* വികാസംവേണം*വിനാശം വേണ്ട*

Wednesday, September 1, 2010

ഒരു വീടെന്നാൽ.....


പ്രകൃതിയിൽ വീട് കെട്ടുന്നവരും അല്ലാത്തവരുമായ ജീവികൾ ഉണ്ട്..മനുഷ്യൻ ഒന്നാമത്തെ വിഭാഗത്തിൽ പെടുന്നു.. ആദിമകാലത്തവൻ മരങ്ങളുടെ മുകളിലും ഗുഹകളിലും ഒക്കെ കഴിഞ്ഞുകൂടി...അന്നവനും വീടെന്നാൽ മറ്റേതൊരു ജീവിയേയും പോലെ കാലാവസ്ഥയിൽനിന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നും ഒരു രക്ഷാസ്ഥാനം മാത്രമായിരുന്നു...

ന്നാൽ കാലം കഴിയുന്തോറും അവന്റെ ചിന്താമണ്ഡലം കൂടുതൽ വികാസം പ്രാപിക്കുകയും അവന്റെ ആവശ്യങ്ങൾ കൂടിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്നു...അതോടെ വീടിന്റെ രൂപഭാവങ്ങളും വലുപ്പവും ആവശ്യങ്ങളുമൊക്കെ മാറാനും തുടങ്ങി...


പുല്ലും ഓലകളും ഉപയോഗിച്ചുണ്ടാക്കിയ ആദ്യകാലവീടുകൾ പ്രകൃതിക്ക് ഒരു തരത്തിലും ദോഷം ചെയ്യാത്തതായിരുന്നു..ഓരോ വർഷവും പുതുക്കി പണിയണം എന്ന ഒരു ന്യൂനത ഇതിനുണ്ടായിരുന്നെങ്കിലും അന്ന് ഒരു കൂട്ടായ്മയായി ഗ്രാമീണർ ജീവിച്ചിരുന്നതിനാൽ പുരകെട്ടൽ വളരെ എളുപ്പമായിരുന്നു..ഒരാളുടെ വീട് പുതുക്കി പണിയണമെങ്കിൽ അയൽക്കാരും കൂട്ടുകാരും ഒക്കെ ഒത്തുചേർന്ന് ഒന്നോ രണ്ടോ ദിവസം കൊണ്ട് കാര്യം തീർക്കുമായിരുന്നു.വീട്ടുകാരി ഇളനീരും ശർക്കരക്കാപ്പിയും പിന്നെ നാടൻ അവൽ കുഴച്ചതുമൊക്കെ വേണ്ടത്ര നൽകി പണിയെടുക്കന്നവരുടെ ക്ഷീണമത്രയും മാറ്റാൻ തയ്യാറായി നിൽ‌പ്പുണ്ടാകും...വേണമെങ്കിൽ മായമൊന്നും കലരാത്തതും ആരോഗ്യത്തിനത്ര ഹാനികരമല്ലാത്തതുമായ ശുദ്ധമായ നാടൻ കള്ളും ആണുങ്ങൾ ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിച്ചിരുന്നു...ഈ വീടിനുപയോഗിച്ച വസ്തുക്കൾ പ്രകൃതിയിലേയ്ക്ക് തിരിച്ചുചെല്ലുന്നതിനാൽ മാലിന്യ പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നില്ല.

ക്രമേണ മനുഷ്യന്റെ ജീവിതത്തിന് കുറച്ചുകൂടി തിരക്കേറുകയും സ്നേഹബന്ധങ്ങളും കൂട്ടായ്മകളും കുറേക്കൂടി അയവുള്ളതാവുകയും ചെയ്യാൻ തുടങ്ങിയപ്പോൾ ഓരോ വർഷവും വീട് പുതുക്കുക എന്നത് അവനൽ‌പ്പം അലോസരമായിത്തുടങ്ങി.അവൻ മറ്റു വഴികൾ ചിന്തിക്കാൻ തുടങ്ങി. മണ്ണു കൊണ്ട് ചുവരുണ്ടാക്കാം ,അത് വളരെക്കാലം നിലനിൽക്കും എന്നവൻ കണ്ടെത്തി.അങ്ങനെ പച്ചമണ്ണ് ചവിട്ടിക്കുഴച്ച്,ചിതലിന്റെ ശല്യമുണ്ടാവാതിരിക്കാൻ കുളിർമാവ്,കരോട്ട തുടങ്ങിയ മരങ്ങളുടെ പശ ചേർത്ത് ഇന്നത്തെ കല്ലിനേക്കാളും കരിങ്കല്ലിനേക്കാളും ഒക്കെ ഉറപ്പുള്ള ചുമരുണ്ടാക്കി.[ഇത്തരം മൺചുവരിന്മേൽ രണ്ടുനില കോൺക്രീറ്റ് വീടുവരെ ഇപ്പോൾ ചിലർ നിർമ്മിക്കുന്നുണ്ട്] ആദ്യമൊക്കെ കാവിമണ്ണ് കലക്കിത്തേച്ച് ചുവരുകൾക്ക് മോടി കൂട്ടി. പിന്നെ കുമ്മായം പൂശുകയും അൽ‌പ്പം കൂടിക്കഴിഞ്ഞപ്പോൾ കുമ്മായവും പൂഴിമണ്ണും ചേർത്ത്ചുമരുകൾ തേയ്ക്കാനും തുടങ്ങി. എങ്കിലും തേയ്ക്കാത്ത മൺചുമരുകൾ ഏറെക്കാലം ഈടുനിന്നു. വായുസഞ്ചാരം മുട്ടിക്കാത്തതിനാൽ അവയിൽ ചിതൽ കേറുന്നത് അപൂർവ്വമായിരുന്നു..
മൺചുവരുള്ള ഈ വീടുകൾക്ക് ഓല, പുല്ല് എന്നിവ കൊണ്ടായിരുന്നു
ആദ്യമൊക്കെ മേൽക്കൂര പണിതത്.അൽ‌പ്പം കഴിഞ്ഞപ്പോൾ മണ്ണ് ചവിട്ടിക്കുഴച്ച് കട്ടകൾ നിർമ്മിച്ചാൽ ചുവർ പണി കുറച്ചുകൂടി എളുപ്പമാകുമെന്ന് കണ്ട് അങ്ങനെ ചെയ്യാൻ തുടങ്ങി.ഇതിന് ആദ്യമുണ്ടാക്കിയതിന്റെയത്ര ഉറപ്പുണ്ടായിരുന്നില്ല..മണ്ണിൽ പിന്നെയവൻ വീണ്ടും പരീക്ഷണങ്ങൾ തുടരുകയും,ചുട്ട മൺകട്ട[ഇഷ്ടിക]എന്ന ആശയം പ്രാവർത്തികമാക്കുകയും ചെയ്തു.ഇവ കെട്ടാൻ കുമ്മായവും പൂഴിയും ചേർത്ത് ചാന്തുണ്ടാക്കി..പിന്നെ ചെത്തുകല്ലുകൾ ചുമരിൽ സ്ഥാനം പിടിച്ചു..


മേൽക്കൂരയിൽ പരിഷ്കാരങ്ങൾ വരുത്തിയത് പിന്നെയാണ്.ഓടുണ്ടാക്കാനും തെങ്ങും മറ്റുമരങ്ങളും ഉപയോഗിക്കാനും തുടങ്ങിയപ്പോൾ വിവിധ തൊഴിൽമേഖലകളും വളർന്നു വികസിച്ചു...എങ്കിലും അന്നത്തെ വീടുകൾ അത്യാവശ്യം സൌകര്യങ്ങൾ മാത്രം ഉള്ളവയായിരുന്നു..മണ്ണിൽ നിന്ന് വലിയ ആയാസത്തോടെ കല്ല് ചെത്തിയെടുക്കേണ്ടതിനാൽ ആരുമത് ദുരുപയോഗം ചെയ്തില്ല.അത്യാവശ്യം പൂഴിയേ പുഴകളിൽനിന്നും വാരിയിരുന്നുള്ളൂ.അടുത്ത വർഷമാകുമ്പോഴേയ്ക്ക് ആ പൂഴി പുനർനിർമ്മിക്കാൻ പുഴയ്ക്കാകുമായിരുന്നു..

ണ്ണു ചായ്ച്ച മുറ്റമായിരുന്നു അന്നുണ്ടായിരുന്നത്. ഈ മുറ്റങ്ങൾ മഴവെള്ളമത്രയും സംഭരിച്ച് കിണറിനു കൊടുക്കുന്നതിനാൽ അറ്റ വേനലിലും കിണർ വറ്റിയില്ല... പറമ്പുകളുടെ അതിരുകളായി പലയിടങ്ങളിലും ഒന്നുമുണ്ടായിരുന്നില്ല.ഈ തെങ്ങു വരെ എന്റെ,അതിനപ്പുറം നിന്റെ ,അത്രമാത്രം.ഇപ്പോഴും ചില ഉൾനാടൻ ഗ്രാമങ്ങൾ ഈ വ്യവസ്ഥ തുടരുന്നുണ്ട്..അല്ലെങ്കിൽ ജൈവവേലിയോ മൺകൈശാലകളോ നിർമ്മിച്ചുപോന്നു..ഒരുപാടിനം ഔഷധങ്ങളും ഭക്ഷണസസ്യങ്ങളും പിന്നെ കാലിത്തീറ്റയും പച്ചിലവളവും മാത്രമല്ല ഈ മൺകൈശാലകളും സസ്യവേലികളും അന്നത്തെ കേരളീയനു നൽകിയത്..ആരോഗ്യവും ബുദ്ധിശക്തിയും പ്രദാനംചെയ്യാനിവ ഓക്സിജൻ നൽകി.[തലച്ചോർ നന്നായി പ്രവർത്തിക്കാൻ നല്ലയളവിൽ ഓക്സിജൻ തന്നെ വേണം.വെറുതെയല്ല ഇന്നത്തെ കുട്ടികളൊക്കെ മഹാമറവിക്കാരായി മാറിയിരിക്കുന്നത്]മഴവെള്ളം സംഭരിച്ച് കുടിവെള്ളവും കൃഷിവെള്ളവും നൽകി..നാട്ടുമ്പുറങ്ങളിൽ ഒരിക്കലും അത്യുഷ്ണം അനുഭവപ്പെടാതെ സൂക്ഷ്മകാലാവസ്ഥയേയും കാത്തു സൂക്ഷിച്ചു .

ന്നുണ്ടായിരുന്ന മറ്റു രണ്ട് ശാസ്ത്രീയ സംവിധാനങ്ങളായിരുന്നു ഓരോ വീട്ടുപറമ്പിന്റെയും മൂലയ്ക്കൽ ഓരോ സർപ്പക്കാവും കുളവും...മലയാളിയ്ക്ക് ജലസംരക്ഷണം, കൃഷി എന്നിവയിൽ വളരെയേറെ അറിവുണ്ടായിരുന്നു എന്നതിനു തെളിവുകളാണിവ...കാവുകൾ മഴവെള്ളം സംഭരിച്ച് കുളങ്ങളിൽ നിറച്ചുവച്ച്, മലയാളിക്ക് കാർഷികസമൃദ്ധിയും ജലസമൃദ്ധിയും നൽകി...കീടനാശിനികൾ എന്ന പേരിൽ വിഷം തളിക്കാതെ,വളമെന്നപേരിൽ രാസവിഷങ്ങൾ വാരിത്തൂകാതെ അന്ന് നല്ല വിലവും മലയാളിക്ക് ശുദ്ധമായ ആഹാരവും കൂടി ലഭിച്ചു...

ന്ന് ഒന്നോ രണ്ടോ മുറികളുള്ള വീടുകളായിരുന്നു അധികവും..ഉപഭോക്തൃ സാധനങ്ങൾ കുന്നുകൂട്ടി വയ്ക്കേണ്ടതില്ലാത്തതിനാൽ അതവന് പര്യാപ്തവുമായിരുന്നു.വലിയ കോവിലകങ്ങളും നാലുകെട്ടുകളും എട്ടുകെട്ടുകളും തറവാടുകളും ഒക്കെ അങ്ങിങ്ങ് ഉണ്ടായിരുന്നെങ്കിലും,ഇന്നത്തെപ്പോലെ രണ്ടൊ നാലോ പേരല്ല അവയിൽ താമസിച്ചിരുന്നത്..പത്തും നാൽ‌പ്പതും പേരൊക്കെ ഒരുമയോടെ, സാമാന്യം പോരടിക്കലും കുശുമ്പും കുന്നായ്മകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ,ഉഗ്രശാസനനായ തറവാട്ടുകാരണവരെ അനുസരിച്ച് അവിടെ കഴിഞ്ഞു...
ഇന്ന്...
ഇന്ന് കോൺക്രീറ്റ് മന്ദിരങ്ങളുടെ കാലമാണ്...ചെറിയവീടെന്ന ആശയം മലയാളി കോൺക്രീറ്റും സിമന്റും ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഉപേക്ഷിച്ചതെന്നു തോന്നുന്നു..ഒരു വീടെന്നാൽ അവനവന്റെ പോക്കറ്റിന്റെ കനം മറ്റുള്ളവരെ അറിയിക്കാനുള്ള ഒരുപാധിയാക്കി മാറ്റിയിരിക്കയാണ് ,ഒരു പൊങ്ങച്ച പ്രദർശനോപാധിയാക്കി മാറ്റിയിരിക്കുകയാണ് മലയാളി.അയൽക്കാരൻ പത്തുമുറികളുള്ള വീടുണ്ടാക്കിയാൽ അവന് പന്ത്രണ്ട് മുറികളെങ്കിലും കൂടിയേ തീരൂ...കൈയ്യിലിതിന് കാശില്ലെങ്കിലെന്താ ഉണ്ടല്ലോ വായ്പകൾ എന്ന പടുകെണികളൊരുക്കി കാത്തിരിക്കുന്ന ബാങ്കുകളും ധനകാര്യസ്ഥപനങ്ങളും...പലിശ കൊടുത്തു മുടിഞ്ഞാലും വീടുപോര ഇടത്തരക്കാർക്കു പോലും,കൊട്ടാരങ്ങൾ തന്നെ വേണം..അവന്റെ ജീവിതകാലസമ്പാദ്യമൊക്കെയും ഇങ്ങനെ മണ്ണിൽ കൊണ്ടിട്ട് കളയുന്നു..

ണ്ടത്തെ വീടുകളിൽ മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമായ നിർമ്മാണ വസ്തുക്കൾ ഒന്നും ഉപയോഗിച്ചിരുന്നില്ല.ഒക്കെ പരിസ്ഥിതി സൌഹൃദമുള്ളവയും ആയിരുന്നു..അതിനാലിന്നത്തെ കോൺക്രീറ്റ്പെട്ടികൾ ഉണ്ടാക്കുന്ന ആസ്മ- അലർജ്ജിരോഗങ്ങൾ അന്നു വീടുകൾ പകർന്നിരുന്നില്ല..കേരളീയന്റെ ചുട്ടുപഴുത്ത മധ്യാഹ്നങ്ങളിൽ പോലുമവ കുളിർമ്മ നൽകി..ഇന്ന് സിമന്റ്, പൂഴി, കരിങ്കൽച്ചില്ലി,ഇരുമ്പുകമ്പി തുടങ്ങിയവ മുഖ്യ നിർമ്മാണ വസ്തുക്കളായപ്പോൾ വൈദ്യുതപങ്കകളില്ലാതെ ഇത്തരം വീടുകളിൽ ജീവിക്കാൻ വയ്യാതായി.നിലമൊരുക്കാൻ ചാണകമുപയോഗിച്ച നാളുകൾ അവന്റെ കാലിനു വാതരോഗം സമ്മാനിച്ചില്ല...മാത്രമല്ല ചാണകത്തിലും അൽ‌പ്പം മണ്ണിലും പാദരക്ഷകൾ എന്ന പാദശിക്ഷകൾ ഉപയോഗിക്കാതെ നടന്നപ്പോൾ ടെറ്റനസ് പോലുള്ള മാരകരോഗങ്ങളിൽനിന്നും അവനു പ്രതിരോധം കൂടി ലഭിച്ചു..

കേരളീയ വാസ്തുശാസ്ത്രം അത്യുത്തമമായിരുന്നു.കിഴക്കു വശത്തു നിന്നും പ്രഭാതത്തിൻ ശുദ്ധവായു ഉള്ളിൽ കടക്കാൻ പാകത്തിൽ മുഖം കിഴക്കോട്ടാക്കി. എപ്പോഴും അഗ്നി ജ്വലിക്കേണ്ട അടുക്കള വടക്കു പടിഞ്ഞാറെ കോണിലാക്കിയാൽ അഗ്നിബാധയുണ്ടാവില്ലെന്ന് വായുപ്രവാഹത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തിയത്. നേരെ നടുമുറ്റത്ത് ഉയർന്ന തറ കെട്ടി തുളസി നട്ടു പൂജ ചെയ്തു.ഇതും ശാസ്ത്രീയമായിരുന്നു..വായുവിൽനിന്ന് വിഷങ്ങൾ വലിച്ചെടുത്ത് ഔഷധങ്ങൾ പുറത്തു വിട്ട് നാനാവ്യാധികളിൽ നിന്ന് രക്ഷിക്കുമ്പോൾ ഐശ്വര്യദേവത തന്നെയല്ലെ തുളസി..കൂടാതെ വീട്ടിനകത്ത് മലിനവായു കെട്ടിക്കിടന്ന് രോഗം വരാതിരിക്കാനും ഈ തുളസിത്തറകൾ ഒരു പങ്കു വഹിച്ചു .നേരെ മുൻ വാതിലിലൂടെ അകത്തുകടക്കുന്ന ഔഷധം കലർന്ന വായു പടിഞ്ഞാറ്റമുറിയുടെ ചുമരിൽ നേരെ പിറകിലുള്ള ദ്വാരത്തിലൂടെ പുറത്തുകടന്നാണ് ഇതു സാധിച്ചിരുന്നത്.

റ്റൊരു കാര്യംകൂടി പറയാതെ വയ്യ മലയാളിയുടെ വീടിനെപറ്റി പറയുമ്പോൾ..അതവന്റെ ചായമടിക്കലിനെപ്പറ്റിയാണ്.തേക്കാത്ത മൺചുമരുകളും പിന്നെ കുമ്മായം പൂശിയ കൽച്ചുമരുകളും പാർശ്വഫലങ്ങൾ ഒന്നുമില്ലാത്തവയായിരുന്നു..അതിലവൻ പൂശിയ സ്വാഭാവിക ചായങ്ങളും അവന്റെ ആരോഗ്യം കാർന്നുതിന്നില്ല .സിമന്റ് തേപ്പ് വന്നപോഴേ ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങി.പിന്നെ കടും നിറങ്ങളിലുള്ള എണ്ണച്ചായങ്ങൾ വന്നതോടെ അവനറിയാതെ ഒരു പാട് പണം നൽകി ചുമരുകളിൽ മഞ്ഞയും ചുവപ്പും പച്ചയും നീലയുമൊക്കെ നിറത്തിലുള്ള വിഷങ്ങൾ പൂശാൻ തുടങ്ങി.പായലേ വിട പൂപ്പലേ വിട എന്നവൻ അഭിമാനിച്ചപ്പോൾ ഉഗ്രവിഷമുള്ള കറുത്തീയവും കാഡ്മിയവുമൊക്കെയടങ്ങിയ ചായങ്ങൾ സദാ അന്തരീക്ഷത്തിലേയ്ക്ക് വിഷം വമിപ്പിച്ചു കൊണ്ടിരുന്നു ..പുതുപുതു രോഗങ്ങൾ വന്നുകൊണ്ടിരുന്നപ്പോഴും അവനു കാര്യം പിടികിട്ടിയില്ല...പല വികസിത രാഷ്ട്രങ്ങളിലും മറ്റുള്ളവർക്ക് ദോഷകരമായ രീതിയിൽ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതിനാലും മറ്റു ജീവികൾക്ക് ശല്യമാകുന്നതിനാലും ഇത്തരം ചായങ്ങൾ തേയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്..മലയാളിക്കെന്ത് നിയമങ്ങൾ ..നിയമം ഉണ്ടാക്കിയാലും അതവൻ അനുസരിക്കില്ലല്ല്ല്ലോ.അധികാരികൾക്ക് ഇത്തരം ജനസ്നേഹ പരമായ നിയമങ്ങൾ നടപ്പിലാക്കലല്ലല്ലോ ഇവിടെ ജോലി...


ന്ന് മലയാളി വീടിനും മുറ്റം ,മതിൽ എന്നിവയ്ക്കുമായി ഒരു കുടുംബത്തിന് ആവശ്യമുള്ളതിലും അധികാരമുള്ളതിലും എത്രയോ ഇരട്ടി പുനർ നിർമ്മിക്കാനാകാത്ത കല്ല്,കരിങ്കല്ല് ,കമ്പി ,ഇഷ്ടികകൾ തറയോടുകൾ മാർബിൾ,ചില്ല്,പൂഴി.. തുടങ്ങിയവ ധൂർത്തടിക്കുന്നു.കേവലം മൂന്നോ നാലോ പേർക്ക് ജീവിക്കാനാണ് മണിമന്ദിരങ്ങൾ പണിയുന്നത്..ഇതിനെ കൊള്ള എന്നാണു പറയേണ്ടത്.ഈ ഭൂമിയിലെ അനേകതലമുറകൾ[മനുഷ്യനും മറ്റെല്ലാ ജീവികളും..]ഉപയോഗിക്കേണ്ടതെല്ലാം കൊള്ളയടിച്ചു തീർത്തുകൊണ്ടിരിക്കുകയാണ്. മുറ്റം സിമന്റിടുകവഴി തന്റെ തന്നെ കുടിവെള്ളം മുട്ടിക്കുന്നു.സിമന്റുപൂശിയതും പതിനായിരങ്ങളല്ല ലക്ഷങ്ങൾ മുടക്കിയതുമായ മതിലുകൾ എത്രവേണമെങ്കിലും കാണാം..നല്ല ഒന്നാന്തരം ഓടുമേഞ്ഞ വീട് തച്ചു പൊടിച്ചാണ് മിക്ക കോൺക്രീറ്റ് പേടകങ്ങളും നിർമ്മിച്ചിരിക്കുന്നതും...

തൊക്കെ എവിടെച്ചെന്നവസാനിക്കും?...വിഭവങ്ങളെല്ലാം തീരുമ്പോഴോ...അന്ന് ചിലപ്പോൾ ഒരോലപ്പെരയെങ്കിലും കെട്ടാനായെങ്കിൽ എന്നാശിച്ചാലും തെങ്ങോലകൾപോലും കിട്ടിയെന്നുവരില്ല.മണ്ണ് പൂർണ്ണമായും കെട്ടിടാവശിഷ്ടങ്ങൾ കൊണ്ട് മലിനമാക്കിക്കഴിഞ്ഞാൽ,ബാക്കി വരുന്ന സ്ഥലമത്രയും രാജപാതകളെന്നപേരിൽ ടാറിട്ടും നശിപ്പിച്ചു കഴിഞ്ഞാൽ വീടുകെട്ടാൻ ഓലപോയിട്ട് കുടിക്കാൻ വെള്ളം വരെ അന്നു കിട്ടില്ല. ഏറെ വൈകിക്കഴിഞ്ഞെങ്കിലും ഇനിയെങ്കിലും മലയാളി തെറ്റു തിരുത്താൻ തയ്യാറായെങ്കിൽ...

6 comments:

നനവ് said...

വിഭവക്കൊള്ള അവസാനിപ്പിക്കാനുള്ള ഒരു വഴിയാണ് ഒരു കുടുംബത്തിന് അംഗങ്ങളുടെ എണ്ണമനുസരിച്ച് ഉപയോഗിക്കാവുന്ന വിഭവങ്ങൾ ഇത്രയെന്ന് സർക്കാർ തന്നെ പരിമിതപ്പെടുത്തുകയും, അധികമായി ഉപയോഗിക്കുന്ന വിഭവങ്ങൾക്ക് നൂറോ ഇരുന്നൂറോ മടങ്ങ് നികുതി ഏർപ്പെടുത്തുകയും ചെയ്യുക എന്നത്...കുട്ടികളെ ബോധവൽക്കരിക്കുകയാണ് മറ്റൊരു വഴി..ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മനുഷ്യനെക്കൊണ്ട് അപകടകരമായ ഇത്തരം വിഡ്ഢിത്തങ്ങൾ ചെയ്യിക്കുന്നത്...

mayflowers said...

ഇന്നത്തെ വീട് സ്വന്തത്തിനു താമസിക്കാന്‍ എന്നതിലുപരി നാലാളെ കാണിക്കാനുള്ള ഷോകേസ് ആണ്.

K@nn(())raan*خلي ولي said...

@@
mayflowers:

ഇത്ത പറഞ്ഞതാ സത്യം. പൊങ്ങച്ചം നമ്മെ നശിപ്പിക്കുന്നു!
(നല്ല പോസ്റ്റ്‌)

Echmukutty said...

ഈ പൊങ്ങച്ചമെല്ലാം എന്തിനു വേണ്ടിയാണ്? ജീവിത കാലം മുഴുവൻ സ്വന്തമാകാൻ പോകുന്നെന്ന് സ്വയം വിശ്വസിപ്പിയ്ക്കേണ്ട വീടിന്റെ കടം അടച്ച് തീർക്കാൻ അല്ലേ?
നന്നായി പോസ്റ്റ്.

ബിന്‍ഷേഖ് said...

"ആറടി മണ്ണിലോതുങ്ങും മനുജന്റെ,
ആര്‍ത്തി മാത്രം പൂര്‍ത്തിയാവതില്ല
ദുര മൂത്തു പുകയുന്ന ഹൃത്തിന്‍ വിശപ്പാട്ടെ,
ഈ ഭൂമി കൊണ്ടും ശമിപ്പതില്ല"

നനവേ നന്ദി
ചുറ്റുപാട് അതിദ്രുതം ഊഷരമാവുമ്പോള്‍
നനവൂറുന്ന ചിന്തകള്‍ ചുരത്തുന്നതിനു.തുടരുക..

സ്നേഹപൂര്‍വ്വം
ബിന്ഷേഖ്

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam..... aashamsakal.......................