* വികാസംവേണം*വിനാശം വേണ്ട*
Showing posts with label വിഷവിമുക്തലോകം. Show all posts
Showing posts with label വിഷവിമുക്തലോകം. Show all posts

Friday, March 6, 2015

കൃഷി ഒരു ജീവിതരീതിയാണ്




മയക്കുറവുണ്ട് .. വയലില്‍ പണികള്‍ ഓരോന്നായി നടക്കുകയാണ്.. നട്ടതിനൊക്കെ പുതയിട്ടു ..കൈവളം കൊടുത്തു .    ഇടയ്ക്കു മല്ലിക തൈകള്‍ നട്ടു. കീട നിയന്ത്രണത്തിന് മാത്രമല്ല പരാഗണകാരികളെ ആകര്‍ഷിയ്ക്കാനും മല്ലിക സഹായിക്കും .. ഇടയ്ക്കു ചാണകം ,സ്ലറി എന്നിവ ചെര്‍ത്ത് കലക്കി ഒഴിക്കുന്നുണ്ട് .. യൂറിയ ഇടുന്ന ചെടിയുടെ തിമര്‍ത്ത വളര്‍ച്ച ഇല്ലെങ്കിലും ,കരുത്ത് വന്നു തുടങ്ങി .. പല പ്രാവശ്യം ചീര പൊട്ടിച്ചു കഴിഞ്ഞു .. ചുവപ്പ്ചീര, മഴച്ചീര ,പൂച്ചീര എന്നിവയാണ് പ്രധാന ചീരകള്‍ നട്ടത് .പാലക്കും ചെറുചീരയും ആരോഗ്യ ചീരയും അല്പം നട്ടിട്ടുണ്ട്.. സ്വര്‍ണ്ണച്ചീര എന്ന ബത്താസ് ചീര പടര്‍ന്നിട്ടുണ്ട് 

കുറച്ചു കരിമ്പ് നട്ടത് മുളയ്ക്കുന്നുണ്ട് ,, വന്‍പയര്‍ തീരെ കുറച്ചു നാട്ടതും ഉഴുന്നും പൊടിച്ച് വളരുന്നുണ്ട് ,, നാരില്ലാ പയര്‍,നീളന്‍പയര്‍,കുറ്റിപ്പയര്‍,നാടന്‍പയര്‍, കാന്താരികള്‍ , പച്ചമുളക് ,ആന ക്കൊമ്പന്‍വേണ്ട . മരവെണ്ട,മുന്തിരിത്തക്കാളി തുടങ്ങിയവ വളര്‍ന്നുവരുന്നുണ്ട് .. നടുമ്പോള്‍ ചാണപ്പൊടി നല്കിയത് അല്പ്പം കുറഞ്ഞത് വളര്‍ച്ചയെ ബാധിച്ചു ..മാത്രമല്ല സാമാന്യം ഉപദ്രവം ചുവന്ന ഞണ്ടുകള്‍ ചെയ്യുന്നുണ്ട് .. കുറേ തൈകള്‍ അവര്‍ നശിപ്പിച്ചു .. വീണ്ടും മാറ്റി നട്ടുകൊണ്ടിരികുന്നു.. അവരോടു യുദ്ധത്തിനൊന്നും ഞങ്ങളില്ല ..അവരുടെ സാമ്രാജ്യമായിരുന്നല്ലോ .. അവര്‍ ക്രമേണ ഒഴിയും എന്നു വിശ്വസിയ്ക്കുന്നു .. അതുപോലെ തന്നെ കളകളോടും കരുതുന്നത്.. നാലഞ്ചു വര്ഷം മണ്ണ്‍ ഒലിച്ചുപോകാതെയും ചൂടാവാതെയും മണ്ണിരകളേയും മറ്റു ജീവികളെയും സംരക്ഷിച്ചത് അവരാണല്ലോ .. ഇനി ഞങ്ങള്‍ പുതയിട്ട് കൃഷി ചെയ്തുകൊള്ളാം ,നിങ്ങളുടെ ദൌത്യം അവസാനിച്ചു എന്ന്‍ അവരോടു പറഞ്ഞിട്ടാണ് കലകള്‍ നിയന്ത്രിയ്ക്കുന്നത് ..
മൂന്നു കൂവ്വലുകള്‍ കുഴിച്ചതില്‍ വെള്ളം കുറയുന്ന മുറയ്ക്ക് അല്പ്പം കുഴിയ്ക്കുന്നു .. ഒരു കോണില്‍ കുളം കുഴിയ്ക്കുന്ന പണിയും തുടങ്ങി .. നിലക്കടല നട്ടത് പൂത്തിരിയ്ക്കുന്നു .. നാലഞ്ചിനം മഴുരക്കിഴങ്ങുകളുടെ വള്ളികള്‍/ വിത്തുകള്‍ നട്ടവ വളര്‍ന്നുതുടങ്ങി .. അല്പം ചെറിയ ഉള്ളി പരീക്ഷണാര്‍ഥം നട്ടിട്ടുണ്ട്.. 

വയലിന്‍റെ വെള്ളം അധികമുള്ള ഭാഗത്താണ് കുളം വരിക ..അതിന്റെയടുത്ത തട്ടില്‍ കുറച്ചുവാഴകള്‍ വച്ചവ വളരുന്നുണ്ട് .. ഒരു വളവും ഇടാതെ ,നട്ട് പുതയിട്ടു കൊടുത്തു .. എതിര്‍ വശത്തും ഒരു നിരയില്‍ വാഴ നട്ടിട്ടുണ്ട് .. .നാടാണ്‍ പറ്റാതിരുന്നത് ചെറുപയര്‍ ,വന്‍പയര്‍ മരച്ചീനി എന്നിവയാണ്.. നേരം വൈകിയതിനാല്‍ വെള്ളത്തിന്റെ പ്രശ്നം ,പിന്നെ കളനീക്കുക എന്ന  പ്രശ്നം.. എന്നാലും നാലഞ്ച് കമ്പുകള്‍ മരച്ചീനി നട്ടു കുറച്ചുകൂടി നടണം.. നാലാഞ്ജ്ച് പപ്പായകള്‍ ചിറയില്‍ നട്ടത് വളരുന്നുണ്ട് ,കവുങ്ങ് പേരിന് ഒന്നുമാത്രം നട്ടു..രണ്ടു ചിറകളിലായി കുറച്ചു തെങ്ങുകള്‍ ഉണ്ട് ..അവയ്ക്കു പൂത്ത നല്കിയിട്ടുണ്ട് . ഇപ്പോള്‍ ഓരോ ദിവസമായി സ്ലരി നല്‍കിക്കൊണ്ടിരിക്കുന്നു . വഴുതന പാകിയിട്ടുണ്ട് പറിച്ചുനടാന്‍. ചൂട് കൂടുമ്പോള്‍ തക്കാളിയില്‍ പരാഗണം നടക്കാതെ പൂക്കള്‍ കരിയുകയാണ് പതിവ് .എന്നാല്‍ നാടന്‍ തക്കാളിവേനലിനെ അതിജീവിയ്ക്കുന്നുണ്ട് .. അല്പ്പം വിത്ത് പാകിയിട്ടുണ്ട് .. കുളത്തിനടുത്ത തട്ടില്‍ പയര്‍ ,വഴുതന ,തക്കാളി എന്നിവ നടണം .. 

പിന്നെ കാര്യമായ പണിയുണ്ട് .. 45 സെന്‍റ് സ്ഥലം ഉള്ളത്തില്‍ പാതിയില്‍ കൃഷിയായി .ബാക്കിഭാഗത്ത് കള മാറ്റണം .. ചാലുകള്‍ ശരിയാക്കണം .ആവശ്യമില്ലാത്ത ചാലുകള്‍ നീക്കി ,നെല്‍കൃഷിയ്ക്കായി വയല്‍ ഒരുക്കണം .. വെള്ളരിവര്‍ഗ്ഗങ്ങള്‍ (വെള്ളരി,കുമ്പളം ,വത്തയ്ക്ക കക്കിരി ,മത്തന്‍..) നട്ട സ്ഥലത്തും അല്പ്പം കൂടി സ്ഥലവും കൂട്ടിയാണ് നെല്ല് നടുക ..അത്  ഏപ്രിലിന് ശേഷം.. ബാകിയുള്ള സ്ഥലത്തു വാഴകളും മരച്ചീനിയും ഇടവിളകളും നടണം .. കള അല്പം മാത്രം നിയന്ത്രിയ്ക്കും .. ചിറയിലും അതോട് ചേര്‍ന്ന  തെങ്ങിന്റെ തണലുള്ള ഭാഗത്തും മഞ്ഞള്‍ ,ചെമ്പ് ,കൂവ ചേന തുടങ്ങിയവയാണ് നടാന്‍ വിചാരിക്കുന്നത് .. .

ഇത് ഒരു പ്രകൃതികൃഷി ഗവേഷണ - പരീക്ഷണ പ്ലോട്ടാക്കാനാണ് വിചാരിക്കുന്നത് .. ഒരു ബോര്‍ഡ് വയ്ക്കണം .. പശുവിനും ആടിനും പുല്ലരിയാന്‍ അല്പ്പം സൂത്രകാരായ സ്ത്രീകള്‍ എത്തുന്ന സ്ഥലമായതിനാല്‍ ഇതിനെ ഒന്നല്‍പ്പം എസ്റ്റാബ്ലിഷ് ആകാതെ വഴിയില്ല .. ആടിനെ അഴിച്ചു വിടുന്നവരോട് പല തവണ അരുതെന്ന് പറയേണ്ടി വന്നിട്ടുണ്ട് .. ചുറ്റും മുസ്ലിം ഗൃഹങ്ങളാണ്..വര്‍ഗ്ഗീയത പറയുന്നതല്ല എങ്കിലും അല്പ്പം ഒറത്ത ആള്‍ക്കാരാണ് ചുറ്റുമുള്ളവര്‍ ..  ഞങ്ങള്‍ ഇത്രയേറെ കഷ്ടപ്പെട്ടു  വിയര്‍പ്പൊഴുക്കി കൃഷി ചെയ്യുന്നത് കണ്ടിട്ടും ആടിനെ കെട്ടാന്‍ പല   തവണ പറഞ്ഞിട്ടും കണ്ണു തെറ്റിയാല്‍ ആട് വയലില്‍ എത്തുന്നു .. അതൊക്കെ നിയന്ത്രിയ്കാന്‍ കളിയല്ല ,കാര്യമായ കൃഷിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെടണം .കള നീക്കാതെ വച്ചിരിക്കുന്നത് തന്നെ അവരുടെ കണ്ണില്‍ തമാശയാണ്.. ജീവിയ്കാനുള്ള പണമുണ്ടായിട്ടും, സമ്പാദ്യമത്രയും ഇങ്ങനെയൊരു വയലില്‍ മുടക്കി ,കഷ്ടപ്പെടുന്നത് അവര്‍ക്ക് വെറും ഭ്രാന്താണ് ..ഞങ്ങള്‍ ഒന്നുകൊണ്ടും നിരാശപ്പെടാനോ പിന്തിരിയാനോ പോകുന്നില്ല ..ഈ വയല്‍ ഞങ്ങള്‍ക്ക് ഒരു നിയോഗം പോലെ ലഭിച്ചതാണ്.. ഇവിടെ കൃഷിയുടെ യഥാര്‍ത്ഥ മാതൃക കാണിച്ചുകൊടുക്കാനും ജൈവ വൈവിധ്യം സംരക്ഷിയ്ക്കാനും ഒപ്പം കുറെ നല്ല വിത്തുകള്‍ ഉണ്ടാക്കി വിതരണം ചെയ്യാനും പ്രകൃതി ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് .. അതുകൊണ്ട് ,മണ്ണും കാലാവസ്ഥയും മറ്റെല്ലാ ഘടകങ്ങളും ഒത്തുചേര്ന്ന് ,പ്രശ്നങ്ങള്‍ എല്ലാം മാറി ഞങ്ങള്‍ക്കൊപ്പം പ്രകൃതി ഉണ്ടാകും ,തീര്‍ച്ച ..കൃഷി എന്ന വ്യവസായമോ , കൃഷി എന്ന പണമുണ്ടാക്കലോ അല്ല ,കൃഷി എന്ന ജീവിതരീതിയാണ്ഞങ്ങള്‍ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതും .. അതുകൊണ്ട് ഒരിയ്ക്കലും ഞങ്ങള്‍ പരാജയപ്പെടില്ല        

Sunday, September 7, 2014

പ്രകൃതിയോടൊപ്പം ജീവിയ്ക്കുമ്പോള്‍ ...


 പ്രകൃതിയോടൊപ്പം ജീവിയ്ക്കുമ്പോള്‍ ഇടയ്ക്കു ചെറുതും വലുതുമായ ഓരോരോ പ്രതിസന്ധികളും ഉണ്ടാകും ... അവയെ അതിജീവിയ്ക്കാനും പ്രകൃതിയില്‍ വഴികളുണ്ട് .. ഇടയ്ക്കു മഴയും വെയിലുമൊക്കെയായി കാലാവസ്ഥ അനുകൂലമായതിനാല്‍ പൂമ്പാറ്റകളും നിശാശലഭങ്ങളുമൊക്കെ  നന്നായി പെറ്റുപെരുകിയിക്കുകയാണ്.. 
ഞങ്ങളുടെ വഴുതന, വാഴ ,വെണ്ട തുടങ്ങിയവയ്ക്ക് അല്പം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും പക്ഷികള്‍ ഒരു പരിധിവരെ അവയെ നിയന്ത്രിയ്കുന്നതിനാല്‍ വല്യ പ്രശ്നമായിട്ടില്ല ..എന്നാല്‍ രണ്ടുമൂന്നു ദിവസമായി ഒരു കമ്പിളിപ്പുഴു അല്പ്പം പ്രശ്നമായിരിയ്ക്കുന്നു . 

നനവിലെ ഉമ്മറത്തിന്റെ ഓടിനുമേല്‍ പടര്‍ത്തിയ നീലനക്ഷത്രപ്പൂക്കലുള്ള വള്ളിയിലാണ് പുഴുക്കള്‍ വന്നത് .. ദേഹത്തുവീണാല്‍ ചൊറിച്ചിലുണ്ടാകുന്ന പുഴുവാണ്... ഓടിന് താഴെ ഭാഗത്തും മുറ്റത്തും ചുവരിലും പടിമേലുമൊക്കെയായി നൂറുകണക്കിനു പുഴുക്കള്‍ .... അവരെ തിന്നാനാണെങ്കില്‍ ആരും എത്തിയതുമില്ല .... വീടിനകത്തേയ്ക്കുവന്നാല്‍,ആഹാരത്തിലോ വസ്ത്രങ്ങളിലോ കയറിയാല്‍ പ്രശ്നമാണ്.. അതിനാല്‍   ചൂലെടുത്ത് ഇന്നലെയുമിന്നുമായി കുറേയേണ്ണത്തെ തൂത്തുവാരിമാറ്റി.. എങ്കിലും ചെടിയില്‍ ഇനിയും ധാരാളമുണ്ട് 

ചെടി അപ്പാടെ  നശിപ്പിയ്കാന്‍ മനസ്സ് വരുന്നില്ല .. രാസവിഷങ്ങളെ ഇവിടെ ഞങ്ങള്‍ അടുപ്പിക്കുക പോലും ചെയ്യില്ല .. വീടിന്‍റെ മുന്‍വശത്തേയ്ക്ക് വാതിലിനു നേരെ മുന്നില്‍ കുറച്ചുവള്ളി ഞാന്ന് കിടന്നിരുന്നു .. കൊക്കന്‍ തേങ്കിളികള്‍ അവിടെ കൂടൊരുക്കാനായി തുടക്കമിട്ടതായിരുന്നതായിരുന്നു.. പിന്നെ ,പുഴുക്കളുടെ പ്രശ്നം കൊണ്ടായിരിയ്ക്കാം അവ മനസ്സ് മാറ്റി ..അവിടെ കെട്ടിയിരുന്നെങ്കില്‍ വേറെയും പ്രശ്നം അവര്‍ അഭിമുഖീകരിച്ചേനെ.. വീട്ടിലേയ്ക്ക് വരുന്നവരുടെ തല കൂടില്‍ മുട്ടുന്ന തരത്തിലായിരുന്നു വള്ളിയുടെ കിടപ്പ് .. ഞാന്നു കിടന്ന  വള്ളികള്‍ മുറിച്ചുമാറ്റി .ആള്‍ക്കാരുടെ ദേഹത്ത് പുഴു വീഴരുതല്ലോ .. 

നല്ല വെയില്‍ വന്നാല്‍ കുറേയേണ്ണം നശിച്ചേനെ .. ചെമ്പോത്ത് അവയെ കണ്ടാലും മതിയായിരുന്നു ... മഴ കൂടുതലുള്ള ചിങ്ങമാസമായതിനാല്‍  പതിവുകാരായ പല പക്ഷികളും അത്ര  സജീവമായിക്കഴിഞ്ഞിട്ടില്ല .. ഈ സമയത്ത് എത്താറുള്ള വിരുന്നുകാരും എത്തിയിട്ടില്ല .കുരുമുളക് മൂക്കാറാകുമ്പോള്‍ പറമ്പ് നിറയെ അവര്‍ കോലാഹലമുണ്ടാകാറുള്ളതാണ്..ഏതായാലും കുറച്ചുദിവസംകൂടി ഞങ്ങള്‍ക്ക് പണിതന്നെ , അവയെ തൂത്തുവാരിമാറ്റലും അകത്തു കടക്കാതെ നോക്കലും മറ്റും... 
7 9 14 



Wednesday, April 30, 2014

ജൈവസംസ്കൃതി ജനഹൃദയങ്ങളിലേയ്ക്ക് ....


ജൈവസംസ്കൃതി മേളകള്‍ എല്ലാമാസങ്ങളിലും വളരെ നല്ല നിലയില്‍ നടന്നുവരികയാണ്.. തികച്ചും ജൈവമായ ഉല്‍പ്ന്നങ്ങളുടെ വൈവിധ്യം കൊണ്ട്  ആയിരക്കണക്കിനാളുകളെയാണ് മേള ഓരോ മാസവും ആകര്‍ഷിച്ചുകൊണ്ടിരിയ്ക്കുന്നത് ... കൂടുതല്‍ ആള്‍ക്കാരും വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളും മേളയിലേയ്ക്ക് എത്താന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ കര്‍ക്കശമായ ഗുണപരിശോധനയ്ക്ക് ശേഷം തികച്ചും ഉറപ്പായവയ്ക്കു മാത്രമേ ജൈവസംസ്കൃതി കമ്മിറ്റി മേളയില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നാല്‍കാറുള്ളൂ .. വന്‍മേള നടത്തുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം .. ജൈവൌല്‍പ്പന്നങ്ങളുടെ ഉപയോഗം,നാടന്‍ ആഹാരം, തനതു  ജീവിതശൈലി ,ജൈവ പ്രകൃതി കൃഷി ,കാര്‍ഷികസംസ്കാരം എന്നിവ യുടെ പ്രചാരണ ബോധവല്‍ക്കരണങ്ങളാണ്... 

കഴിഞ്ഞ ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി ഉല്‍പ്പ ന്നങ്ങളുടെ കാര്യത്തില്‍ വളരെയേറെ  വൈവിധ്യവും അളവും വര്‍ധിച്ചതിനാല്‍ ജൈവസംസ്കൃതിയ്ക്ക് അതിന്‍റെ പ്രാരംഭവിഘ്നങ്ങള്‍ തരണംചെയ്യാന്‍ സാധിച്ചിരിയ്ക്കുന്നു .. ഒരു ഉല്‍പ്പന്നമോ,പുതിയൊരു ആളെയോ മേളയിലേയ്ക്ക് ഉള്‍പ്പെടുത്തുമ്പോള്‍ അത്രയേറെ കര്‍ക്കശമായ സ്ക്രീനിംഗ് നടത്തുന്നതിനാല്‍ പലരേയും ഞങ്ങള്‍ മടക്കിയയക്കുകയാണ് പതിവ് ..സര്‍ട്ടിഫിക്കേഷന്‍ ഉള്ളവരെപ്പോലും ഞങ്ങള്‍ക്ക് പരിചയമോ വിശ്വാസ്യതയോ ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താറില്ല ..ജനങ്ങളില്‍നിന്നും ഗുണമേന്‍മയില്‍ ഒരു പരാതി വരാതിരിക്കാനാണിത് .. വെറും കച്ചവടക്കാരനായി മാത്രം വരാതെ ,ജൈവസംസ്കൃതിയുടെ ആളായി മാറണം എന്നാണ് ഞങ്ങള്‍ക്ക് ഇതിലേയ്ക്ക് വരുന്നവരോട് പറയാനുള്ളത് .. 

പതിവായി പങ്കെടുക്കാറുള്ള കെ വി ആര്‍ കണ്ണന്‍ ,അനില്‍ ബക്കളം ,ഷാജി  തേന്‍ കുടിയന്‍,,ഹരിയാശ,എന്നിവര്‍ക്കുപുറമേ ഷിംജിത്ത് തില്ലങ്കേരി വളരെ വിപുലമായ രീതിയിലുള്ള ഉല്‍പ്പന്നങ്ങളുമായി കഴിഞ്ഞ മൂന്നു മാസമായി ഞങ്ങള്‍ക്കൊപ്പമുണ്ട്. 
നാമമാത്രമായ ഉല്‍പ്പന്നങ്ങളുമായി( തേന്‍ ,വിത്തുകള്‍   ..) ചിലര്‍ വരുന്നുണ്ട് .. ലക്ഷ്മിതരു എന്ന മരത്തിന്‍റെ തൈവില്‍ക്കാന്‍ പ്രശാന്തന്‍ എന്ന ഒരു യുവാവ് വന്നിട്ടുണ്ടെങ്കിലും ,ആള്‍കാരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒന്നായതിനാല്‍ ആ വില്‍പ്പന ഒഴിവാകാനാണ് കമ്മിറ്റി തീരുമാനം .. ഞങ്ങള്‍ നിര്‍ദേശിച്ചതനുസരിച്ച് ഇപ്രാവശ്യം അയാള്‍ ചക്കയും നാടന്‍ മാങ്ങയും മറ്റും കൊണ്ടുവന്നു ,ഒപ്പം ചക്കക്കുരു വേവിച്ച ചക്കക്കുരു തുടങ്ങിയവയും ..

കുമ്പളങ്ങ , തക്കാളി, വെണ്ടയ്ക്ക ,വെള്ളരിക്ക , പയര്‍ ,ചീര,പടവലങ്ങ ,ചുരയ്ക്ക ,വാഴയുടെ കാമ്പ്,കൂമ്പ് ,കായ,പഴം , മഞ്ഞള്‍ പൊടിച്ചതും ഉണക്കിയതും പച്ചമഞ്ഞളും ,ചക്ക ,വിവിധയിനം നാട്ടുമാങ്ങകള്‍ കശുമാങ്ങ ,അരി,തവിട് , കരിമ്പ് ,കറിവേപ്പില ,നെയ്യ്,തേന്‍ , ചക്കച്ചുളയും കുരുവും , ചാണകം  ,തുണിസഞ്ചി , വിവിധയിനം വിത്തുകളും തൈകളും ..... വിഭവങ്ങള്‍ എറിക്കഴിഞ്ഞു .. ഒപ്പം കപ്പ പുഴുങ്ങിയത് ,പച്ചക്കറി ദോശകള്‍, അപ്പം കറികള്‍ തുടങ്ങിയ വിഭവങ്ങളും പരിചയപ്പെടുത്തുകയും വില്‍പ്പനയും ഉണ്ട് ... മറ്റൊരുകാര്യം പ്രകൃതി ഗാന്ധിയന്‍പുസ്തകവില്‍പ്പനയാണ്.
എത്രതന്നെ വിഭവങ്ങള്‍ വന്നാലും രണ്ടുദിവസം കൊണ്ട് ഒക്കെ വിറ്റുതീരുകയാണ്..ഉച്ചക്കുശേഷം വരുന്ന പലരും നിരാശരായി മടങ്ങുകയാണ്.. 

കുറേക്കൂടി ജനപങ്കാളിത്തം ഉറപ്പാക്കാനായി ജൈവസംസ്കൃതി വിപുലീകരിയ്കാന്‍ ആലോചനയുണ്ട് .. താത്പര്യമുള്ള ആള്‍കാരുടെ അഡ്രസ്സ് ഓരോമാസവും ശേഖരിയ്ക്കാറുണ്ട് .. ജനങ്ങളിലേയ്ക്ക് ആരോഗ്യഭക്ഷണശീലങ്ങളുടെ സ്വയംപര്യാപ്തയിലേയ്ക്ക് ഒരു വലിയ തരംഗമായി മാറാനൊരുങ്ങുകയാണ് ജൈവസംസ്കൃതി .. 

Tuesday, May 10, 2011

മണ്ണറിഞ്ഞ് കൃഷി ചെയ്യുക...



ജൈവതക്കാളി


തൊരു ജീവിക്കുമെന്നപോലെ മനുഷ്യൻ എന്ന സ്പീഷീസിനും ആരോഗ്യത്തോടെ ജീവിക്കാൻ പോഷകങ്ങൾ നിറഞ്ഞ ആഹാരം,ശുദ്ധജലം, ശുദ്ധവായു ഇവ അത്യാവശ്യമാണ്..കൃഷി എന്ന പ്രകൃതിവിരുദ്ധമായ ഏർപ്പാടാണ് ആദ്യം ആഹാരത്തിനായും പിന്നീട് ധനസമ്പാദനത്തിനായും മനുഷ്യൻ തുടങ്ങിയത്..അതോടെ പ്രകൃതിയുടെ താളം തെറ്റിത്തുടങ്ങി...







കരിയില പുതയിട്ട കൃഷിയിടം

ദ്യകാലങ്ങളിൽ പ്രകൃതിയെ നോക്കിയാണ് മനുഷ്യൻ കൃഷിചെയ്തിരുന്നത്..അന്നവൻ തനിക്കുള്ള ആഹാരം ഭൂമിയെ അധികം നോവിക്കാതെ; രാസവളം,കീടനാശിനികൾ, കളനാശിനികൾ തുടങ്ങിയ മാരകവിഷങ്ങൾ, ഹോർമോണുകൾ എന്നിവയൊന്നും ഉപയോഗിക്കാതെ, മറ്റു ജീവികളേയും സസ്യങ്ങളേയും നശിപ്പിക്കാതെ ,സസ്യവളർച്ചയുടെ താളം ഉൾക്കൊണ്ടുകൊണ്ട് കൃഷിചെയ്തപ്പോൾ അവനോ മറ്റു ജീവികൾക്കോ പരിസ്ഥിതിയ്ക്കോ പറയത്തക്ക കോട്ടങ്ങളൊന്നും സംഭവിച്ചില്ല.



നനവിൽ തെങ്ങും പൈനാപ്പിളും കുരുമുളകുമൊക്കെ കാടുപോലെ വളരുന്നു
ന്ന് ശരിക്കും മണ്ണറിവുനേടി ,കാലാവസ്ഥനോക്കി ,തികച്ചും ദൈവികമായൊരു അനുഷ്ഠാനം പോലെ ,ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ ,അത്യാർത്തി ഒഴിവാക്കിക്കൊണ്ടുള്ള ഒന്നായിരുന്നു കൃഷി.. മണ്ണറിവില്ലാതായപ്പോൾ, മണ്ണ് വിപണന വസ്തുവായി മാറിയപ്പോൾ, ഭാവി തലമുറയ്ക്കായ് കരുതിവയ്ക്കേണ്ടതൊക്കെ ; കാടും കുന്നും വയലും പുഴയും തോടുമൊക്കെ,ആർത്തി തീർക്കാനുള്ള ഉപാധികൾ മാത്രമായപ്പോൾ,കൃഷിയെ ജൈവികതയുടെ സംതുലനാവസ്ഥയിൽ നിലനിർത്തിയിരുന്ന പ്രകൃതിയുടെ വ്യവസ്ഥകൾ നശിപ്പിക്കപ്പെട്ടു..മണ്ണ് എന്ന ജീവന്റെ ആധാരത്തെ ഒരു നിർജീവവസ്തുവായി കരുതാൻ മലയാളി എന്നു തുടങ്ങിയോ അന്നാണ് കൃഷിയുടെ നാശം തുടങ്ങിയത്..

ഹാരശീലങ്ങൾ മാറിമറിയുകയും, ഭൂമി എന്ന ഏവർക്കും തുല്യാവകാശം ഉണ്ടാകേണ്ട വസ്തു കൈയൂക്കുള്ളവരുടെ കൈപ്പിടിയിൽ ഒതുങ്ങുകയും , കൃഷി ഒരു സംസ്ക്കാരമെന്ന നിലയിൽ നിന്ന് എങ്ങനേയും പണമുണ്ടാക്കാനുള്ള ഒരു വ്യവസായം എന്നനിലയിലേയ്ക്ക് മാറുകയും ചെയ്തതോടെ ,മാരകവിഷം ഉപയോഗിക്കാനും തനിക്ക് ലാഭം കിട്ടാത്ത എന്തും നശിപ്പിക്കാനും ഉള്ള പ്രവണതകൾ മാത്രം ഏറിയേറി വന്നു..



വെട്ടുകയോ കിളയ്ക്കുകയോ ചെയ്യാത്ത തെങ്ങിൻതടം.ചകിരി ,ചിരട്ട ,ഓല തുടങ്ങിയവയ്ക്കൊപ്പം പറമ്പിൽനിന്നും ലഭിയ്ക്കുന്ന പച്ചിലവളവും അൽ‌പ്പം ചാണകവും ഇട്ടുകൊടുക്കുന്നു.മരക്കഷണങ്ങളും ഇടുന്നു.

തക്കം നോക്കി കൃഷിയെ സഹായിക്കാനെന്നപേരിൽ രാസവള കീടനാശിനി കമ്പനികൾ തഴച്ചുവളർന്നു.സർക്കാരുകൾ അവരുടെ കൈവശമായതിനാൽ അവർ പറയുന്നതെന്തോ അതു വേദവാക്യമായി..അവരെ സഹായിക്കാൻ വേണ്ടിമാത്രമുള്ളതായി സർക്കാരുടമസ്ഥതയിലുള്ള കാർഷികസർവ്വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും..



ചിതൽ‌പ്പുറ്റുകൾ മണ്ണിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു
ർക്കാർ സ്ഥാപനങ്ങളായതിനാൽ ,ഒന്നുമറിയാത്ത കർഷകർ ഇവർ പറയുന്നതത്രയും വേദവാക്യങ്ങളായെടുത്തു.രാസകൃഷിയ്ക്കു മുമ്പും ഇവിടെ കൃഷി ഉണ്ടായിരുന്നു എന്നകാര്യം പോലും ചരിത്രത്തിൽനിന്നും മൂടിവയ്ക്കപ്പെട്ടു...കമ്പനികൾ കോടികളിൽ നിന്നും സഹസ്രകോടികളിലേയ്ക്ക് തങ്ങളുടെ വരുമാനം വർധിപ്പിച്ചു..ഇവരുടെ ദല്ലാളന്മാരായി നിന്ന ഉദ്യോഗസ്ഥർക്കും കിട്ടി ലക്ഷങ്ങളും കോടികളും മന്ത്രിപദങ്ങൾ വരെയെത്തിയ സ്ഥാനമാനങ്ങളും...ഇന്ത്യ ഭരിക്കുന്നതു തന്നെ അവരാണ് എന്ന നിലയിലേയ്ക്ക് ഒടുവിൽ കാര്യങ്ങൾ എത്തിച്ചേർന്നു..

സപ്പോട്ട.ഒപ്പം മാവും പ്ലാവും വാഴയും പപ്പായയും ഒക്കെയുണ്ട്..


തിനിടയിൽ കാർഷികരംഗം അപ്പാടെ തകർന്നു.. കൃഷി ഏറ്റവും ചെലവേറിയ ഒന്നായി മാറി..എല്ലാ വിഷങ്ങളും ഉപയോഗിക്കേണ്ടതിലും എത്രയോ മടങ്ങ് ഉപയോഗിച്ചിട്ടും മണ്ണിൽനിന്നും അതിനുതക്ക വിളവ് ലഭിക്കാതായി.മണ്ണ് തരിശായി...കീടങ്ങളും രോഗങ്ങളും പെരുകി.എല്ലാ ഉറവകളും വിഷലിപ്തങ്ങളായി..എന്റോസൾഫാനും അതുപോലുള്ള മാരക ജീവനാശിനികളും മനുഷ്യവംശത്തിനെ തന്നെ അവസാനിപ്പിക്കും എന്ന നിലയിലേയ്ക്ക് ഇന്ന് കാര്യങ്ങൾ വഷളായിക്കഴിഞ്ഞു...






നനവിലെ കുരുമുളക്

പ്പോഴെങ്കിലും ഈ വൈകിയ വേളയിലെങ്കിലും, മനുഷ്യൻ പുനർവിചിന്തനം നടത്തുന്നില്ലെങ്കിൽ ,എന്താണ് കൃഷിയെന്നും എങ്ങനേയാണ് കൃഷി ചെയ്യേണ്ടതെന്നും പഠിയ്ക്കുന്നില്ലെങ്കിൽ, ഈ വിഷക്കൃഷി മനുഷ്യവംശത്തിന്റെ അന്തകനായിത്തീരുകതന്നെ ചെയ്യും..അതിനാൽ നമുക്ക് കൃഷിയെന്നാലെന്തെന്ന് എങ്ങനെയെന്ന് ഒന്ന് പരിശോധിച്ചു നോക്കാം.വളരെ വലിയ ഒരു കാര്യമാണിത്.പ്രധാനകാര്യങ്ങൾ മാത്രം ചുരുക്കി പറയാം..

ൾക്കാർക്കിപ്പോൾ ജൈവകൃഷി ചെയ്താൽ കൊള്ളാം എന്നുണ്ടെങ്കിലും ആശങ്കകൾ അവരെ അതിൽനിന്നകറ്റുകയാണ്.വേണ്ട അളവിൽ ആഹാരമുണ്ടാക്കാൻ ഇതു കൊണ്ടാവില്ല എന്നാണ് ഒരു സംശയം.കൃഷി ഒരു ഉപജീവനമാർഗ്ഗമാക്കിയിരിക്കുന്നവർക്ക് ആഹാരം മാത്രം പോര,പണം കൂടി അതിൽനിന്നു വരണം .ജൈവരീതിയിൽ അത്രനല്ല വിളവ് കിട്ടുകയേ ഇല്ല എന്ന് അവരെ കീടനാശിനി ഏജന്റുമാരായ ഉദ്യോഗസ്ഥർ പഠിപ്പിച്ചിരിക്കുകയുമാണല്ലോ..



ഏറ്റവും നല്ല കീടനാശിനികളാണ് കിളികൾ .അവർക്കായി കൂരാമ്പരൽക്കായ,തെച്ചിപ്പഴം, കാട്ടുമുല്ല തുടങ്ങി ഒട്ടേറെ സസ്യങ്ങളുണ്ടിവിടെ..പഴംതിന്ന് പാട്ടുകൾ പാടിയും രൂപമനോഹാരിതായാലും മനസ്സിനാനന്ദമേകിയും,പിന്നെ,..

പിന്നെ,മണ്ണിനു വളക്കൂറു നൽകിയും, പരാഗണം നടത്തിയും..ഇത്രയേറെ സഹായിക്കുന്ന കിളികൾക്കായി വേനൽക്കാലത്ത് മൺചട്ടികളിൽ അൽ‌പ്പം കുടിവെള്ളം കൂടി നൽകുക.

കൃഷി എന്തെന്നറിയണമെങ്കിൽ ആദ്യം പ്രകൃതിയെ നിരീക്ഷിയ്ക്കുക.ലക്ഷോപലക്ഷം സസ്യങ്ങൾ മനുഷ്യൻ വളർത്താതെ ഒരു കീടബാധയുമേൽക്കാതെ പ്രകൃതിയിൽ വളരുന്നുണ്ട്..ഒരു കാടിന്റെ കാര്യമെടുത്തുനോക്കുക.ആരും വളം ചേർക്കാതെ, വെള്ളമൊഴിക്കാതെ എത്ര നന്നായാണവിടെ സസ്യങ്ങൾ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതുമൊക്കെ!!..മണ്ണിൽ സസ്യവളർച്ചയുടെ അടിസ്ഥാനതത്വം ഇതാണ്..ഒരിടത്ത് ഒരു സസ്യത്തിനു വളരാനാവശ്യമായ പോഷകമൂലകങ്ങൾ ഉണ്ടെങ്കിൽ, അതിനനുയോജ്യമായ കാലാവസ്ഥയുമുണ്ടെങ്കിൽ,അവിടെ ആ സസ്യം വളർന്നിരിക്കും..പറമ്പുകളിലും പുറമ്പോക്കുകളിലുമൊക്കെ പലയിനം സസ്യങ്ങൾ മുളച്ചുവളരുന്നതും അവയ്ക്കാവശ്യമായ മൂലകങ്ങൾ മണ്ണിൽ ഉള്ളതുകൊണ്ടു മാത്രമാണ്..പുതുമഴ പെയ്തയുടൻ മണ്ണിനെ മൂടിപ്പുതപ്പിച്ചുകൊണ്ട് പലയിനം പുൽ വർഗ്ഗസസ്യങ്ങൾ മുളച്ചുപൊന്തുന്നത് മണ്ണിൽ നിന്നും ലവണങ്ങൾ നഷ്ടമാകാതിരിക്കാനാണ്.ആ ലവണങ്ങളാണ് മണ്ണിന്റെ വളമായി നമ്മുടെ കൃഷിയ്ക്കുമുപയോഗിക്കാനായി പ്രകൃതി ഈ സസ്യങ്ങളിൽ സംഭരിച്ചു വയ്ക്കുന്നത്.

നി എന്തുകൊണ്ടാണ് കൃഷി എന്നത് ഒരു പ്രകൃതിവിരുദ്ധ ഏർപ്പാടാണ് എന്നു പറയാം.നാം നടുന്നത് നമുക്ക് ആഹാരത്തിനോ ഔഷധത്തിനോ അലങ്കാരത്തിനോ പണമുണ്ടാക്കാനോ ഒക്കെ വേണ്ട സസ്യങ്ങളാണ്..ഒരു ചെടി നടുമ്പോൾ ,മണ്ണിൽ അതിനാവശ്യമായ പോഷണവസ്തുക്കളും അതിനു വളരാനാവശ്യമായ കാലാവസ്ഥയും വേണമെന്ന പ്രാഥമിക തത്വവും ;അതിനെ ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന ഒരു പാട് ജീവികളും അതോടൊപ്പം വളരേണ്ട ഒരുപാട് സസ്യങ്ങളും ഉണ്ടാവണമെന്ന ദ്വിതീയ തത്വവും മറക്കുന്നതു കൊണ്ടാണ് കൃഷി പ്രകൃതി വിരുദ്ധമാകുന്നത്..അതുകൊണ്ടു മാത്രമാണ് വേണ്ടത്ര വിളവു ലഭിയ്ക്കുന്നില്ല,ചെടിയ്ക്ക് ആരോഗ്യമില്ല ,കീടരോഗങ്ങൾ പെരുകുന്നു തുടങ്ങിയ എല്ലാ കാർഷികപ്രശ്നങ്ങളും ഉടലെടുക്കുന്നതും.




ജൈവതെങ്ങിന്റെ തലപ്പ്



തെങ്ങിന്റെ തടം


പ്രകൃതിയുടെ താളംതെറ്റിച്ചുകൊണ്ട് വളർന്നു പെരുകിയ മനുഷ്യൻ എന്ന സ്പീഷീസിനിന്ന്, ഇന്ന സ്ഥലത്ത് ഇന്ന മൂലകങ്ങൾ ഉള്ളതിനാൽ അവിടെ ഇന്ന സസ്യം വളർത്താം എന്ന സ്വാഭാവികതയിലേയ്ക്ക് മടങ്ങിയാൽ പട്ടിണി കിടന്നു മരിയ്ക്കേണ്ടിവരും..എന്നാൽ അവന് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്...കൂടുതൽ താളം തെറ്റിയ്ക്കുന്ന ഏകവിളത്തോട്ടങ്ങൾ ഉപേക്ഷിയ്ക്കുക.മണ്ണിൽ വേണ്ട അളവിൽ കാർബണും മറ്റ് മൂലകങ്ങളും തിരികെ ചേർത്തുകൊണ്ടിരിക്കുക..സസ്യജന്തു വൈവിധ്യം നിലനിർത്തുക.വൈവിധ്യം നശിപ്പിയ്ക്കുന്ന ഒരു രാസവസ്തുവും മണ്ണിൽ ചേർക്കാതിരിക്കുക.കളകൾ എന്നപേരിൽ വളരുന്ന സസ്യങ്ങളേയും പറമ്പിൽ വളർത്തുന്ന ശീമയ്ക്കൊന്ന,മന്ദാരം പോലുള്ള സസ്യങ്ങളേയും വളർച്ച നിയന്ത്രിക്കുകമാത്രം ചെയ്ത് മണ്ണിനാവശ്യമായ പോഷണങ്ങൾ തിരികെയെത്തിയ്ക്കുക....




ഫംഗസുകൾ ,വിഘാടകരിൽ ഒരാൾ

ണ്ടൊക്കെ
ഒരു പാടു കിളികളുടെ കാഷ്ഠങ്ങൾ മണ്ണിൽ നൈട്രജനും പിന്നെ കുറുക്കൻ തുടങ്ങിയ, തോടുള്ള ജീവികളെ തിന്നുന്ന ജീവികളുടെ കാഷ്ഠങ്ങൾ കാത്സ്യവുമൊക്കെ തിരികെയെത്തിച്ചിരുന്നു...അവർക്ക് ജീവിക്കാനായി നമ്മുടെ പൂർവ്വികർ കാവുകളും കുന്നിൻമൊട്ടകളുമൊക്കെ വിട്ടു കൊടുത്തിരുന്നു..കീടനാശിനി തളിയ്ക്കാത്ത രാസവളമിടാത്ത വയലുകളിൽ ഇഷ്ടം പോലെ കാത്സ്യം ചേർക്കാൻ ഞവുണിക്കയും, ഉഴുതുമറിയ്ക്കാൻ മണ്ണിരകളും മറ്റനേകം ജീവികളും ,സസ്യാവശിഷ്ടങ്ങളും മറ്റും ജീർണ്ണിപ്പിച്ച് തിരികെ കാർബണടക്കമുള്ള മൂലകങ്ങൾ ചേർക്കാൻ ഒരു പാട് വിഘാടകരുമൊക്കെയുണ്ടായിരുന്നു..





കാർബൺ തിരികെ മണ്ണിലേയ്ക്ക്

രാസവസ്തുക്കൾ മൂലം അന്യംനിന്നുകൊണ്ടിരിയ്ക്കുന്ന ഇവയെ തിരിച്ചുപിടിയ്ക്കുക കൂടി ചെയ്താലേ കൃഷി വിജയിക്കുകയുള്ളൂ.തിരിച്ചു പിടിയ്ക്കാനൽ‌പ്പം കാലതാമസം വേണ്ടിവരും..അതുവരെ കൃത്യമായ പി എച്ച് പരിശോധന നടത്തി മൂല്യം7 ൽ കുറവെങ്കിൽ കാത്സ്യമടങ്ങിയ കക്കത്തോടുകൾ ചേർക്കണം.ഓരോ ചെടിയ്ക്കും കായ്ക്കാൻ മണ്ണിനതിന്റേതായ പി എച്ച് ആവശ്യമുണ്ട്..

കാർബണിന്റെ അളവ് 6% എത്തിക്കാനായാൽ പിന്നെ കൃഷിയ്ക്ക് നനയ്ക്കുക കൂടി ചെയ്യേണ്ടിവരില്ല..ഇതിനായി മണ്ണിൽ ഒരിടത്തും സൂര്യപ്രകാശം നേരിട്ടു പതിക്കാൻ സമ്മതിക്കാതെ പുതയിടുക.കരിയിലകൾ മാത്രമല്ല, ചെറുശാഖകളും വലിയ മരത്തടികളുമൊക്കെ കാർബൺ കൂട്ടാൻ സഹായിക്കും..ഇത് ജൈവകൃഷിയിലെ പരമപ്രധാനമായ ഒരു തത്വമാണ്..

ന്നാലോചിച്ചുനോക്കുക..നമുക്കിനിയും ഇവിടെ എന്റോസൾഫാൻ ഇരകളെയുണ്ടാക്കുന്ന ഒരു പ്രാകൃതരീതി പിന്തുടരണോ?....എന്റോസൾഫാനു ബദൽ കണ്ടെത്തും വരെ അതും ,പിന്നെ മാരകമായ മറ്റു വിഷങ്ങളും നിരോധിച്ചാൽ കൃഷി മൊത്തം തകരുമെന്ന വിഡ്ഡിത്തത്തിനു നമുക്കിനിയും മനസ്സു കൊടുക്കണോ?...എന്റോസൾഫാനെപ്പോലൊരു മാരകജീവനാശിനിയ്ക്ക് ബദലായി അതിനൊപ്പമോ അതിലേറെയോ വിഷവീര്യമുള്ള മറ്റൊരു രാസവസ്തു കൊണ്ടു വന്നിട്ട് ,നമ്മുടെ കുഞ്ഞുങ്ങളെ ഇനിയും കുരുതി കൊടുക്കണോ?...വിഷത്തിനു ബദലാകേണ്ടത് മറ്റൊരുഗ്രവിഷമാണോ?...

ർക്കുക..വിഷം ജീവന് എതിരാണ്.അതിന് ശത്രുകീടമെന്നോ മിത്രകീടമെന്നോ മനുഷ്യനെന്നോ ഒന്നും വകതിരിവുണ്ടാകില്ല...ജീവൻ ഏതായാലും അതിനെ നശിപ്പിയ്ക്കുക,അതുമാത്രമായിരിയ്ക്കും അതിന്റെ ലക്ഷ്യം..നമുക്ക് ജീവനിലേയ്ക്ക് തിരിച്ചു നടക്കാൻ ഇനിയുമൊരു പുനരാലോചനയുടെ ആവശ്യമുണ്ടോ?....




കാടല്ല,കൃഷിയിടമാണ്...


നനവിന്റെ തൊട്ടടുത്ത പറമ്പ്..തെങ്ങുമാത്രം. വർഷാവർഷം കിളച്ചുമറിച്ച്, രാസവളവും ചാണകവുമിട്ടാൽ അൽ‌പ്പം തേങ്ങ ,അതും മണ്ടരിബാധയാൽ വിളവും ആരോഗ്യവും കുറഞ്ഞുകുറഞ്ഞു വരുന്ന തെങ്ങുകളിൽനിന്ന്,മാത്രം ആദായം..

ജൈവകൃഷി ചെയ്യാൻ ഇനിയും ആശങ്കിക്കേണ്ടതുണ്ടോ?...