* വികാസംവേണം*വിനാശം വേണ്ട*

Monday, July 17, 2017

കര്‍ണാല്‍സിംഗുമാരുടെ ഭാരതം


യാത്രകള്‍ വിചാരിച്ചപോലെ നടക്കാറില്ല . ഇന്ത്യയെ കണ്ടെത്താന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണമെന്നത് വലിയൊരു സ്വപ്നം മാത്രമായി ഇന്നും അവസേഷിച്ചിരിക്കെ ,ഇന്നലെ കണ്ണൂരില്‍ നിന്നും പയ്യന്നൂ രിലേയ്ക്ക് ചെന്നൈ മെയില്‍ വണ്ടിയില്‍ യാത്രചെയ്തപ്പോള്‍ ,ഗ്രാമീണഇന്ത്യയുടെ യഥാര്‍ത്ഥ രൂപം  എന്‍റെ മുന്നില്‍ വന്നുപെട്ടു .

അല്‍പ്പം തിരക്കുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍, ഇടനാഴിയില്‍ നില്‍ക്കുകയായിരുന്നു ഞാനും ഹരിയും .അഞ്ചെട്ടു പേര്‍ കൂടി അവിടെ ഉണ്ടായിരുന്നു .കയ്യില്‍ ഉണ്ടായിരുന്ന അല്പം കനമുള്ള തുണിസഞ്ചി  ,ബോഗിയിലെ തട്ടിന് മ്മേല്‍ വെച്ച് ,നിന്നുകൊണ്ടുള്ള യാത്ര ആയതിനാല്‍ വഴിയോരക്കാഴ്ചകള്‍ ആസ്വദിക്കാനോ നിരീക്ഷിക്കാനോ ആവില്ലല്ലോ എന്ന വിഷമത്തില്‍ നില്‍ക്കുകയായിരുന്നു ഞാന്‍ .അപ്പോഴാണ് ഞങ്ങളുടെ തൊട്ടടുത്ത് തറയില്‍ കൂ നിപ്പിടിച്ചിരുന്നു യാത്ര ചെയ്യുകയായിരുന്ന രണ്ടുപേര്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടത് .ഒന്ന് ഒരു ചെറുപ്പക്കാരനും മറ്റെയാള്‍ അല്‍പ്പം വയസ്സായ ,ഒരു അമ്പത് കഴിഞ്ഞുകാണും ,ഒരാളും . പ്രായമായ ആ മനുഷ്യന്റെ രൂപം അതിദയനീയം ആയിരുന്നു .  അയാള്‍ ധരിച്ചിരുന്നത് ആകെ പിഞ്ഞിക്കീറിയ ഒരു ഷര്‍ട്ടും ഒരു ബെഡ്ഷിറ്റിന്‍റെയോ മറ്റോ കഷണവും ആയിരുന്നു . അല്‍പ്പം ചപ്രച്ച വെട്ടി ഒതുക്കാത്ത ,ചീകാത്ത മുടിയും ..കയ്യില്‍ ലഗേജ് എന്ന് പറയാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

ആ മനുഷ്യന്റെ ദയനീയ രൂപം എന്നെ വല്ലാതെ പിടിച്ചുലച്ചു .ഒരു ചെറിയ സഹായം പോലും അയാള്‍ക്ക് നല്‍കാതെ പോകാന്‍ എന്‍റെ മനസ്സ് എന്നെ അനുവദിച്ചില്ല .ഹരിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ,വല്ല ഭിക്ഷാടന മാഫിയയോ മറ്റോ ആണെങ്കില്‍ പ്രശ്നമാകും എന്ന് പറഞ്ഞു എന്നെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചത് .. മാനസിക വിഭ്രാന്തി ഉള്ള ആള്‍ ആണെങ്കില്‍ ,ഒന്നും ചെയ്യാനുള്ള സമയവും അപ്പോള്‍ ഇല്ലല്ലോ .ഒരു അടിയന്തിരപ്രാധാന്യം ഉള്ള  കാര്യത്തിന് പോവുകയായിരുന്നു ഞങ്ങള്‍ .. 

എന്നാലും ഒന്നും ചെയ്യാതെ ഇരിക്കാന്‍ മനസ്സ് എന്നെ അനുവദിച്ചില്ല .'അയാളോട് ഞാന്‍ സംസാരിച്ചു നോക്കട്ടെ അതില്‍ പ്രശ്നം ഒന്നും ഇല്ലല്ലോ 'എന്ന് പറഞ്ഞിട്ട് ,ഞാന്‍ ആ മനുഷ്യനോട് എനിക്കറിയാവുന്ന ഹിന്ദിയില്‍ സംസാരിച്ചു .ചെറുപ്പക്കാരനോടാണ് ആദ്യം സംസാരിച്ചത് .'ബാബാ കഹാം ജാതെ ഹോ ?'കൃഷ്ണ എന്ന പേര് പറഞ്ഞ ആ ബീഹാര്‍ സ്വദേശി ഉത്തരമായി പറഞ്ഞത് 'നഹിം ജാന്‍താ ,ജഹാം തക് യെ ഗാഡി ജാതാ വഹാം തക് ' എന്നാണ് . വണ്ടി എവിടേക്ക് പോകുന്നു അവിടെ വരെ പോകും എന്നാണയാള്‍ പറഞ്ഞത് .വയസ്സായ മനുഷ്യന്‍ അയാളുടെ പേര്‍ കര്‍ണാല്‍ സിംഗ് ആണെന്ന് പറഞ്ഞു .കൃഷ്ണയും അയാളും തമ്മില്‍ യാതൊരു ബന്ധവും ഇല്ല .അവര്‍ രണ്ടാളും ബീഹാര്‍ സ്വദേശികള്‍ ആണെന്ന ഒരു കാര്യം മാത്രമാണ് അവരെ അടുപ്പിച്ചത് . 

ഭക്ഷണം വാങ്ങാനായി കുറച്ചു പണം തരട്ടെ എന്ന് ചോദിച്ചപ്പോള്‍ കര്‍ണാല്‍ സിംഗ് അത് സ്വീകരിച്ചില്ല . വസ്ത്രം വാങ്ങാന്‍ പണം തരട്ടെ എന്ന് ചോദിച്ചപ്പോള്‍ ,അയാള്‍ക്ക് അതും വേണ്ട .'ഗാവ് ജാ കര്‍ മേഹനത് കര്‍കെ ജിയും 'എന്നാണയാള്‍ പറഞ്ഞത് ..  ഈ അവസ്ഥയിലും ,  സ്വന്തം നാട്ടില്‍ പോയി പണിയെടുത്തിട്ടു ജീവിക്കാനാണ്  അയാള്‍ ആഗ്രഹിക്കുന്നത് .അഭിമാനിയായ  ഗ്രാമീണനെ കൈകൂ പ്പി വണങ്ങിക്കൊണ്ട്   ഞാന്‍   പിന്‍വാങ്ങി .പയ്യന്നൂര്‍എത്തിയപ്പോള്‍ അയാളോട് യാത്ര പറഞ്ഞു ഞങ്ങള്‍  വണ്ടിയില്‍ നിന്നും ഇറങ്ങി .

സ്റ്റേ ഷനില്‍ ഇറങ്ങിയ ശേഷം,അവിടെ എത്തിച്ചേരും എന്നു അറിയിച്ചിരുന്ന സുഹൃത്തുക്കളെയും കാത്തു,അവിടത്തെ കസേരകളില്‍ ഞങ്ങള്‍ ഇരുന്നു . 
അപോഴുണ്ട് കൃഷ്ണ വണ്ടിയില്‍ നിന്നും ഇറങ്ങി ഞങ്ങളുടെ അടൂത്തേക്ക് വരുന്നു .അയാള്‍ക്ക് ഗോഹട്ടിയിലേക്ക് ആണ് പോകേണ്ടതത്രേ .അതിനുള്ള വണ്ടി പോകേണ്ട ദിശ അയാള്‍ക്ക് അറിയില്ല . വടക്കോട്ടാണോ തെക്കോട്ടാണോ ഗോഹാട്ടി വണ്ടി പോവുക ഏന്നാണ് അയാള്‍ക്ക് അറിയേണ്ടത് .. ആ പാവത്തിന് ആരും സഹായിക്കാന്‍ ഇല്ലാത്തതിനാല്‍ ,ഞങ്ങള്‍ക്ക് അടുത്തു വന്നതായിരുന്നു .ഞങ്ങള്‍ക്കും അറിയില്ലായിരുന്നു . അന്വേഷിച്ചശേഷം , പാലക്കാട് വണ്ടിയില്‍ പോകാനും അവിടെ നിന്നും രാത്രി പുറപ്പെടുന്ന ഗോഹട്ടി വണ്ടിയില്‍ പോകാനും പറഞ്ഞു കൊടുത്തു .ഒപ്പം രണ്ടു ദിവസത്തോളം സമയമെടുക്കും ഗോഹട്ടി യില്‍ എത്താന്‍ എന്നും ..ഞങ്ങള്‍ സഹായിക്കാന്‍ ഉണ്ട് എന്ന് കണ്ട ആ പാവം ,ഞങ്ങളള്‍ക്കത്ര മനസ്സിലാകാത്ത ബീഹാറി ഹിന്ദിയില്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു .പത്രക്കടലാസില്‍ നിന്നും ഒരു കഷണം കീറിയെടുത്ത് , അതില്‍ അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന്റെ പേര് ഇംഗ്ലീഷില്‍ എഴുതിക്കൊടുക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു .അതും എഴുതിക്കൊടുത്തു.അപ്പോള്‍ അയാള്‍ക്ക് സമാധാനം ആയി .കാറ്ററിംഗ് കടയില്‍ ചെന്ന് ഒരു വട വാങ്ങിത്തിനു  വിശപ്പടക്കിയ കൃഷ്ണ ഞങ്ങളോട് പണം ആവശ്യപെട്ടതേയില്ല..അത്രയ്ക്ക് മാന്യമായാണ്‌ അയാള്‍ പെരുമാറിയത് .  പിന്നെ ഞങ്ങളുടെ സുഹൃത്തുക്കള്‍ വന്നപ്പോള്‍ കൃഷ്ണയോട്  ഞങ്ങള്‍    യാത്ര   പറഞ്ഞു .

വിഭവങ്ങള്‍ കുറച്ചുകൊണ്ട് ജീവിക്കുന്നതിന്റെ പരീക്ഷണങ്ങള്‍ ആണ് ഞങ്ങളുടെ ജീവിതം.എനിക്ക് കേവലം നാല് ജോഡി വസ്ത്രങ്ങള്‍ മാത്രമേ ഉള്ളു .അതില്‍ രണ്ടെണ്ണം പിഞ്ഞാന്‍ തുടങ്ങിയത് ആണ് .രണ്ട് വര്‍ഷങ്ങള്‍ ആയി ഞാന്‍ പുതിയ വസ്ത്രങ്ങള്‍ തയ്പ്പിചിട്ട്.  ഇങ്ങനെ ആണെങ്കില്‍ തന്നെയും ,കര്‍ണാല്‍ സിംഗ് എന്‍റെ മനസ്സിനെ വല്ലാതെ ചിന്താകുഴപ്പത്തിലാക്കി . ഒരുപാട് ഇനിയും മിതത്വം പാലിക്കാനുണ്ട് എന്ന പാഠമാണ്  അയാള്‍ നല്‍കിയത് ..
അഭിമാനിയായ ഒരു മനുഷ്യന്റെ ദീനത പകര്‍ത്തി അയാളെ ആലോസരപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കതതിനാല്‍  അയാളുടെ പടം ക്യാമറയില്‍ പിടിച്ചില്ല എങ്കിലും ,കരിങ്കല്ലില്‍ കൊത്തിയതുപോലെ കര്‍ണാല്‍ സിംഗിന്‍റെ രൂ പം എന്‍റെ മനസ്സില്‍ മായാതെ പതിഞ്ഞു കിടപ്പാണ് .. 

0 comments: