഒന്നരവർഷം മുമ്പത്തെ ഒരു സായാഹ്നം...അന്ന് ടീച്ചർ വല്ലാതെ സന്തോഷിച്ചിരുന്നു...മുരളിമാഷ് അന്നാണ് ഒരു നാടൻ കാളക്കുട്ടനേയും  പൈക്കിടാവിനേയും വീട്ടിലേയ്ക്ക് കൊണ്ടുവന്നത്...കറുത്തു മിനുങ്ങുന്ന ശങ്കരനും  തവിട്ടുനിറമുള്ള മാളുവും വീട്ടിലെത്തിയപ്പോൾ അവരുടെ ഒരു ചിരകാലാഭിലാഷം പൂവണിയുകയായിരുന്നു...

നാടൻ പശുക്കളെ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു അവരെ കൊണ്ടുവന്നത്....നാട്ടിലെല്ലാവർക്കും പരിഹാസമായിരുന്നു..’അല്ല മാഷേ,നിങ്ങക്ക് രണ്ടാക്കും ജോലിയില്ലേ...പിന്നന്തിനാപ്പാ ഇങ്ങനെ പുല്ലരിഞ്ഞും മറ്റും കഷ്ടപ്പെടണേ..’പലരും ചോദിച്ചിരുന്നു..അവരോടൊന്നും കാര്യം വിസ്തരിക്കാൻ നിന്നാ ഒരു പ്രയോജനവുമില്ലെന്നറിഞ്ഞ് വെറുതെ ചിരിച്ചൊഴിഞ്ഞു...

മിനുമിനുത്ത മൂരിക്കുട്ടനെ കാണുമ്പോൾ കാളക്കച്ചവടക്കാർ കൊതിക്കണ്ണും വച്ച് നോക്കുമായിരുന്നു...നല്ല ഇറച്ചി..അത്രയല്ലേ അവർ കാളയെപ്പറ്റി ചിന്തിക്കൂള്ളല്ലോ..നാട്ടിലൊക്കെ പശുക്കൾക്ക് കുത്തിവെപ്പാണല്ലോ സന്താനോത്പാദനമാർഗ്ഗം ...അല്ലാണ്ട് ഇപ്ലാരാ കാളേന്യൊക്കെ പോറ്റുക ,പിരാന്തന്മാരല്ലാതെ..അങ്ങനെ പറഞ്ഞു രസിച്ചു മാളോര്....

രെന്തു പറഞ്ഞാലും ടീച്ചറിനും മാഷിനും ഒരു കൂസലുമില്ലായിരുന്നു...മറ്റുള്ളവർ പറയുന്നതുപോലെ നടന്ന് പാഴാക്കിക്കളയാതെ ജീവിതത്തിന്  സ്വന്തമായി  കണ്ടെത്തിയ അർഥവുമായാണവർ ജീവിച്ചിരുന്നത്...അതിനാൽ ചാണകം വാരാനോ,ഇടവഴിയിലോ വയലിലോ ഒക്കെ ചെന്ന് പുല്ലരിയാനോ ,ശങ്കരനേയും മാളുവിനേയും മേയ്ക്കാൻ കൊണ്ടുപോകാനോ ഒന്നുമവർക്ക് മടിയുണ്ടായിരുന്നില്ല....

സ്വതന്ത്ര്യബോധവും സ്വാഭിമാനവുമുള്ള നാടൻ കന്നുകാലികൾ.. ഒരു കാളയെ പോറ്റുക...അവന്റെ ചിന്തകളിൽ പങ്കാളികളാവുക...മാറിയ കാലത്ത് ജീവിക്കുമ്പോൾ ഇതൊക്കെ അല്പം വെല്ലുവിളി നിറഞ്ഞ കാര്യങ്ങളായിരുന്നെങ്കിലും, അവർ സന്തോഷത്തോടെ അതേറ്റെടുത്തതായിരുന്നു...

കാണക്കാണെ ശങ്കരൻ വളർന്ന് ഒത്ത ഒരു കാളക്കുട്ടനായി മാറി ..അവന്റെ തലയെടുപ്പും ഗാംഭീര്യവും മേനിയഴകും ബുദ്ധിയുമൊക്കെ ആരെയുമാകർഷിക്കുന്നതായിരുന്നു...നോക്കിയങ്ങനെ നിന്നുപോകും.മുതുകത്ത് ഉയർന്നു നിൽക്കുന്ന പൂഞ്ഞയിൽ തൊട്ടുതലോടി ‘ശങ്കരാ‘എന്നു നീട്ടിവിളിക്കുമ്പോൾ അവൻ കുസൃതി നിറഞ്ഞ കണ്ണുകളോടെ അനങ്ങാതെ നിൽക്കും...വയറു നിറയെ പച്ചപ്പുല്ല് തിന്നശേഷം ,  വൈകീട്ട്   അഴിച്ചുകൊണ്ടുവരുമ്പോൾ നാലുകാലുകളും പൊക്കിയുള്ള ഒരു തുള്ളിച്ചാടലുണ്ടവന്...‘ശങ്കരാ..അടങ്ങി വാടാ..’എന്ന് സ്നേഹത്തോടെ ശാസിക്കുമ്പോൾ അവൻ മെല്ലെ നടന്നുവരും.

മാളുവും അവനും കുട്ടിക്കാലം മുതലേ ഒന്നിച്ചു വളർന്നവരായിരുന്നു..ശങ്കരനെ കണ്ടില്ലെങ്കിൽ ഉടൻ അവൾ വിളിക്കാൻ തുടങ്ങുമായിരുന്നു.‘എടീ,ഇവരെ നമുക്ക് ഒരിക്കലും വേർപിരിക്കണ്ട..വയസ്സായാലും പോറ്റാം .’മാഷ് പറയുമായിരുന്നു.എന്നിട്ടെന്തായി...നമ്മൾ നിനക്കുന്നതൊന്ന്...ദൈവം വിധിക്കുന്നത് മറ്റൊന്ന്...

ലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷപൂർവ്വം  ജീവിച്ചു വരികയായിരുന്ന അവരുടെ ജീവിതത്തിലേയ്ക്ക് സങ്കടത്തിന്റെ  നിഴൽ വീഴാൻ തുടങ്ങിയത് ആറുമാസങ്ങൾക്കു മുമ്പായിരുന്നു...ഒരു വീഴ്ചയിൽ കാലിനു ഗുരുതരമായി പരിക്കു പറ്റി മാഷ് മാസങ്ങളോളം കിടപ്പിലായി.ശങ്കരനെ നോക്കാൻ ആളില്ലാതായപ്പോൾ അവനെ കൊടുക്കേണ്ടിവന്നു..

ന്നുമോർമ്മയിലുണ്ടാ ദിനം...വണ്ടിയിലവനെ കേറ്റുമ്പോൾ മാളു സങ്കടത്തോടെ ഉറക്കെ കരഞ്ഞിരുന്നു..അവളെക്കാൾ കരഞ്ഞിരുന്നു മാഷും ടീച്ചറും...പക്ഷെ,...ചില കാര്യങ്ങൾ മനുഷ്യന്റെ പിടിയ്ക്കുമപ്പുറത്താണല്ലോ...

ങ്കരനെ കൊടുത്തെങ്കിലും മാളുവിനെ പോറ്റാമെന്നു തന്നെ അവർ വിചാരിച്ചിരുന്നു...വലിയ മെനക്കേടൊന്നുമില്ല അവളെ നോക്കാൻ ..കുറച്ച് പച്ചപ്പുല്ലരിയണം .അടുക്കളയിലെ കാടിയും കഞ്ഞിവെള്ളവും,അൽ‌പ്പം വൈക്കോലും..ഇടയ്ക്ക് അടുത്തു ചെന്ന് ഒന്നു തട്ടിത്തടവി  ഒന്നു പുന്നാരിക്കുക കൂടി ചെയ്താൽ അവൾക്ക് വലിയ സന്തോഷമായി...

ന്നിട്ടുമെന്നിട്ടും....അവളെയും കൊടുക്കേണ്ടിവന്നു...മാഷുടെ കാലൊക്കെ ഒരു വിധം ശരിയായി എന്നു വിചാരിച്ചപ്പൊഴേയ്ക്ക് മറ്റെ കാലിൽ ഒരു വേദന..വൈദ്യർ കഷായങ്ങൾക്കൊപ്പം വിശ്രമവും വിധിച്ചു.എങ്കിലും മാളുവിനെ പിരിയുന്നത് ഓർക്കാൻ കൂടി പറ്റാത്ത കാര്യമായിരുന്നു .കൂട്ടു കുടുംബമായതിനാൽ മറ്റുള്ളവർ അല്പം സഹകരിക്കുമെന്നു കരുതി...പക്ഷെ വല്ലാത്ത മുറുമുറുപ്പ്...‘നാശത്തിനെ ഒന്നു വിറ്റൂടെ ...‘

ങ്കിലും മാളുവിനെ കൊടുത്തില്ല...സ്വാർഥതകൾമാത്രമുള്ള മനുഷ്യർക്കിടയിൽ അവൾ അവർക്ക് വലിയ ആശ്വാസവുമേകിയിരുന്നു...ടീച്ചറുടെ നിഴൽ കണ്ടാൽ മതി അവൾ ‘അമ്മേ‘ യെന്ന് നീട്ടി വിളിക്കാൻ ..അവൾക്കറിയാമായിരുന്നു ഒന്നു വിളിച്ചാൽ ടീച്ചർ അടുത്തുവന്ന് തന്നെ കൊഞ്ചിക്കുമെന്ന്...അവൾക്കിഷ്ടമുള്ള പച്ചിലകൾ പറിച്ചുകൊടുക്കുമെന്ന്..

ങ്ങനെയിരിക്കെ ,അവരുടെ ജീവിതത്തിലേയ്ക്ക് വീണ്ടും ദുരന്തങ്ങൾ പടികയറിവന്നു...ഒരു ദിവസം ജോലിസ്ഥലത്തേയ്ക്കു പോകാൻ സ്കൂട്ടറെടുക്കുമ്പോൾ ബാലൻസ് തെറ്റി സ്കൂട്ടർ മാഷുടെ കാലിന്മേൽ വീണു..വീണ്ടും മാഷ് കിടപ്പിലായി..അതോടെ മാളുവിനെ കൊടുക്കാതെ മറ്റു വഴിയില്ലെന്നായി..

വരുടെ ഒരു സുഹൃത്താണവളെ കൊണ്ടുപോയതെന്നതിനാൽ നന്നായവളെ നോക്കുമെന്ന്   ആശ്വസിക്കാമെങ്കിലും ....എങ്കിലും...മാളു കൂടി പോയതോടെ വീടാകെ ശൂന്യമായപോലെ..വടക്കെപ്പുറത്തിറങ്ങുമ്പോൾ തൊഴുത്തിൽ മാളുവുണ്ടെന്ന  ഒരു തോന്നൽ...അവളെയൊന്ന് തൊട്ടുതടവാനായി ചെല്ലുമ്പോൾ  തൊഴുത്തിലെ ശൂന്യത നിശ്ശബ്ദമായി വിളിച്ചു പറഞ്ഞു...‘മാ‍ളു പോയി...ശങ്കരനും പോയി..ഞാനും തനിച്ചായി..എനിക്കുമിനിയില്ലല്ലോ അവരുടെ ചൂരും ചൂടും...’


20 comments:

Unknown said...

ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള നൊസ്റ്റാള്‍ജിയകളാണ്. ചെറുപ്പത്തില്‍ ഞങ്ങളുടേത് വലിയ പറമ്പ് ആയിരുന്നു. പശുക്കളും ആടും കോഴിയും എല്ലാം ഉണ്ടായിരുന്നു. പറമ്പത്താണെങ്കില്‍ വിവിധനിറങ്ങളില്‍ മാങ്ങകളുള്ള കശുവണ്ടിമരങ്ങളും(പൃത്തി എന്നാണ് നാട്ടില്‍ പറയുക,ടൌണില്‍ കയ്യന്‍ മരം എന്നും പറയുമായിരുന്നു)മാവുകളും പ്ലാവുകളും ഒക്കെ ഉണ്ടായിരുന്നു. എന്തെല്ലാം തരം മാങ്ങകള്‍ ആയിരുന്നു. എല്ലാ വളര്‍ത്തുമൃഗങ്ങളോടും വൃക്ഷങ്ങളോടും എനിക്ക് സ്നേഹമായിരുന്നു. പറമ്പത്ത് മരക്കിഴങ്ങ്, വിവിധയിനം ചേമ്പ്, കാച്ചില്‍ (കാത്ത് എന്ന് ഞങ്ങള്‍ ) പിന്നെ പൊടിക്കിഴങ്ങ് , കൂവ എല്ലാം നട്ടുവളര്‍ത്തുമായിരുന്നു. ഭാഗം വെച്ചും ബാക്കി അന്യാധീനപ്പെട്ടും എനിക്ക് ശേഷിച്ചത് വെറും 10സെന്റ്. എനിക്കൊന്നിനെയും സ്നേഹിച്ച് മതിയായിരുന്നില്ല. മക്കള്‍ വലുതായി സാമ്പത്തികമായി മെച്ചപ്പെടുകയാണെങ്കില്‍ നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കണമെന്ന് ഞാന്‍ ആശിച്ചു. മകളുടെ ഭര്‍ത്താവ് ഒരു ആഡംബരവീട് വിലക്കെടുക്കാന്‍ നോക്കുമ്പോള്‍ സ്ഥലം മതിയെന്ന് പറഞ്ഞെങ്കിലും അനുസരിച്ചില്ല. വീട് അത്ര കണ്ട് അവരെ പ്രലോഭിപ്പിച്ചിരുന്നു. വീട് ആവശ്യത്തിന് മതി എന്ന എന്റെ തീയറി അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഇപ്പോള്‍ ചെടികള്‍ എന്ന പേരില്‍ നഴ്സറിയില്‍ നിന്ന് വില്‍ക്കുന്ന എന്തൊക്കെയോ കാടും പടലും വാങ്ങിക്കൂട്ടുന്നു. എന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കണമെന്ന് മകന് താല്പര്യമുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും ചെറിയതെങ്കിലുമൊരു പറമ്പ് എവിടെയും കിട്ടാനില്ല. ഓരോരോ നിരാശകള്‍ ...

ente lokam said...

നഷ്ടപ്പെട്ട ബാല്യം ആണ് ഓര്‍മയില്‍ വരുന്നത്.
കോഴി,ആട്,പശു,പൂച്ച,പട്ടി എല്ലാം സ്വന്തം
ആയിരുന്ന ഒരു കാലം.വളര്‍ത്തു മൃഗങ്ങള്‍ എപ്പോഴും
വേദന ആണത്രേ ബാക്കി വെയ്ക്കുക,കാരണം എന്നെങ്കിലും
ഒരിക്കല്‍ നമുക്ക് അവയെ പിരിയേണ്ടി വരും എന്ന സത്യം
തന്നെ.നന്നായി എഴുതി.മനസ്സില്‍ എവിടെയോ ഒരു നൊമ്പരം..

ജന്മസുകൃതം said...

കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സുഖമാണ്.
അടുത്ത വീട്ടിലെ ആരോ ആണെന്ന ചിന്ത .കണ്ണൂരില്‍ എവിടെയാണാവോ?

sreee said...

ഞങ്ങള്‍ക്കും ഉണ്ടായിരുന്നു പശുക്കള്‍ തൊഴുത്ത് നിറഞ്ഞു നിന്ന ഒരു കാലം.അമ്മയക്ക് രാവിലെ എഴുന്നേറ്റാല്‍ ആദ്യം പശുക്കളെ കാണണം എന്നുണ്ടായിരുന്നു . പശു പ്രസവിച്ചാല്‍ കുറെ നാളേക്ക് ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു കൂട്ട് കിട്ടിയപോലെ . ഇപ്പോള്‍ ഒന്നും ഇല്ല . ഓര്‍ത്തപ്പോള്‍ വല്ലാത്ത നഷ്ട ബോധം.

മേഘമല്‍ഹാര്‍(സുധീര്‍) said...

nannaayi

HAINA said...

ente maaluu

ഒഴാക്കന്‍. said...

എല്ലാവരും ഒരിക്കല്‍ പോകേണ്ടവരല്ലേ

krishnakumar513 said...

നൊമ്പരങ്ങള്‍ നന്നായി....

Unknown said...

പോയല്ലേ തീരൂ, എഴുത്ത് കൊള്ളാം.

Anaswayanadan said...

അങ്ങനെ ജീവിതത്തില്‍ തിരിച്ചു വരാത്ത എത്ര എത്ര നഷ്ട്ടങ്ങള്‍ അല്ലെ..........

mayflowers said...

വേദനയില്ലാതെയൊരു വേര്‍പാടുമില്ല...

ചിന്നവീടര്‍ said...

മനുഷ്യന്റെ വേര്‍പാടുപോലും വാര്‍ത്തയല്ലതായിക്കൊണ്ടിരിക്കുന്ന ഇന്ന് ഇതൊരു വേറിട്ട ശ്രമമായി തോന്നി...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ജീവന്‍ കൊടുത്താല്‍ പോലും തിരിച്ചുകിട്ടാത്തത് -ബാല്യം!
ആശംസകള്‍ ..

ജയരാജ്‌മുരുക്കുംപുഴ said...

assalayi ee ormmappeduthal....... aashamsakal....

പട്ടേപ്പാടം റാംജി said...

തിരിച്ചു വരാത്ത പല നഷ്ടങ്ങളും നമ്മള്‍ അനുഭവിച്ചല്ലേ തീരു.
ഇഷ്ടപ്പെട്ടു.

സാബിബാവ said...

ബാല്യങ്ങളുടെ നല്ല ഓര്‍മ്മകള്‍ പിന്നീട് ഓര്‍ത്തിരിക്കാന്‍ സുഖമാണ്
മാളുവിനെ പോലെ എനിക്കും ഉണ്ടായിരുന്നൊരു ഉമ്മു കുട്ടിയുടെ ചിക്കൂസ്

മഹേഷ്‌ വിജയന്‍ said...

മിണ്ടാപ്രാണികള്‍ പലപ്പോഴും മനുഷ്യനെക്കാള്‍ നല്ല സുഹൃത്തുക്കള്‍ ആണ്..
വളരെ നന്നായിരിക്കുന്നു...
എഴുത്ത് തുടരുക, ആശംസകള്‍...

നനവ് said...

@ എന്റെലോകം..നാടിന്റെ നന്മകൾ നഷ്ടസ്മരണകൾ മാത്രമായ്ക്കൊണ്ടിക്കുന്നഒരു കാലത്തിലും അവയെ സ്നേഹിക്കുന്നവർക്ക് വേദന മാത്രം.
@കെ.പി. സുകുമാരൻ..എങ്കിലും ശ്രമിച്ചുനോക്കാം നന്മകൾ നഷ്ടമാകാതിരിക്കാൻ..

@ലീല എം ചന്ദ്രൻ...ഞങ്ങൾ അഞ്ചരക്കണ്ടിക്കടുത്ത് മാമ്പ എന്ന കൊച്ചുഗ്രാമത്തിലാ താമസം..
മേഘമൽഹാർ,ഹൈന,മഹേഷ് വിജയൻ ,സാബിബാവ,പട്ടേപ്പാടം റാംജി,ജയരാജ് മുരുക്കുമ്പുഴ,ഇസ്മായിൽ കുറുമ്പടി,ചിന്നവീടൻ,മേയ്ഫ്ലവർ,സ്നേഹപൂർവ്വം അനസ്,തെച്ചിക്കോടൻ,കൃഷ്ണകുമാർ,തൊമ്മി,ഒഴാക്കാൻ.... എല്ലാവർക്കും സ്നേഹം...ഞങ്ങളുടെ മാളുവിപ്പോൾ ഇരിട്ടിയിലെ മാത്യുച്ചായന്റെ വീട്ടിൽ സുഖമായി കഴിയുന്നു...അവൾക്ക് കൂട്ടിനവിടെ ഒരു കാളക്കുട്ടനും ഉണ്ടത്രെ...

അതിരുകള്‍/പുളിക്കല്‍ said...

യാദൃശ്ചികമായി എത്തിയതാണ് ഇവിടെ....സ്നേഹമുള്ള മനസ്സുണ്ടെങ്കില്‍ എല്ലാത്തിനോടും സ്നേഹമേ ഉണ്ടാവൂ...നമ്മള്‍ സ്നേഹിക്കുന്നവരും നമ്മളെ സ്നേഹിക്കുന്നവരും നമ്മെ പിരിയുമ്പോള്‍ ആ വേര്‍പ്പാട് ഹൃദയത്തില്‍ ഒരിക്കലും ഉണങ്ങാത്ത വൃണങ്ങളാണ് ഉണ്ടാക്കുന്നത്.....എല്ലാവിധ അഭിനന്ദനങ്ങളും............

നനവ് said...

@ അതിരുകൾ
സ്നേഹമുള്ള മനസ്സിനേ എന്തിന്റെയും വില മനസ്സിലാക്കാനാകൂ....

എല്ലാവർക്കും നനവിന്റെ ക്രിസ്മസ്- നവവത്സരാശംസകൾ..