* വികാസംവേണം*വിനാശം വേണ്ട*

Tuesday, July 19, 2016

വൃക്ഷക്കുഞ്ഞുങ്ങൾ എത്തിക്കഴിഞ്ഞു ..



ന്നലെ നല്ലൊരു ദിവസം ആയിരുന്നു .മരങ്ങള്‍ക്കായി നല്‍കിയ ദിവസം .. രാവിലെ അല്‍പ്പം മഴ ഉണ്ടായിരുന്നു ..പതിവ് ജോലികള്‍ക്കു ശേഷം ട്രഷറിയില്‍ പോയി.പെന്‍ഷന്‍ വാങ്ങി  എല്ലാമാസവും വാങ്ങുന്ന പതിവില്ല തിരക്കില്ലാത്തതിനാല്‍ പെട്ടെന്ന് കിട്ടി .ഹരിയും ഒപ്പം ഉണ്ടായിരുന്നു .ഞങ്ങള്‍ക്ക് ഇന്ന്‍ കുറേ സഞ്ചരിക്കാന്‍ ഉണ്ട് .ഒന്നാമത് കണ്ണവം കാട്ടില്‍ പോകണം .അവിടെ ഡിവി ഡിവി യുടെ തൈകള്‍ ഉണ്ട്കണ്ണൂരില്‍ നടാന്‍ അത് തരാം എന്ന് വനം വകുപ്പുകാര്‍ പറഞ്ഞിരുന്നു .പിന്നെ മണത്തണ തെറ്റുവഴിയില്‍ പോകണം .പ്രശസ്ത വോളിബോള്‍ കുടുംബം ആയ ജോര്‍ജ്ജ് ബ്രദേഴ്സിന്റെ ( ജിമ്മിയും സഹോദരന്‍ന്മാരും ) വീ ട്ടില്‍ ആണ് പോകേണ്ടത് ബാംഗ്ലൂരില്‍ താമസിക്കുന്ന സ്റ്റാന്‍ലി ജോര്‍ജ്ജ്  എന്ന പച്ച മനുഷ്യന്‍ ,അവിടെ നിന്നും വണ്ടിയില്‍ മരത്തൈകള്‍ ,കണ്ണൂരിലെ വീട്ടില്‍ എത്തിക്കുന്നു , പലരും അവ റോഡ്‌ സൈഡിലും മറ്റും നട്ടു വളര്‍ത്തുന്നു .

അവിടെ പോയാല്‍ പൂവരശിന്‍ തൈകള്‍ കിട്ടുമെന്ന് ശ്രി ,വിസി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു .അതിനായി 11 മണിക്ക് ഞങ്ങള്‍ വണ്ടിയുമെടുത്തു വിട്ടു.വണ്ടി എന്നാല്‍ ഞങ്ങളുടെ second hand  eco‍ car cum van ആണ് . പിന്‍സീറ്റു ഒഴിവാക്കി ,അവിടെ ഒരു മിനി ലോറിയില്‍ പറ്റുന്ന സാധനങ്ങള്‍  കടത്തുന്ന ,ഞങ്ങടെ പൊതുവാഹനം. ഒരു സ്വകാര്യ വാഹനം എങ്ങനെ പൊതുവാഹനം ആക്കി ഉപയോഗിക്കാം എന്നതിന്‍റെ പരീക്ഷണം ആണ് .കാര്‍ഷിക ആവശ്യങ്ങള്‍ക്കും,പിന്നെ ജൈവ സംസ്കൃതിയുടെ ആവശ്യങ്ങള്‍ക്കും ഒക്കെയാണ് അത് പരമാവധി മാസത്തില്‍  രണ്ടോ നാലോ തവണ ഷെഡില്‍ നിന്നും പുറത്തിറങ്ങുന്നത് . 

വനംവകുപ്പിലെ ഫോറസ്ടര്‍ സുനില്‍ കൂടെ വരും എന്ന് പറഞ്ഞിരുന്നു .പെരളശ്ശേ രിയില്‍ വണ്ടി നിര്‍ത്തി സുനിലിനെ കാത്ത് അല്‍പ്പനേരം  നിന്നു .അതിനിടയില്‍ അമ്പലത്തില്‍ ഒന്ന് കയറി .എന്തെങ്കിലും 
ആവശ്യപ്പെടാന്‍ അല്ല പോയത് .ഒന്നുകാണാന്‍ .. നല്ലൊരു കുളം ,കുറച്ചു അരയാലുകള്‍.പിന്നെ ഭക്തരുടെ വേദനകള്‍ തീര്ക്കുന്ന കര്‍ക്കടോത്തി എന്ന തെയ്യം .. സ്വന്തം മകനെ കാണാതായ വിവരമൊക്കെ കരഞ്ഞുകൊണ്ട് 
പറയുന്ന ഒരു അമ്മ ..ഒരു കൌണ്‍സിലിംഗ്..

സുനില്‍ വന്നപ്പോള്‍ അവിടന്നും വിട്ടു  .കണ്ണവത്തെ ഒരു കുടുംബശ്രി ഹോട്ടലില്‍  നിന്നും ഉച്ചഭക്ഷണം .പിന്നെയും യാത്ര .. പലയിടത്തും കാടിന്റെ ഹരിത സാന്ദ്രതയിലൂടെയുള്ള യാത്ര മനം കുളില്‍പ്പിച്ചു .ഓക്സിജന്‍ 
പൂരിതമായ  നിശ്വാസങ്ങളായി  വനവൃക്ഷങ്ങള്‍ വണ്ടിക്കകത്തേക്ക് വന്നു ഞങ്ങളെ തൊട്ടു തഴുകി .. കാടിനകത്തെ നഴ്സറിയില്‍ എത്തി ,അവിടെ തൈകള്‍ മിക്കവാറും ഒഴിഞ്ഞിരുന്നു . എന്നാല്‍ ഡിവിഡിവികള്‍  
ഞങ്ങളെ കാത്തു കിടന്നിരുന്നു .അമ്പതോളം തൈകള്‍ വണ്ടിയില്‍ കയറ്റി .നാലഞ്ചു കൂവളങ്ങളും ഞാവലും കിട്ടി .കൂടയില്‍ ആക്കാത്ത നെല്ലിത്തൈകള്‍ ധാരാളം ഉണ്ടായിരുന്നു .കുറേ പറിച്ചു ,ഒപ്പം കൂവളം,കരിമരുത്  
എന്നിവയും . ..ഇതൊക്കെ എടുത്ത് അവിടന്നു വിടുമ്പോള്‍ ,ഇടക്ക് വല്ലപ്പോഴും കാടിന്റെ സൌന്ദര്യം ആസ്വദിക്കാന്‍ ഇവിടെ വരണം എന്ന് തിരുമാനിച്ചു .  

സുനിലിനെ കണ്ണവം ഓഫീസില്‍ വിട്ടിട്ട്‌ ഞങ്ങള്‍ 
മണത്തനയ്ക്ക് വിട്ടു.അവിടേയ്ക്ക് തിരിയുന്ന സ്ഥലം ആയിരുന്നു തെറ്റുവഴി.ആരോ അറിഞ്ഞു തന്നെ പേരിട്ട സ്ഥലം .ഞങ്ങള്‍ക്കും  വഴി തെറ്റി.ആ റോഡിന്‍റെ ഇറക്കത്തില്‍ തന്നെയാണ്‌ ജിമ്മിയുടെ വീട്.ഞങ്ങള്‍ അതില്‍ 
ഇറങ്ങാതെ നാലഞ്ചു കിലോമിറ്റര്‍ ചുറ്റി വളഞ്ഞു .ഒടുവില്‍ ഫോണ്‍ ചെയ്ത് സ്ഥലം കണ്ടെത്തി .

ജിമ്മിയുടെ വീട്ടില്‍ പ്രായമായ അച്ഛനമ്മമാരും പേരക്കുട്ടിയും  സഹായികളും ഉണ്ടായിരുന്നു .സ്റ്റാന്‍ലി ജോര്‍ജ്ജ് എന്ന വോളിബോള്‍ താരത്തിന്‍റെ പ്രകൃതിസ്നേഹം അമ്പരപ്പിച്ചു .നാലു മരംനട്ടാല്‍ ഉടന്‍ പതിനാല് 
ഫോട്ടോകള്‍ എടുത്ത് അവാര്‍ഡു നേടുന്നവര്‍ക്കിടയില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഇങ്ങനെ കുറച്ചുപേര്‍ ഉണ്ട് .കയ്യില്‍നിന്നും പണം.ചെലവാക്കി മരതൈകള്‍ ഉണ്ടാക്കി നട്ടുനനക്കുന്നവര്‍ .ശരിക്കും 
ബഹുമാനക്കേണ്ടവര്‍ .അവിടെ വലുതായ പൂവരശിന്‍തൈകള്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നു .കണ്ണൂരിലെയ്ക്ക് അത്രയധികം ആവശ്യമില്ല .മാത്രമല്ല ഒരിനം മാത്രം നടുന്നത് ശരിയല്ലല്ലോ.അവിടെനിന്നും ഒരു അരയാല്‍ 
,രണ്ട് അര്‍ജ്ജുനം ,ഒരു താന്നി , അഞ്ചു ഉങ്ങുകള്‍, രണ്ട്  ചമതകള്‍,നാലഞ്ചു പേരറിയാ മരങ്ങള്‍ ,മൂന്നു മുളകള്‍ എന്നിവയും കിട്ടി ..വണ്ടി നിറയെ തൈകള്‍ ആയി . ഞങ്ങളുടെ കൈയ്യിലുള്ള കുറച്ചു നെല്ലി, കൂവളം, ഡിവി ഡിവി 
എന്നിവ അവര്‍ക്ക് കൊടുത്തു ..പിന്നെ മടക്കയാത്ര .മനസ്സ് തൂവല്‍ പോലെ  ഭാരം കുറഞ്ഞു പൊങ്ങിപ്പറന്നുകൊണ്ട്  ,ഒരു യാത്ര .. വഴിക്കുവച്ച് ഫോരസ്ടര്‍ സുനിലിനെ കണ്ടു അയാള്‍ നാട്ടുകാരന്‍ കൂടി ആണ് 
,സുനിലിനെയും കൂടെ കൂട്ടി.

ഇവിടെ നനവില്‍ തൈകള്‍ ഒക്കെ ഇറക്കി വച്ചിരിക്കുകയാണ്.ചെറിയ തൈകള്‍ ആയതിനാല്‍ ഡിവിഡിവികള്‍  മഴ നനയാതെ വച്ചു.നനവിനിത് അഭിമാന മുഹൂര്‍ത്തം.ഇനിയവ കണ്ണൂരില്‍ വളരും .ഒരു പൂവരസും മറ്റും ഇവിടെ യും നടണം.


.

0 comments: