* വികാസംവേണം*വിനാശം വേണ്ട*

Friday, April 30, 2010

വീട്ടുമുറ്റത്തൊരു കള്ളുഷാപ്പ്

കണ്ണൂർ തെക്കിബസാറിലെ ഒരു വീട്ടുമുറ്റത്ത് കള്ളുഷാപ്പിനെതിരെ ഒരു ബാനർ ഉയർന്നിട്ട് ഇന്നേയ്ക്ക് 37 ദിവസമായി.സ്വന്തം വീട്ടുമുറ്റത്ത് വീടിനോട് ചേർന്നുള്ള കള്ളുഷാപ്പിനെതിരെ ഒരു സംഘം വീട്ടമ്മമാർ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്....

സാധാരണക്കാരായ ഈ വീട്ടമ്മമാർക്ക് എന്തുകൊണ്ടിങ്ങനെ സമരരംഗത്തിറങ്ങേണ്ടിവന്നു എന്ന് നിങ്ങൾക്കറിയേണ്ടെ?ശല്ല്യം സഹിക്കവയ്യാഞ്ഞിട്ടാണേ...കേവലം ഒരു മീറ്റർ അകലമേയുള്ളു ഇവരുടെ വീടും കള്ളുഷാപ്പും തമ്മിൽ.സദാ കുടിയന്മാരുടെ പൂരപ്പാട്ടും ബഹളവും...വിട്ടുമുറ്റത്തു വന്നുതന്നെയാണ് ബോധംകെട്ടവന്മാരുടെ എല്ലാ കൂത്താട്ടങ്ങളും...പലപ്പോഴുമവർ ഇവരുടെ വാതിലിൽ വന്നുമുട്ടി ശല്ല്യം ചെയ്യാറുമുണ്ട്.പ്രായമായ പെൺകുട്ടികളുള്ള അമ്മമാരുടെ നെഞ്ചിൽ തീയാണ്..പെറ്റമ്മയെവരെ തിരിച്ചറിയാൻ പറ്റാത്തവർക്ക് പ്രായംചെന്ന അമ്മമാരെ വരെ കയ്യേറ്റം ചെയ്യാൻ മടിയില്ലാത്തപ്പോൾ കൊച്ചുപെങ്കുട്ടികൾക്കുപോലും മുറ്റത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ... കുട്ടികൾക്കാണെങ്കിൽ സദാ കാണേണ്ടീവരുന്നത് കുടിയന്മാരെയും... എന്തിനെയും അനുകരിക്കാനുള്ള പ്രവണതയുള്ള പ്രായത്തിൽ അവർ വഴിതെറ്റാതെന്തുചെയ്യും???അതുതന്നെയായിരിക്കും വീട്ടൂമുറ്റത്ത് ഷാപ്പ് അനുവദിച്ചവരുടെ ഉദ്ദേശ്യവും...;കുടിയന്മാരുടെ എണ്ണം കൂട്ടിക്കൂട്ടി കേരളത്തെ കുടിയന്മാരുടെ സ്വന്തം നാടാക്കിമാറ്റുക എന്നത്...


നഗരസഭ ഈ ഷാപ്പിനു പെർമിറ്റ് നൽകിയിട്ടില്ലത്രെ!!എന്നിട്ടുപോലുമതു അവിടെനിന്നു മാറ്റാൻപോലുമാർക്കുമാവുന്നില്ല.ഇവിടെയൊരു കലക്ടരുണ്ട്. ബഹുകേമനാണ്...ജില്ലാമജിസ്ട്രേറ്റാണത്രെ.ഇവിടെ എന്തുനടന്നാലും അതൊന്നും തന്റെ ചുമതലയല്ല എന്നു പറയാനും പരാതിയുമായിച്ചെല്ലുന്നവരെ പരിഹസിക്കാനാനുമൊക്കെയാണങ്ങേർക്ക് മിടുക്ക്..

കേരളത്തിൽ മദ്യനിരോധനം നിലവിലില്ലെങ്കിലും,മദ്യത്തെ സർക്കാർ വരുമാനം കൂട്ടാനുള്ള ഒരു വ്യവസായമായാണു കരുതുന്നതെങ്കിലും, മദ്യപാനശീലത്തെ പ്രോത്സാഹിപ്പിക്കുന്നവിധത്തിലുള്ള പ്രസ്താവനകളുമായി നേതാക്കളും മോഹൻലാലുമൊക്കെ[വൈകീട്ടെന്താ പരിപാടി..!!...] രംഗത്തുണ്ടെങ്കിലും.... മദ്യം വിഷമാണ്...മനുഷ്യനെ നശിപ്പിക്കുന്ന പിശാചാണ്...കോടികളുടെ ലാഭക്കണക്കുകൾ അവതരിപ്പിക്കുന്നവർ ഓരോ കുടിയന്റേയും കുടുംബബഡ്ജറ്റിൽനിന്ന് ചോർന്നുപോകുന്ന കോടികളെ കാണുന്നില്ല.ബോധം നശിച്ച്നശിച്ച് ഒന്നിനോടും പ്രതികരിക്കാനാകാതെ ,ആരോടും പ്രതിബദ്ധതയില്ലാതെ ജീവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന യുവാക്കൾ ഇവിടെ ജീവച്ഛവങ്ങളായിക്കഴിയുന്നത് ഭരണക്കാർക്കും സൌകര്യംതന്നെ...ഒപ്പം ഡോക്ടമാർ,മരുന്നുകമ്പനികൾ തുടങ്ങിയവർക്കും കോടികൾ കീശയിൽ വീഴും...മദ്യപന്റെ മക്കൾമാത്രം അരവയറും മുഴുപ്പട്ടീണിയുമൊക്കെയായും, അവന്റെ ഭാര്യ അകാലത്തിൽ വിധവയുമൊക്കെയായി അങ്ങനെ കഴിഞ്ഞാൽ ആർക്കെന്തു നഷ്ടം....

മദ്യത്തൊഴിലാളികൾ വീട്ടമ്മമാർക്ക് ഭീഷണിയുമായി രംഗത്തുണ്ട്.തൊഴിൽപ്രശ്നമാണത്രെ!!മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ടുതന്നെവേണോ തൊഴിൽചെയ്യാൻ?വീട്ടുമുറ്റത്തുനിന്നാ ഷാപ്പ് മാറ്റാനുള്ളത്രയെങ്കിലും ദയ കാണിച്ചാലെന്താ?കേരളത്തിലാണെങ്കിൽ തൊഴിൽ ചെയ്യാൻ ആളെക്കിട്ടാഞ്ഞ് ആൾക്കാരെല്ലാം വിഷമിച്ചിരിക്കുകയുമാണ്.കാർഷിക നിർമാണമേഖലകൾ തൊഴിലാളിക്ഷാമം കാരണം പ്രതിസന്ധിയിലുമാണ്.ഇങ്ങനെയിരിക്കെ മറ്റൊരുത്തന്റെ ജീവിതം തകർക്കുന്ന ഒരു തൊഴിൽ ചെയ്തുകിട്ടുന്ന പണംകൊണ്ടുതന്നെ വേണോ സ്വന്തം കുടുംബം പോറ്റാൻ?...



കണ്ണൂരിലെ വീട്ടമ്മമാർക്ക് പല സംഘടനകളും പിന്തുണയുമായെത്തിയിട്ടുണ്ട്.മുഖ്യധാരാരാഷ്ട്രീയക്കാർ ഇപ്പോഴും ഇതു കണ്ടില്ലെന്നു നടിക്കുകയാണ്.ഏവരും അവരെ പിന്തുണക്കേണ്ടതാണ്.മദ്യം വ്യാപിപ്പിക്കുകയല്ല ഇവിടെ ചെയ്യേണ്ടത്.ഒറ്റയടിക്ക് നിരോധിക്കാനാവില്ലെങ്കിലും,ബോധവൽക്കരണം നടത്തിയും ഷാപ്പുകളുടെ എണ്ണം പടിപടിയായി കുറച്ചും ഈ മാരണത്തെ ക്രമേണ ഒഴിവാക്കണം.ആരോഗ്യവും സംതൃപ്തിയും നിറഞ്ഞ കുടുംബങ്ങളാണ് ഒരു നാട്ടിന്റെ സമ്പത്ത്...അല്ലാതെ കുടിപ്പിച്ചുകുടിപ്പിച്ച് ബോധംകെടുത്തി,പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയെ പിഴിഞ്ഞുണ്ടാക്കുന്ന കാശുകൊണ്ടല്ല നാടു ഭരിക്കേണ്ടത്...

17 comments:

ശ്രീ said...

കഷ്ടം തന്നെ. അല്ലാതെന്തു പറയാനാണ്?

Rejeesh Sanathanan said...

കിട്ടുന്നത് മുഴുവന്‍ ഷാപ്പില്‍ കൊണ്ട് കൊടുക്കുന്നവന്മാരെ സ്വന്തം വീട്ടില്‍ തന്നെ ‘കൈകാര്യം’ ചെയ്താല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ

F A R I Z said...

പ്രതികരണ ശേഷിയില്ലാത്ത,പ്രതികരണ മനോഭാവമില്ലാത്ത,പ്രത്ന്ജയറ്റ ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത് .

പണവും ,പേരു മുന്ടെങ്കില്‍, അവന്റെ കാലില്‍ തൊഴുതു,അവന്റെ കാലിനടിയില്‍ ജീവിക്കാന്‍ ഒര റൂപ്പും,ഉളുപ്പുമില്ലാത്ത,അവന്നുവേണ്ടി ജീവിതം തുലക്കാന്‍ ഇറങ്ങിപുറപ്പെടുന്ന,അന്ധമായ അനുകരണത്തിന്റെ വക്താക്കള്‍ ആയി ഇന്ന് സമൂഹത്തിന്റെ നല്ലൊരു ഭാഗം പ്രതികരണ ശേഷിയില്ലാത്ത വിധം അടിമത്തത്തിന്റെ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടുകിടക്കുന്നു.
അതിനാല്‍ ഇവിടെ ന്യയാന്യായത്ത്തിന്റെ,സാമൂഹ്യ പ്രതിബദ്ധതയുടെ,നാടിന്റെ,സംസ്കാരത്തിന്റെ ഒന്നിന്റെയും പ്രശ്നമില്ല.
കള്ളുവിറ്റ് ആയാ ലും ,കൂട്ടികൊടുത്തായാലും,
വേശ്യാലയം നടത്തിയായാലും,അത് സര്‍കാരാകട്ടെ,വ്യക്തികളാവട്ടെ,പണം ഉണ്ടാക്കാന്‍ കഴിയുന്ന മാര്‍ഗമാണോ,അത് നോക്കിയാല്‍ മതി.കള്ളു മോന്തിച്ചു കോടികള്‍ കൊയ്യുന്ന സര്‍കാരിനും,അബ്കാരികള്‍‍ക്കുമെതിരായി ഒന്നും പറയല്ലേ.ഇപ്പോള്‍ വീട്ടിനടുത്തല്ലേ ഷാ പ്പുള്ളൂ .നാളെ അത് വീട്ടു മുറ്റത്തും,വിദ്യാലയങ്ങല്‍ക്കകതും,ആരാധനാലയങ്ങള്‍ക്കു മുററത്തുമാകും,ആരുണ്ടിവിടെ ചോദിക്കാന്‍?
ഭാവുകങ്ങള്‍
--- ഫാരിസ്‌

എറക്കാടൻ / Erakkadan said...

കഷ്ടം അല്ലാതെന്താ

Unknown said...

This is KERALA. That's why we called all we are keralites.

നനവ് said...

ശ്രീ,മാറുന്ന മലയാളീ,ശ്രദ്ധിച്ചതിനു നന്ദി...സ്വന്തം വീട്ടിൽ വച്ചു തീർക്കാനാകുന്നതല്ല ഈ പ്രശ്നം.മദ്യത്തെ ഏറ്റവും വലിയ റവന്യൂ വരുമാനമായി സർക്കാർ കണക്കാക്കുന്നതാണ്.സർക്കാർ നയം മാറ്റാതെ കേരളത്തിനു രക്ഷയില്ല മലയാളീ...കള്ളുഷാപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള പഞ്ചായത്തിന്റെ വകുപ്പുകൂടി സർക്കാർ എടുത്തുകളഞ്ഞിരിക്കുകയാണ്...

നനവ് said...

എറക്കാടൻ,ഫാരിസ്,റ്റോംസ് കോനുമഠം ,മദ്യത്തെപ്പോലെ ആർക്കും എതിർക്കാനിഷ്ടമില്ലാത്ത ഒരു കാര്യത്തെപ്പറ്റി അഭിപ്രായം പറഞ്ഞതിൽ സന്തോഷം...ഇവിടെ മദ്യനിരോധനസമിതി മെയ് 1 മുതൽ സ്ത്രീകളുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച്ച ,പശുപരിപാലനം ചെയ്തു ജീവിക്കുന്ന ഇവിടത്തെ യാദവവംശക്കാരായ സ്ത്രീകൾ വായ് മൂടിക്കെട്ടി കലക്ടരുടെയടുക്കൽ സത്യാഗ്രഹം ചെയ്യും...7-ന് ഗോക്കളെയുംകൂട്ടീ കലക്ടരുടെയടുത്തേക്ക് മാർച്ചുചെയ്യ്യാനുമവർ തീരുമാനിച്ചിട്ടുണ്ട്..മദ്യം മൂലമുള്ള എല്ലാ ദുരിതങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമല്ലെ അനുഭവിക്കേണ്ടിവരുന്നത്..അവരതിനാൽ‌ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു.നാൽ‌പ്പതു ദിവസത്തോളമായി ഈ സ്ത്രീകൾ സമരത്തിലായിട്ട്. എന്നിട്ടും അധികൃതർ അവരുടെ സങ്കടം കാണാൻ ഇന്നുവരെ തയ്യറായിട്ടില്ല!!പ്രതികരണശേഷിയില്ലാത്തത് ഇവിടെ ഭരണകൂടത്തിനുമാത്രമാണ്.അവരെയൊന്നു പ്രതികരിപ്പിക്കാൻ എത്രനാളാ സഹോദരിമാർ സമരം ചെയ്യേണ്ടിവരും?...

shaji.k said...

കഷ്ടമാണ് കേരളത്തിന്റെ കാര്യം.സമരം വിജയിക്കട്ടെ അഭിവാദ്യങ്ങള്‍.

jayanEvoor said...

ഇതെന്തൊരു നാട്!?
അവിടെ ആണുങ്ങളാരും ഇല്ലേ?
അതോ ഉള്ളവരെല്ലാം കുടിയന്മാരാണോ!?
രണ്ടായാലും ദയനീയം!

നനവ് said...

ഷാജി ഖത്തർ, ജയൻ ഏവൂർ,ശരിക്കും ദയനീയം തന്നെയാണിവിടത്തെ സ്ഥിതി...എന്നാൽ മദ്യത്തിനെതിരെ സമരംചെയ്യുന്ന സഹോദരിമാർക്ക് സുമസ്സുകളായ ആണുങ്ങൾ പിന്തുണയുമായി രംഗത്തുണ്ട്..

(saBEen* കാവതിയോടന്‍) said...

കഷ്ട്ടം. എന്തൊരു നേതാക്കളാണ് നമ്മുടേത്!

Unknown said...

ശ്രീ. കെ.പി. സുകുമാരന്‍െറ ബ്ലോഗില്‍ കൊടുത്ത പോസ്റ്റ് ഇവിടെയും ആവര്‍ത്തിക്കട്ടെ.....

തെക്കീബസാറിലെ കൃഷ്ണകുമാര് എന്നയാളുടെ അധീനതയിലുള്ള കെട്ടിടം ഈ അടുത്തകാലത്താണ് കള്ളുചെത്ത് തൊഴിലാളി സഹകരണ സംഘം വിലകൊടുത്തു വാങ്ങുന്നത്. ഇപ്പോഴത്തെ കള്ളുഷാപ്പ് വിരുദ്ധരുടെ നേതൃസ്ഥാനത്തുള്ള ശശികലയുടെ അനുജനാണ് കൃഷ്ണകുമാര്. വിലകൊടുത്തുവാങ്ങിയ കെട്ടിടമാവട്ടെ പഴയ ഷാപ്പിന് അഞ്ചുമീറ്റര് മാത്രം അകലെയുള്ള ഒന്ന്. വില്ക്കുന്നസമയത്തോ അതിന് മുനിസിപ്പാലിറ്റി പെര്മിഷന് കൊടുക്കുന്നസമയത്തോ വീട്ടുകാരോ, വാര്ഡ് മെമ്പറോ അനങ്ങിയില്ല. മുനിസിപ്പാലിറ്റി പെര്മിഷന് ആയി കള്ള് വില്ക്കാന് തൊഴിലാളികള് വന്നപ്പോഴാണ് സമരം തുടങ്ങിയത്. ശശികലയുടെ വീട്ടുകാര് മാത്രമാണ് ആദ്യദിവസം ഒരു ബെഞ്ചില് ഇരിപ്പ് തുടങ്ങിയത്. തൊഴിലാളികള് ഒരു സംഘര്ഷത്തിന് വഴിമരുന്നിടേണ്ട എന്നു കരുതി തിരിച്ചുപോയി. പിറ്റേന്നും സമരം പഴയപടി തന്നെ. ഒരാഴ്ച പിന്നിട്ടപ്പോള് മദ്യവിരുദ്ധ സമിതി സമരം ഏറ്റെടുത്തു. ഈ ദിനങ്ങളിലെല്ലാം തൊഴിലാളികള് കള്ള് വില്പനയ്ക്ക് കൊണ്ടുവരികയും അതിന് ആവാതെ തിരിച്ചുപോവുകയും ചെയ്തു. പിന്നീട് കലക്ടറുടെ സാന്നിദ്ധ്യത്തില് സമരക്കാരുടെയും ചെത്തുതൊഴിലാളികളുടെയും യോഗത്തില് പുതിയ കെട്ടിടത്തില് ഷാപ്പ് പ്രവര്ത്തിക്കില്ലെന്നും അനുയോജ്യമായ ഒരു കെട്ടിടം കണ്ടെത്തിക്കൊടുക്കാമെന്നും ധാരണയായി. ഷാപ്പ് വിരുദ്ധര് കണ്ടെത്തിക്കൊടുത്ത സ്ഥലം പള്ളിക്ക് സമീപമായതിനാല് അതും സാധിച്ചില്ല. തുടര്ന്ന് കലക്ടര് കള്ള്ഷാപ്പ് പഴയകെട്ടിടത്തില് തന്നെ പ്രവര്ത്തിക്കാന് അനുവദിക്കണമെന്നും ഷാപ്പിന്െറ പ്രവേശനകവാടം ഇപ്പോഴുള്ള സ്ഥലത്ത് നിന്നും മാറ്റി മെയിന് റോഡില് നിന്നും ആക്കാന് സഹായിക്കണമെന്നും സമരക്കാരോട് അഭ്യര്ത്ഥിച്ചു. അപ്പോഴേയ്ക്കും സമരത്തിന്െറ രൂപം മാറിയിരുന്നു. ആര്.എസ്.എസ്സും എന്ഡിഎഫും സമരം ഏറ്റെടുത്തിരുന്നു. മദ്യവിരുദ്ധസമിതിയാവട്ടെ ആളുകൂടിയതോടെ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ല എന്ന നിലപാടിലുമായി.
വീട്ടുകാര് തുടങ്ങിയ സമരം തല്പര കക്ഷികള് `ഹൈജാക്ക്' ചെയ്തതോടെ സമരത്തിന്െറ രൂപം മാറി. അവര് പലിയ പന്തലുകെട്ടി ആഘോഷമായി സമരം തുടങ്ങി. മാധ്യമങ്ങളുടെ പരിലാളന വേണ്ടുവോളം കിട്ടി. കടലാസ് സംഘടനകളുടെ പിന്തുണ ദിവസം കഴിയുന്തോറും കൂടിക്കൂടിവന്നു. (പാവം ചെത്തുതൊഴിലാളികള് ഓരോ ദിവസവും പന്തലുവരെ പൊരിവെയിലില് പ്രകടനം നടത്തി തിരിച്ചുപോയിക്കൊണ്ടിരുന്നു)

ഗത്യന്തരമില്ലാതെയാണ് നാല്പത്തിയഞ്ചാം ദിവസം ചെത്തുതൊഴിലാളികള് സമരപ്പന്തലിലേക്ക് ഇടിച്ചുകയറി കള്ളുവില്ക്കാന് ശ്രമിച്ചത്. കൂടുതല് ഐ.എന്.ടി.യു.സി. തൊഴിലാളികള് ജോലിചെയ്യുന്ന ഷാപ്പില് അവര് തന്നെയായിരുന്നു സമരത്തിന്െറ മുന്നിരയിലും. (ഷാപ്പ് വിരുദ്ധ സമരത്തിന് അനുകൂലമായി പ്രകടനമായെത്തിയ യൂത്ത് കോണ്ഗ്രസ്സുകാര് ഐ.എന്.ടി.യു.സി.ക്കാരന്െറ കൈയുടെ ചൂടറിഞ്ഞതും അതു കണ്ട് വണ്ടി റിവേഴ്സ് എടുത്ത് അവരുടെ നേതാവായി വന്ന അത്ഭുതക്കുട്ടി എം.എല്.എ. മുങ്ങിയതും പത്രക്കാരോട് ചോദിച്ചാല് കെ.പി. സുകുമാരന് പറഞ്ഞുതരും). പി. രാമകൃഷ്ണന് സ്ഥലത്തെത്തിയാണ് ഐ.എന്.ടി.യു.സി.ക്കാരെ സമാധാനിപ്പിച്ചത്.

അന്ന് തന്നെ പുതിയ ഷാപ്പ് സമരക്കാര് അടിച്ചുതകര്ക്കുകയും ചെത്തുതൊഴിലാളികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത് പത്രങ്ങളില് വാര്ത്തയായോ എന്തോ? അതിന്െറ തുടര്ച്ചയായാണ് കെ.പി. സുകുമാരന് ഇവിടെ വിവരിച്ചിരിക്കുന്ന ഹര്ത്താല് അരങ്ങേറിയത്.

തികച്ചും ഗാന്ധിയന് സമരരീതി എന്ന് ആണയിടുന്ന സമരക്കാര് ആദ്യദിവസം മുതല് ഉപരോധ സമരമാണ് നടത്തിയത്. ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം കള്ളുവില്ക്കുന്നതിന് സൊസൈറ്റിക്ക് നിയമം മൂലം ഒരു വിലക്കും ഉണ്ടായിരുന്നില്ലെന്നതാണ്. ന്യായമായും പോലീസ് സംരക്ഷണം കൊടുത്ത് ഷാപ്പ് പ്രവര്ത്തിക്കേണ്ടിയിരുന്നു. എന്നാല് നാട്ടുകാരുടെ സഹകരണമില്ലാതെ ഷാപ്പിന് നിലനില്ക്കാനാവില്ല എന്ന തിരിച്ചറിവിലാണ് പ്രകോപനപരമായി സൊസൈറ്റി നീങ്ങാതിരുന്നത്. അത് പലരും മുതലെടുക്കുന്ന കാഴ്ചയാണ് തെക്കീബസാറില് കഴിഞ്ഞ ഒന്നരമാസമായി കാണാന് കഴിയുന്നത്.

Unknown said...

കണ്ണൂര്‍ പട്ടണത്തില്‍ (രണ്ട് സ്ക്വയര്‍ കിലോമീറ്ററിനുള്ളില്‍) പത്തിലധികം ബാറുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അമ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റുകള്‍ക്ക് നടുവില്‍ ബാറുണ്ട്. ജനനിബിഡമായ പ്രദേശങ്ങളിലാണ് മിക്ക ബാറുകളും പ്രവര്‍ത്തിക്കുന്നത്. കോവിലുകള്‍ക്ക് പേരുകേട്ട കണ്ണൂര്‍ പട്ടണത്തില്‍ കോവിലുകള്‍ക്ക് വിളിപ്പാടകലത്ത് മൂന്ന് ബാറുകളെങ്കിലുമുണ്ട്. എന്തുകൊണ്ട് ഈ ഉണര്‍ത്തുപാട്ടുകാര്‍ ഇതുവരെ ഒരു ചെറുവിരലുപോലും ഇവയൊക്കെ തുടങ്ങുന്നതിനു മുമ്പ് ഉയര്‍ത്തിയില്ല? ഇവയില്‍ ഒരു ബാറിനും നാല്പതുകൊല്ലത്തെ ചരിത്രമില്ല, എല്ലാറ്റിനും പത്തോ ഇരുപതോ വര്‍ഷത്തെ പഴക്കം മാത്രം. കണ്ണൂര്‍ പട്ടണത്തിലെ ഏക കള്ളുഷാപ്പില്‍ നിന്ന് കുടിച്ചിറങ്ങുന്നതിനെക്കാള്‍ എത്രയോ ആയിരം പേര്‍ ഓരോ ദിവസവും ഈ ബാറുകളില്‍ തങ്ങളുടെ ജീവിതം തുലക്കുന്നുണ്ട്. എന്തുകൊണ്ട് ഈ മദ്യവിരുദ്ധ സമിതിക്കാരുടെ കണ്‍വെട്ടത്ത് ഇവരൊന്നും വരുന്നില്ല? പാവപ്പെട്ട ചെത്തുതൊഴിലാളികള്‍ പകലന്തിയോളം ജീവന്‍ പണയം വെച്ച് ചെത്തിക്കൊണ്ടുവരുന്ന കള്ളെടുത്ത് ഓടയില്‍ ഒഴുക്കിക്കളയുന്ന ജനാധിപത്യബോധം അല്പം കൂടിപ്പോയെന്നാണ് ഞങ്ങളെപ്പോലുള്ള ഈ ആഭാസങ്ങളൊക്കെ കണ്ടുനില്‍ക്കുന്ന ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്കുള്ള അഭിപ്രായം.

Unknown said...

വീടുകള്‍ക്ക് നടുവില്‍ കള്ളുഷാപ്പ് എന്നത് ഇതെഴുതുന്നവള്‍ക്കും ചിന്തിക്കാന്‍ കഴിയാത്തതാണ്. അങ്ങിനെയൊരു പ്രശ്നം വന്നപ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം പ്രശ്നം ആളിക്കത്തിച്ച് തല്പരകക്ഷികള്‍ക്ക് അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി നിന്നുകൊടുക്കാന്‍ ആ വീട്ടുകാര്‍ തയ്യാറായത് തെറ്റല്ലേ? അവര്‍ വിറ്റ കെട്ടിടത്തില്‍ തന്നെയല്ലേ ഷാപ്പ് നടത്തുന്നത്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള എത്രയോ അവസരങ്ങളുണ്ടായിട്ടും, ഞങ്ങളിത് തെരുവിലേക്ക് വലിച്ചിഴക്കും എന്ന പിടിവാശി വേണമായിരുന്നോ? ഉപരോധസമരമാണോ ഗാന്ധിയന്‍ രീതി? ഇതൊക്കെ വിവേകമതികളായ വീട്ടമ്മമാരും കുറച്ച് ആലോചിക്കേണ്ടിയിരുന്നു.

Unknown said...

അവസാനമായി ഒരു കാര്യംകൂടി...
തെക്കിബസാര്‍ കള്ളുഷാപ്പില്‍ ഐ.എന്‍.ടി.യു.സി. തൊഴിലാളികളാണ് സമരത്തിന് മുന്‍പന്തിയില്‍. മുകളില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച, കാലുയര്‍ത്തിനില്‍ക്കുന്ന ഒരു ചിത്രം കണ്ടില്ലേ? അതില്‍ കാണുന്ന മൂന്നു തൊഴിലാളികളും ഐ.എന്‍.ടി.യു.സി.ക്കാരാണ്. അവര്‍ക്കെതിരെയാണ് യൂത്ത്കോണ്‍ഗ്രസ്സും സുധാകരനും ആക്രോശിക്കുന്നത്. വോട്ടിനുവേണ്ടി മാത്രം തൊഴിലാളിയെ മതി എന്ന്നാണ് ചില മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ സമീപനം. `ഞങ്ങളും കോണ്‍ഗ്രസ്സുകാരാണ്` എന്ന് ഈ സമരത്തിനിടയില്‍ ഐ.എന്‍.ടി.യു.സി. തൊിലാളികള്‍ക്ക് പി. രാമകൃഷ്ണനോട് അല്പം കയര്‍ത്തു പറയേണ്ടിവന്നതും ഈ സാഹചര്യത്തിലാണ്.

Unknown said...

കള്ളുഷാപ്പ് സമരം തീര്‍ന്നു
ഒരാഴ്ച മുന്നേതന്നെ സി.ഐ.ടി.യു. മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ തന്നെ ഒടുവില്‍ സമരം തീര്‍ക്കേണ്ടിവന്നു. പുതിയ ഷാപ്പില്‍ തന്നെ കള്ള് അളക്കാനും കള്ള് എന്ന ബോര്‍ഡുവെക്കാനും അനുവദിക്കണം, ഒരു മാസത്തിനുള്ളില്‍ മാറ്റേണ്ട സ്ഥലം കണ്ടെത്തിക്കൊടുക്കണം എന്നിങ്ങനെയായിരുന്നു സി.ഐ.ടി.യു. അന്ന് നിര്‍ദ്ദേശം വെച്ചത്. എന്നാല്‍, തന്‍െറ സിരകളില്‍ രക്തം ഓടുന്നിടത്തോളം കാലം ഇത് അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി വന്ന കെ. സുധാകരനാണ് പ്രശ്നപരിഹാരത്തിന് പിന്നെയും തടസ്സമായി വന്നത്. എന്തായാലും പ്രശ്നം രമ്യമായി പരിഹരിച്ചിരിക്കുന്നു. സന്തോഷം. കടലാസ് സംഘടനകള്‍ക്ക് കൊടികുത്താന്‍ ഇനി വേറെ ഇടം നോക്കാം.

നനവ് said...

സമരം വിജയിച്ചിരിക്കുന്നു.അമ്മമാർക്കിനി സമാധാനത്തോടെ ജീവിക്കാം.സത്യം കണ്ണൂർക്കാർക്ക് മുഴുവൻ അറിയാം .ഉപരിപ്ലവമായ ചോദ്യക്കസർത്തുകൾകൊണ്ടൂം അക്രമങ്ങൾ കൊണ്ടൂം അതിനെ മൂടിവയ്ക്കാനാവില്ല...