* വികാസംവേണം*വിനാശം വേണ്ട*

Friday, October 3, 2008

ഒരരിമണിയിലെ അറിവ്




ഒരരിമണി......അതിലെന്തിരിക്കുന്നു! നിസ്സാരമായ ഒരു കുഞ്ഞുമണി.വയലിൽ കൊയ്യുമ്പൊൾ നൂറായിരം മണികൾ ഉതിർന്ന് വീഴുന്നു.കടയിലെ ചാക്ക് തുളച്ച് പുറത്തേക്കോടുന്ന അരിമണികളെ പിടികൂടി, ഉറുമ്പുകൾ വർഷകാല ധാന്യക്കലവറയിലേക്ക് കടത്തുന്നു.അമ്മ കഴുകി മറിക്കുന്ന വെള്ളത്തിൽ വെറുതെ ഒഴുകിമറയുന്ന ഒരരിമണി.......
കൊയ്യുമ്പോഴുണ്ണുമ്പോൾ പാത്രം കഴുകുമ്പോഴൊക്കെ നാം കാണാതെ ഒഴുക്കിക്കളഞ്ഞ അരിമണികൾ....മലയാളി അതിന്റെ വിലയറിഞ്ഞിരുന്നില്ല.ഇന്നു മാർക്കറ്റിൽ തൊട്ടാൽ കൈ പൊള്ളിക്കുന്ന വിലയായിട്ടും,നാളെ ജീവിതം തന്നെ എത്ര പൊള്ളുന്ന വില കൊടുത്താലുമത് കിട്ടില്ലെന്നയവസ്ഥയിലേക്കാണ് പോകുന്നതെന്നിരിക്കിലും അവനതിന്റെ വില മനസ്സിലാക്കിയിട്ടില്ല.നമുക്കിന്നും യാചകരായി നടക്കുന്നതാണ് ഗമ...!തീ വില കൊടുത്തു വാങ്ങുന്ന സന്തുലിതമല്ലാത്ത അരിമണികൾ ഭക്ഷിച്ച് രൊഗികളായിത്തീരാനും നമുക്ക് മടിയേതുമില്ല.സമഗ്രവും സന്തുലിതവും അറിവുള്ളതുമായ അരിമണികൾ വിളയിക്കാവുന്ന പാടങ്ങൾ ഇപ്പോഴും അത്യാവശ്യമൊക്കെ ബാക്കിയായിട്ടുണ്ടെന്നിരിക്കിലും,ആ വയലിനെ വയലാക്കുന്ന കുന്നിനെ ഇടിച്ചു നിരത്തി അവിടേയും,ആ മണ്ണ് കോരിക്കടത്തി വയൽ നികത്തി അവിടെയും അപ്പാർട്ട്മെന്റുകൾ പണിതുയർത്തി,പണം കൊയ്ത് മലയാളി എവിടെയാണ് തന്റെ കഴുത്ത് കൊണ്ട് വച്ചിരിക്കുന്നത്,മരണക്കുരുക്കിലല്ലാതെ....
അറിവുള്ള ഒരു അരിമണി....അത് പ്രകൃതിയിലെ ഒരു സമഗ്രരൂപമണ്.അതിനെ അറിഞ്ഞാൽമതി നിങ്ങൾക്ക് പ്രകൃതിയെ അറിയാൻ,മണ്ണിനേയും ജലത്തെയും അറിയാൻ,ജീവനെയറിയാൻ....പ്രകൃതി ഒരു അരിമണിയുണ്ടാക്കിയിരിക്കുന്നത് ഒരു സന്തുലിത രൂപമായിട്ടാണ്.അതിൽ അന്നജവും മാംസ്യവും ധാതുലവണങ്ങളും വിറ്റാമിനുകളും ഊർജ്ജവുമൊക്കെ സമഗ്രതയിലാണ് ചേർത്തിരിക്കുന്നത്.ഈ ചേരുവ മനുഷ്യനിന്നുവരെ ഉണ്ടാക്കാനായിട്ടില്ല.അതവന് ഒരിക്കലും ഉണ്ടാക്കാനാകുന്നതുമല്ല.
നമുക്ക് ഒരു ലക്ഷ്ത്തിലേറെയിനം അരിമണികൾ ഉണ്ടായിരുന്നു.ഒക്കെ എങ്ങോ നാടുകടന്നു.നമുക്ക് സമ്പന്നമായ ഒരു കാർഷിക വ്യവസ്ഥയും,കാർഷിക അറിവുകളുമുണ്ടായിരുന്നു.ഒക്കെ നമ്മൾ കൈമോശപ്പെടുത്തി.ഓരോഅരിമണിയുടേയും ഘടന വ്യത്യസ്തമാണെന്ന് പഴമക്കാർക്കറിയാമായിരുന്നു.വേനൽക്കാലത്ത് വിളയുന്ന അരിമണിയും മഴയേറ്റ് വളരുന്ന അരിമണിയും ഊർജ്ജത്തിന്റെ കാര്യത്തിൽ തീർത്തും വ്യത്യസ്തമായിരിക്കും.കിഴി വെക്കാനുപയോഗിക്കുന്ന നവരക്ക് ഞരമ്പുകളിലെ രക്തയോട്ടം വർദ്ധിപ്പിക്കാനാവുമത്രെ!...എന്നാൽ കയമ കൊണ്ടാരും കിഴി വെക്കാറില്ല.അതൊരു ഗുണവും ചെയ്യില്ല.കയമ കൊണ്ട് നമുക്ക് വേനൽക്കാലത്ത് ചോറ്വച്ചുണ്ണാം.ഔഷധഗുണമുളതല്ലേയെന്നു വിചാരിച്ച് നവരച്ചോറാണു് നിങ്ങൾ വേനൽക്കാലത്ത് തിന്നുന്നതെങ്കിൽ നിങ്ങൾ വിയർത്ത് കുളിക്കും.കാരണം സൂര്യനിൽ നിന്നുമതിൽ അത്രയേറെ ഊർജ്ജം സംഭരിച്ച് വച്ചിട്ടുണ്ട്.ചൂട് ക്രമീകരിക്കാൻ വെള്ളം ചേർത്തു കഞ്ഞിയാക്കി വേണം പുഞ്ചയരികൾ വേനൽക്കാലത്തുപയോഗിക്കേണ്ടത്. കർക്കിടകത്തിലരിയാണ് ചോറിനുത്തമം.ശരീരമപ്പോൾ ചൂട് പിടിക്കുകയാണല്ലോ വേണ്ടത്......
ഊർജ്ജത്തിന്റെ കാര്യത്തിൽ മാത്രമല്ല,മറ്റു ഘടകങ്ങളുടെ കാര്യത്തിലും ഒരൊ അരിമണിയും വ്യത്യസ്തമായിരിക്കും.ഈ സ്വാഭാവിക ചേരുവകൾ മാറ്റി നമ്മൾ സങ്കരവിത്തുകൾ ഉണ്ടാക്കുമ്പോൾ അവ അപകടകരമാംവിധം അസന്തുലിതമായിരിക്കും.നാം മേന്മ പറഞ്ഞു നടക്കുന്ന എല്ലാ പുത്തൻ വിത്തിനങ്ങളും അസന്തുലിതങ്ങളാണ്.പണ്ടുണ്ടായിരുന്നവർക്ക് എൺപതാം വയസ്സിലും ഓടിച്ചാടി പണിയെടുക്കാനായിരുന്നെങ്കിൽ അതിനു കാരണം അവർ കഴിച്ചിരുന്ന സന്തുലിതാഹാരം തന്നെയാണ്.....
നമ്മൾ സ്വാഭാവിക വിത്തിനങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു അരിമണിയാണ് ഭക്ഷണമാക്കുന്നതെന്നിരിക്കിലും,അതിലെ അന്നജത്തെ ശരീരത്തോട് സ്വാഭാവികമായി ചേർക്കാനാവശ്യമായ പ്രോട്ടീനും അയഡിനുമൊക്കെയടങ്ങിയ തവിട് വെളുപ്പിച്ചിട്ടാണുപയോഗിക്കുന്നതെങ്കിൽ,ഡബിൾ ബോയിൽ ചെയ്ത്,തിളക്കം നൽകിയ പൊട്ടാത്ത അരിമണിയാണുപയോഗിക്കുന്നതെങ്കിൽ നമുക്കാരോഗ്യമല്ല,പ്രമേഹവും, ചിക്കുൻഗുനിയയുമാണുണ്ടാകാൻ പോകുന്നത്.കേരളത്തിൽ കുട്ടികൾക്കു വരെ പ്രമേഹ രോഗം വന്നു തുടങ്ങിയതിന് കാരണം തവിട് കളഞ്ഞ ധാന്യങ്ങൾ ഭക്ഷിക്കുന്നത് തന്നെയാണ്.നമ്മളെന്തിനാണിങ്ങനെ കുത്തക മരുന്നു കമ്പനികളെ തടിച്ചു കൊഴുപ്പിക്കുന്നത്.?..
പ്രകൃതിയിലെ എല്ലാ വസ്തുക്കളിലും ഷഡ്‌രസങ്ങൾ ഉണ്ടല്ലോ.അവയുടെ അനുപാതം വ്യത്യസ്തമായിരിക്കും എന്നുമാത്രം.അരിയിലെ കയ്പും ചവർപ്പും അതിലെ തവിടിലാണുള്ളത്.അത് നമുക്ക് ലഭിച്ചേ തീരൂ...തവിടധികമുള്ള കയമയും ഓടക്കയമയും മറ്റുമുണ്ട്,നാമവയെ എന്നേ ഓടയിലെറിഞ്ഞു കളഞ്ഞു...നല്ലതറിയുമോ വല്ലതുമറിയുമോ നമുക്ക്......?
തവിട് കളയാത്ത,സ്വാഭാവിക നെല്ലിന്റെ അരി,അതെപ്പോഴും സന്തുലിതമായിരിക്കുമോ?മണ്ണ് സന്തുലിതമല്ലെങ്കിൽ,അതിനാവശ്യമായതെല്ലാം ആവശ്യമായയളവിൽ മണ്ണിൽ നിന്നും ലഭിച്ചിട്ടില്ലെങ്കിൽ ആ അരിമണി നമ്മെ സന്തുലിതമാക്കുമോ?..രാസവളമിട്ട മണ്ണ് നൂറ് ശതമാനവും അസന്തുലിതമാകയാൽ,വേണ്ടത്ര ഷഡ്‌രസങ്ങൾ ലഭിക്കേണ്ട ജൈവാംശങ്ങൾ നമ്മളാ മണ്ണിൽ നെൽച്ചെടീയുടെ കുരുന്നു വേരുകൾക്ക് സ്വീകരിക്കാനാവും വിധം നൽകിയിട്ടില്ലെങ്കിൽ,ആ മണ്ണിൽ വിളയുന്ന അരിമണിയും അസന്തുലിതമായിരിക്കും.പ്രകൃതിജീവനം നയിക്കണമെങ്കിൽ നിങ്ങൾ ജൈവകൃഷി നടത്തുക തന്നെ ചെയ്യേണ്ടി വരും...
പരദേശിയായ ഒരരിമണിയോ?..നമ്മുടെ കാലാവസ്ഥയെപ്പറ്റി അതിനറിവില്ല.ജൈവകൃഷിയിലൂടെ വന്നതായാലും നമുക്കത് ഹിതകരമാവില്ല.പരദേശിവിത്തുകൾ കുഷ്ഠരോഗമുണ്ടാക്കും എന്ന് പതിമൂന്നാം നൂറ്റാണ്ടിൽ’കൃഷ്ണഗീത’ക്കാരൻ പറഞ്ഞിട്ടുണ്ടത്രെ...അവയിലടങ്ങിയ ഊർജ്ജ്ത്തിന്റെ അളവ് നമുക്ക് യോജിച്ചതല്ലല്ലോ....
ഒരരിമണി....അതിൽ ഒരുപാട് അറിവുകൾ ഇനിയുമുണ്ട്.നമ്മളുണ്ടാക്കിയ സങ്കരയിനം വിത്തുകൾ,അല്ലെങ്കിൽ പരദേശി വിത്തുകൾ...അവ അൾപം നനഞാൽ മുളക്കും.എപ്പോൾ മുളക്കണമെന്ന അറിവ് അവയ്ക്കില്ല.എന്നാൽ ചിറ്റേനി പോലുള്ള നാടൻ വിത്തുകൾ.....എപ്പോഴാണ് മുളക്കേണ്ടതെന്നറിവുള്ള വിത്തുകൾ...അവ പെട്ടെന്നങ്ങിനെ മുളക്കില്ലത്രെ.അസമയത്ത് വെള്ളപ്പൊക്കം വന്നാൽ പോലും അതിജീവിക്കും..അന്തരീക്ഷം ചൂട് കൂടുമ്പോഴോ?...ചൂട് നാൽപ്പത് ഡിഗ്രിയിലും കടന്നാൽ അരിമണിയിലെന്നല്ല ഒന്നിലും പരാഗണവും നടക്കില്ലത്രെ....മണ്ണിൽ അമിതമായ തോതിൽ രാസനൈട്രജൻ ചേർത്ത് ചിക്കുൻ‌ഗുനിയ ഉണ്ടാക്കുന്നയരിമണിയുണ്ടാക്കാതെ,ഡബിൾ ബോയിൽ ചെയ്യാതെ,പുഴുങ്ങുമ്പോൾ തെല്ലും പൊട്ടാതെ തിളങ്ങുന്നയരിമണി കിട്ടാൻ യൂറിയ ചേറ്ക്കാതെ,വെന്ത്മലരാത്ത അരികൊണ്ട്-ഒരല്പം പൊട്ടിയാലും കുഴപ്പമില്ല-തവിട് മുഴുവൻ കളയാത്ത ഇളമ്പുഴുക്കലരി കൊണ്ട് അല്ലെങ്കിൽ പച്ചരികൊണ്ട് ഉണ്ടാക്കുന്ന ചോറും കഞ്ഞിയുമാണ് നമുക്കുത്തമം.
അരിമണിക്കൊരു കണക്ക് കൂടിയുണ്ട്.അതിന്റെ(ധ്യാന്യമണിയുടെ)തവിടും തൊട്ടടുത്തുള്ള ഭാഗങ്ങളും എടുത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വിലകൂടിയ ഭക്ഷണമായി വിളമ്പുന്നു...രണ്ടാം ഗ്രേഡ് അവശിഷ്ടങ്ങൾ സാധാരണക്കാർക്ക് ലഭിക്കുന്നു.മൂന്നാം ഗ്രേഡും കഴിഞ്ഞ് നാലാം ഗ്രേഡാണ് മൈദ.മൈദ ചേർത്ത ഏതാഹാരവും അതുകൊണ്ടാണ് പ്രമേഹമുണ്ടാക്കുന്നത്.ഈ ഗ്രേഡ് തന്നെ അരി പൊടിച്ച് പലഹാരപ്പൊടികളുണ്ടാക്കി,പായ്ക്കറ്റിലാക്കി വിറ്റാൽ നൂറ് ഗ്രാമിന് പത്തും പതിനഞ്ചും രൂപ വാങ്ങാം.അതിൽ പിന്നേയും കാത്സ്യമോ,വിറ്റാമിനൊ,അയഡിനൊ മറ്റോ ചേർത്തിട്ടുണ്ടെന്നും പറഞ്ഞാൽ വില പിന്നെയും കൂട്ടാം.....ഇങ്ങനെയാണ് മൂല്യവർദ്ധന ഉൽപ്പന്നങ്ങളുടെ വിളയാട്ടം!!..അരിമണിക്ക് അതിലെ ചേരുവകൾ തന്നെയുണ്ടായാലേ അത് സന്തുലിതമാകു...അപ്പോഴേ നമ്മുടെ ദഹന വ്യവസ്തക്കനുയോജ്യമാവൂ!.മറ്റു വസ്തുക്കളിൽ നിന്ന് എന്തെടുത്ത് ചേർത്താലും അതൊരിക്കലും സന്തുലിതമാകില്ല
ഒരരിമണി...... അതെത്രമാത്രം അറിവുള്ളതാണ്.അന്വേഷിച്ച് ചെന്നാൽ ഇനിയും ഒരുപാടറിയാനുണ്ടതിനെ....അതറിഞ്ഞു ജീവിച്ചാൽ മനസ്സും ശരീരവും സന്തുലിതമായിരിക്കും.അവരുടെ ജീവിതം സന്തുഷ്ടവും,സംതൃപ്തവും,ശാന്തി നിറഞ്ഞതുമായിരിക്കും.അത്ര മഹത്തായതാണ് ഒരു കുഞ്ഞരിമണി!!....



2 comments:

നനവ് said...

പൊറോട്ടയാണിന്ന് കേരളീയന്റെ ദേശീയ ഭക്ഷണം.മൂലക്കുരു ക്ലിനിക്കുകൾ അവന്റെ സ്ഥിരം സന്ദർശന കേന്ദ്രവും!..നാരുള്ള ഭക്ഷണം ശീലമാക്കുക.മൈദയിൽ നാരിന്റെ പൊടി പോലുമില്ല..

രാജന്‍ വെങ്ങര said...

http://rajvengara.blogspot.com/2009/02/blog-post.html