* വികാസംവേണം*വിനാശം വേണ്ട*
Showing posts with label ജൈവവൈവിധ്യം. Show all posts
Showing posts with label ജൈവവൈവിധ്യം. Show all posts

Friday, January 6, 2017

ഇതാണോ ഹരിതകേരളം ?








ഴിഞ്ഞ ദിവസം ജില്ലാ പരിസ്ഥിതിസമിതി ടിം കതിരുർ സന്ദർശിച്ചു .തലകൾ ഉരുണ്ടിരുന്ന ,ഡൈമൻ മുക്കും മറ്റും കടന്നു ഒന്നാംതരം വയലുകളും ചതുപ്പുനിലങ്ങളും നിറഞ്ഞ സുന്ദരമായ ആ സ്ഥലത്തു എത്തിയപ്പോൾ ,ഇവിടം നികത്താൻ ,അതും ഈ വെള്ളമില്ലാക്കാലത്തു ,പദ്ധതി തയ്യാറാക്കിയവരുടെ തലയിൽ ചെളിയാണോ എന്ന് തോന്നി ..രണ്ടു ഗ്രാമങ്ങളുടെ കുടിവെള്ള സംഭരണിയായി പ്രവർത്തിക്കുന്ന വയലുകളും ചതുപ്പുകളും .അവിടെ ഓരോ വയലിലും രണ്ടും മൂന്നും കുളങ്ങളും ഉണ്ട് ..ഈ ജനുവരിയിലും അഞ്ചടിയിലേറെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം .. പിന്നെ ധാരാളമായി ചെറുമൽസ്യങ്ങൾ ആമകൾ തുമ്പികൾ ,പക്ഷികൾ തുടങ്ങിയ ജീവികളും തകരം പോലുള്ള നിരവധി ഔഷധ സസ്യങ്ങളും .തരിശുകൾ കൃഷിയിറക്കുന്ന നമ്മുടെ ബഹു .കൃഷിമന്ത്രി ഈ സ്ഥലം കണ്ടാൽ ഉടൻ കൃഷിയിറക്കും .വെള്ളം സമൃദ്ധമായതിനാൽ പച്ചക്കറികൾ വാഴ തുടങ്ങിയവ ,എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വയലുകൾ ആണ് തരിശിട്ടിരിക്കുന്നത് ..
ഇവിടെ പത്തേക്കർ നികത്തി വൈദ്യുതി സബ് സ്റ്റേഷനും ജീവനക്കാർക്ക് താമസ സ്ഥലവും ഒരുക്കാൻ ആണ് പദ്ധതി വരുന്നത്.ഒരു ഉന്നത നേതാവിന് താത്പര്യമുള്ള പദ്ധതി ആണ് ഏഴെട്ടടി ഉയരത്തിൽ പത്തേ ക്കർ മണ്ണിട ണം അതിനു ഒന്നോ രണ്ടോ കുന്നുകൾ തന്നെ വേണ്ടിവരും ഇഷ്ടം പോലെ വേറെ സ്ഥലങ്ങൾ ഉള്ളപ്പോൾ ആണ് ഈ കുറ്റം ചെയ്യാൻ ഒരുങ്ങുന്നത് ..ഒപ്പം തൊട്ടടുത്ത കൃഷിയിടങ്ങൾ വെള്ളം കയറി കൃഷി നശിക്കുകയും ചെയ്യും


കുറ്റം എന്ന് പറഞ്ഞാൽ കൊടുംപാതകം തന്നെ ആണിത് .മഴകുറഞ്ഞു വെള്ളം ഇല്ലാതായ ഒരു കാലത്തു വെള്ളം നശിപ്പിക്കുന്നത് കുറ്റമല്ലാതെ എന്താണ് ?എന്തിനാണ് ഹരിത കേരളം എന്നപേരിൽ ലക്ഷങ്ങൾ മുടക്കി കോപ്രായങ്ങൾ കാണിച്ചു ഇത്തരം കാര്യത്തിന് ഒരുങ്ങുന്നത് ?..



വേണ്ടത് ഒന്നാംതരം ജലസംഭരണിയായി ഈ സ്ഥലത്തെ സംരക്ഷിക്കുക എന്നതാണ് .ഒപ്പം ചുറ്റുമുള്ള പാടങ്ങൾ കൃഷിയിറക്കി ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുക .അവിടത്തെ ജൈവസമ്പത്തും സംരക്ഷിക്കുക .. എല്ലാവരും അറിയണം എന്താണിവിടെ നടക്കുന്നതെന്ന് .പരമാവധി പങ്കിടുക .പരാതികൾ അയക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ ഒക്കെ അയക്കുക .ആ ചതുപ്പുകളും ഒരുക്കലും നികത്തരുത് .അതിനായിനിയും കുന്നുകൾ ഇടിയരുത് .നമുക്ക് വേണ്ടത് ഹരിതകേരളം ആണ് .അല്ലാതെ മരുഭൂമിയാക്കപ്പെടുന്ന കേരളം അല്ല .






Friday, March 6, 2015

കൃഷി ഒരു ജീവിതരീതിയാണ്




മയക്കുറവുണ്ട് .. വയലില്‍ പണികള്‍ ഓരോന്നായി നടക്കുകയാണ്.. നട്ടതിനൊക്കെ പുതയിട്ടു ..കൈവളം കൊടുത്തു .    ഇടയ്ക്കു മല്ലിക തൈകള്‍ നട്ടു. കീട നിയന്ത്രണത്തിന് മാത്രമല്ല പരാഗണകാരികളെ ആകര്‍ഷിയ്ക്കാനും മല്ലിക സഹായിക്കും .. ഇടയ്ക്കു ചാണകം ,സ്ലറി എന്നിവ ചെര്‍ത്ത് കലക്കി ഒഴിക്കുന്നുണ്ട് .. യൂറിയ ഇടുന്ന ചെടിയുടെ തിമര്‍ത്ത വളര്‍ച്ച ഇല്ലെങ്കിലും ,കരുത്ത് വന്നു തുടങ്ങി .. പല പ്രാവശ്യം ചീര പൊട്ടിച്ചു കഴിഞ്ഞു .. ചുവപ്പ്ചീര, മഴച്ചീര ,പൂച്ചീര എന്നിവയാണ് പ്രധാന ചീരകള്‍ നട്ടത് .പാലക്കും ചെറുചീരയും ആരോഗ്യ ചീരയും അല്പം നട്ടിട്ടുണ്ട്.. സ്വര്‍ണ്ണച്ചീര എന്ന ബത്താസ് ചീര പടര്‍ന്നിട്ടുണ്ട് 

കുറച്ചു കരിമ്പ് നട്ടത് മുളയ്ക്കുന്നുണ്ട് ,, വന്‍പയര്‍ തീരെ കുറച്ചു നാട്ടതും ഉഴുന്നും പൊടിച്ച് വളരുന്നുണ്ട് ,, നാരില്ലാ പയര്‍,നീളന്‍പയര്‍,കുറ്റിപ്പയര്‍,നാടന്‍പയര്‍, കാന്താരികള്‍ , പച്ചമുളക് ,ആന ക്കൊമ്പന്‍വേണ്ട . മരവെണ്ട,മുന്തിരിത്തക്കാളി തുടങ്ങിയവ വളര്‍ന്നുവരുന്നുണ്ട് .. നടുമ്പോള്‍ ചാണപ്പൊടി നല്കിയത് അല്പ്പം കുറഞ്ഞത് വളര്‍ച്ചയെ ബാധിച്ചു ..മാത്രമല്ല സാമാന്യം ഉപദ്രവം ചുവന്ന ഞണ്ടുകള്‍ ചെയ്യുന്നുണ്ട് .. കുറേ തൈകള്‍ അവര്‍ നശിപ്പിച്ചു .. വീണ്ടും മാറ്റി നട്ടുകൊണ്ടിരികുന്നു.. അവരോടു യുദ്ധത്തിനൊന്നും ഞങ്ങളില്ല ..അവരുടെ സാമ്രാജ്യമായിരുന്നല്ലോ .. അവര്‍ ക്രമേണ ഒഴിയും എന്നു വിശ്വസിയ്ക്കുന്നു .. അതുപോലെ തന്നെ കളകളോടും കരുതുന്നത്.. നാലഞ്ചു വര്ഷം മണ്ണ്‍ ഒലിച്ചുപോകാതെയും ചൂടാവാതെയും മണ്ണിരകളേയും മറ്റു ജീവികളെയും സംരക്ഷിച്ചത് അവരാണല്ലോ .. ഇനി ഞങ്ങള്‍ പുതയിട്ട് കൃഷി ചെയ്തുകൊള്ളാം ,നിങ്ങളുടെ ദൌത്യം അവസാനിച്ചു എന്ന്‍ അവരോടു പറഞ്ഞിട്ടാണ് കലകള്‍ നിയന്ത്രിയ്ക്കുന്നത് ..
മൂന്നു കൂവ്വലുകള്‍ കുഴിച്ചതില്‍ വെള്ളം കുറയുന്ന മുറയ്ക്ക് അല്പ്പം കുഴിയ്ക്കുന്നു .. ഒരു കോണില്‍ കുളം കുഴിയ്ക്കുന്ന പണിയും തുടങ്ങി .. നിലക്കടല നട്ടത് പൂത്തിരിയ്ക്കുന്നു .. നാലഞ്ചിനം മഴുരക്കിഴങ്ങുകളുടെ വള്ളികള്‍/ വിത്തുകള്‍ നട്ടവ വളര്‍ന്നുതുടങ്ങി .. അല്പം ചെറിയ ഉള്ളി പരീക്ഷണാര്‍ഥം നട്ടിട്ടുണ്ട്.. 

വയലിന്‍റെ വെള്ളം അധികമുള്ള ഭാഗത്താണ് കുളം വരിക ..അതിന്റെയടുത്ത തട്ടില്‍ കുറച്ചുവാഴകള്‍ വച്ചവ വളരുന്നുണ്ട് .. ഒരു വളവും ഇടാതെ ,നട്ട് പുതയിട്ടു കൊടുത്തു .. എതിര്‍ വശത്തും ഒരു നിരയില്‍ വാഴ നട്ടിട്ടുണ്ട് .. .നാടാണ്‍ പറ്റാതിരുന്നത് ചെറുപയര്‍ ,വന്‍പയര്‍ മരച്ചീനി എന്നിവയാണ്.. നേരം വൈകിയതിനാല്‍ വെള്ളത്തിന്റെ പ്രശ്നം ,പിന്നെ കളനീക്കുക എന്ന  പ്രശ്നം.. എന്നാലും നാലഞ്ച് കമ്പുകള്‍ മരച്ചീനി നട്ടു കുറച്ചുകൂടി നടണം.. നാലാഞ്ജ്ച് പപ്പായകള്‍ ചിറയില്‍ നട്ടത് വളരുന്നുണ്ട് ,കവുങ്ങ് പേരിന് ഒന്നുമാത്രം നട്ടു..രണ്ടു ചിറകളിലായി കുറച്ചു തെങ്ങുകള്‍ ഉണ്ട് ..അവയ്ക്കു പൂത്ത നല്കിയിട്ടുണ്ട് . ഇപ്പോള്‍ ഓരോ ദിവസമായി സ്ലരി നല്‍കിക്കൊണ്ടിരിക്കുന്നു . വഴുതന പാകിയിട്ടുണ്ട് പറിച്ചുനടാന്‍. ചൂട് കൂടുമ്പോള്‍ തക്കാളിയില്‍ പരാഗണം നടക്കാതെ പൂക്കള്‍ കരിയുകയാണ് പതിവ് .എന്നാല്‍ നാടന്‍ തക്കാളിവേനലിനെ അതിജീവിയ്ക്കുന്നുണ്ട് .. അല്പ്പം വിത്ത് പാകിയിട്ടുണ്ട് .. കുളത്തിനടുത്ത തട്ടില്‍ പയര്‍ ,വഴുതന ,തക്കാളി എന്നിവ നടണം .. 

പിന്നെ കാര്യമായ പണിയുണ്ട് .. 45 സെന്‍റ് സ്ഥലം ഉള്ളത്തില്‍ പാതിയില്‍ കൃഷിയായി .ബാക്കിഭാഗത്ത് കള മാറ്റണം .. ചാലുകള്‍ ശരിയാക്കണം .ആവശ്യമില്ലാത്ത ചാലുകള്‍ നീക്കി ,നെല്‍കൃഷിയ്ക്കായി വയല്‍ ഒരുക്കണം .. വെള്ളരിവര്‍ഗ്ഗങ്ങള്‍ (വെള്ളരി,കുമ്പളം ,വത്തയ്ക്ക കക്കിരി ,മത്തന്‍..) നട്ട സ്ഥലത്തും അല്പ്പം കൂടി സ്ഥലവും കൂട്ടിയാണ് നെല്ല് നടുക ..അത്  ഏപ്രിലിന് ശേഷം.. ബാകിയുള്ള സ്ഥലത്തു വാഴകളും മരച്ചീനിയും ഇടവിളകളും നടണം .. കള അല്പം മാത്രം നിയന്ത്രിയ്ക്കും .. ചിറയിലും അതോട് ചേര്‍ന്ന  തെങ്ങിന്റെ തണലുള്ള ഭാഗത്തും മഞ്ഞള്‍ ,ചെമ്പ് ,കൂവ ചേന തുടങ്ങിയവയാണ് നടാന്‍ വിചാരിക്കുന്നത് .. .

ഇത് ഒരു പ്രകൃതികൃഷി ഗവേഷണ - പരീക്ഷണ പ്ലോട്ടാക്കാനാണ് വിചാരിക്കുന്നത് .. ഒരു ബോര്‍ഡ് വയ്ക്കണം .. പശുവിനും ആടിനും പുല്ലരിയാന്‍ അല്പ്പം സൂത്രകാരായ സ്ത്രീകള്‍ എത്തുന്ന സ്ഥലമായതിനാല്‍ ഇതിനെ ഒന്നല്‍പ്പം എസ്റ്റാബ്ലിഷ് ആകാതെ വഴിയില്ല .. ആടിനെ അഴിച്ചു വിടുന്നവരോട് പല തവണ അരുതെന്ന് പറയേണ്ടി വന്നിട്ടുണ്ട് .. ചുറ്റും മുസ്ലിം ഗൃഹങ്ങളാണ്..വര്‍ഗ്ഗീയത പറയുന്നതല്ല എങ്കിലും അല്പ്പം ഒറത്ത ആള്‍ക്കാരാണ് ചുറ്റുമുള്ളവര്‍ ..  ഞങ്ങള്‍ ഇത്രയേറെ കഷ്ടപ്പെട്ടു  വിയര്‍പ്പൊഴുക്കി കൃഷി ചെയ്യുന്നത് കണ്ടിട്ടും ആടിനെ കെട്ടാന്‍ പല   തവണ പറഞ്ഞിട്ടും കണ്ണു തെറ്റിയാല്‍ ആട് വയലില്‍ എത്തുന്നു .. അതൊക്കെ നിയന്ത്രിയ്കാന്‍ കളിയല്ല ,കാര്യമായ കൃഷിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെടണം .കള നീക്കാതെ വച്ചിരിക്കുന്നത് തന്നെ അവരുടെ കണ്ണില്‍ തമാശയാണ്.. ജീവിയ്കാനുള്ള പണമുണ്ടായിട്ടും, സമ്പാദ്യമത്രയും ഇങ്ങനെയൊരു വയലില്‍ മുടക്കി ,കഷ്ടപ്പെടുന്നത് അവര്‍ക്ക് വെറും ഭ്രാന്താണ് ..ഞങ്ങള്‍ ഒന്നുകൊണ്ടും നിരാശപ്പെടാനോ പിന്തിരിയാനോ പോകുന്നില്ല ..ഈ വയല്‍ ഞങ്ങള്‍ക്ക് ഒരു നിയോഗം പോലെ ലഭിച്ചതാണ്.. ഇവിടെ കൃഷിയുടെ യഥാര്‍ത്ഥ മാതൃക കാണിച്ചുകൊടുക്കാനും ജൈവ വൈവിധ്യം സംരക്ഷിയ്ക്കാനും ഒപ്പം കുറെ നല്ല വിത്തുകള്‍ ഉണ്ടാക്കി വിതരണം ചെയ്യാനും പ്രകൃതി ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് .. അതുകൊണ്ട് ,മണ്ണും കാലാവസ്ഥയും മറ്റെല്ലാ ഘടകങ്ങളും ഒത്തുചേര്ന്ന് ,പ്രശ്നങ്ങള്‍ എല്ലാം മാറി ഞങ്ങള്‍ക്കൊപ്പം പ്രകൃതി ഉണ്ടാകും ,തീര്‍ച്ച ..കൃഷി എന്ന വ്യവസായമോ , കൃഷി എന്ന പണമുണ്ടാക്കലോ അല്ല ,കൃഷി എന്ന ജീവിതരീതിയാണ്ഞങ്ങള്‍ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതും .. അതുകൊണ്ട് ഒരിയ്ക്കലും ഞങ്ങള്‍ പരാജയപ്പെടില്ല        

Sunday, June 22, 2014

പ്രകൃതിയുടെ വഴികള്‍ ....



തേങ്ങ പൊതിച്ചതിന്‍റെ ചകിരി തെങ്ങിനു കൊടുക്കാനായി പോവുകയായിരുന്നു ഞാന്‍ .. പെട്ടെന്നാണ് ഒരാള്‍ തൊട്ടടുത്തുനിന്നും ഓടി വേലിയ്ക്കലെ കല്ലില്‍ ചെന്നിരുന്നത് .. നനവിലെ വലിയ ഉടുമ്പായിരുന്നു അവള്‍.  അവളുടെ വലുപ്പവും രൂപവും ഭാവവുമൊക്കെ എന്നെ അമ്പരപ്പിച്ചുകളഞ്ഞു ...  ആഹ്ലാദകരമായ ഒരു കാഴ്ച്ചയായിരുന്നു അത് .. 

 സാധാരണ  ആളെക്കണ്ടാല്‍   ഓടിമറയുന്ന  ഇവളെന്താ ഇന്നിങ്ങനെ ..മുഖംനിറയെ,  കണ്ണുനിറയെ ചിരിയുമായി അവളങ്ങിനെ നില്‍ക്കുകയാണ്.. രണ്ടുമീറ്ററോളം ഇപ്പുറത്താണ് ഞാന്‍ ..കുറച്ചുനേരം മുഖാമുഖംനോക്കി ഞങ്ങള്‍ സംസാരിച്ചു.. 'എന്തുപറ്റി നിനക്കു . കാണാന്‍ ഉഷാറുണ്ടല്ലോ..ഇങ്ങനെ നിന്നാല്‍ ശരിയല്ല ..വല്ലവരുടേയും കണ്ണിലെങ്ങാനും പെട്ടാല്‍ അപകടമാ ..'എന്നും മറ്റുമാണ് ഞാന്‍ സംസാരിച്ചത് ..അവളെന്താണ് പറഞ്ഞതെന്ന് അപ്പോള്‍ മനസ്സിലായില്ല ... 'ഒന്ന്‍ പോയിതരുമോ എനിക്കല്‍പ്പം ആഹാരംകഴിക്കാനുണ്ട് 'എന്നാണവള്‍ പറഞ്ഞതെന്ന് അല്‍പ്പം കഴിഞ്ഞാണു മനസ്സിലായത് ..



അവളങ്ങിനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു ഫോട്ടോ എടുക്കണമെന്ന് തോന്നി ..ചകിരി തെങ്ങിനിട്ടശേഷം അവളോടു ,'നീയിവിടെത്തന്നെ നില്‍ക്കണേ ,ഞാനിപ്പം വരാം 'എന്നുംപറഞ്ഞു,ക്യാമറയെടുക്കാനായി പോയി ..അവള്‍ പോയിക്കാണും എന്നുതന്നെയായിരുന്നു വിചാരിച്ചത് . പക്ഷേ നല്ല അനുസരണയുള്ള ഉടുമ്പ് !!!..അവിടെത്തന്നെ നിന്നു .. 

രണ്ടുമീറ്ററോളം അടുത്തുചെന്നു കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി ..പിന്നെ ഉറക്കെ ഹരിയെ വിളിച്ചു..മറ്റെ ക്യാമറയുമായി ഹരിവന്നു ..എന്നിട്ടും അവള്‍ക്കു പേടിയില്ല ..ഞങ്ങളെ പതിവായി കാണുന്നതിനാലാണോ അപകടകാരികളല്ലെന്നവള്‍ ഉറപ്പിച്ചത്?.. ഞാന്‍ പിന്നേയും പതുക്കെ ഒരു മീറ്ററോളം അരികെ ചെന്നു ..മുഖത്തും കാലിലും മണ്ണുമായി നില്‍ക്കുന്ന അവളുടെ പരുപരുക്കന്‍ ശരീരം ഒന്നു തൊട്ടുനോക്കണമെന്ന് തോന്നിയെങ്കിലും ഹരീ വിലക്കി .അവളുടെ കൂര്‍ത്ത നഖമുള്ള കൈകള്‍കൊണ്ട് ഒരു പിടുത്തം പിടിച്ചാല്‍ ഇറച്ചിയിങ്ങ് പറിഞ്ഞുപോരും .. അധികം അടുത്തെത്തിയത് അവള്‍ക്കത്ര ഇഷ്ടവുമായില്ല ..പാമ്പിനെപ്പോലെ ശീല്‍ക്കാരശബ്ദമുണ്ടാക്കി .. 

എന്തിനവളവിടെത്തന്നെ നില്ക്കുന്നു എന്നറിയണമല്ലോ.. നോക്കിയപ്പോള്‍ ഒരിടത്ത് മണ്ണുമാന്തി ചെറിയ കുഴിയാക്കിയത് കണ്ടു ..അവള്‍  ഇര തേടുകയായിരുന്നു ..കാര്യമായ എന്തോ അവിടെ ഉണ്ടായിരിക്കണം ..എന്നാളവളെ ശല്യമാക്കണ്ട എന്നുകരുതി ഞങ്ങളങ്ങു  പോയി..


എന്നാലും അവള്‍ എന്താണ് ചെയ്യുന്നതെന്നറിയന്‍ ഒരു കൌതുകം ..അല്പ്പം കഴിഞ്ഞു ചെല്ലുമ്പോള്‍ അവളുണ്ട് വീണ്ടും മണ്ണ് മാന്തുന്നു ..ഞാനല്‍പ്പം മാറി ഒളിഞ്ഞു നിന്ന്‍ ബൈനോക്കുലറിലൂടെയാണ് നോക്കിയത് ..എങ്കിലും അവളെന്നെ കണ്ടു ..ഇടയ്ക്കു എന്നെ നോക്കിക്കൊണ്ടായി പിന്നെ മാന്തല്‍ .. ബൈനോയിലൂടെ അവളെ തൊട്ടടുത്ത് കണ്ടപ്പോള്‍ ഒരു ദിനോസറിനേപ്പോലെ തോന്നിച്ചു മാന്തുന്ന മണ്ണ്‍ എന്റെ കണ്ണിലേയ്ക്ക് വീഴുമ്പോലെ തോന്നി .. ഒരു പത്തുപന്ത്രണ്ടു മീറ്റര്‍ ഇപ്പുറത്തായിരുന്നു ഞാന്‍ നിന്നിരുന്നത് .. 


പെട്ടെന്നവള്‍ക്ക് എന്തോ കിട്ടി ..ഒരു വലിയ കരിന്തേള്‍!!! അതിനെ പതംവരുത്തി വിഴുങ്ങിയശേഷം പിന്നേയും മാന്തല്‍ തുടര്‍ന്നു .അതാ വരുന്നു രണ്ടാമത്തെ കരിന്തേള്‍ ..അവളെ ശല്യമാക്കണ്ട എന്നുകരുതി ഫോട്ടോഎടുക്കാന്‍ ശ്രമിച്ചില്ല ..രണ്ടാമത്തെ  തേളിനേയും തിന്നശേഷം, അവള്‍ പതിയെ ഇഴഞ്ഞു ,കാടിനകത്തേയ്ക്ക് പോയി ..

ഇപ്പോഴാണ് നനവില്‍ തേളുകള്‍ കുറഞ്ഞതിന് കാരണം മനസ്സിലായത് ..പറമ്പില്‍ കരിയിലയും ജൈവാംശവും ഉള്ളതിനാല്‍ മൂന്നുവര്‍ഷമ്മുമ്പ് തേളുകളുടെ എണ്ണം വല്ലാതെ വര്‍ധിച്ചിരുന്നു .. മുറ്റത്തും വീട്ടിനകത്തുമൊക്കെ അവരല്‍പ്പം ശല്യമാക്കിയിരുന്നു ..എന്നെയും ഹരിയേയും ഓരോ പ്രാവശ്യം അവ കുത്തുകയും ചെയ്തിരുന്നു ഇപ്പോള്‍ ഒരുവര്‍ഷമായി അവയുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്..മാത്രമല്ല ഇത്രയേറെ കാടുണ്ടായിട്ടും പാമ്പിന്റെ എണ്ണവും ഇവിടെ കുറവാണ്.. ചിതല്‍, ഉറുമ്പ് ,പാമ്പിന്‍കുട്ടികള്‍ ,തേള്‍ ,കരിങ്കണ്ണ് തുടങ്ങിയവരെ തിന്നു നിയന്ത്രിയ്കുന്നത് ഉടുമ്പാണ്..കൂടാതെ പക്ഷികളും കീരിയും മറ്റുമുണ്ട്.. 

ഇവളെക്കൂടാതെ ഇടത്തരം വലുപ്പമുള്ള ഒന്നും പിന്നെ തീരെച്ചെറിയ കുഞ്ഞുടുമ്പുകളും ഇവിടെയുണ്ട് . ജൈവസന്തുലനം നിലനിര്‍ത്തുന്ന  പ്രകൃതിയുടെ വഴികളെ തടസ്സപ്പെടുത്താതിരുന്നാല്‍ വന്യമൃഗശല്യം ഉണ്ടാവില്ല എന്നതിന് നല്ലൊരുദാഹരണമാണ് ഈ ഉടുമ്പുകള്‍...  

Wednesday, July 31, 2013

ഗരുഡചരിതം....





നവില്‍ പൂമ്പാറ്റകള്‍ക്കായി ലാര്‍വ്വഭക്ഷണസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് രണ്ടു വര്ഷം മുമ്പ് കരിവെള്ളൂരില്‍ നിന്നും ഗരുഡക്കൊടി കൊണ്ടുവന്നത് .. ഈശ്വരമൂലി ,ഉറിതൂക്കി തുടങ്ങിയ പേരുകളുമുള്ള Aristolochia indica എന്ന ഗരുഡക്കൊടി ചക്കരശലഭം ,നാട്ടുറോസ്, ചുവപ്പുറോസ് എന്നിവയുടേയും , ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭത്തിന്‍റേയും ലാര്‍വ്വ ഭക്ഷണ സസ്യമാണ്.. മാത്രമല്ല പാമ്പുവി ഷത്തിനെതിരെവരെ ഉപയോഗിക്കാറുള്ള ഒരു ഔഷധവുമാണ്.. ഗരുഡക്കൊടി എന്ന പേരുവരാനും ഇതാണ് കാരണം . 

ചെടി ഒരുവര്‍ഷം കൊണ്ട് പടര്‍ന്ന് വളര്‍ന്നെങ്കിലും കാത്തിരുന്നപ്പോലെ ഗരുഡ ശലഭം എത്തിയില്ല .. എന്നാല്‍ ധാരാളം ചുവപ്പുറോസുകള്‍ മുട്ടയിട്ട് വിരിഞ്ഞു പോയി . 

രണ്ടാം വര്ഷം മഴ തുടങ്ങി അല്‍പ്പനാള്‍ക്കകം ഗരുഡക്കൊടി വല്ലാതെ വളര്‍ന്ന് പന്തലിച്ചു.. അപ്പോഴാണ് ഒരു ദിവസം ഗരുഡ ശലഭപ്പെണ്ണ് ഞങ്ങളുടെ ചെടി കണ്ടെത്തിയത് .. പിന്നെ പാറിനടന്ന് ധാരാളം മുട്ടകളിട്ടിട് പോയി .. പിന്നേയും കുറച്ചു ദിവസങ്ങള്‍ മുട്ടയിടല്‍ തുടര്‍ന്നു..


പലയിനം തിരക്കുകളാല്‍ ഞങ്ങള്‍ക്ക് കൃത്യമായ നിരീക്ഷണവും ഫോട്ടോഗ്രാഫിയും സാധിച്ചില്ല .. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നോക്കിയപ്പോള്‍ വള്ളിയില്‍ നിറയെ നല്ല മറൂണ്‍ നിറമുള്ള ലാര്‍വ്വകള്‍ .. മള്‍ബറിപ്പഴംപോലെ നല്ല സ്റ്റൈലന്‍ പുഴുക്കളാണ്.. ആര്‍ത്തിയോടെയവ ഗരുഡയിലകള്‍ തിന്നുകയായിരുന്നു . 


കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവ നന്നായി തടിച്ചു കൊഴുത്തു . അന്ന്‍ പതിനൊന്ന് തടിയന്‍ പുഴുക്കളെയാണ് കണ്ടത് .. ഗരുഡവള്ളിയുടെ ഇലകള്‍ മിക്കവാറും തീര്‍ന്ന്,വള്ളിമാത്രമായി കഴിഞ്ഞിരുന്നു.പുഴുക്കള്‍ വള്ളി തിന്നാന്‍ തുടങ്ങിയിരുന്നു . രണ്ടു ദിവസത്തിന് ശേഷം പത്തു പുഴുക്കള്‍ തീറ്റ നിര്‍ത്തി .അവ സമീപത്തെ പല ചെടികളിലേയ്ക്കും ഇഴഞ്ഞു ചെന്ന്‍ ഒരുദിവസം അനങ്ങാതെ കിടന്നു ,വിസര്‍ജനമൊക്കെ ചെയ്തു ,ശരീരമൊക്കെ ഒന്നു വൃത്തിയാക്കി .. പിന്നെ ,രണ്ടുനാള്‍ നൂല്‍വളയത്തില്‍ താങ്ങി വളഞ്ഞു കിടന്നു .

 പിറ്റേന്നാള്‍ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന കൂട് കെട്ടി തപാസ്സാരംഭിച്ചു . മിക്കവരും അല്പം അറപ്പോടെയും ശത്രുതയോടേയും കാണുന്ന പുഴുജന്‍മത്തില്‍ നിന്നും എല്ലാവരുമിഷ്ടപ്പെടുന്ന  പൂമ്പാറ്റയെന്ന  സുന്ദരജന്‍മത്തിലേക്കുള്ള രൂപമാറ്റം ലഭിയ്ക്കാനുള്ള തപസ്സിന് 28 ദിവസങ്ങള്‍ വേണ്ടിവന്നു ..








പ്യൂപ്പയുടെ നിറമാറ്റങ്ങള്‍ ഇടയ്ക്കൊക്കെ ചെന്നു നോക്കാറുണ്ടായിരുന്നു .. അതിനിടെ , പാര്‍വ്വതിച്ചെടിയുടെ തറയോടടുത്തുള്ളഒരു കമ്പില്‍ അടുത്തടുത്തായി കിടന്നിരുന്ന രണ്ടു പ്യൂപ്പകളെ ഏതോ ശത്രു ആക്രമിച്ചു കൊന്നുകളഞ്ഞു ..
 ഉണങ്ങിചുരുണ്ട ഒരു പഴുത്ത ഇലയെ അനുകരിയ്ക്കുന്നവയാണ് പ്യൂപ്പകള്‍, പെട്ടെന്നൊന്നും കണ്ണില്‍ പെടില്ല .  27 ദിവസമായപ്പോള്‍ നിറം മാറി കറുപ്പായി . പിറ്റേന്നാള്‍ വിരിയുമെന്ന് ഉറപ്പായിരുന്നു . 



രാവിലെ ഒന്നു ചെന്നുനോക്കിയപ്പോള്‍ ലക്ഷണമൊന്നും കണ്ടില്ല .. കുറെ വര്‍ഷങ്ങള്‍ക്ക് മുന്പ് (അന്ന് ക്യാമറയുണ്ടായിരുന്നില്ല )കണ്ട കാഴ്ച ഒന്നുകൂടി കാണാന്‍ , നല്ല കുറച്ചു ഫോട്ടോകള്‍ പകര്‍ത്താന്‍ ഒക്കെ വിചാരിച്ചതായിരുന്നെങ്കിലും അവിടെ തന്നെ നോക്കിനില്‍ക്കാന്‍ പറ്റിയില്ല. പിന്നീട് നോക്കിയപ്പോള്‍ ഒഴിഞ്ഞ കൂട് മാത്രം കാണാനായി .. 




വിരിഞ്ഞിറങ്ങിയവര്‍  ഇവിടെയൊക്കെതന്നെ കറങ്ങിനടക്കുന്നുണ്ട് .. ചിലപ്പോള്‍ മുറ്റത്തും വരും ..ഹനുമാന്‍ കിരീടങ്ങള്‍ അവര്‍ക്കായി തേന്‍താലങ്ങള്‍  ഒരുക്കി കാത്തിരിപ്പുണ്ട് .  ചെടി തളിര്‍ക്കുന്ന മുറയ്ക്ക് പിന്നേയും മുട്ടകള്‍ ഇടുകയും പുഴുക്കള്‍ വളരുകയും ചെയ്യുന്നുണ്ട് .. നാളേയ്ക്ക് ഒരാള്‍ പ്യൂപ്പയാകും ..  സ്ഥലത്തുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്‍റെ പുറത്തിറങ്ങലും ആദ്യ പറക്കലുമൊക്കെ കാണണം .. 

ഗരുഡവള്ളി നട്ടപ്പോള്‍ ഇത്രയേറെ ആനന്ദക്കാഴ്ചകള്‍ പുറകേവരുമെന്ന് വിചാരിച്ചിരുന്നില്ല .. ഇത്രയും കൊണ്ട് തീര്‍ന്നില്ല .. രണ്ടു ദിവസം മുമ്പ് പതിവ് പ്രഭാത നിരീക്ഷണത്തിനിടയില്‍ നാഗപ്പൂമരത്തിന്‍റെ തൈമേല്‍ രണ്ടുപേര്‍ . ആണും പെണ്ണുമാണ്. മഞ്ഞയില്‍ കറുത്ത ത്രികോണപ്പൊട്ടുകളുള്ള പെണ്ണിന് വലുപ്പവും അല്പ്പം കൂടുതലാണ്.. ആണിന് തിളങ്ങുന്ന മഞ്ഞ ത്രികോണപ്പൊട്ടുകളാണ്.. ഞങ്ങള്‍  നോക്കുമ്പോള്‍ അവ ഇണ ചേരുകയായിരുന്നു .. മണിക്കൂറുകള്‍ നീളുന്ന പ്രക്രിയയാണ്.. പക്ഷേ ഒരല്പം അതിശയിപ്പിക്കുന്ന രംഗമാണ് അവിടെ കണ്ടത് ..വിരിഞ്ഞിറങ്ങിയപടിയെന്നവണ്ണം പൊട്ടിയ പ്യൂപ്പക്കുടിനടുത്ത് ഇരിപ്പായിരുന്നു പെണ്‍ശലഭം .. ആണ്‍ശലഭം കൂടിനു മുകളിലാണ് ഇരുന്നത്.. പെണ്ണ്‍ വിരിയുന്നതും കാത്തിരിക്കയായിരുന്നോ അവന്‍ ?!!!..  അങ്ങനെയാണ്തോന്നുന്നത് ,പെണ്ണിന്‍റെ ചിറകും മറ്റും നോക്കുമ്പോള്‍ ..

ഇനി കുറേ നാള്‍ ഗരുഡശലഭങ്ങള്‍ ഞങ്ങള്‍ക്ക് കൌതുകക്കാഴ്ചകള്‍ നല്‍കിക്കൊണ്ട് ഇവിടെ സസുഖം പറന്നുനടക്കും ,  വേനല്‍ മൂര്‍ഛിയ്ക്കുംവരെ ....