* വികാസംവേണം*വിനാശം വേണ്ട*
Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Monday, July 4, 2016

വ്യക്തിസ്വാതന്ത്യം കയ്യേററം ചെയ്യപ്പെടുമ്പോള്‍





വല്ലാതെ സങ്കടത്തോടെയാണ് ഇതെഴുതുന്നത് .നനവില്‍ ഇന്നലെ ജൂണ്‍ 3നു അഹിതകരവും അനാവശയവുമായ പോലിസ് ഇടപെടല്‍ ഉണ്ടായിരിക്കുന്നു .. ഇവിടെ ഞങ്ങളുടെ സുഹൃത്തുക്കളുടെ ഒരു കുടുംബ സംഗമം നടക്കുമ്പോള്‍ വന്‍ സന്നാഹം കൂട്ടി ഇവിടെ വന്ന്‍ അന്വേഷണ കോലാഹലം നടത്തിയിരിക്കുന്നു . രണ്ടു വണ്ടി പോലീസാണ് വന്നത് ....
നനവ് എന്ന ഞങ്ങളും ഒരുപാട് പക്ഷികളും പുമ്പാററകളും തവളകളും ഒക്കെചെര്‍ന്ന്നു ജിവിക്കുന്ന പച്ചത്തുരുത്ത് കേവലം ഒരു വീടല്ല.ഇത് ഒരു പ്രകൃതിസൌഹൃദജിവിതകൂട്ടയ്മയാണ് .ഭാരതത്തിന്റെ അമുല്യമായ ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ടും ഊര്‍ജ്ജസംരക്ഷണം ,ജലസംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയും വിഷമില്ലാത്ത പ്രകൃതികൃഷിയില്‍ പഠന- ഗവേഷണങ്ങള്‍ നടത്തിയും സ്വന്തം ആഹാരം കഴിവതും സ്വയം ഉണ്ടാക്കിയും .ഒക്കെയാണ് നനവ് പ്രവര്‍ത്തിക്കുന്നത് .അതോടൊപ്പം പ്രകൃതി വിഭവങ്ങള്‍ വളരെ കുറച്ചുമാത്രം ഉപയോഗിച്ചുകൊണ്ട് കേവലം 3 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് നിര്‍മ്മിച്ച ഒരു energy efficient മന്‍വീടും നനവില്‍ ഉണ്ട് .ഇവിടെ വന്ന ഓരോരുത്തരും , അത്രമേല്‍ ശാന്തതയും സൌമ്യതയും നിറഞ്ഞു നില്‍ക്കുന്ന ആനന്ദം വഴിയുന്ന ,ഓക്സിജന്‍ നിറഞ്ഞ ഇവിടം വിട്ടുപോകാന്‍ മടിക്കും വിധം അത്രമേല്‍ നനവിനോട് ഇഷ്ടം കാണിച്ചിട്ടുണ്ട് .
നനവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമായും ഇങ്ങനെ ക്രോഡികരിക്കാം.
1ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
2ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ .
3 മാലിന്യരഹിത ജിവിതരീതി
4ജൈവവൈവിധ്യ സംരക്ഷണം (സസ്യ ജന്തു )
5 മണ്ണ് സംരക്ഷണം
6 വിഷരഹിത ആഹാരം
7 പ്രകൃതികൃഷി
8 നാടന്‍ വിത്തുകളുടെ സംരക്ഷണം
9 ഇലക്കറി ഗവേഷണം
10 പ്രകൃതി സൌഹൃദ കൂട്ടായ്മകള്‍
11 പ്രകൃതി സൌഹൃദ ജിവിത ശൈലി
12 പ്രകൃതിജിവനം
13 സ്വശ്രയജീവിതം..etc..



നനവിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളിലെറെക്കാലമായി പൊതു സമുഹത്തില്‍ ഇറങ്ങിയും പ്രവര്‍ത്തിക്കാറുണ്ട് ..വിഷരഹിത ഭുമിക്കായി പ്രവര്‍ത്തിക്കുന്ന ജൈവസംസ്കൃതി ,പ്രകൃതിയുടെ മേലുള്ള കടന്നുകയററങ്ങള്‍ പ്രതിരോധിക്കുന്ന ജില്ലാ പരിസ്ഥിതിസമിതി , കാര്‍ബണ്‍ ന്യൂട്രല്‍ കണ്ണൂര്‍ നഗരത്തിനായി പ്രവര്‍ത്തിക്കുന്ന വൃക്ഷസംരക്ഷണസമിതി ,പ്രകൃതിജീവന കൂട്ടായ്മകള്‍,ജൈവകര്ഷക സമിതി തുടങ്ങിയ തികച്ചും സുതാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല കൂട്ടായ്മകളിലും ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് .. കേരളത്തില്‍ മിക്ക ജില്ലകളിലും നടക്കുന്ന സമാന ആശയക്കാര്‍ നടത്തുന്ന പരിപാടികളിലും പങ്കെടുക്കാറുണ്ട് .
ആരോടും ഞങ്ങള്‍ ഏററുമുട്ടാറില്ല.അന്വേഷണങ്ങളുമായി വരുന്നവരോട് 100% സഹകരിക്കാരുണ്ട്.. കാരണം നിയമ വിരുദ്ധമായ ഒരു കാര്യവും ഞങ്ങള്‍ ചെയ്യാറില്ല . ഒന്നും ഞങ്ങള്‍ക്ക് ഒളിച്ചുവെക്കാനില്ല. ലോകനന്മയ്ക്കായി സത്യം ,അഹിംസ എന്നിവയില്‍ അടിയുറച്ച ലളിതജീവിതം ആണ് ഞങ്ങള്‍ പിന്തുടരുന്നത് .. നനവിന്റെ പ്രകൃതി സൌഹൃദരീതികള്‍ ഇന്ന്‍ ലോകപ്രശസ്തമാണ്.മെട്രോ മനോരമ ,മനോരമ ചാനല്‍ ,ചന്ദ്രിക ദിനപത്രം ,,ഒരു കന്നഡ പത്രം , തുടങ്ങിയ മാധ്യമങ്ങളില്‍ നനവിനെപ്പറ്റി നിരവധി ഫിച്ചരുകള്‍ വന്നിട്ടുണ്ട് ,പ്രശസ്ത വെബ് സൈററായ the better indiaയില്‍ നനവിന് 52600 sharesഉം ലക്ഷക്കണക്കിന്‌ വായനയും ഉണ്ടായിട്ടുണ്ട് .
ഞങ്ങളുടെ കുടുംബം കേവലം രക്ത ബന്ധങ്ങള്‍ അടങ്ങിയ ചെറിയ ഒന്നല്ല .. മണ്ണും മണ്ണിരയും പുല്ലും പുഴുവും തവളയും എല്ലാം അടങ്ങുന്ന വളരെ വലിയ ഒരു കുടുംബം ആണത് . ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ തന്നെയാണ് .. ഞങ്ങള്‍ അവരുടെ വീടുകളിലും അവര്‍ ഞങ്ങളുടെ വീട്ടിലും പോകാറും താമസിക്കാറും ഒക്കെയുണ്ട്. വസുധൈവ കുടുംബകം എന്ന ഭാരതീയചിന്താധാരയാണ് ഞങ്ങള്‍ പിന്തുടരുന്നത് .
നനവ് എന്ന മന്‍വീട് ഉണ്ടാക്കിയതു മുതല്‍ നാട്ടില്‍നിന്നും മറ്റു ജില്ലകളില്‍ നിന്നും മാത്രമല്ല അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും നിരന്തരമായി വീടു കാണാനും അതിനെ പറ്റി പഠിക്കാനും ഇതുപോലെയുള്ള വീടു ഉണ്ടാകാന്‍ ആഗ്രഹിച്ചും ഒക്കെ ധാരാളം പേര്‍ ഇവിടെ വരാറുണ്ട് .. ഇവിടേയ്ക്കു എപ്പോഴും വാഹനങ്ങളില്‍ ആളുകള്‍ വരാരുണ്ട്. നാട്ടുകാര്‍ പത്തും ഇരുപതും വരുന്ന സംഘങ്ങളായി കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളില്‍ ഇവിടെ വന്നിട്ടുണ്ട് ..മാത്രമല്ല അല്‍പ്പം ഉള്ളിലോട്ടുള്ള ഇവിടേയ്ക്ക് ആള്‍ക്കാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതും സ്നേഹം നിറഞ്ഞ ഞങ്ങളുടെ നാട്ടുകാരാണ് . ഞങ്ങളെപ്പററി ഇതേവരെ ഒരു പരാതിയും നാട്ടുകാര്‍ പറഞ്ഞിട്ടില്ല..മാത്രമല്ല ,ജാതിമത ധനിക ദരിദ്ര കക്ഷി രാഷ്ട്രിയ പരിഗണനകള്‍ ഒന്നും നോക്കാതെ അവരുടെ വീടുകളില്‍ നടക്കുന്ന വിവാഹങ്ങള്‍ തുടങ്ങിയ വിശേഷങ്ങളിലും രോഗങ്ങള്‍ മരണങ്ങള്‍ തുടങ്ങിയ സങ്കടങ്ങളിലും ഞങ്ങള്‍ പോകുകയും സന്തോഷ സങ്കടങ്ങളില്‍ പങ്കാളികള്‍ ആവുകയും ചെയ്യാറുണ്ട് .

നനവില്‍ വച്ചു ഞങ്ങള്‍ ,പരിസ്ഥിതി പ്രകൃതിജിവനം , ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട് .ഗവേഷണ വിദ്യാര്‍ത്ഥികളും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും ഒക്കെ ഇവിടെ പഠനാര്‍ത്ഥം വരികയും ഡോക്യുമെന്‍ററികള്‍ ഉണ്ടാക്കുകയു ഒക്കെ ചെയ്തിട്ടുണ്ട് . ഇതിന്‍റെയൊക്കെ തുടര്‍ച്ച എന്ന നിലയില്‍ ജൂലായ് ‍2,3 തീയതികളില്‍ ഇവിടെ ഞങ്ങള്‍ കൂട്ടുകാരുടെ ഒരു കുടുംബ സംഗമം നടത്തുകയുണ്ടായി .. കൊച്ചുകുട്ടികളും സ്ത്രികളും അടക്കം 7, 8 കുടുംബങ്ങള്‍ ഇതില്‍ പങ്കെടുത്തു .. ഇന്ത്യയില്‍ പലതരം ചികിത്സാ രീതികള്‍ നിലവില്‍ ഉണ്ട് .ആയുര്‍വേദം .ഹോമിയോപ്പതി,നാച്ചുരോപ്പതി തുടങ്ങിയവയും അംഗികൃത ചികിത്സാരിതികള്‍ ആണ് .ഇതില്‍ ഏതിലെങ്കിലും വിശ്വസിക്കുന്നവര്‍ക്ക് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും അതോടൊപ്പം വിശ്വാസം ഇല്ലാത്ത ഒരു രീതി സ്വീകരിക്കതിരിക്കാനുള്ള സ്വാതന്ത്യവും ഓരോ ഇന്ത്യന്‍ പൌരനും ഉണ്ട് . അതുപോലെ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഓരോരുത്തര്‍ക്കും ഉണ്ട് .അലോപതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് സ്വികരിക്കാം അതിനായി പ്രചാരണങ്ങള്‍ നടത്താം ..അല്ലാതെ ഞങ്ങള്‍ വല്ല്യ തമ്പുരാക്കന്‍മാരാണ് .എല്ലാവരും തങ്ങളുടെ വിനീതവിധേയര്‍ ആവണം ..ഞങ്ങളുടെ ചികില്‍സ സ്വികരിക്കണം അംഗികരിക്കണം എന്നൊക്കെ പറയുമ്പോള്‍ അത്തരം വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കയ്യേറ്റങ്ങള്‍ ചെറുക്കാനും ഒരു പൌരനു അവകാശം ഉണ്ട് . ഇതൊക്കെ തികച്ചും ഇന്ത്യയില്‍ നിയമവിധേയം ആയ കാര്യങ്ങള്‍ ആണ് ..തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്യം നിഷേധിക്കപ്പെടുമ്പോള്‍ അതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്താന്‍ പ്രകൃതിജീവനം പിന്തുടരുന്ന കുറച്ചു കുടുംബങ്ങള്‍ നനവില്‍ ഒത്തുചേര്‍ന്നു ..100% അപകട രഹിതം എന്ന് ബോധ്യമായതും രോഗങ്ങളെ മാററുന്നതുമായ ഒരു ജീവിതരിതി ഉള്ളപ്പോള്‍ ഞങ്ങള്‍ എന്തിനു നിറയെ പാര്‍ശ്വഫലങ്ങള്‍ ഉള്ളതും ഫലസിദ്ധിക്ക് 100% ഗ്യാരണ്ടി അത് ഉണ്ടാക്കിയവര്‍ പോലും പറയാത്ത ഒന്നിന് പിറകെ പോകണം ..
ഇങ്ങനെ തികച്ചും നിയമവിധേയമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തിയ കുടുംബസംഗമത്തിലെയ്ക്ക് അവിചാരിതമായ ഒരു കടന്നാക്രമണം ഉണ്ടായിരിക്കുന്നു .. ഉച്ചക്ക് കുട്ടൂസന്‍ അരിയുടെ കഞ്ഞിയും ചക്ക പ്പുഴുക്കും തക്കാളി ചട്നിയും നെല്ലിക്കക്കറിയും ഒക്കെ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടു വണ്ടി പോലീസ് ഇവിടെ വന്നു . മുകളില്‍നിന്നും ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട് .പരാതി കിട്ടിയിട്ടുണ്ട് അതിനാണ് ഞങ്ങള്‍ വന്നത് എന്നാണ് സ്ഥലം sl പറഞ്ഞത് . .ഭിതി വിതറാന്‍ ശ്രമിച്ചുകൊണ്ട് പൊലീസുകാര്‍ നനവിലെക്കുള്ള വഴിയിലും മറ്റുമായി ഏറെനേരം നിലയുറപ്പിച്ചു..കുറേപ്പേര്‍ പറമ്പില്‍ കയറി .മൂന്നാല്പേര്‍ വീട്ടിനകത്തും വന്നു .ഞങ്ങളുടെ കുറെ സമയം അപഹരിച്ചു ..ഹരിയേയും എന്നെയും കുറേനേരം ചോദ്യം ചെയ്തു .സൌഹൃദഭാവത്തില്‍ ആയിരുന്നു ഇന്‍സ്പെക്ടര്‍ ,എങ്കിലും ,എന്തിനു വേണ്ടി ആയിരുന്നു ആര്‍ക്കുവേണ്ടി ആയിരുന്നു ഇതൊക്കെ ?.. ഞങ്ങളുടെ വീട്ടില്‍ മാത്രമല്ല ധാരാളം ഇടങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടക്കുന്നുണ്ട് .പലയിടത്തും ഞങ്ങള്‍ പോയിട്ടും ഉണ്ട് ,അവിടൊന്നും ഇതുവരെ ഇങ്ങനെ സന്നാഹം പോയിട്ട ഒരൊറ്റ പോലിസ് പോലും അന്വേഷിക്കാന്‍ വന്നിട്ടില്ല ..തികച്ചും നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് നനവ് നടത്തുന്ന പ്രവര്തനത്തി ലെയ്ക്ക്, ഒരു കുടുംബസംഗമത്തിലേയ്ക്ക് ആണ് ഈ കയ്യേററം നടന്നത് .മുററത്ത് ഓടിച്ചാടി കളിച്ചിരുന്ന കൊച്ചു കുഞ്ഞുങ്ങള്‍ വല്ലാതെ പേടിച്ചു പോയി ..
സങ്കടമുണ്ട് ഞങ്ങള്‍ക്ക്... വല്ലാത്ത സങ്കടമുണ്ട് ...,ഒന്നും മറച്ചുവെക്കാൻ ഇല്ലാത്ത ഞങ്ങൾ ഇക്കാര്യം എല്ലാവരെയും അറിയിക്കുകയാണ് .. ഞങ്ങൾ ഇനിയും സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും 






Thursday, November 12, 2015

മലയാളിസ്ത്രീകളുടെ വസ്ത്രധാരണം -ചില ചിന്തകള്‍


സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങള്‍ ഇവിടെ ഉയര്‍ന്നു കേള്‍ക്കാറുണ്ട്..ഇവിടെ കുറ്റം ആരിലാണ് സ്ത്രീ ആകര്‍ഷണീയ ആയതാണോ കുറ്റം ,അവള്‍ ആകര്‍ഷകമായ വസ്ത്രം ധരിക്കുന്നതാണോ ?കേരളീയ സ്ത്രീകള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ഏതൊക്കെയാണ് ?.. വലിയ വിഷയമാണ് ..ചിലര്‍ ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ അല്പ്പം പ്രതികരിക്കാതെ വയ്യ 

പ്രശ്നം വസ്ത്രത്തിന്‍റേതല്ല.ഇന്നത്തെ കേരളത്തിലെതുപോലെ അടച്ചുപൂട്ടിയതും യാഥാര്‍ഥ്യബോധം തീരെ ഇല്ലാത്തതുമായ ഒരു സമൂഹത്തിന്റേതാണ്.,ഒന്നിച്ചു കളിയ്ക്കാന്‍ കൂടി വിടാത്തവണ്ണം ആണ്‍പെണ്‍ സൌഹൃദങ്ങള്‍ തീരെ നിഷിദ്ധമാക്കപ്പെട്ട ഒരു തെറ്റായ സദാചാരബോധം നിലനില്‍ക്കുമ്പോള്‍ ,പരസ്യ വിപണികളിലും സിനിമകളിലും കഥകളിലും മറ്റും ചിത്രീകരിച്ചുകാണാറുള്ള സ്ത്രീശരീരത്തിന്റെ വിമോഹന ദൃശ്യങ്ങള്‍ കണ്ടു മോഹം തീണ്ടിയവരും ഒപ്പം ശാരീരിക അധ്വാനങ്ങള്‍ ചെയ്തു തീരെ വിയര്‍പ്പുപൊടിയാത്ത ജീവിതരീതിയും ഹോര്‍മോണുകള്‍ കലര്‍ന്നതും ഹോര്‍മോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതും അമിതമായി ഊര്‍ജ്ജം നല്‍കുന്നതുമായ ആഹാരങ്ങള്‍ കണക്കിലേറെ തിന്നും ജീവിയുന്ന മലയാളികള്‍ക്ക് സ്ത്രീയെ ദൂരെ കാണുമ്പോഴേ കാമം നുരയുന്നു .. ഭക്ഷണം ക്രമീകൃതമായാല്‍ , അധ്വാനിച്ച് ശരീരം വിയര്‍ത്താല്‍ത്തന്നെ അവനിലെ അസന്തുലിതാവസ്ഥ ( അത് യേശുദാസ് ആയാലും മാട്ടൂല്‍ക്കാര്‍ ആയാലും ..മറ്റാരായാലും ..) മാറുകയും സ്ത്രീയുടെ അനാവൃതമായ കണങ്കാലോ ,കഴുത്തോ കൈകളോ അല്ലെങ്കില്‍ വസ്ത്രത്തില്‍പൊതിഞ്ഞ അരകെട്ടോ മറ്റോ കാണുമ്പോഴോ അസാഭാവികമായി ഒന്നും തോന്നുകയില്ല ..
ആധുനിക അലസജീവിതങ്ങള്‍ (തീരെ നടക്കാത്തവര്‍,മണ്ണ് തൊടാത്തവര്‍ , ഫോണിലും ലാപ്പിലും ടിവിക്ക് മുമ്പിലും മറ്റും മാത്രം സമയം പോക്കല്‍..)ആണ് മലയാളിയെ ദുഷിപ്പിക്കുന്ന ഒരു വില്ലന്‍ .. എന്‍റെ അമ്മമ്മയൊക്കെ അവരുടെ യൌവ്വനകാലത്ത് ബ്ലൌസ് ധരിച്ചിരുന്നില്ല . ടീച്ചറായിരുന്നു .സ്കൂളില്‍ പോകുമ്പോള്‍ മാത്രം ഒരു ബ്ലൌസ് ഉള്ളത് ഇടും വന്നയുടന്‍ മാറ്റും .ഒരു തോര്‍ത്തുമുണ്ട് മാറത്തിടും,അത്രമാത്രം . അന്ന്‍കുട്ടികള്‍ 10-12 വയസ്സുവരെ നാമമാത്രമായ വസ്ത്രം ധരിച്ചോ അല്ലെങ്കില്‍ ഒന്നും ധരിക്കാതെയോ കഴിഞ്ഞിരുന്നു .. അന്ന്‍ ആണും പെണ്ണും കുളങ്ങളിലും പുഴകളിലും കുളിച്ചിരുന്നു . അല്ലെങ്കില്‍ കിണറ്റില്‍ കരയില്‍ കുളിച്ചിരുന്നു ..മറപ്പുരകള്‍ അപൂര്‍വ്വമായിരുന്നു . ശരീരം എന്നത് ഒരു അപൂര്‍വ്വ വസ്തു ആയിരുന്നില്ല ..

എണ്‍പതു കളിലൊക്കെ. മുട്ടോളമെത്തുന്ന മുണ്ടും ശരീരത്തിന്റെ കുറെ ഭാഗങ്ങള്‍ തുറന്നുകാണിക്കുന്ന ബ്ലൌസും അണിഞ്ഞായിരുന്നു പണിക്കാരി സ്ത്രീകള്‍ നടന്നിരുന്നത് . ആരും അവരെ കയറിപ്പിടിക്കുകയോ അനാവശ്യകമന്‍റുകള്‍ പറയുകയോ ചെയ്യുമായിരുന്നില്ല ......പക്ഷേ അന്നേ വിദ്യാലയങ്ങളില്‍ ആണ്‍-പെണ്‍ അകല്‍ച്ച തുടങ്ങിയിരുന്നു .. ബന്ധു അല്ലാത്ത ആങ്കുട്ടിയോട്/പെങ്കുട്ടിയോട്  മിണ്ടുന്നതും കൂട്ടുകൂടുന്നതും വളരെ ചീത്ത കാര്യം എന്ന മട്ടിലായിരുന്നു പരിഗണിച്ചിരുന്നത്..

ഇന്നത്തെ കേരളീയ സമൂഹത്തില്‍ സ്ത്രിശരീരം വെറുമൊരു ലൈംഗിക ഉപകരണം മാത്രമാണ്.. ആ കണ്ണോടെയാണ് പരിഷ്കൃതര്‍ അല്ലെങ്കില്‍ വിദ്യയും പദവികളും ഉള്ളവര്‍ കൂടി സ്ത്രീയെ കാണുന്നത് .. അതിനാല്‍ സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെ പരമാവധി മൂടിപ്പൊതിയാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നു ..ഉറങ്ങുമ്പോള്‍ പോലും അയഞ്ഞ ,നേര്‍ത്ത നിശാവസ്ത്രം ധരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട് ?... പിന്നെ ,സ്വന്തം ശരീരത്തെ മറ്റുള്ളവര്‍ക്ക് ആകര്‍ഷണം തോന്നുന്നവിധം ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുവര്‍ ........അവരാഗ്രഹിക്കുന്നത് കൊതിപ്പിക്കല്‍ ,ആകര്‍ഷിയ്ക്കല്‍ എന്നിവതന്നെ ..
മനോഹരമായി വസ്ത്രം ധരിക്കുന്നത് ശരിതന്നെ . മനോഹരമായി പ്രദര്‍ശിപ്പിക്കുന്നതിലും കുറ്റമൊന്നും പറയേണ്ടതില്ല .. അതൊക്കെ വ്യക്തിപരം .പക്ഷേ ,പൂവിലെ തേന്‍ കണ്ടു വണ്ടുകള്‍ നുകരാന്‍ വന്നാല്‍ ,കുറ്റം പറയാന്‍ പറ്റില്ല..അവരെ നേരിടാനുള്ള ചങ്കൂറ്റവും കൂടി ഉണ്ടാകണമെന്ന് മാത്രം ..ഇത്രയേറെ ലൈംഗികാതിപ്രസരം ഉള്ള ഒരു സമൂഹത്തില്‍ അല്പ്പം പാടുപെടേണ്ടിവരും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു നടക്കാന്‍ .

വയലില്‍ പണിക്കുപോകുമ്പോള്‍,  നീളം കൂടിയ കാലുറകള്‍ ആണ് ചുരിദാറിനെങ്കില്‍, അവ പരമാവധി മടക്കിവയ്ക്കാറുണ്ട് .. അതുപോലെ കുറെ കാലുറകള്‍ക്ക് ഞാന്‍ നീളം വെട്ടിക്കുറച്ചു .. ടോപ്പുകള്‍ക്കും പലതിനും ഇറക്കം കുറച്ചു ,എന്നുവച്ചാല്‍,മുട്ടിനുതാഴെ 20 cm വരെ .ഇറക്കം ഉണ്ടായവയെ മുട്ടിന് മീതെ ഇറക്കം ഉള്ളവയാക്കി . നീളം കൂടിയ കൈയ്യുകള്‍ ചുരുക്കി .കാലുറകള്‍ക്ക് പണിയെടുക്കുമ്പോള്‍ മുട്ടിന് താഴെ വരെ കഷ്ടിച്ചുള്ള ഇറക്കം മതിയാകും .ജീന്‍സിനെ ഞാന്‍ അനുകൂലിക്കുന്നില്ല .ഇറുകിയ വസ്ത്രങ്ങള്‍ കേരളീയ കാലാവസ്ഥയ്ക്ക് ,ശരീരത്തിന്‍റെ ആരോഗത്തിന് യോജിച്ചവയല്ല ..

ഇവിടെ വയലിലേയ്ക്ക് പോകുന്ന വഴിയ്ക്കിരുവശവും പര്‍ദ്ദയൊക്കെ ധരിച്ചു ജീവിക്കുന്നവര്‍ ആണ് അധികം ,ഞാന്‍ ജീവിക്കുന്ന മാമ്പ എന്ന ഗ്രാമം ഒരു ടിപ്പിക്കല്‍ കുഗ്രാമം ആണ് .ഇവിടെ സ്ത്രീകള്‍ പൊതുരംഗത്ത് പോകുന്നതിനുവരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു പൊതുസമൂഹം ആണുള്ളത്.എന്നാലും ഞാന്‍ ഞാനാഗ്രഹിക്കുന്ന രീതിയില്‍ത്തന്നെ ജീവിയ്ക്കും എനിക്കു അതിനുള്ള തന്റേടം ഉണ്ട് ..കാരണം അവര്‍ പറയുന്നതല്ല ഞാനെങ്കില്‍ ആര് എന്തു പറഞ്ഞാലും എന്നെയത് ബാധിക്കില്ല . ബര്‍മുഡ ഇട്ടുവരെ ഞാന്‍ വയലില്‍ പോകാറുണ്ട് ..പലതും പറയാറുണ്ട് പലരും . ഒ രിക്കല്‍ ഒരുവന്‍ എന്തേ ഈ വേഷം എന്ന്‍ മുഖത്തുനോക്കി ചോദിച്ചു .. പണിയെടുക്കാന്‍ സൌകര്യം ഉള്ള വേഷം എന്നു പറഞ്ഞപ്പോള്‍ അയാള്‍ മിണ്ടാതെ പോയി .വേണമെങ്കില്‍ ഒന്നു പൊട്ടിത്തെറിക്കാമായിരുന്നു എന്‍റെ വസ്ത്രത്തെപ്പറ്റി ( സഭ്യമായ ) നീയാരാ ചോദിയ്ക്കാന്‍ എന്ന്‍ .. പിന്നെ നേരിട്ടുള്ള ചോദ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല ..

എനിയ്ക്ക് ശരീരം ഒരു പ്രദര്‍ശന വസ്തു അല്ലെന്നിരിക്കെ ,ശാരീരികമോ മാനസികമോ ആയ ഒരു കാര്യംകൊണ്ടും ആരെയും എന്നിലേയ്ക്ക് ആകര്‍ഷിപ്പിക്കാന്‍ ആഗ്രഹമില്ലെന്നിരിക്കെ ,ആരോടും അങ്ങനെയൊരു മോഹം എനിക്കില്ല എന്നിരിക്കെ , സാധാരണക്കാര്‍ ജീവിതത്തിനു നല്‍കുന്ന അര്‍ഥങ്ങള്‍ക്ക്,ആഗ്രഹങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് എത്തിക്കഴിഞ്ഞ ഒരാളാണ് ഞാനെന്നിരിക്കെ, ശരിയായ വസ്ത്രം ധരിക്കാന്‍ ഞാന്‍ ഭയക്കുകയില്ല .

സമയക്കുറവ് കാരണം നടക്കാതെപോകുന്ന ഒരുകാര്യമുണ്ട് .അനുയോജ്യമായ വസ്ത്രം ഡിസൈന്‍ ചെയ്യുക എന്ന കാര്യം.വീട്ടില്‍ നില്‍ക്കുമ്പോള്‍ ,പാടത്തും പറമ്പിലും പണിയെടുക്കുമ്പോള്‍ , യാത്രകളില്‍, പൊതുപരിപാടികളില്‍ ഒക്കെ പോകുമ്പോള്‍ എല്ലാം ഒരേയിനം വസ്ത്രം എന്നതിനേക്കാള്‍ ഏറ്റവും യോജിച്ച വസ്ത്രം ധരിക്കണം.

കേരളീയ കാലാവസ്ഥ വേനലില്‍ അല്‍പ്പവസ്ത്രം മാത്രം ആവശ്യമുള്ളതാണ് . അല്ലെങ്കില്‍ വളരെ നേര്‍ത്തതും ധാരാളം നേര്‍ത്ത ദ്വാരങ്ങള്‍ ഉള്ള ഇഴയകലമുള്ള അയഞ്ഞ പരുത്തിവസ്ത്രങ്ങള്‍ ആണുത്തമം ..മഴക്കാലത്തും തണുപ്പുള്ള പ്രഭാതങ്ങള്‍- സന്ധ്യകള്‍ എന്നിവയിലും അല്പ്പം കട്ടിയുള്ളതും കുറച്ചു മുറുകിയതുമായ വസ്ത്രങ്ങള്‍ വേണ്ടിവരും ..

ഇവിടെ സ്ത്രീകള്‍ക്ക് രക്ഷ വേണമെങ്കില്‍ ,കാലാവസ്ഥാനുകൂലമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അവള്‍ക്ക് സാധിക്കണമെങ്കില്‍ ,മൊത്തം സമൂഹത്തിനും ശരിയായ വിദ്യാഭ്യാസം നല്‍കേണ്ടിവരും .കുട്ടികളെ ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചുവളരാനും പരസ്പരം ആരോഗ്യകരമായ സൌഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യേണ്ടിവരും ..ഒപ്പം വിപണിയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ സ്ത്രീശരീരത്തെ ഉപയോഗിയ്ക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം ...... അപകടകരമായ ധാരണകള്‍ ഊട്ടിയുറപ്പിക്കുന്ന സീരിയലുകള്‍ നിരോധിക്കണം . സ്ത്രീ എന്നാല്‍ എന്താണെന്നറിയാത്ത ഒരു സമൂഹമാണ് ഇപ്പോള്‍ ഇവിടുള്ളത് .വികലമായ ധാരണകളാണ് ആങ്കുട്ടികള്‍ക്ക് എന്നല്ല മുതിര്‍ന്ന പുരുഷന്‍ മാര്‍ക്കുവരെ ഉള്ളത് വികല ധാരണകള്‍ മാറ്റി,ശരിയായ വിദ്യാഭ്യാസം നല്‍കണം

Wednesday, August 13, 2014

ആഫ്രിക്കന്‍ മല്ലി


 


കറികളും പലഹാരങ്ങളും ഉണ്ടാക്കാനും ഔഷധമായി ഉപയോഗിക്കാനുമായി ഉപയോഗിക്കാവുന്ന ഒരല്‍ഭുത  ചെടിയാണ്
എന്നുതന്നെ പറയാം ആഫ്രിക്കന്‍മല്ലിയെ .  എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്ന ഇതിന്‍റെ ശാസ്ത്രനാമം Eryngium  foetidum എന്നാണ്..


long leaf coriander, മെക്സിക്കന്‍ കോറിയാന്‍ഡര്‍, saw-tooth coriander, culantro,ശീമമല്ലി,നീളന്‍ കൊത്തമല്ലി  എന്നിങ്ങനെ പല പേരുകളുമുള്ള ഒരു ദ്വീവര്‍ഷി ഓഷധിയാണിത്(herb). ഇലകളും വേരും ഔഷധമായി ഉപയോഗിയ്ക്കുന്നു .. നന്നേ ചെറിയ വിത്തുകള്‍ പൊടിച്ച് മാതമല്ല ,പുതിയ ചീനപ്പുകള്‍ പൊട്ടി മുളച്ചും വംശവര്‍ധന നടത്തുന്നു . 
ഇരുമ്പ് ,കാല്‍സ്യം കരോട്ടീന്‍ , റിബോഫ്ലേവീന്‍എന്നിവയാല്‍ സമൃദ്ധമാണ് ഇതിന്റെ ഇലകള്‍ .. ഇലകൊണ്ടുള്ള ചട്ട്നി ആഹാരത്തിന് രുചിയും ഗുണവും കൂട്ടുക മാത്രമല്ല വിശപ്പുണ്ടാക്കുകയും ചെയ്യുന്നു .. 

അധികം മസാലകള്‍ ഒന്നുമില്ലാതെതന്നെ ,നല്ലരുചികരവും പോഷകസമ്പന്നവും നല്ല മണമുള്ളതുമായ കറികള്‍ ഉണ്ടാകാനാഗ്രഹിയ്കുന്നവര്‍ വീട്ടില്‍ കുറച്ചു ശീമമല്ലിത്തൈകള്‍ വളര്‍ത്തിയാല്‍ മതി .. നാലുപേര്‍ക്കുള്ള കറിയില്‍ രണ്ടോ മൂന്നോ ഇലകള്‍ ചെറുതായി അറിഞ്ഞു ചേര്‍ത്താല്‍ മതി .. പച്ചക്കറികളായാലും  മാംസവിഭവങ്ങളായാലും ഇത് ചേര്‍ക്കാം ..

മല്ലിയില ,പച്ചമുളക് /കാന്താരി,  ഉപ്പ് ,മഞ്ഞള്‍പ്പൊടി ,(അല്പം വെളുത്തുള്ളിയും ഉള്ളിയും വേണമെങ്കില്‍ മാത്രം) ഇവ മാത്രം ചേര്‍ത്ത് നന്നായി വേവിച്ച് ,അല്‍പ്പം വെളിച്ചെണ്ണ നനച്ച് , വറ്റിച്ചെടുക്കുന്ന കറികള്‍ ചോറിനായാലും കഞ്ഞിക്കായാലും , ദോശ ,ഒറോട്ടി ,ചപ്പാത്തി തുടങ്ങിയ പലഹാരങ്ങള്‍ക്കൊപ്പമായാലും അതീവ സ്വാദിഷ്ടമായിരിക്കും .. 

മല്ലിയിലയും വേരും തിളപ്പിച്ച വെള്ളം കുടിക്കുന്നത് ന്യൂമോണിയ ,ഫ്ലൂ , പ്രമേഹം , മലബന്ധം ,മലേറിയ എന്നിവയ്ക്കു ശമനമുണ്ടാക്കും. പച്ച വേര് തിന്നുന്നത് തേള്‍ കുത്തിയാല്‍ നന്നാണ്. ഇലക്കഷായം കുടിക്കുന്നത് ശരീരത്തിലെ നീര്‍വീക്കം കുറക്കും . വേരുകഷായം വയറുവേദനയ്ക്ക് മരുന്നാണ്.. ഇല ഉണക്കിപ്പൊടിച്ച്  ചായയാക്കി കഴിക്കുന്നത് ജലദോഷം ,പനി, ഛര്‍ദി, വയറിളക്കം പ്രമേഹം ,മലബന്ധം എന്നിവ ശമിപ്പിക്കും 

കണ്ണൂരിലെ ജൈവസംസ്കൃതി നടത്തുന്ന പ്രതിമാസമേളകളില്‍ ഇതിന്‍റെ തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടാകാറുണ്ട് .. എല്ലാവര്ക്കും എത്തിക്കാനാകാറില്ലെങ്കിലും കഴിയുന്നത്ര ശ്രമിയ്കാറുണ്ട്.. നന്നേ ചെറിയ വിത്തുകള്‍ പൊടിച്ചുണ്ടാവുന്ന തൈകള്‍ രണ്ടുമൂന്നുമാസമെടുക്കും വിപണിയ്ക്ക് തയ്യാറാക്കാന്‍ .. 

അനാരോഗ്യം മാത്രം നല്‍കുന്ന മസാലക്കൂട്ടുകള്‍ക്ക് പകരം, ഇങ്ങനെ ലളിതമായ ചില  കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ രുചിയുള്ള ആഹാരം കഴിയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യാം ...