* വികാസംവേണം*വിനാശം വേണ്ട*

Monday, August 23, 2010

വേണ്ടായിരുന്നു ഈ ഓണം....

വേണ്ടായിരുന്നു ഈ ഓണാഘോഷം....
പണ്ട്...
ഓണമാകാൻ കാത്തിരിക്കുമായിരുന്നു
ഞാനും കൂട്ടുകാരും...
പറമ്പായ പറമ്പുകളിലൊക്കെ,
കുന്നായ കുന്നിലൊക്കെ
വയലായ വയലിലൊക്കെ,...
കാക്കപ്പൂവും തെച്ചിയും തുമ്പയുമൊക്കെ തേടിനടക്കാൻ,
മറ്റുള്ളവരെക്കാൾ കൂടുതൽ പൂക്കളിറുത്ത്
ഏറ്റവും വലിയ പൂക്കളം തീർക്കാൻ
ബാല്യത്തിനന്ന് വാശിയുമാവേശവുമായിരുന്നു...
ഒറ്റപ്പൂപോലും കാശുകൊടുത്തു വാങ്ങാറില്ലായിരുന്നു...
വയലിൽനിന്ന് പുന്നെല്ലും
വേനലിൽ നട്ടുനനച്ചു കരുതിവച്ച
വെള്ളരിയും കുമ്പളവും....
പായസവിഭവങ്ങളും അത്യാവശ്യം പച്ചക്കറികളും
കൊക്കിലൊതുങ്ങുന്ന വിലയ്ക്ക്
വാങ്ങാനാകുമായിരുന്നു...

പുത്തനൊരോണക്കോടി ...
അതു ഗ്രാമീണബാല്യങ്ങളുടെ
ഏറ്റവും വലിയ സ്വപ്നമായിരുന്നു...
അതു വാങ്ങാനായിരുന്നു
വീട്ടുകാർക്കേറ്റവും വിഷമം.
ഇന്നത്തെപ്പോലെ കൈ നിറയെ കാശ്
അന്ന് വന്നുനിറഞ്ഞിരുന്നില്ലല്ലോ...
എങ്കിലും അന്ന് ഓണം ഓണമായിരുന്നു...
വില കുറഞ്ഞ ചീട്ടിത്തുണി കൊണ്ട്
ഒരുടുപ്പ് തൈച്ചുകിട്ടിയാൽ കുഞ്ഞുമനസ്സിനന്ന്
സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു...
മുറ്റത്തെ മാവിൻ കൊമ്പിലൊരൂഞ്ഞാലുമിട്ട്,
പൂവിളിപ്പാട്ടുകൾ പാടിയ ആ ഓണദിനങ്ങൾ
ഇങ്ങിനിയെത്തില്ലല്ലോ...

ന്ന്....കൈനിറയെ കാശുമായി
ധൂർത്തിന്റെ പര്യായമായി മാറിയ ഓണാഘോഷം...
ആയിരത്തഞ്ഞൂറ് രൂപയുടെ മസാക്കലി തന്നെ വേണം
പെൺകുട്ടികൾക്ക് ഓണക്കോടിയായി...
ആൺകിട്ടികൾക്കും വേണം
അതിലേറെ വിലയുള്ള
ജീൻസും ഷർട്ടും...
ഉദ്യോഗസ്ഥകളാണെങ്കിൽ വാങ്ങിക്കൂട്ടുന്നത്
അഞ്ചും പത്തും ജോഡി വസ്ത്രങ്ങളാണ്...
എന്നും കോടിയുടുക്കുന്നവർക്ക്
എന്തോണക്കോടി.....
എന്നും സദ്യയുണ്ണുന്നവർക്ക്
എന്തോണസ്സദ്യ....

ചിക്കൻ വാങ്ങി ബിരിയാണിയുണ്ടാക്കിയാണ്
മലയാളിയിന്ന് ഓണമാഘോഷിക്കുന്നത്...
സദ്യയുണ്ടാക്കാനൊക്കെ ആർക്കാ ഇപ്പം നേരം,
നൂറു പരസ്യങ്ങളുമൊപ്പമൽ‌പ്പം
നിലവാരമില്ലാപ്പരിപാടികളുമായി
ചാനലുകൾ കാത്തിരിക്കുമ്പോൾ....
പൂവിറുക്കലോ..ച്ഛായ്... മോശം...
മാർക്കറ്റിൽ തമിഴന്റെ കീടനാശിനി തളിച്ചുണ്ടാക്കിയ
മിന്നുന്ന പൂക്കളുണ്ടല്ലോ...

നൂറോ അഞ്ഞൂറോ ആയിരമോ
പോക്കന്റിന്റെ കനമ്പോലെ വാങ്ങാം...
ലക്ഷങ്ങൾ പൊടിച്ച്
സ്നേഹപ്പൂക്കളമെന്നപേരിൽ
ഗിന്നസിലും കയറാം...
മലയാളിയുടെ ഓണം
തമിഴനിന്ന് ചാകരക്കൊയ്ത്താണ്...
ഉത്രാടപ്പാച്ചിലെന്ന് കേട്ടിട്ടേയുള്ളൂ...
മുമ്പൊക്കെ ഓണമൊരുക്കാൻ തലേന്നാൾ
മലയാളി ഓടിനടന്നിരുന്നു...
ഈ ഉത്രാടത്തിനും കണ്ടു ഞാൻ ഉത്രാടപ്പാച്ചിൽ,
പക്ഷെ,ഓണമൊരുക്കാനുള്ള പാച്ചിലായിരുന്നില്ല....
വാങ്ങിയിട്ടും വാങ്ങിയിട്ടും ആർത്തി തീരാതെ,
കാണുന്നതത്രയും വാങ്ങിക്കൂട്ടി,
ശമ്പളവുമലവൻസും പിന്നെയോണമഡ്വാൻസുമൊക്കെ
തീർക്കാനുള്ള മത്സരപ്പാച്ചിലായിരുന്നു.....

ആർത്തി...ആർത്തി...ആർത്തിമാത്രം...അതാണിന്നത്തെ ഓണാഘോഷം...

നന്മയും സ്നേഹവുമൊക്കെ
മെസേജുകളിൽമാത്രമായിരിക്കുന്നു...
വറ്റിവരണ്ട മനസ്സുള്ള മലയാളിക്ക്
എങ്ങനെ മനസ്സു നിറയാനാണ്...
ഓണമെന്നാൽ നിറവെന്നല്ലെ,സമൃദ്ധിയെന്നല്ലെയർഥം...


തൊക്കെ സഹിക്കാമെന്നു വച്ചാലും..
ഈയോണത്തിന്
ശരിയായ കണക്കെത്തുമ്മുൻപ്
നൂറ്റമ്പതിലേറെ കോടി
മലയാളി കുടിച്ചു തീർത്തു കഴിഞ്ഞത്രെ...
ലഹരി മോന്താനും ഇറച്ചി തിന്നാനും വേണ്ടി
എന്തിനിങ്ങനെയൊരോണാഘോഷം...

വേണ്ടായിരുന്നു...
മാബലിമന്നാ..കേരളത്തിലേക്കിനി വരില്ലെന്ന്
ഒന്നിനി പറഞ്ഞുകൂടെ...
തട്ടിപ്പും വെട്ടിപ്പും മാത്രം നിറഞ്ഞ
ഈ മലയാള മണ്ണിനേക്കാൾ
എത്രയോ ഭേദമല്ലേ പാതാളവാസം...
3 comments:

റ്റോംസ് കോനുമഠം said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.

നനവ് said...

176 കോടി ഔദ്യോഗിക കണക്കനുസരിച്ചും പിന്നെയും കുറേ കോടികൾ അനൌദ്യോഗികമായും മലയാളി തിരുവോണ ദിനം വരെ കുടിച്ചു പൊടിച്ച കാശാണ്...അതിനാണ് 7500 രൂപ ഓണമഡ്വാൻസും 1500 രൂപ ഓണമലവൻസും സർക്കാർ നൽകിയത്... വരും മാസങ്ങളിലവൻ പട്ടിണി കിടന്നാലെന്തു നഷ്ടം സർക്കാരിന്...കാശ് വിതച്ച് കാശു വാരുന്ന ഒരു കിലുക്കിക്കുത്താണ് ഈ ഓണാഘോഷം സർക്കാരിന്...പ്രജകളുടെ ആരോഗ്യവും സംസ്ക്കാരവും ഊറ്റിക്കുടിച്ച് പണമുണ്ടാക്കുന്നു.എന്നിട്ട് വികസനം എന്ന പേരിൽ ഭൂമി സ്വകാര്യമുതലാളിമാർക്ക് കൈ മാറി ഭരിക്കുന്ന രാഷ്രീയ കക്ഷികൾ കോടികൾ കമ്മീഷൻ വാങ്ങുന്നു...ആ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ മനുഷ്യനും പ്രകൃതിക്കും വിനാശകരമായ വൻപദ്ധതികൾ കൊണ്ടുവന്ന് രോഗങ്ങൾ വിതയ്ക്കുന്നു.സഹകരണ ആശുപത്രികളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും കൊഴുക്കുന്നു... എതിർക്കാനായി നാവോ പേനയോ ഉയർത്തുന്നവരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്നു.. ഹാ.. എന്റെ മാവേലിനാടേ.. എത്ര സുന്ദരം ഈ ഓണക്കാലം..

കെ.പി.സുകുമാരന്‍ said...

കാഴ്ചക്കാരായി നോക്കിനില്‍ക്കാനേ നമുക്ക് കഴിയുന്നുള്ളൂ, എന്ത് ചെയ്യാന്‍ പറ്റും :(