* വികാസംവേണം*വിനാശം വേണ്ട*

Tuesday, May 22, 2012

ഒരു വര്‍ഷംകൂടി....

 മേയ്20. ഒരു വര്‍ഷംകൂടി പൂര്‍ത്തിയായിരിക്കുന്നു,ഞങ്ങള്‍ വൈവാഹികജീവിതത്തിലേയ്ക്ക് പ്രവേശിച്ചിട്ട്. ഈ വര്‍ഷവും ഞങ്ങള്‍ ആഗ്രഹിച്ചത് മനുഷ്യരില്‍നിന്നും എല്ലാ ബഹളങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി, പ്രകൃതിയുടെ സംഗീതം ആസ്വദിച്ചുകൊണ്ട് ഏകാന്തമായ ഏതെങ്കിലും കാട്ടിലോ പുഴയോരത്തോ ചെന്നിരുന്ന് തികച്ചും ശാന്തമായി ,സംഗീതസാന്ദ്രമായി ഈ ദിനം ആസ്വദിയ്ക്കണം എന്നായിരുന്നു.. ഇത്തവണയും അതിനു സാധിച്ചില്ല..
കുണിയന്‍ വയല്‍

എങ്കിലും ഏറെ അനുഭവങ്ങള്‍ നിറഞ്ഞ ഒരു ദിനംതന്നെയായിരുന്നു ഈ വാര്‍ഷികവും ..വ്യക്തിപരമായതും മറ്റുമായ പല പ്രശ്നങ്ങളും ഒരു വണ്‍ -ഡേ- ഔട്ടിംഗ് പ്ലാന്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കിലും ,തലേദിവസം  രാത്രി കിട്ടിയ ഒരു മൊബൈല്‍ സന്ദേശം അനുസരിച്ചു, എന്‍റെ ജന്മനാടായ കരിവെള്ളൂരിലെ കുണിയനിലേയ്ക്ക് പോകാമെന്ന് തീരുമാനിച്ചതു രാവിലെ ഉറക്കമുണര്‍ന്ന ശേഷമാണ്. കണ്ടല്‍ക്കാടുകളും ദേശാടനപ്പക്ഷികളും നെല്‍വയലുകളും പുഴയുമൊക്കെയുള്ള അതിമനോഹരമായ ഒരിടമാണ് കുണിയന്‍.. എന്‍റെ അമ്മമ്മയുടെ ജന്മദേശം . പക്ഷേ ഇവിടത്തെ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍ ..  അതൊന്നു പഠിയ്ക്കാനും പ്രതിരോധം തീര്‍ക്കാനും അവിടെയുള്ള സുഹൃത്തുക്കളാണ് പരിപാടി തയ്യാറാക്കിയത്..
വെട്ടി നശിപ്പിച്ച കണ്ടല്‍ക്കാടുകള്‍ -ഒരുദൃശ്യം

 
 9 മണിയ്ക്ക് കുണിയനില്‍ എത്താനാണ് കൂട്ടൂകാര്‍ പറഞ്ഞിരുന്നത്. എഴുന്നേല്‍ക്കാന്‍ 6 മണിയായി .. അതിനാല്‍ തിരക്കിട്ട് മല്ലിക്കാപ്പിയും ഒരു കറിയും തയ്യാറാക്കി. കുറച്ചു അവല്‍കുഴച്ചു. കാരറ്റും മുളപ്പിച്ച നിലക്കടലയും തേങ്ങയും ചേര്‍ന്ന വേവിക്കാത്ത ആഹാരവും തയ്യാറാക്കി . ഇവയൊക്കെ ചേര്‍ന്ന പ്രാതലും കഴിച്ചു 7.30 നു വീട്ടില്‍നിന്നിറങ്ങി..

ബസ്സിലായിരുന്നു യാത്ര.. തിരക്കൊന്നുമില്ലാത്ത ഒരു KSRTC TTബസ്സില്‍ 9.30 നു കരിവെള്ളൂരിലെത്തി. അവിടെനിന്നും റിക്ഷ പിടിച്ച് കുണിയനിലെ ഐതിഹാസികമായ രക്തസാക്ഷിസ്മാരകത്തിനടുത്തു ചെന്നിറങ്ങി.. ആദ്യമായായിരുന്നു ഞങ്ങള്‍ അവിടെ.. തിടില്‍ കണ്ണന്‍, കീനേരി കുഞ്ഞമ്പു എന്നീ രക്തസാക്ഷികള്‍ സാമ്രാജ്യത്വത്തിനെതിരെ വീരമൃത്യു വരിച്ചവരാണ്.. കീനേരി എന്‍റെ കുടുംബം കൂടിയാണല്ലോ എന്ന്‍ അല്പ്പം കൌതുകത്തോടെ ചിന്തിച്ചു. കുറച്ചു ഫോട്ടോകളെടുത്തു .ശാലീനരായ കുറച്ചു ആട്ടിന്‍ കുട്ടികള്‍ അവി
ടെ കളിച്ചുനടക്കുന്നുണ്ടായിരുന്നു... 
                                                                     ആട്ടിന്‍കുട്ടികള്‍

അവിടെയൊക്കെ നിറയെ എന്‍റെ ബന്ധുക്കളാണെങ്കിലും എവിടേയും കയറാന്‍ നിന്നില്ല.അപ്പോഴേയ്ക്കും കരുണാകരന്‍ മാഷ് എത്തി. ഭാസ്ക്കരേട്ടനും കുറച്ചു ചെറിയ കുട്ടികളും മറ്റു കുറച്ചു സുഹൃത്തുക്കളും കൂടി എത്തിച്ചേര്‍ന്നു.. രാവിലെ അന്നൂരില്‍ മാങ്ങ പറിയ്ക്കുമ്പോള്‍ ഒരു അച്ഛനും മകളും അതിദാരുണമായി ഷോക്കേറ്റ് മരിച്ചതിനാല്‍ വരുമെന്നറിയിച്ചിരുന്ന കുറേപ്പേര്‍ക്ക് വരാന്‍ പറ്റിയില്ല..

പുഴയോരത്തും മറ്റുമായി വെട്ടിയിട്ടതും മണ്ണെണ്ണയൊഴിച്ച് കരിച്ചുകളഞ്ഞതുമായ എക്കര്‍കണക്കിന് കണ്ടലുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു.. കരളലിയിക്കുന്ന  ദൃശ്യങ്ങള്‍ ...ഇവിടം പക്ഷിസങ്കേതമായി പ്രഖ്യാപിച്ച സ്ഥാലമാണ്,എന്നിട്ടും.. നാട്ടില്‍ ഇതിനെതിരെ പരിപാടി നടത്താന്‍ തീരുമാനിച്ച് കൂടെയുള്ളവര്‍ മടങ്ങി..


പുഴയോരം വരെ കയ്യേറി ചുട്ടിരിയ്ക്കുന്നു 


ഞങ്ങള്‍  കുറേ നേരം അവിടെ പക്ഷികളെ നോക്കിയും മറ്റും ചെലവഴിച്ചു..കാലിമുണ്ടി ,പെരുമുണ്ടി,ചേരാക്കൊക്കന്‍, ചാരമുണ്ടി ,മൈനകള്‍ , പരുന്തുകള്‍ ,ചെങ്കണ്ണിതിത്തിരി, കുളക്കൊക്ക്,  കൊമ്പന്‍ വാനംപാടി, പനങ്കാക്ക, കാക്കത്തമ്പുരാട്ടി, കുളക്കോഴി  തുടങ്ങിയവരൊക്കെ അവിടെ വയലിലെ കീടങ്ങളുടെ സംഖ്യ നിയന്ത്രിയ്ക്കുന്നുണ്ടായിരുന്നു ..കുറച്ചു നേരം പുഴയ്ക്കരയില്‍ ചെന്നിരുന്നു.. ഈ ദിനം ഇങ്ങനെ സുന്ദരമായ ഒരു വയലില്‍ കുറെസമയം ചെലവഴിയ്ക്കാനായതിന്‍റെ ആഹ്ലാദത്തോടെ ഇരിയ്ക്കുമ്പോഴാണ് ഒരു കറുത്ത കൊറ്റി തൊട്ടുമുന്നിലൂടെ പറന്നത് . ആദ്യമായാണ് കരിങ്കൊച്ചയെ(black bittern) കാണുന്നത് ..പുഴയിലാണെങ്കില്‍ നിറയെ ജല്ലിഫിഷുകള്‍ അതിലോലമായ ഉടലുമായി നീന്തിക്കളിയ്ക്കുന്നുണ്ടായിരുന്നു.. മീന്‍ പിടിയ്ക്കാനായി വന്ന മൂന്നുപേര്‍ അവയെക്കണ്ട് മടങ്ങിപ്പോയി..


പുഴ മണല്‍വാരല്‍ നിമിത്തം വലിയ കുഴിയായി മാറിയിരുന്നു. അതിനാല്‍ വെള്ളം താഴുകയും ഒരിയ്ക്കലും വരളാതിരുന്ന കുണിയന്‍ വയലിലും വരള്‍ച്ചയുടെ വീണ്ടുകീറലുകള്‍ ഉണ്ടാക്കുകയുചെയ്തിരുന്നു.

കളിമണ്ണൂ വാരി മണ്‍പാത്രങ്ങളുണ്ടാക്കിയിരുന്ന കുണിയന്‍ വയലിലും വരള്‍ച്ച
ഒരു അതിരാണി പടര്‍പ്പിന് താഴെ നിലംപറ്റിയ ഒരു കൂട്ടില്‍നിന്നും ഒരു കിളിക്കുഞ്ഞു ചിലച്ചുകൊണ്ടിരുന്നു.. അടുത്തുചെന്നപ്പോള്‍ ശബ്ദം നിലച്ചു. കുറെനേരം കൂടിനടുത്ത് തപസ്സിരുന്നിട്ടും സൂത്രക്കാരനെ കാണാന്‍ പറ്റിയില്ല..പിന്നെ അവിടെനിന്നും മടങ്ങുമ്പോള്‍ ഒരു കുണ്ടുകുളത്തിനരികില്‍ ഒറ്റക്കൊരാള്‍ ഇര തേടുന്നു!.. അതും പുതിയ ഒരാള്‍ ... തവിട്ടു നിറത്തിലുള്ള ആ നെല്ലിക്കോഴിയേയും  നോക്കി കൂറെനേരംകൂടി അവിടെ നിന്നു..

 
കിളിക്കൂട്
കൈതപ്രത്ത് ഞങ്ങളുടെ സുഹൃത്തായ ഗംഗാധരന്‍ മാഷുണ്ട് ..ഉച്ച്യ്ക്ക് മാഷിന്‍റെ നാടൊക്കെ കാണാന്‍ പോകാം എന്നായി ഹരി..അതിനായി കുണിയനില്‍നിന്നും റോഡിലേയ്ക്കെത്താന്‍ വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ല.. പൊരിവെയിലില്‍ വിശപ്പ് സഹിച്ചുകൊണ്ട് വെള്ളൂര്‍വരെ നടന്നു.. പയ്യന്നൂരിലെ ഒരു സസ്യാഹാരശാലയില്‍ സ്പെഷ്യല്‍ ഊണിന് റ്റോക്കനെടുത്തെങ്കിലും പച്ചക്കറി വിലക്കൂടുതല്‍ കാരണം  അത്ര സ്പെഷ്യല്‍ ഒന്നുമല്ലാത്ത ഊണാണ് 40 രൂപയ്ക്ക് അവര്‍ വാഴയിലയില്‍ വിളമ്പിത്തന്നത്.. ഊണിന് ശേഷം നേരെ കൈതപ്രത്തേയ്ക്ക് ബസ്സുകയറി..
വണ്ണാത്തിപ്പുഴ

നല്ലൊരു ഗ്രാമമാണ് കൈതപ്രം .. മാഷിന്‍റെ വീടിനടുത്തുകൂടിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പാട്ടിലാക്കിയ വണ്ണാത്തിപ്പുഴയൊഴുകുന്നത്. മുമ്പൊരിയ്ക്കല്‍ ഈ പുഴയില്‍ കുളിച്ചതിന്‍റെ കുളിര് അവിടെയെത്തിയപ്പോള്‍ വീണ്ടുമനുഭവപ്പെട്ടു.. കുറച്ചുനേരം പുഴക്കടവിലിരുന്നു..കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികള്‍ പുഴ കണ്ടയുടന്‍ കളി തുടങ്ങി . ചെറിയവന്‍ ഉടുപ്പൊക്കെ ഊരിമാറ്റി അര്‍മാദിയ്ക്കുന്നത് കണ്ടപ്പോള്‍ നഷ്ടബാല്യത്തെയോര്‍ത്ത് ഇത്തിരി നൊമ്പരം തോന്നി . മറ്റെയാള്‍ പുഴയിലെ കുഞ്ഞുപരല്‍മീനുകളെ പിടിച്ച് കളിച്ചു.
ബാല്യത്തിന്റെ സൌഭാഗ്യം

  ഒരു പുഴക്കരയില്‍ വീടുവയ്ക്കുകയെന്ന സ്വപ്നവും അപ്പോഴോര്‍ത്തു.. സുകൃതം വേണമതിന്.. ആഭാഗ്യം കിട്ടിയവര്‍ അതൊട്ട് മനസ്സിലാക്കാതെ പുഴയെ കയ്യേറാനാണ് വിചാരിയ്ക്കുന്നത്..

 കുഞ്ഞിമംഗലത്ത്   കണ്ടല്‍നശീകരണത്തിനെതിരെ ഒരു പരിപാടിയ്ക്ക്,  അവിടെ കണ്ടല്‍ സംരക്ഷണത്തിനിടയില്‍ മര്‍ദ്ദനമേറ്റ കുട്ടികള്‍ വിളിച്ചുകൊണ്ടേയിരുന്നു. അതിനാല്‍ അവിടെ ഒന്നു കയറാമെന്നുവച്ചു.. ഒരുപാട് സ്മൃതികളുറങ്ങുന്ന എടാട്ട് വീണ്ടും ബസ്സിറങ്ങി. അവിടേയാണല്ലോ എന്‍റെ പയ്യന്നൂര്‍ കോളേജ് .. കുഞ്ഞിമംഗലം ബസ്സ് വരാന്‍ വൈകിയതിനാല്‍ അവിടെ നിലംപറ്റിയ ഒരു കലുങ്കില്‍ കുറേനേരം  കാത്തിരുന്നു .ആറുമണിയോടെ ഏഴിമല റെ.സ്റ്റേഷന്‍ പരിസരത്തെ യോഗസ്ഥലത്ത് എത്തി. കണ്ടല്‍ പൊക്കുടേട്ടനും മറ്റു നേതാക്കന്മാരും സന്നിഹിതരായിരുന്നു.. 6.50 ന്‍റെ പാസഞ്ചര്‍ വണ്ടിയ്ക്ക് അവിടന്നു മടങ്ങി. 

വിട്ടിലെത്താന്‍ 9 മണിയായി. രണ്ടു മാങ്ങ ചെത്തിത്തിന്നു . പിന്നെ ഓരോ ഗ്ലാസ്സ് ഗോതമ്പ് കുറുക്കുമുണ്ടാക്കി കുടി ച്ചു..ഞങ്ങളുടെയീ ദിനവും സഫലമായി എന്ന ചാരിതാര്‍ഥ്യത്തോടെ ഉറങ്ങാന്‍   കിടന്നു..,...                      ,

         

1 comments:

Raihana said...

നന്നായി എഴുതിയല്ലോ ...എല്ലാ ആശംസകളും