* വികാസംവേണം*വിനാശം വേണ്ട*

Tuesday, February 23, 2010

ഒരു പുഴയുടെ ആത്മരോദനങ്ങൾ




ക്കളേ,
നിങ്ങൾക്കെന്നെ അറിയുമോ?ഞാൻ കക്കാടുപുഴ..കണ്ണൂർജില്ലയിലെ പുഴാതി പഞ്ചായത്തിലൂടെയാണ് മുഖ്യമായും ഒഴുകുന്നത്...ഓ..തെറ്റിപ്പോയി...ഒഴുകിയിരുന്നത്.... ഇന്ന് ഞാൻ ഒഴുകുന്നില്ല.മരണാസന്നയായി അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ് ഞാനിന്ന്..ശ്വാസം നിലയ്ക്കാൻ ഇനി എത്രനാൾ? അറിയില്ല.എങ്കിലും...എന്റെ ചരമശയ്യയിൽ കിടന്നുകൊണ്ട് എന്റെ ആത്മനൊമ്പരങ്ങൾ ഞാൻ പങ്കിടട്ടെ.... പണ്ട് എന്നുവച്ചാൽ നാൽ‌പ്പത്തിമൂന്നു വർഷങ്ങൾക്കുമുമ്പ് ഞാൻ ഒരു പുഴയായി ഒഴുകിയിരുന്നു..തടങ്ങളെയാകെ ഹരിതാഭമാക്കിക്കൊണ്ട് കൃഷിയിടങ്ങളെ തണ്ണീരാൽ നനച്ചുകൊണ്ട് കളകളം പാടി ഒഴുകിയിരുന്ന ഒരു കൊച്ചുസുന്ദരിയായിരുന്നു ഞാനന്ന്...മനുഷ്യർ എന്നിലൂടെ ബോട്ടുകളിൽ സഞ്ചരിക്കുകയും നെല്ലും തേങ്ങയുമൊക്കെ കടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.മത്സ്യസമ്പത്തിനാൽ അനുഗ്രഹീതയായ എന്നിൽ നിന്നും അവർക്ക് രുചികരമായ ഭക്ഷണവും ലഭിച്ചിരുന്നു. എത്രയെത്ര ആൾക്കാരുടെ മനസ്സിനെ ഞാൻ സ്വാധീനിക്കുകയും,ആനന്ദിപ്പിക്കുകയും ചെയ്തിരുന്നെന്നോ?!എത്രയെത്ര കവിഭാവനകൾ എന്റെ തീരങ്ങളിൽ പൂത്തുലഞ്ഞിരുന്നെന്നോ?!!നിങ്ങൾക്കറിയില്ലേഎൻ.എൻ.കക്കാടിനെ?.... പക്ഷെ ഇതൊക്കെ ഗതകാല സ്മരണകൽ മാത്രം.ഇന്ന് എന്നടുത്തേക്ക് ആരും വരാറില്ല.ആർക്കെങ്കിലും വരേണ്ടിവന്നാൽത്തന്നെ മൂക്ക് പൊത്തിക്കൊണ്ട് ഓടിപ്പോവുകയാണ് ചെയ്യുക!അത്രയ്ക്ക് മലീമസയായി,ദുർഗന്ധവാഹിയായി,ദുർഭഗയായിത്തീർന്നിരിക്കുന്നു ഞാനിന്ന്..... ഇതിനൊക്കെ കാരണം എന്താണെന്ന് നിങ്ങൾക്കറിയേണ്ടേ?!.എന്റെ മാതൃനദിയായ വളപട്ടണം പുഴയിൽ ശാസ്ത്ര വിദഗ്ധന്മാർ ഒരണ കെട്ടി..എന്നിട്ട്..നാൽ‌പ്പത്തിരണ്ട് വർഷങ്ങളോളം ഒരു പുഴയുടെ ഗതിയെ തടഞ്ഞുവെച്ചു!!..ഒരിറ്റ് ജലം പോലും ഒഴുകാൻ അനുവദിച്ചില്ല...അതോടെ കൈവഴിയായ എന്നിലെ ഒഴുക്കും നിലച്ചു.മഴക്കാലത്ത് മാത്രം ഇത്തിരി ജലം ഒഴുകിപ്പോയാലായി..... പിന്നീട് എന്തൊക്കെയാണ് സംഭവിച്ചതെന്നോ?..ഹോ!..ഓർക്കുമ്പോൾത്തന്നെ പേടിയാവുന്നു.ഒഴുക്ക് നിലച്ച എന്റെ ശരീരത്തെ മനുഷ്യർ കൊത്തിമുറിച്ചു കൊത്തിമുറിച്ചു കൈയ്യേറിസ്വന്തമാക്കി...സ്കൂളുകളും,റോഡുകളും,കളിസ്ഥലങ്ങളും,
കെട്ടിടങ്ങളുമൊക്കെ പണിതുയർത്തി... ഒരു നാട്ടിലെ ജനങ്ങളുടെയൊക്കെ അവകാശമായ പുഴയെ അധികൃധർ തന്നെ ഒരു മരമില്ലുകാർക്ക് പാട്ടത്തിനു കൊടുത്തു!!അതും കേവലം വർഷം പ്രതി നൂറ് രൂപയ്ക്ക്!!.എന്നിട്ടും മതിയായില്ല അവർക്ക്.റോഡ് നിർമ്മിച്ചപ്പോൾ പാലം പണിയുന്നതിനു പകരം ഒരു കലുങ്ക് മാത്രം പണിത് അവരെന്നെ അതിനുള്ളിലിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ചു..... പിന്നേയുമുണ്ട് വിശേഷം. അതാണ് നിങ്ങൾ അറിയേണ്ട കാര്യം.പുഴാതി പഞ്ചായത്തു തന്നെ എന്റെ നെഞ്ച് തുരന്ന് കോൺക്രീറ്റ് ആണികൾ അടിച്ചു കയറ്റി അതിനു മുകളിൽ ഒരിറച്ചി മാർക്കറ്റ് പണിതുയർത്തി!!!...അവിടുത്തെ സർവ്വ മാലിന്യങ്ങളും കെട്ടിയിട്ട എന്റെ നെഞ്ചിലേക്കാണ് തള്ളുന്നത്!!..കൂടാതെ പഞ്ചായത്ത് തള്ളുന്ന മാലിന്യങ്ങളും,നാടുകാരുടെ മാലിന്യങ്ങളും,മരം അഴുകിയ ചീഞ്ഞ വെള്ളവും ഒക്കെച്ചേർന്ന് എന്നെ പുഴുവരിക്കുന്ന കറുകറുത്ത് കൊഴുത്ത ജലമുള്ള ദുർഗ്ഗന്ധ വാഹിയായ ഒരു നരകക്കുണ്ടാക്കി മാറ്റിയിരിക്കുന്നു!!..പഞ്ചായത്തിന്റെ വിചാരം ഇവിടെ ഒരു പുഴ ഇല്ല എന്നാണ്.ബാക്കി സ്ഥലമത്രയും കെട്ടിടവും റോഡുമൊക്കെയും പണിയാനാണിപ്പോൾ നീക്കം.... ഇടയ്ക്ക് കാട്ടാമ്പള്ളിയിലെ ചുണക്കുട്ടികളുടെ നീണ്ട നാൽ‌പ്പത്തിരണ്ട് വർഷത്തെ സമരങ്ങളുടെ സമ്മർദ്ദത്തിൽ കുപ്രസിദ്ധമായ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കപ്പെട്ടപ്പോൾ എനിക്കൊരൽ‌പ്പം ആശ്വാസം കിട്ടിയിരുന്നു....അഴുക്കുകൾ ഒരല്പം ഒഴുകിപ്പോവുകയും ആമ്പൽ‌പ്പൂക്കൾ ചിരിതൂകി നിൽക്കുകയും ചെയ്തു.....പക്ഷെ വീണ്ടും ഷട്ടർ അടച്ചപ്പോൾ മുൻ ഗതി തന്നെയായി എനിക്ക്....
എനിക്ക് വീണ്ടും പണ്ടെത്തെപ്പോലെ തെളിനീർ വാഹിനിയായി ഒഴുകണമെന്ന് ആഗ്രഹമുണ്ട്.മക്കളെ..എനിക്കുവേണ്ടിയല്ല...നിങ്ങൾക്കൊക്കെ വേണ്ടി...എന്നെ അതിനു സഹായിക്കുമോ നിങ്ങൾ?..കനിവുള്ള കുറച്ചു മക്കൾ അതിനായി ശ്രമം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.നിങ്ങളും അതിൽ പങ്കാളിയാകില്ലെ......
നിങ്ങളുടെ സ്വന്തം

കക്കാട് പുഴ

3 comments:

jayanEvoor said...

നല്ല ഉദ്യമം.

ആശംസകൾ!

aneesh said...

"ഒരു പുഴയുടെ ആത്മരോദനങ്ങൾ" ഇന്ന് ഒരു പുഴ മാത്രമല്ല എല്ലാപുഴകളും ഇതേ അവസ്ഥയിലാണ്‌.ഇപ്പൊൾ കേരളത്തിൽ ചൂട് കൂടുന്നു.മരങ്ങളും വയലുകളും മനുഷ്യൻ നശിപ്പിക്കുന്നു പകരം പ്രകൃതി മനുഷ്യനെ നട്ടം തിരിക്കുന്നു.

insight said...

അങ്ങയുടെ എല്ലാ പോസ്റ്റുകളും വളരെ നന്നായിട്ടുണ്ട് .... അവയില്‍ നിന്നും ഞങ്ങള്‍ പലതും പഠിക്കുന്നു .... നന്ദി ... നമസ്കാരം ....