* വികാസംവേണം*വിനാശം വേണ്ട*

Monday, April 22, 2013

നമുക്ക് കാക്കാം നമ്മുടെ ജീവജലം ..... നമ്മുടെ കേരളത്തെ ..


കണ്ണൂരില്‍ ജലസാക്ഷരതാ സെമിനാറില്‍ പങ്കെടുക്കാനെത്തിയ രാജേന്ദ്രസിംഹ് ,കണ്ണൂര്‍ ജില്ലാ പരിസ്ഥിതിസമിതിയുടെ ക്ഷണം സ്വീകരിച്ച് കക്കാട് പുഴയും സമരപ്പന്തലും സന്ദര്‍ശിച്ചു .അതിരാവിലെ ഹോട്ടലില്‍ ചെന്നുകണ്ട ഞങ്ങളോടു ഗവര്‍മെന്‍റല്ല ജനകീയ കൂട്ടായ്മകളാണ്ജലം സംരക്ഷിയ്ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 3 മീറ്റര്‍ വരെ മഴവെള്ളം ഉണ്ടാകുന്ന കണ്ണൂരില്‍ അത് സംരക്ഷിച്ചു നിര്ത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനു പകരം കടല്‍വെള്ളത്തിലെ ഉപ്പ് മാറ്റി കുപ്പിവെള്ളമാക്കി വന്‍വിലയ്ക്ക് വിറ്റ് ജലദൌര്‍ലഭ്യത പരിഹരിയ്ക്കാനും മറ്റുമുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് ഞങ്ങളോടുപറഞ്ഞു .ഗവര്‍മെന്‍റും കരാറുകാരും പണം പോക്കറ്റിലാക്കാനുള്ള വഴികള്‍ മാത്രമാണ് നോക്കുന്നതെന്നും ,ഏറ്റവു വലിയ di salainator ആയ സൂര്യനും, പിന്നെ മേഘങ്ങളും കാറ്റും ഉണ്ടെങ്കില്‍ ,വെള്ളം മണ്ണില്‍ സംഭരിയ്ക്കാന്‍ നദികളും തോടുകളും കുളങ്ങളും കാവുകളും കണ്ടലും കാടും കുന്നും കരിങ്കല്‍പ്പാറകളും ഒക്കെയുള്ളപ്പോള്‍, ഇവയൊന്നും നശിപ്പിക്കാതിരിക്കുക മാത്രം  ചെയ്യുന്നതിന് പകരം ,സെമിനാര്‍ നടത്തി പണം ധൂര്‍ത്തടിക്കുന്നു എന്നും പണം നേടുക എന്ന ഒറ്റലക്ഷ്യം മാത്രമേ അധികാരികള്‍ക്ക് ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു ... വൈകുന്നേരം നാലുമണിക്ക് ഞങ്ങള്‍ക്കൊപ്പം കക്കാട് പൂഴ കാണാന്‍ വന്ന അദ്ദേഹം ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്എന്നാണ് പറഞ്ഞത് .. രാജേന്ദ്രസിംഹിന്‍റെ നാടായ രാജസ്ഥാനില്‍ മഴ തീരെ കുറവാണ്,സസ്യങ്ങളും .. എന്നിട്ടും ഏഴു നദികളെ പുനര്‍ജീവിപ്പിക്കാനായി  അദേഹത്തിന്.. ഇവിടെ നമ്മള്‍ എങ്ങനെയൊക്കെയാണ് പുഴകളെ കൊല്ലേണ്ടതെന്നും ജലാശയങ്ങള്‍ വറ്റിക്കേണ്ടതെന്നും ജലം സംഭരിയ്ക്കാനുള്ള പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളെല്ലാം നശിപ്പിക്കേണ്ടതെന്നും ഗവേഷണം നടത്തി നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നു ..

ഫണ്ട് ധൂര്‍ത്തടിയ്ക്കാന്‍ വേണ്ടി സെമിനാറുകള്‍ നടത്തുകയല്ല,ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണു വേണ്ടതെന്ന്     പറഞ്ഞുകൊണ്ട് കണ്ണൂര്‍ജില്ല പരിസ്ഥിതിസമിതി നടത്തിയ പ്രതിഷേധപ്രകടനം 

ഈ വേനലിലും നിങ്ങള്‍ക്കുകാണാം കണ്ണൂരില്‍ പുതിയ ബസ്റ്റാണ്ട് നിര്‍മ്മിച്ചതിന് ശേഷം ബാക്കി വന്ന ഇത്തിരി ചതുപ്പും മോട്ടോര്‍ വച്ച് വറ്റിച്ച് കെട്ടിടം പണിയുന്നത് .. ഈ പൊരിവെയിലില്‍ സൂര്യാഘാതം കേരളത്തെ വിഴുങ്ങവേ ,കാല്‍ടെക്സ് ജങ്ക്ഷനിലെ  നാലോളം വന്മരങ്ങളുടെ വേരുകള്‍ യാതൊരാവശ്യവുമില്ലാതെ ജെസിബി വച്ച് മാന്തി പുറത്താക്കിയ ശേഷം ആള്‍ക്കാരുടെ ജീവനു ഭീഷണിയാണെന്ന് പ്രത്യേക ഓര്‍ഡറിറക്കി മുറിച്ച്മാറ്റിക്കാന്‍ മുങ്കൈയ്യെടുത്തത് കണ്ണൂര്‍ എം എല്‍ എ തന്നെയാണ്.. മേലെ ചൊവ്വയിലെ തണല്‍മരവും കിണറും നശിപ്പിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞ്ട്ടും  അവിടെ കുറെ ഫ്ലക്സ് ബോര്‍ഡുകള്‍ വയ്ക്കാനായി സ്ഥലം നല്കിയതല്ലാതെ ഒരു പരിഷ്കാരവും  നടത്തിയില്ല എന്നു മാത്രമല്ല നടത്താന്‍ പോകുന്നുമില്ല ..ഇതൊക്കെ വികസനക്കൂത്താട്ടങ്ങളുടെ ഏതാനും  ചില ഉദാഹരണങ്ങള്‍ മാത്രം ... 

ഇരിട്ടി അയ്യങ്കുന്നില്‍ കഴിഞ്ഞ മഴക്കാലത്ത് ഉരുള്‍പൊട്ടിയത് ഒരു ഉറവയുടെ ഉല്‍ഭവസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു വമ്പന്‍ ക്വാറിയിലാണ്.. ഒരു പഞ്ചായത്തില്‍ മാത്രം ഇരുപത്തെട്ടോളം ക്വാറികള്‍ അവിടെയുണ്ട് ..അവ ഇപ്പോഴും പ്രവര്‍ത്തിയ്ക്കുന്നു ..ജീല്ലാ ഭരണകൂടത്തിന് പോലും തടയാനാകാത്തവിധം വന്‍ നേതാക്കളുടേയും മന്ത്രിമാരുടേയുമോക്ക  ബിനാമികളാണ് അവ നടത്തുന്നത് .. 

നമുക്കറിയാം പാലക്കാടിന്‍റെ തീക്കാറ്റടിയ്ക്കുന്ന കാലാവസ്ഥയെ .. പശ്ചിമ ഘട്ടത്തിലെ വിടവിലൂടെ മഴമേഘങ്ങള്‍ കടന്നുപോവുകയും അപ്പുറത്തുനിന്നും ഉഷ്ണവായു കടന്നുവരികയും ചെയ്യുന്നത് കൊണ്ട് ഈ അവസ്ഥ വരുന്നു എന്നും നമുക്കറിയാം ..കേരളത്തെ മുഴുവന്‍ പാലക്കാടാക്കിയശേഷം ,പിന്നെ സഹാറയാക്കി മാറ്റാനുള്ള തലതിരിഞ്ഞതും വമ്പന്‍മാരുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പികാന്‍ മാത്രം ഉതകുന്നതുമായ , വിനാശം മാത്രം വിതയ്ക്കുന്ന പ്രവര്‍ത്തനങ്ങളെ നാമിനിയും മിണ്ടാതെ സഹിയ്ക്കുമോ അതോ നമ്മുടെ മക്കള്‍ക്കുള്ളതെല്ലാം നശിപ്പിയ്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളികളാകുമോ അതോ അതിനെ പിന്തുണയ്കുമോ അല്ലെങ്കില്‍ ഇതൊന്നും എന്നെ ബാധ്യ്ക്കുന്നതല്ലെന്ന് കണ്ണുമടച്ച് നിസ്സംഗത  പാലിയ്ക്കുമോ ??.. ഇതൊന്നുമല്ലാതെ  കേരള രക്ഷയ്ക്കായി നമ്മുടെ മക്കളുടെ രക്ഷയ്ക്കായി ഇതൊക്കെ  തടയാനായി മുന്നോട്ട് വരുമോ ?.. 


കേരളത്തെ രക്ഷിയ്ക്കാനായാണ്   മാധവ ഗാഡ്ഗില്‍എന്ന വലിയ മനുഷ്യന്‍ എല്ലാ വശങ്ങളും പഠീച്ചുകൊണ്ട് ഒരു റിപ്പോര്ട്ട് കൊണ്ടുവന്നത് . മാഫിയകള്‍ അതിനെ ചവറ്റുകൊട്ടയിലിടാനായി എല്ലാ കളികളും കളിച്ചുകൊണ്ടിരിയ്ക്കുന്നു .. നിങ്ങള്‍ ഏത് വഴി തെരഞ്ഞെടുക്കും എന്നതനുസരിച്ചായിരിക്കും കേരളത്തിന്റെ ഭാവി ..മഴയിനി വേണ്ട എന്നാണെങ്കില്‍ ഗാഡ്ഗില്‍ റിപ്പോര്ട്ട് തള്ളിക്കളയാനാവശ്യപ്പെടാം . ഇന്ന് നിങ്ങളുടെ നിശ്ശബ്ദതപോലും  ഗാഡ്ഗില്‍ റിപ്പോര്ട്ട് തള്ളാനിടയാക്കും. അതിനാല്‍ ശക്തമായി സര്‍ക്കാരിനോട് കേന്ദ്ര പരിസ്ഥിതിമന്ത്രി ശ്രീമതി ജയന്തി നടരാജനോട് ഗാദ്ഗില്‍ റിപ്പോര്ട്ട് നടപ്പാക്കാനാവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുക,ഇന്നുതന്നെ ...ഇപ്പോള്‍ത്തന്നെ ..  


ജില്ലാ പരിസ്ഥിതി സമിതിയുടെ ജനകീയ ജലസദസ്സ് 

1 comments:

ഭാനു കളരിക്കല്‍ said...

ജനങ്ങൾ ഇപ്പോഴും നിസംഗരായിരിക്കുന്നു എന്നതാണ് ഭീകരമായ പ്രശ്നം