* വികാസംവേണം*വിനാശം വേണ്ട*

Saturday, May 15, 2010

ഇങ്ങനെയാണെങ്കിൽ ഈ വികസനം വേണ്ടെന്നു പറഞ്ഞുകൂടെ?…..

ർത്തി മൂത്ത മനുഷ്യസമൂഹം ഇന്ന് അന്ധമായ ഒരു കുതിപ്പിലാണ്.എന്താണ് ആവശ്യം എന്നുപോലും തിരിച്ചറിയാത്ത അവർ എല്ലാം വാങ്ങിക്കൂട്ടുകയാണ്.ഉപയോഗിക്കുക,വലിച്ചെറിയുക…എന്നതാണ് വർത്തമാനകാലത്ത് മനുഷ്യന്റെ ജീവനശീലം.അവന്റെ ജീവിതം വെറും അനുകരണമായിരിക്കുന്നു.മിമിക്രി മാത്രമായിരിക്കുന്നു കല….അഴിമതി,സ്വജനപക്ഷപാതം,വഞ്ചന മുതലായവ സദ്ഗുണങ്ങളുടെ പട്ടികയിലേയ്ക്ക് മാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.സദ്ഗുണങ്ങളും ദുർഗുണങ്ങളും തിരിച്ചറിയാത്ത ,അല്ലെങ്കിൽ ഉരച്ചുമനസ്സിലാക്കാൻ ഉരകല്ലില്ലാത്ത ,അതിനു ശ്രമിക്കാത്ത ഈ സമൂഹം നൽകുന്ന സൂചനകളെന്താണ്? ഈ കുതിപ്പ്…ഈ താണ്ഡവം നമുക്ക് എത്ര കാലം തുടരാനാവും?…….

ഥാർത്ഥത്തിൽ ഒരു ജീവി എന്ന നിലയിൽ മനുഷ്യന് അടിസ്ഥാനപരമായി വേണ്ടത് ശുദ്ധവായു ,ശുദ്ധജലം, ശുദ്ധമായ ഭക്ഷണം ഇത്രയുമാണ്..ഇത്രയും കിട്ടിക്കഴിഞ്ഞാൽ അവന്റെ ആരോഗ്യം പൂർണ്ണമായി.ഇനി വേണ്ടത് സ്വസ്ഥമായി കഴിയാൻ ഒരു കൂട്-ഒരു വീട് പിന്നെ ഒരിണ…ഭക്ഷണം വിളയിക്കാൻ അല്പം ഭൂമി…. പിന്നെ വേണമെങ്കിൽ സഞ്ചരിക്കാൻ വഴികളും വാഹനങ്ങളും.ഇവ അത്യാവശ്യങ്ങൾക്കു മാത്രം,ആർഭാടമാകരുതൊന്നും…


ത്രയൊക്കെ മാത്രമാണ് മനുഷ്യന്റെ ഭൌതികാവശ്യങ്ങൾ…ഇതിൽ അവസാനം പറഞ്ഞ രണ്ടുകാര്യങ്ങളൊഴികെ സർക്കാരുകൾ ചെയ്തുകൊടുക്കുന്നുണ്ടോ?ശുദ്ധവായുവും വെള്ളവും വിഷമില്ലാത്ത ആഹാരവും സർക്കാരുകൾ ഉറപ്പാക്കുന്നുണ്ടെങ്കിൽ ഇത്രയേറെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഇവിടെ ഉയരുമായിരുന്നോ?


ഭൌ
തിക ആ‍വശ്യങ്ങൾക്കപ്പുറം മനുഷ്യൻ എന്ന ജീവജാതിയ്ക്ക് ഒരു മറുപകുതി കൂടിയുണ്ട്.ജീവജാലങ്ങളിൽ അവനുമാത്രം കിട്ടിയ ഒരപൂർവ്വത-ബോധതലത്തിന്റെ ഉയർച്ചയാണ് ആ മറുപകുതി .പൂർണ്ണമായും ഇത് ഭൂരിഭാഗം പേരും വിസ്മരിക്കുകയാണ്.ആ ലോകം സൌന്ദര്യത്തിന്റെതാണ്-അറിവിന്റെതാണ്…ഈ രണ്ടു പകുതികളും ഉൾച്ചേർന്നവനാണ് മനുഷ്യൻ,സത്തും ചിത്തും അതിനുശേഷം ആനന്ദവും ….സച്ചിതാനന്ദൻ…ഇത് ഒരു ജന്മംകൊണ്ട് തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് മനുഷ്യന്റെ ജീവിതപരാജയത്തിന്റെ മുഖ്യ കാരണം.


മ്മുടെ ഭരണാധികാരികൾ ഭൌതിക പുരോഗതി മാത്രം ലക്ഷ്യമിട്ട് എല്ലാ പ്രവർത്തികളും ചെയ്യുന്നു.പണാധിഷ്ഠിതമായിരിക്കുന്നു സമൂഹമനസ്സ്. ഇടതായിക്കോട്ടെ വലതായിക്കോട്ടെ മാറിമാറി വരുന്ന സർക്കാരുകൾ പണാധിഷ്ഠിതമായിമാത്രം കാര്യങ്ങൾ നടത്തുന്നു.എല്ലാവരും പൊതുസ്വത്തവകാശം വിട്ട് സ്വകാര്യസ്വത്തിലേയ്ക്ക് കടക്കുന്നു.സുതാര്യത വിട്ട് ഇരുമ്പുമറക്കുള്ളിൽ കാര്യങ്ങൾ നടത്തുന്നു.പണം ഉണ്ടാക്കാനുള്ള മാർഗ്ഗം ആരും കണ്ടില്ലെങ്കിൽ മാന്യനായി.അഥവാ ആരെങ്കിലും കണ്ടാൽ സാമ ദാന ഭേദ ദണ്ഡ മുറകൾ ഉപയോഗിച്ച് നേരിടുന്നു.ഏതുതരം സുഖസൌകര്യങ്ങളും പണം കൊടുത്താൽ നമുക്ക് നൽകാൻ ഭരണകർത്താക്കൾ തയ്യാറായി നിൽക്കുന്നു


യു
വത്വത്തെ മുഴുവൻ മദ്യത്തിൽ മുക്കിക്കിടത്തുന്നു.അവരെ അതിൽനിന്നും ഉണർത്താതിരിക്കാൻ നമ്മുടെ മഹാനടൻ വൈകീട്ടെന്താ പരിപാടി എന്നു ചോദിച്ച് കവലകളിൽ ചിരിതൂകി നിൽക്കുന്നു.കൂടാതെ പെണ്ണുങ്ങളെ പാട്ടിലാക്കാൻ ഇയാൾതന്നെ പൊന്നിന്റെ കേമത്തരങ്ങൾ വിളിച്ചുപറയുന്നു.ആ പൊലിമയിൽ നമ്മൾ പൊന്നും മദ്യവും വളരെ കേമത്തരമായി അനുഭവിക്കുന്നു.പ്രത്യുപകാരമായി അയാളെ സർക്കാർ ഖാദിയുടെ പ്രചാരകനാക്കുന്നു.അങ്ങനെ പ്രശസ്തി വിറ്റ് പണമുണ്ടാക്കുകയും ആ പണംകൊണ്ട് വീണ്ടും പ്രശസ്തനാവുകയും ചെയ്യുന്നു.


രിക്കുന്നവർ അവരവരുടെ അജണ്ടകൾ നടപ്പിലാക്കാൻ മനപ്പൂർവ്വം ചെയ്യുന്നതാണ് യുവജനങ്ങളെ മദ്യത്തിന്റെ അടിമകളാക്കിമാറ്റുക എന്നത്. മദ്യത്തിനു മാന്യത കൊടുത്ത് യുവത്വത്തെ അതിൽ മയക്കിക്കിടത്തിയിരുന്നില്ലെങ്കിൽ അവരുടെ പ്രതികരണങ്ങൾക്കു മുന്നിൽ ഒരു ഭരണകൂടത്തിനും ധർമ്മത്തിൽനിന്ന് വ്യതിചലിക്കാൻ പറ്റുമായിരുന്നില്ല. തലയിൽ മുണ്ടിടാതെയും പൊതുസ്ഥലത്ത് ക്യൂ നിന്നുമൊക്കെ മദ്യം വാങ്ങുന്നതും ബസ്സിൽ വച്ചും മറ്റും മൊബൈലിൽ സുഹൃത്തിനോട് ഒരു കുപ്പി വാങ്ങിവയ്ക്കാൻ ഉറക്കെ പറയുന്നതുമൊക്കെ മലയാളിക്കിന്ന് മാന്യതയുടെ അടയാളങ്ങളായി മാറിക്കഴിഞ്ഞു. പത്രഫോട്ടോ‍ഗ്രാഫരുടെ ക്യാമറക്കണ്ണീനു മുന്നിൽ‌പ്പൊലും ഹുങ്കോടെ നിന്ന് കുടിക്കാൻ അവനിന്ന് എന്തഭിമാനമാണെന്ന് നമ്മളെല്ലാം കണ്ടതാണല്ലോ.മദ്യം വിറ്റ പണം കൊണ്ടാണ് ഭരണകൂടം ചലിക്കുന്നതെന്ന് മദ്യമുതലാളിമാരും ഭരണാധികാരികളും ഹുങ്കുപറയുമ്പോൾ, ബോധം നശിച്ച മദ്യപാനിക്കും അയാളുടെ കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കുകൾ മദ്യം മൂലമുണ്ടാകുന്ന ലാഭത്തെക്കാൾ എത്രയോ അധികമാനെന്ന യാഥാർഥ്യം ഇവർ കാണുന്നില്ല.ഇവിടെ ലാഭമുണ്ടാകുന്നത് മദ്യമുതലാളിമാർക്കും അവരെ താങ്ങിനിർത്തുന്ന രാഷ്ട്രീയക്കാർക്കും മാത്രമാണ്.


ചേ
രികളുടെ വ്യാപനമാണ് അസന്തുലിതമായ വികസന പ്രക്രിയകളുടെ മറ്റൊരു ദൂഷ്യം.ധനികരും അധികാരികളുമടങ്ങുന്ന 10% പേർക്ക് സുഖജീവിതം നയിക്കാനായി 90%പേരുടെ വീടും വയലും പൈതൃകങ്ങളുമെല്ലാം ഇടിച്ചുനിരത്തി ബി.ഒ.ടി.പാതകളും താപനിലയങ്ങളും കളിമൺഖനനങ്ങളൂം വ്യവസായ പാർക്കുകളും ഒക്കെ ഉണ്ടാക്കുമ്പോൾ, ജീവന്റെ നിലനിൽ‌പ്പിനായി പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന കുന്നും വയലും കാടും മേടും പുഴയും വെള്ളച്ചാട്ടങ്ങളൂം കടലോരങ്ങളും കണ്ടൽക്കടുകളും ഒക്കെ ചിലർക്ക് വികസനമെന്ന ഓമനപ്പേരിട്ട് തീറെഴുതിക്കൊടുക്കുമ്പോൾ പാരിസ്ഥിതികവും സാമൂഹ്യവുമായ അഭയാർഥികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.കൃഷിചെയ്യാനുള്ള ഭൂമിയുടെ വിസ്തൃതി കുറയുന്നതും ഭക്ഷണം കഴിക്കാനുള്ള ആളുകളുടെ എണ്ണം കൂടുന്നതും ശാസ്ത്രീയമായ രീതിയല്ലല്ലോ…..ഇതൊക്കെയാണ് ഇന്നു നടക്കുന്ന വികസനങ്ങൾ.എങ്കിൽ ഈ വികസനം ഇനിയും നമുക്കു വേണ്ട എന്നു പറയാനുള്ള ചങ്കൂറ്റം നമുക്ക് കാണിച്ചുകൂടെ?……


നി നമുക്ക് വികസനത്തിന്റെ ഭൂരിഭാഗം പേരും അവഗണിക്കുന്ന മറ്റെ പകുതിയെപ്പറ്റി പരിശോധിക്കാം. ബോധതലത്തിന്റെ കാര്യമാണ് പറയുന്നത്.അതിനെ വികസിപ്പിക്കാൻ മുമ്പൊക്കെ ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.സാമൂഹ്യ -സാസ്കാരികനായകന്മാർ സമൂഹത്തിലെ എല്ലാ ജീർണ്ണതകൾക്കുമെതിരെ നിരന്തരമായി പ്രവർത്തിച്ഛിരുന്നു. മദ്യം വിഷമാണെന്നും മനുഷ്യരെല്ലാം ഒരു ജാതിയാണെന്നും പറഞ്ഞ ശ്രീനാരായണഗുരുയും, പ്രകൃതിയെ നശിപ്പിക്കരുതെന്നു പറഞ്ഞ ഏംഗൽസും ,എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഇവിടുണ്ട്, എന്നാൽ ആരുടെയും ആർത്തിക്കുള്ളത് ഭൂമിയിലില്ലെന്നു പറഞ്ഞ ഗാന്ധിജിയും നമ്മെ ശരിയായ ദിശയിൽ നയിച്ചവരായിരുന്നു….ഇന്നു നമുക്കുള്ളത് പരസ്പരം ഗ്വാ ഗ്വാ വിളിക്കുകയും പ്രശസ്തിയും സ്ഥാനമാനങ്ങളൂം മാത്രമാഗ്രഹിച്ച് പ്രവർത്തിക്കുന്നവരുമായ സാംസ്കാരികനായകന്മാർ എന്ന് പറയപ്പെടുന്ന ചിലർ മാത്രമാണ്…..വാ‍യനശാലകൾ ഇന്ന് ജനശൂന്യങ്ങളാണ്…


പയോഗിക്കാത്ത ഒരു സാധനം പെട്ടെന്ന് പേട് ആയിപ്പോകും.പേടായിപ്പോയ ഒരാത്മാവും പണച്ചാക്കായിപ്പോയ ഒരു ശരീരവുംവച്ചാണോ ആധുനിക മനുഷ്യൻ ജീവിക്കേണ്ടത്?….ആനന്ദം എന്നത് കേവലം ചില സന്യാസിമാർക്ക് മാത്രമായി സംവരണം ചെയ്യപ്പെടേണ്ടതാണോ??സന്തുലിതമായ ഒരു വികസനം നടക്കുന്നില്ലെങ്കിൽ മനുഷ്യൻ എന്ന ജീവജാതി അടുത്ത തലമുറയിൽ മറ്റൊന്നായി പരിണമിച്ചേക്കാം.അവന്റെ നാശം തന്നെയാണ് സംഭവിക്കാൻ പോകുന്നത്…

11 comments:

Unknown said...

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ ..... വിദ്യാഭ്യാസം പോലും വെറും പൊങ്ങച്ചപ്രകടനമായില്ലേ? പ്രതീക്ഷയ്ക്ക് ഒരു വകയും കാണുന്നില്ല. ചിന്തിക്കുന്ന കുറച്ച് പേര്‍ക്ക് മാത്രമേ പ്രശ്നമുള്ളൂ. കൂടുതല്‍ എന്ത് പറയാന്‍ ....

നനവ് said...

ഇന്ന് ലോക പരിസ്ഥിതിദിനം...ഈ ഭൂമിയിൽനിന്ന് ജീവജാതികൾ ഒന്നാകെ മനുഷ്യൻ എന്ന ഒരു ജീവജ്ജാതിയുടെ അറിവില്ലായ്മകൊണ്ട് നശിക്കാൻ പോകുമ്പോൾ ഏറ്റവും പ്രസക്തമായ ഒരു ദിനം;എല്ലാ ജീവജാതികളുടെയും പരസ്പരബന്ധങ്ങളെക്കുറിച്ച് മറക്കാതിരിക്കാൻ....ജൈവവൈവിധ്യവർഷമായി ആചരിക്കുന്ന 2010ന്റെ സന്ദേശം:ഒരുപാട് ജീവികൾ,ഒരു ഗ്രഹം,ഒരു ഭാവി...ഈ സന്ദേശവും നമുക്ക് മറക്കാതിരിക്കാം...മനുഷ്യനു മാത്രമായി ഇവിടെ ഒന്നുമില്ല.പ്രകൃതിക്ക് സംഭവിക്കുന്നതെല്ലാം അവനും സംഭവിക്കും...

ശ്രീനാഥന്‍ said...

ഈ സ്വരത്തിലെ ആത്മാർഥതയെ അഭിനന്ദിക്കാതെ വയ്യ, പക്ഷെ, ലോകം മറ്റൊരു വഴിക്കാണ്

നനവ് said...

മാഷേ, ലോകം മറ്റൊരു വഴിവിട്ട വഴിയിലേയ്ക്ക് കുതിച്ചോടുമ്പോൾ ഈ ഓട്ടം എവിടെച്ചെന്നാണ് നിൽക്കുക എന്ന് ശരിക്കറിയാവുന്ന മനസ്സുകളുടെ വേവലാതികളാണ് നനവ് പങ്കുവയ്ക്കുന്നത്...മനുഷ്യന്റെ ആർത്തികളെയെല്ലാം പൂർത്തീകരിക്കാൻ പ്രകൃതിക്കാവില്ലല്ലോ...മനുഷ്യനു മാത്രമായി ഇവിടെ ജീവിക്കാനും പറ്റില്ലല്ലോ...അതുകൊണ്ട് അല്പം ഒന്നു കരുതലോടെ ജീവിക്കാൻ മനുഷ്യർ തയ്യാറായെങ്കിൽ...

ജയരാജ്‌മുരുക്കുംപുഴ said...

nannayi ee ezhuthu......... aashamsakal.................

നനവ് said...

നന്ദി ജയരാജ്...സ്നേഹം...

mayflowers said...

പ്രതികരിക്കണം സുഹൃത്തേ..ഇനിയുമിനിയും..
ആശംസകള്‍..

the man to walk with said...

swayam ariyoo ..jeevikkoo athaanu vazhi..
aavshyangal palarilum palathum vythyasthavum aavum..

nannayi post

keralafarmer said...

കൊള്ളാം നല്ല പോസ്റ്റ്. അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ.
കര്‍ഷകര്‍ക്ക് മാന്യതയില്ലാത്തതാണ് ഇതിനെല്ലാം കാരണം. പരിണാമം മണ്ണിന്റെ മരണവും. പണമുണ്ടാക്കാന്‍ വെമ്പുന്ന കര്‍ഷകര്‍ ജനിതകമാറ്റം വിത്തുകളിലും, രാസവളങ്ങളിലും, കള കുമിള്‍ കീടനാശിനികളിലും അഭയം തേടുന്നതും പണമെന്ന മോഹംകൊണ്ടു തന്നെ. ഇതിന്റെയൊക്കെ നേട്ടം ജിഡിപിയുടെ വളര്‍ച്ച. രോഗം വന്നാലും ചികിത്സിച്ചാലും നിറയുന്നത് ഖജനാവുതന്നെ.പണത്തോടുള്ള ആര്‍ത്തി കാരണം നല്ലൊരു ശതമാനം ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നവരായി മാറി. കുടിവെള്ളം സൌജന്യമായി ലഭിക്കേണ്ടത് കുപ്പികളിലാക്കി പാല്‍ വിലയക്ക് വില്‍ക്കുന്നു. അത് വാങ്ങിക്കുടിക്കുന്നവര്‍ക്ക് ജലമലിനീകരണത്തെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമേ ഇല്ല.
ഈ ഇടയ്ക്ക് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഓര്‍മ്മ വരുന്നു. മനുഷ്യ വംശം നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ നിന്ന് ഇല്ലാതാകുമെന്ന ഒരു ശാസ്ത്രജ്ഞന്റെ പ്രവചനം എത്ര ശരിയാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നനവ് said...

നന്ദി,മേയ്ഫ്ലവർ,മനസ്സിലാക്കിയതിൽ സന്തോഷം...കേരളഫാർമർ,മനുഷ്യവംശം മറ്റെല്ലാ ജീവികൾക്കുമൊപ്പം ഇല്ലാതാകുക തന്നെ ചെയ്യും ,ഇങ്ങനെയാണ് മനുഷ്യൻ ജീവിതം തുടരുന്നതെങ്കിൽ....
the man who walk with,ആവശ്യങ്ങൾ പലതാകാം,പക്ഷെ ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്തുന്ന ഒരു ജീവിക്കേ നിലനിൽക്കാനാകൂ...സ്വയം അറിഞ്ഞു ജീവിക്കൽ തന്നെയാണ് വഴി..അപ്പോൾ മനസ്സിലാകും ആവശ്യമെന്ന് വാശിയോടെ എത്തിപ്പിടിക്കാൻ ശ്രമിച്ചതൊക്കെ അനാവശ്യങ്ങളാണെന്നു മാത്രമല്ല അപകടത്തിലേയ്ക്കുള്ള വഴികൾ കൂടിയാണെന്ന്...
എല്ലാവർക്കും സ്നേഹം ...നന്ദി...

ജയിംസ് സണ്ണി പാറ്റൂർ said...

പിന്നോട്ടു പോകുന്നമലേ നാമെല്ലാമേ
കാലമോ ശീഘ്രം മുന്നോട്ടുപോകുന്നു
ദൂരമോയതു കുറയുന്നു മനുഷ്യനും വാനര -
നും തമ്മില്‍ , നനവേ നനയുന്നെന്‍ കണ്ണുകള്‍ .